അപകടകരമായ പബ്ജിയ്ക്ക് എങ്ങനെ ഇത്ര പ്രചാരം ലഭിച്ചു ?

26

കഴിഞ്ഞ കുറച്ചുമാസങ്ങളായി പബ്ജി മൊബൈൽ ഗെയിമുമായി ബന്ധപ്പെട്ട വാർത്തകൾ ആഗോള തലത്തിൽ വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ജനപ്രീതിയാർജിക്കുന്നതിനൊപ്പം ഈ ഗെയിം നിരോധിക്കപ്പെടണമെന്ന ആവശ്യം ശക്തമാവുകയാണ്. അടുത്തിടെ പബ്ജി വാർത്തകളിൽ നിറഞ്ഞത് അതിന്റെ നിരോധനവുമായി ബന്ധപ്പെട്ടാണ്. ഗുജറാത്ത് സർക്കാർ പ്രൈമറി സ്കൂൾ തലത്തിൽ പബ്ജി ഗെയിമിന് നിരോധനമേർപ്പെടുത്തിയ വാർത്തയാണ് ഏറ്റവും ഒടുവിൽ വന്നത്.പബ്ജി ഗെയിം മയക്കുമരുന്നിനോളം ആസക്തി നൽകുന്നതാണെന്നും കുട്ടികളുടെ പഠനനിലവാരത്തെയും മുതിർന്നവരേയും അത് വിപരീതമായി ബാധിക്കുന്നുണ്ടെന്നുമാണ് പബ്ജിയ്ക്കെതിരെ രംഗത്തുവരുന്നവർ ഉയർത്തിക്കാണിക്കുന്നത്.ഈ ഗെയിം ചിലരെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നും അമിതാസക്തിമൂലം ചികിത്സ തേടിയെന്നും ഗെയിം പരാജയത്തിലെ നിരാശ കൊലപാതകത്തിൽ കലാശിച്ചുവെന്നുമുള്ള വാർത്തകളുമുണ്ട്. ഇന്ത്യയിൽ പലയിടങ്ങളിൽ അത്തരത്തിലുള്ള സംഭവങ്ങൾ പബ്ജി ആസക്തിയോട് ചേർത്ത് വാർത്തകളായിട്ടുണ്ട്.

അപ്പോൾ, എന്താണ് പബ്ജി മൊബൈൽ?

ഇത് യഥാർത്ഥത്തിൽ കുട്ടികളെയോ മുതിർന്നവരേയോ ബാധിക്കുന്നതാണോ?
പ്ലെയർ അൺനൗൺസ് ബാറ്റിൽ ഗ്രൗണ്ട് എന്നതിന്റെ ചുരുക്കനാമമാണ് പബ്ജി (PUBG) ബാറ്റിൽ റൊയേൽ (Battle Royale)വിഭാഗത്തിൽ പെടുന്ന ഗെയിം ആണിത്. പബ്ജി കോർപറേഷനും ബ്ലൂഹോളുമായി സഹകരിച്ചാണ് കഴിഞ്ഞ വർഷം ചൈനീസ് കമ്പനിയായ ടെൻസന്റ് ആഗോളതലത്തിൽ പബ്ജി ഗെയിം അവതരിപ്പിക്കുന്നത്. ഇതിന്റെ സ്മാർട്ഫോൺ പതിപ്പ് രംഗപ്രവേശം ചെയ്തതോടെയാണ് ഗെയിമിന്റെ പ്രചാരം വർധിച്ചത്. പ്രത്യേകിച്ചും സ്മാർട്ഫോണുകളുടെ വമ്പൻ വിപണികളിലൊന്നായ ഇന്ത്യയിൽ. ഇന്ത്യയിൽ ലക്ഷക്കണക്കിന് പബ്ജി ഗെയിമർമാരുണ്ട്.

അതിജീവനം അഥവാ സർവൈവൽ എന്നത് ആശയമാക്കിയുള്ള ഗെയിമുകളെ ബാറ്റിൽ റൊയേൽ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ഇത്തരം ഗെയിമുകളിൽ കളിക്കാർ പരസ്പരം പോരാടുകയും ഒടുവിൽ അതിജീവിക്കുന്നവർ വിജയികളാവുകയും ചെയ്യുന്നു.
പബ്ജിയിൽ ഒരു കളിയിൽ നൂറ് പേരാണുണ്ടാവുക. ഈ നൂറ് കളിക്കാർ ഒരു ഒറ്റപ്പെട്ട ദ്വീപിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്നു. അവിടെ കെട്ടിടങ്ങൾക്കുള്ളിൽ നിന്നും മറ്റും ആവശ്യമായ ആയുധങ്ങളും മരുന്നുകളും ശേഖരിക്കുന്നു. എന്നിട്ട് പരസ്പരം യുദ്ധം ചെയ്യുന്നു. ഈ യുദ്ധത്തിൽ അവസാനം നിമിഷം വരെ അതിജീവിക്കുന്നവർ വിജയികളായി മാറുന്നു. ഒറ്റയ്ക്കും, രണ്ട് പേർ ചേർന്നും നാലുപേരുള്ള സംഘങ്ങളായും ഗെയിം കളിക്കാം. മൊബൈൽ ഫോൺ പതിപ്പുകൂടാതെ, ഗെയിമിന്റെ പിസി, എക്സ് ബോക്സ്, പ്ലേ സ്റ്റേഷൻ 4 പതിപ്പുകളും ലഭ്യമാണ്.

