tourism
രഹസ്യങ്ങൾ ഉറങ്ങുന്ന പുമാപുങ്കു
പെറുവിനും ബൊളീവിയക്കും ഇടയിൽ ആൻഡീസ് പർവ്വതനിരകളുടെ ഇടയിൽ സ്ഥിതിചെയ്യുന്ന ടിറ്റികാക്ക തടാകം. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ
224 total views, 1 views today

രഹസ്യങ്ങൾ ഉറങ്ങുന്ന പുമാപുങ്കു
തോമസ് ചാലാമനമേൽ
പെറുവിനും ബൊളീവിയക്കും ഇടയിൽ ആൻഡീസ് പർവ്വതനിരകളുടെ ഇടയിൽ സ്ഥിതിചെയ്യുന്ന ടിറ്റികാക്ക തടാകം. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ ഈ തടാകത്തിനടുത്ത് സ്ഥിതിചെയ്തിരുന്ന ഒരു പൗരാണീക സാമ്രാജ്യമായിരുന്നു ടിവനാക്കു, ഇന്നത്തെ പെറു, ബൊളീവിയ, ഇക്വഡോർ, ചിലി എന്നീ രാജ്യങ്ങളിൽ വ്യാപിച്ചുകിടന്ന ഇൻക സംസ്കാരത്തിൻ്റെ മുൻഗാമികൾ എന്നറിയപ്പെടുന്ന സംസ്കാരം. ഈ ടിവനാക്കു സംസ്കൃതിയുടെ ഭാഗമെന്നു കരുതപ്പെടുന്ന രഹസ്യങ്ങൾ ഉറങ്ങുന്ന ഒരു പൗരാണീക നിർമ്മിതിയുണ്ട്. ആൻഡീസ് പർവ്വതനിരകളിൽ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 13,000 അടി ഉയരത്തിൽ മരുഭൂസമാനമായ സമതലത്തിലാണ് ഭൂമിയിലെ ഏറ്റവും വലിയ ശിലാനിർമ്മിതികളിൽ ഒന്നായ പുമാപുങ്കു സ്ഥിതിചെയ്യുന്നത്.
ഏതോ വലിയ നിർമ്മിതി നടത്തുന്നതിനിടയിൽ നടന്ന വലിയൊരു ദുരന്തം എല്ലാം തകർത്തെറിഞ്ഞപോലെ ഈ മഹാ ശിലാനിർമ്മിതികൾ ആ പ്രദേശമാകെ
പ്രധാനമായും രണ്ടു തരത്തിലുള്ള ശിലകളാണ് ഇവിടെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഏതാണ്ട് 12 കിലോമീറ്ററുകൾ അകലെയുള്ള ക്വാറിയിൽ നിന്നുള്ള ചുവന്ന പാറയും, 90 കിലോമീറ്ററുകൾ അകലെ ആൻഡീസ് പർവ്വതനിരകളിലെ അഗ്നിപർവ്വത ലാവ ഉറഞ്ഞു രൂപപ്പെട്ട ആൻഡിസൈറ്റ് പാറകളും.
വളരെ കൃത്യതയോടെ മുറിച്ചെടുത്ത ശിലകളാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. വ്യക്തമായ ആസൂത്രണത്തോടെ കൃത്യമായ അളവുകളിൽ കരിങ്കല്ലുകൾ മുറിച്ചെടുത്തിരിക്കുന്നു. അഗ്നിപർവ്വതശിലയിൽ H ആകൃതിയിൽ പണിതെടുത്തിട്ടുള്ള രൂപങ്ങൾ മാത്രമല്ല ഇവിടെയുള്ളത്, ലാവാശിലകളിൽ കൃത്യമായ അളവുകളിൽ ചെയ്തെടുത്തിട്ടുള്ള മനോഹരങ്ങളായ ജ്യാമിതീയ രൂപങ്ങളും ഇവിടെ കാണാം. താഴെക്കാണുന്ന ഒരു ചിത്രത്തിൽ കൃത്യമായ അകലത്തിൽ പൊഴികൾ ഇട്ട ഒരു പാറ കാണാം. പവർ ഡ്രിൽ കൊണ്ടുണ്ടാക്കിയ പോലെ ഒരേ അകലത്തിൽ ഏതാണ്ട് 6 മില്ലിമീറ്റർ വ്യാസമുള്ള പൊഴികൾ ഇട്ടിരിക്കുന്നത് കാണുക.
