പബ്ജി ഗെയിം എന്ത് ? അത് നിരോധിക്കേണ്ടതോ? ⭐
അറിവ് തേടുന്ന പാവം പ്രവാസി
👉 പബ്ജി മൊബൈല്‍ ഗെയിമുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആഗോള തലത്തില്‍ വാര്‍ത്തകളില്‍ ഇടയ്ക്കിടയ്ക്ക് ഇടം പിടിക്കുന്നുണ്ട്. ജനപ്രീതിയാര്‍ജിക്കുന്നതിനൊപ്പം ഈ ഗെയിം നിരോധിക്കപ്പെടണമെന്ന ആവശ്യം ശക്തമാവുകയാണ്. അടുത്തിടെ പബ്ജി വാര്‍ത്തകളില്‍ നിറഞ്ഞത് അതിന്റെ നിരോധനവുമായി ബന്ധപ്പെട്ടാണ്. പബ്ജി ഗെയിം മയക്കുമരുന്നിനോളം ആസക്തി നല്‍കുന്നതാണെന്നും, കുട്ടികളുടെ പഠനനിലവാരത്തെയും, മുതിര്‍ന്നവരേയും അത് വിപരീതമായി ബാധിക്കുന്നുണ്ടെന്നുമാണ് പബ്ജിയ്‌ക്കെതിരെ രംഗത്തുവരുന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
ഈ ഗെയിം ചിലരെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നും അമിതാസക്തിമൂലം ചികിത്സ തേടിയെന്നും ,ഗെയിം പരാജയത്തിലെ നിരാശ കൊലപാതകത്തില്‍ കലാശിച്ചുവെന്നുമുള്ള വാര്‍ത്തകളുമുണ്ട്. ഇന്ത്യയില്‍ പലയിടങ്ങളില്‍ അത്തരത്തിലുള്ള സംഭവങ്ങള്‍ പബ്ജി ആസക്തിയോട് ചേര്‍ത്ത് വാര്‍ത്തകളായിട്ടുണ്ട്.
📌അപ്പോള്‍, എന്താണ് പബ്ജി ?
പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് എന്നതിന്റെ ചുരുക്കനാമമാണ് പബ്ജി (PUBG) .ബാറ്റില്‍ റൊയേല്‍ (Battle Royale)വിഭാഗത്തില്‍ പെടുന്ന ഗെയിം ആണിത്. പബ്ജി കോര്‍പറേഷനും, ബ്ലൂഹോളുമായി സഹകരിച്ചാണ് കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനിയായ ടെന്‍സന്റ് ആഗോളതലത്തില്‍ പബ്ജി ഗെയിം അവതരിപ്പിക്കുന്നത്. ഇതിന്റെ സ്മാര്‍ട്‌ഫോണ്‍ പതിപ്പ് രംഗപ്രവേശം ചെയ്തതോടെയാണ് ഗെയിമിന്റെ പ്രചാരം വര്‍ധിച്ചത്. പ്രത്യേകിച്ചും സ്മാര്‍ട്‌ഫോണുകളുടെ വമ്പന്‍ വിപണികളിലൊന്നായ ഇന്ത്യയില്‍. ഇന്ത്യയില്‍ ലക്ഷക്കണക്കിന് പബ്ജി ഗെയിമര്‍മാരുണ്ട്.
