തീർച്ചയായും അൻവർ ഇതിനൊക്കെ മറുപടി പറയേണ്ടതുതന്നെ…

0
235

പി.വി അൻവറിന്റെ പോസ്റ്റ്

PV ANVAR

വസ്തുതാ വിരുദ്ധമായ പ്രസ്താവനകളുമായി ചിലർ നവമാധ്യമങ്ങളിലും,ചില ഓൺലൈൻ പോർട്ടലുകളിലും പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌.വീണ്ടും പറയുന്നു;എനിക്കോ എന്റെ ബന്ധുക്കൾക്കോ കക്കാടുംപൊയിലിലെ ക്വാറിയുമായി യാതൊരുവിധ ബന്ധവുമില്ല.വസ്തുത ഇതായിരിക്കെ,മാധ്യമശ്രദ്ധ നേടാനായി ചിലർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അതേ പടി റിപ്പോർട്ട്‌ ചെയ്യും മുൻപ്‌,പ്രസ്തുത മാധ്യമങ്ങൾക്ക്‌ സ്ഥലത്തെത്തി നേരിട്ട്‌ അന്വേഷിക്കുകയോ,വിവരാവകാശ നിയമപ്രകാരം ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്യാവുന്നതാണ്.

PV ANVAR
PV ANVAR

ഈ വിഷയത്തിൽ,വ്യാജപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക തന്നെ ചെയ്യും.എം.എൽ.എ എന്നതിലുപരി,ഒരു സാധാരണ പൗരന് ലഭിക്കേണ്ട നീതിക്ക്‌ എനിക്കും അർഹതയുണ്ട്‌.ഇടതുപക്ഷ എം.എൽ.എ ആയി എന്നതിന്റെ പേരിൽ,എനിക്കുള്ള പൗരാവകാശങ്ങൾ നിഷേധിക്കാൻ നിങ്ങൾക്ക്‌ ആരാണ് അധികാരം നൽകിയത്‌?

ഫേസ്‌ ബുക്കിലും കവലപ്രസംഗങ്ങളിലും ക്വാറി ആരോപണം ഉന്നയിക്കുന്നവർക്ക്‌ പൊതുസമൂഹത്തിന്റെ മുന്നിൽ ഇത്‌ തെളിയിക്കാനുള്ള ധാർമ്മികമായ ബാധ്യതയുമുണ്ട്‌.അതേ സമയം,നിങ്ങൾ നടത്തിയ നാടകത്തിലെ ബാഹ്യ ഇടപെടലുകൾ കൃത്യമായി വ്യക്തമാക്കാൻ എനിക്കാവും.ഫണ്ട്‌ ചെയ്യുന്നവരോട്‌ കൂറു പ്രഖ്യാപിച്ച്‌ കൊണ്ട്‌,അവരുടെ താളത്തിനൊപ്പം തുള്ളി,ഈ വിഷയത്തിൽ എനിക്കെതിരെ വ്യാജപ്രചരണങ്ങൾ നടത്തുന്നതിന് പകരം കൃത്യമായ തെളിവുകളുമായി നിങ്ങൾ നിയമനടപടികൾ സ്വീകരിക്കണം.അതല്ലേ ശരി?

അപ്പോൾ മറക്കേണ്ട..
എനിക്ക്‌ കക്കാടംപൊയിലിൽ ക്വാറി ഉണ്ടെന്ന് നിങ്ങൾ തെളിയിക്കണം.ഇക്കാര്യത്തിൽ വേണ്ട നിയമനടപടികൾ ഞാൻ തന്നെ സ്വീകരിച്ച്‌,നിങ്ങൾക്ക്‌ ആരോപണം തെളിയിക്കാനുള്ള അവസരം ഒരുക്കുകയും,എല്ലാവരേയും അത്‌ അറിയിക്കുകയും ചെയ്യും..
വെറുതെ ആരോപണങ്ങൾ ഉന്നയിച്ചാൽ മാത്രം പോരാ..അത്‌ തെളിയിക്കാനുള്ള നട്ടെല്ല് കൂടി എല്ലാ വ്യാജന്മാർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

-===========

കക്കാടുംപൊയിലിലെ ക്വാറിയുമായി ബന്ധമില്ല എന്ന് പറയുന്ന അൻവറിന്റെ വാദഗതികളെ പരിസ്ഥിതി പ്രവർത്തകനായ ഡോക്ടർ ആസാദ് ചോദ്യം ചെയ്യുന്നു.

