കെജിഎഫ് ചാപ്റ്റർ 2 സിനിമയുടെ വമ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന പുഷ്പ 2 -ന്റെ ചിത്രീകരണം നിർത്തിവച്ചു എന്ന വാർത്തകൾ വന്നിരുന്നു. പുഷ്പ 2 ഇനി ഇറക്കുമ്പോൾ കെ ജി എഫിനും മുകളിൽ നിൽക്കുന്ന അനുഭവമാകണം എന്ന കാരണത്തിൽ ആണ് അങ്ങനെയൊരു തീരുമാനം. അതിനുവേണ്ടി തിരക്കഥ മെച്ചപ്പെടുത്താനായി ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചുവെന്ന് റിപ്പോർട്ട് വന്നിരുന്നു.
കെജിഎഫിന് ലഭിച്ച സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കൂടുതല്‍ ദൃശ്യഭംഗിയോടെ ചിത്രമൊരുക്കാന്‍ തിരക്കഥയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് സംവിധായകൻ സുകുമാറിന്റെ ഈ നീക്കമെന്നായിരുന്നു അണിയറയിൽ നിന്നുള്ള സംസാരം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പുഷ്പയുടെ നിര്‍മാതാവ് വൈ. രവിശങ്കർ.
ഹൈ വോൾട്ടേജ് അനുഭവം സാധ്യമാക്കുന്ന തിരക്കഥയാണ് കയ്യിലുള്ളതെന്നും അങ്ങനെയുള്ളപ്പോൾ എന്തിനാണതിൽ മാറ്റം വരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. കെ.ജി.എഫ് 2 പുഷ്പയെ ബാധിക്കില്ല. സുകുമാർ നേരത്തേ തയാറാക്കിയ തിരക്കഥയിൽ ഒരു മാറ്റവുമുണ്ടാവില്ല. വളരെ മനോഹരമായിത്തന്നെ അദ്ദേഹമത് ചിത്രീകരിക്കും. ലൊക്കേഷനുകൾ തേടാൻ ഒന്നൊന്നര മാസമെടുക്കും. ആദ്യ ഭാഗം ചിത്രീകരിച്ച അതേ വനം തന്നെയായിരിക്കും രണ്ടാംഭാഗത്തിനും പശ്ചാത്തലമാവുക എന്ന് വൈ. രവിശങ്കർ പ്രതികരിച്ചു.