അതിജീവനം അഥവാ സര്‍വൈവല്‍ എന്നത് ആശയമാക്കിയുള്ള ഗെയിമുകളെ ബാറ്റില്‍ റൊയേല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ഇത്തരം ഗെയിമുകളില്‍ കളിക്കാര്‍ പരസ്പരം പോരാടുകയും, ഒടുവില്‍ അതിജീവിക്കുന്നവര്‍ വിജയികളാവുകയും ചെയ്യുന്നു.പബ്ജിയില്‍ ഒരു കളിയില്‍ നൂറ് പേരാണുണ്ടാവുക. ഈ നൂറ് കളിക്കാര്‍ ഒരു ഒറ്റപ്പെട്ട ദ്വീപില്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്നു. അവിടെ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്നും മറ്റും ആവശ്യമായ ആയുധങ്ങളും, മരുന്നുകളും ശേഖരിക്കുന്നു. എന്നിട്ട് പരസ്പരം യുദ്ധം ചെയ്യുന്നു. ഈ യുദ്ധത്തില്‍ അവസാനം നിമിഷം വരെ അതിജീവിക്കുന്നവര്‍ വിജയികളായി മാറുന്നു. ഒറ്റയ്ക്കും, രണ്ട് പേര്‍ ചേര്‍ന്നും നാലുപേരുള്ള സംഘങ്ങളായും ഗെയിം കളിക്കാം. മൊബൈല്‍ ഫോണ്‍ പതിപ്പുകൂടാതെ, ഗെയിമിന്റെ പിസി, എക്‌സ് ബോക്‌സ്, പ്ലേ സ്റ്റേഷന്‍ 4 പതിപ്പുകളും ലഭ്യമാണ്.
മറ്റ് പതിപ്പുകളേക്കാള്‍ ലാഭകരവും വലിപ്പം (size) കുറഞ്ഞതുമാണ് പബ്ജി മൊബൈല്‍ എന്ന സ്മാര്‍ട്‌ഫോണ്‍ പതിപ്പ്. ഇതില്‍ കളിക്കാന്‍ ആവശ്യമായ 70 ശതമാനം കാര്യങ്ങളും സൗജന്യമായി ലഭിക്കും. ഫെയ്‌സ്ബുക്കും, ട്വിറ്ററുമായും ബന്ധിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗെയിം കളിക്കാനുള്ള സൗകര്യവുമുണ്ട്. സാധാരണ ഗെയിമിങ് കണ്‍സോളുകളില്‍ ലഭിച്ചിരുന്ന ഗുണമേന്മയില്‍ സ്മാര്‍ട്‌ഫോണുകളില്‍ ലഭ്യമാക്കിയതും അതിനുള്ള സ്വീകാര്യത വര്‍ധിപ്പിച്ചു.നിരന്തരമെന്നോണം പുതിയ മാറ്റങ്ങളും പുതിയ ചേരുവകളും അവതരിപ്പിച്ച് ഗെയിമര്‍മാരെ സംതൃപ്തരാക്കാന്‍ ഈ ഗെയിമിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുമുണ്ട്.അതിശക്തമായ ഗ്രാഫിക്‌സുകള്‍ ഒരുക്കാന്‍ സാധിക്കുന്ന അണ്‍റിയല്‍ എഞ്ചിന്‍ 4 എന്ന ഗെയിം എഞ്ചിന്‍ ഉപയോഗിച്ചാണ് പബ്ജി തയ്യാറാക്കിയിരിക്കുന്നത്.
ഗെയിം കണ്‍സോളുകളിലും, പിസികളിലും ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളുള്ള സ്മാര്‍ട്‌ഫോണുകളിലും മാത്രമാണ് മികച്ച ഗ്രാഫിക്‌സുകളും ഇഫക്റ്റുകളുമുള്ള വീഡിയോ ഗെയിമുകള്‍ ലഭിക്കാറുള്ളത്. എന്നാല്‍ പരിമിതമായ സൗകര്യങ്ങളുള്ള ആന്‍ഡ്രോയിഡ് ഫോണുകളിലും കളിക്കാന്‍ സാധിക്കും വിധമാണ് പബ്ജി മൊബൈല്‍ തയ്യാറാക്കിയിരിക്കുന്നത്.സ്മാര്‍ട്‌ഫോണുകളില്‍ കാന്‍ഡി ക്രഷ്, സബ് വേ സര്‍ഫേഴ്‌സ്, ടെംപിള്‍ റണ്‍ പോലുള്ള കുഞ്ഞുഗെയിമുകള്‍ മാത്രം കളിച്ച് മടുത്തവരും, ഗെയിം കണ്‍സോളുകളും പിസി ഗെയിമുകളും പണം മുടക്കി വാങ്ങാന്‍ സാധിക്കാത്തവരുമായ ഗെയിം ആരാധകര്‍ക്ക് ലഭിച്ച ലോട്ടറിയാണ് പബ്ജി മൊബൈല്‍ എന്ന് പറയാം. അത് തന്നെയാണ് അതിവേഗം പബ്ജിയുടെ പ്രചാരത്തിന് കാരണമായതും.