ഇൻറ്റർലോക്കിംഗ് സംവിധാനത്തിൽ പണിതുയർത്താൻ ഉദ്ദേശിച്ച വലിയൊരു ക്ഷേത്രസമുച്ചയത്തിൻ്റെ ബാക്കിപത്രങ്ങളാണിവിടെ കാണുന്നതെന്ന് ചില ഗവേഷകർ പറയുന്നു. ഇവിടെക്കാണുന്ന H ആകൃതിയിലുള്ള ശിലാ നിർമ്മിതികൾക്കു മുകളിലൂടെ വടക്കുനോക്കി യന്ത്രം കൊണ്ടു നിരീക്ഷണം നടത്തിയ ഗവേഷകർ പറയുന്നത് ഈ ശിലയുടെ ഓരോ ഭാഗവും വ്യത്യസ്തമായ കാന്തീക സ്വഭാവം പ്രകടിപ്പിക്കുന്നവയാണ് എന്നാണ്.
ഇവിടെ നിർമ്മിക്കാൻ ഉദ്ദേശിച്ച സമുച്ചയത്തിൻ്റെ തറക്കല്ലുകളിൽ ഒന്ന് എന്നു കരുതപ്പെടുന്ന ശിലയാണ് ഇവിടെയുള്ള ഏറ്റവും വലിയ ശില. 25 അടി നീളവും, 17 അടി വീതിയും, 3.5 അടി കനവും, ഏതാണ്ട് 131 ടൺ ഭാരവുമുള്ള ഇത് കൊണ്ടുവന്നിട്ടുള്ളത് 12 കിലോമീറ്ററുകൾ അകലെയുള്ള മലയിലെ ക്വാറിയിൽ നിന്നാണ്. സ്വാഭാവികമായും വലിയ മരങ്ങളൊന്നും വളരാത്ത ഈ മരുപ്രദേശത്ത്
ഉരുളൻ തടികൾ ഉപയോഗപ്പെടുത്തിയാകാം ഇത് കൊണ്ടുവന്നത് എന്ന വാദത്തിനു പ്രസക്തിയില്ലെന്ന് ഗവേഷകർ പറയുന്നു. അതുകൊണ്ടുതന്നെ, ടിറ്റികാക്ക തടാകത്തിനടുത്തു നിന്നും കുത്തനെ മല കയറ്റി ഈ പാറ ഇവിടെയെത്തിച്ചത് ഏതു സംവിധാനം ഉപയോഗിച്ചാണ് എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.
മുഖ്യധാരാ ചരിത്രകാരന്മാരുടെ നിഗമനത്തിൽ പുമാപുങ്കു ഏതാണ്ട് 2000 വർഷങ്ങൾക്കു മുൻപ് ടിവനാക്കു സംസ്കാരത്തിൻ്റെ ഭാഗമായി നിർമ്മിക്കപ്പെട്ടതാണ്. എന്നാൽ, പുമാപുങ്കുവിൽ ദശകങ്ങളോളം ഗവേഷണം നടത്തിയ ബൊളീവിയൻ പുരാവസ്തുഗവേഷകനായ ആർതർ പൊസ്നാൻസ്കി (Arthur Posnansky) യുടെ അഭിപ്രായപ്പെട്ടത്തിൽ പുമാപുങ്കു അതിനേക്കാൾ വളരെ വളരെ മുൻപേ, ഏതാണ്ട് 17,000 വർഷങ്ങൾക്കു മുൻപു പണിയപ്പെട്ടതാണ്.
ബൊളീവിയൻ പുരാവസ്തുവകുപ്പ് ആകെ രണ്ടടി താഴേക്കു മാത്രമേ ഇവിടെ ഖനനം നടത്തിയിട്ടുള്ളൂ. ഇനിയും കൂടുതൽ ഖനനം നടത്താൻ അനുമതിയില്ലാത്തെ ഇവിടെ ഗവേഷണം നടത്തുന്ന അനൗദ്യോഗീക ഗവേഷകർ നടത്തിയ റഡാർ സ്കാനിങ് (ground-penetrating radar) പ്രകാരം, ഇവിടെ മണ്ണിനടിയിൽ ഇനിയുമേറെ ശിലകളും അറകളും മറഞ്ഞുകിടപ്പുണ്ട്.