മറ്റ് പതിപ്പുകളേക്കാൾ ലാഭകരവും വലിപ്പം (size) കുറഞ്ഞതുമാണ് പബ്ജി മൊബൈൽ എന്ന സ്മാർട്ഫോൺ പതിപ്പ്. ഇതിൽ കളിക്കാൻ ആവശ്യമായ 70 ശതമാനം കാര്യങ്ങളും സൗജന്യമായി ലഭിക്കും. ഫെയ്സ്ബുക്കും ട്വിറ്ററുമായും ബന്ധിപ്പിക്കാൻ സാധിക്കുന്നതിനാൽ സുഹൃത്തുക്കളുമായി ചേർന്ന് ഗെയിം കളിക്കാനുള്ള സൗകര്യവുമുണ്ട്. സാധാരണ ഗെയിമിങ് കൺസോളുകളിൽ ലഭിച്ചിരുന്ന ഗുണമേന്മയിൽ സ്മാർട്ഫോണുകളിൽ ലഭ്യമാക്കിയതും അതിനുള്ള സ്വീകാര്യത വർധിപ്പിച്ചു. നിരന്തരമെന്നോണം പുതിയ മാറ്റങ്ങളും പുതിയ ചേരുവകളും അവതരിപ്പിച്ച് ഗെയിമർമാരെ സംതൃപ്തരാക്കാൻ ഈ ഗെയിമിന്റെ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നുമുണ്ട്.

പബ്ജിയ്ക്ക് എങ്ങനെ ഇത്ര പ്രചാരം ലഭിച്ചു

അതിശക്തമായ ഗ്രാഫിക്സുകൾ ഒരുക്കാൻ സാധിക്കുന്ന അൺറിയൽ എഞ്ചിൻ 4 എന്ന ഗെയിം എഞ്ചിൻ ഉപയോഗിച്ചാണ് പബ്ജി തയ്യാറാക്കിയിരിക്കുന്നത്. ഗെയിം കൺസോളുകളിലും പിസികളിലും ഉയർന്ന സാങ്കേതിക സംവിധാനങ്ങളുള്ള സ്മാർട്ഫോണുകളിലും മാത്രമാണ് മികച്ച ഗ്രാഫിക്സുകളും ഇഫക്റ്റുകളുമുള്ള വീഡിയോ ഗെയിമുകൾ ലഭിക്കാറുള്ളത്. എന്നാൽ പരിമിതമായ സൗകര്യങ്ങളുള്ള ആൻഡ്രോയിഡ് ഫോണുകളിലും കളിക്കാൻ സാധിക്കും വിധമാണ് പബ്ജി മൊബൈൽ തയ്യാറാക്കിയിരിക്കുന്നത്.
സ്മാർട്ഫോണുകളിൽ കാൻഡി ക്രഷ്, സബ് വേ സർഫേഴ്സ്, ടെംപിൾ റൺ പോലുള്ള കുഞ്ഞുഗെയിമുകൾ മാത്രം കളിച്ച് മടുത്തവരും ഗെയിം കൺസോളുകളും പിസി ഗെയിമുകളും പണം മുടക്കി വാങ്ങാൻ സാധിക്കാത്തവരുമായ ഗെയിം ആരാധകർക്ക് ലഭിച്ച ലോട്ടറിയാണ് പബ്ജി മൊബൈൽ എന്ന് പറയാം. അത് തന്നെയാണ് അതിവേഗം പബ്ജിയുടെ പ്രചാരത്തിന് കാരണമായതും.

എന്തിനാണ് സ്കൂളുകളും ഭരണകൂടവും പബ്ജി ഗെയിം നിരോധിക്കുന്നത്?

ഗെയിമിന്റെ സ്വഭാവം തന്നെയാണ് അതിനുള്ള മുഖ്യകാരണം. ബാറ്റിൽ റൊയേൽ വിഭാഗത്തിൽ പെടുന്ന ഗെയിമുകൾ ഒരു പരിധിവരെ ആക്രമണ സ്വഭാവമുള്ളതും ആസക്തിയുളവാക്കുന്നതുമാണ്. ഗെയിം കൺസോളുകൾക്കും പിസി വീഡിയോ ഗെയിമുകൾക്കും ഇന്ത്യയിൽ അത്ര പ്രചാരമില്ല. സ്മാർട്ഫോണുകൾക്ക് ഏറെ പ്രചാരമുള്ള ഇന്ത്യയിൽ പബ്ജി മൊബൈൽ വന്നതോടെ രാജ്യത്തെ കൂടുതൽ ആളുകളിലേക്ക് അക്രമാസക്തമായ ഈ കൊലപാതക ഗെയിമിന് പ്രചാരം ലഭിച്ചു.മൊബൈൽഫോൺ ആസക്തിയെ പോലെ തന്നെയാണ് ഗെയിം ആസക്തിയും. കുട്ടികൾ കർമനിരതരാവേണ്ട സമയങ്ങളിൽ മണിക്കൂറുകളോളം ഗെയിമിന് വേണ്ടി ചിലവഴിക്കുമ്പോൾ അത് അവരുടെ പഠനത്തേയും ആരോഗ്യത്തേയും ബാധിക്കുന്നുവെന്ന് അധികൃതർ നിരീക്ഷിക്കുന്നു. അതുപോലെ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങൾ പബ്ജി വഴി ഉണ്ടാകുമെന്ന വാദങ്ങളുമുണ്ട്.