ഗെയിമിന്റെ സ്വഭാവം കാരണം ഈ ഗെയിം നിരോധന ഭീഷണി നേരിടുന്നു. ബാറ്റില്‍ റൊയേല്‍ വിഭാഗത്തില്‍ പെടുന്ന ഗെയിമുകള്‍ ഒരു പരിധിവരെ ആക്രമണ സ്വഭാവമുള്ളതും, ആസക്തിയുളവാക്കുന്നതുമാണ്. ഗെയിം കണ്‍സോളുകള്‍ക്കും, പിസി വീഡിയോ ഗെയിമുകള്‍ക്കും ഇന്ത്യയില്‍ അത്ര പ്രചാരമില്ല. സ്മാര്‍ട്‌ഫോണുകള്‍ക്ക് ഏറെ പ്രചാരമുള്ള ഇന്ത്യയില്‍ പബ്ജി മൊബൈല്‍ വന്നതോടെ രാജ്യത്തെ കൂടുതല്‍ ആളുകളിലേക്ക് അക്രമാസക്തമായ ഈ കൊലപാതക ഗെയിമിന് പ്രചാരം ലഭിച്ചു.മൊബൈല്‍ഫോണ്‍ ആസക്തിയെ പോലെ തന്നെയാണ് ഗെയിം ആസക്തിയും. കുട്ടികള്‍ കര്‍മനിരതരാവേണ്ട സമയങ്ങളില്‍ മണിക്കൂറുകളോളം ഗെയിമിന് വേണ്ടി ചിലവഴിക്കുമ്പോള്‍ അത് അവരുടെ പഠനത്തേയും, ആരോഗ്യത്തേയും ബാധിക്കുന്നുവെന്ന് അധികൃതര്‍ നിരീക്ഷിക്കുന്നു.
അതുപോലെ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങള്‍ പബ്ജി വഴി ഉണ്ടാകുമെന്ന വാദങ്ങളുമുണ്ട്.ഗെയിമില്‍ ചിത്രീകരിക്കുന്ന രക്തപ്പാടുകള്‍ കുട്ടികളുടെയും, മുതിര്‍ന്നവരുടെയും മാനസികാരോഗ്യത്തെ വിപരീതമായി സ്വാധീനിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഗെയിമിന്റെ മനോഹാരിതയും മികച്ച ഗുണമേന്മയുള്ള ഗ്രാഫിക്‌സുകളും അതിന്റെ സ്വഭാവവും ആളുകളില്‍ ആസക്തിയുണ്ടാവുന്നതിനിടയാക്കുന്നു. കുട്ടികളില്‍ പലരും പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും പബ്ജിയിലാണ് ശ്രദ്ധയെന്നും നിരവധി മാതാപിതാക്കള്‍ പരാതിയറിയിച്ചിട്ടുണ്ട്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ക്യാമ്പസിനകത്ത് പബ്ജി നിരോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ ജമ്മുവില്‍ പബ്ജി ഗെയിമിന് അടിമപ്പെട്ട ഒരു ഫിറ്റ്‌നസ് ട്രെയിനറെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയമാക്കേണ്ടി വന്നിരുന്നു. പബ്ജി മയക്കുമരുന്നിന് തുല്യമാണെന്നും അത് വിദ്യാര്‍ഥികളുടെ പരീക്ഷാഫലത്തെ ബാധിച്ചുവെന്നും ആരോപിച്ച് ജമ്മു-കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും രംഗത്തുവരികയുണ്ടായി. കൂടാതെ സ്മാര്‍ട്‌ഫോണുകളുടെ ചെറിയ സ്‌ക്രീനില്‍ മണിക്കൂറുകളോളം നോക്കിയിരിക്കുന്നത് കാഴ്ച ശക്തിയേയും ബാധിച്ചേക്കാം എന്നതും പബ്ജി ഗെയിമിന് ഒരു വില്ലന്‍ പ്രതിച്ഛായ നല്‍കുന്നു.