മുഖ്യധാരാ ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ടിവനാക്കു സംസ്കാരത്തിലെ പ്രാകൃതമായ പണിയായുധങ്ങൾ കൊണ്ടാണ് ഈ സങ്കീർണ്ണമായ ശില്പവേലകൾ നടത്തിയിട്ടുള്ളത്. എന്നാൽ, ഇത്ര സങ്കീർണ്ണമായ ശില്പവേല വെറും ഉളിയും ചുറ്റികയും പോലുള്ള നിസ്സാരമായ പണിയായുധങ്ങൾ കൊണ്ടുമാത്രം സാധ്യമാകുന്ന കാര്യമല്ല എന്ന എതിർവാദവുമുണ്ട്. വലിയൊരു സമുച്ചയം പണിയാൻ ലക്ഷ്യം വച്ച് അതിനുവേണ്ടി കിലോമീറ്ററുകൾ അകലെ നിന്ന് ടൺ കണക്കിനു ഭാരമുള്ള പാറകൾ ഈ മലമുകളിൽ എത്തിക്കാനും അത് കൃത്യതയോടെ മുറിച്ചെടുത്ത് ഒരു സമുച്ചയം പണിതീർക്കാനും വെറും ആയുധങ്ങൾ മാത്രം പോരാ. അതിനു വ്യക്തമായ ആസൂത്രണം വേണം, ഡ്രോയിങ് വേണം, സാങ്കേതീക ജ്ഞാനം വേണം. എന്നാൽ, നേരാംവണ്ണം എഴുത്തും വായനയും പോലും വശമില്ലാതിരുന്ന ഒരു ജനതയായിരുന്ന ടിവനാക്കു ഇതെല്ലാം ചെയ്തു എന്നു പറയുമ്പോൾ എങ്ങനെയാണ് നമുക്കത് വിശ്വസിക്കാനാവുക?
ആധുനീക യന്ത്രങ്ങൾ പോലും തോൽക്കുന്ന ഒന്നാണ് പുമാപുങ്കുവിലെ കരിങ്കല്ലിൽ കാണുന്ന നിർമാണത്തിലെ പൂർണ്ണത. ലേസർ കട്ടിംഗുകൊണ്ടു നേടിയെടുക്കാവുന്ന പൂർണ്ണതയാണ് മിക്ക ശിലകളിലും കാണുന്നതെന്ന് ഗവേഷകർ പറയുന്നു. ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് ആഴമായ അറിവുള്ളവർക്കു മാത്രം സാധ്യമാകുന്ന നിർമ്മാണമാണിത്. അതുകൊണ്ടുതന്നെ, ടിവനാക്കുവിനേക്കാൾ മുന്നേ അതിപുരാതന കാലത്തു നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന ഏതോ സംസ്കാരത്തിലെ അത്യാധുനിക സാങ്കേതീകവിദ്യകളാകാം ഇതിനു ഉപയോഗിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ആധുനീക മെഷിനറികൾ ഉപയോഗിച്ച് വളരെ സങ്കീർണ്ണമായ നിർമ്മിതികൾ നടത്താൻ ഇന്നു മനുഷ്യനു കെല്പുണ്ട്. പക്ഷെ, നമ്മൾ പ്രാകൃതരെന്നു വിശേഷിപ്പിക്കുന്ന ഒരു ജനത ആധുനീക യന്ത്രങ്ങളെപ്പോലും വെല്ലുന്ന ജോലികൾ വളരെ പൂർണ്ണതയോടെ ചെയ്തിരുന്നു എന്നറിയുമ്പോഴാണ് മുഖ്യധാരാ ചരിത്രരചനയിൽ എവിടെയോ എന്തൊക്കെയോ വിട്ടുപോയിട്ടുണ്ട് എന്നു നമ്മൾ തിരിച്ചറിയുന്നത്.
225 total views, 2 views today