ഡോ. ആസാദ് 

പി വി അന്‍വറിന്റേതായി ഒരു ഫേസ്ബുക് പോസ്റ്റു കണ്ടു. അദ്ദേഹം രംഗത്തു വരുന്നത് നല്ലതുതന്നെ. തേനരുവിയിലെ ക്വാറിയില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്ന് ആരോ പറഞ്ഞുവെന്നും അതവര്‍ തെളിയിക്കണമെന്നുമാണ് അന്‍വര്‍ പറയുന്നത്. അപ്പോള്‍ കക്കാടംപൊയിലിലെ വലിയ തടയണയും ചെറിയ തടയണകളും വാട്ടര്‍തീം പാര്‍ക്കും റോപ്പ് വേയുമൊക്കെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തില്‍ ഉള്ളവതന്നെ. അക്കാര്യം അദ്ദേഹം നിഷേധിച്ചു കാണുന്നില്ല.

Image result for അൻവർ തടയണഹൈക്കോടതി പൊളിക്കാന്‍ പറഞ്ഞ തടയണ പൊളിച്ചുവോ, റോപ്പു വേ നീക്കം ചെയ്തുവോ, പി വി ആര്‍ വില്ലയിലെ നീരൊഴുക്കിലെ തടയണകള്‍ മാറ്റിയോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ടല്ലോ. സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി കമ്മറ്റി അംഗമായ അന്‍വറിന് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? തേനരുവിയിലെ പാറമടയെപ്പറ്റി അദ്ദേഹം കേട്ടിരിക്കുന്നു എന്നത് മഹാഭാഗ്യം. തേനരുവിയുടെ ഗതി തടഞ്ഞുള്ള കടന്നുകയറ്റം പരിസ്ഥിതി സമിതി അംഗത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? അതേക്കുറിച്ച് എന്താണഭിപ്രായം?

ഡോ. ആസാദ് 
ഡോ. ആസാദ് 

കാരശ്ശേരി മാഷുടെ നേതൃത്വത്തില്‍ നടന്ന സാംസ്കാരിക അന്വേഷണയാത്ര കക്കാടംപൊയിലിലെ അനധികൃത കയ്യേറ്റങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. അവിടെ പലര്‍ക്കുമുണ്ട് തടയണകളും പാറമടകളും മറ്റു കയ്യേറ്റ നിര്‍മ്മിതികളും. അതൊക്കെ പഠിക്കാന്‍ തന്നെയാണ് യാത്ര പറപ്പെട്ടത്. പക്ഷെ പെട്ടെന്ന് പൊള്ളിയത് അന്‍വറിനും കൂട്ടാളികള്‍ക്കുമാണ്. അവര്‍ക്ക് ഒളിച്ചുവെക്കാന്‍ ധാരാളമുണ്ടാവാം. അതുകൊണ്ടാവണം തേനരുവി ക്വാറിയിലെത്തിയ യാത്രയെ ഒരു സംഘം തടഞ്ഞതും ‘എന്തിന് അന്‍വറിന്റെ ക്വാറി മാത്രം സന്ദര്‍ശിക്കണം’ എന്നു ചോദ്യമുന്നയിച്ചതും. അതോടെ തേനരുവി പാറമട അന്‍വറിന്റെ ബിനാമിയുടേതാണെന്ന ആരോപണം ശരിയാണെന്നു വ്യക്തമായി. ഇനി കക്കാടംപൊയിലിലെ പ്രകൃതി കയ്യേറ്റങ്ങളില്‍ അന്‍വറിന്റേതായി ഉന്നയിക്കപ്പെട്ട പരാതികളില്‍ നിജസ്ഥിതി വെളിപ്പെടുത്താനുള്ള ബാധ്യത പി വി അന്‍വറിന്റേതാണ്.

ഓരോ ഭൂമിയും ആരുടേതാണെന്ന് പലപ്പോഴും വില്ലേജാപ്പീസില്‍ പോയല്ല നാം അറിയുന്നത്. സമീപവാസികളില്‍നിന്നാണ്. അവിടത്തുകാരാണ് അന്‍വറിന്റെ ബിനാമിയുടെതാണെന്ന അഭിപ്രായം പങ്കു വെച്ചത്. അല്ലെങ്കില്‍ അന്‍വര്‍ അതു തെളിയിക്കു. ഞങ്ങളെ സംബന്ധിച്ചിടത്തോളം നിയമലംഘനം അന്‍വര്‍ നടത്തിയാല്‍ മാത്രമല്ല തെറ്റ്. ആരുടേതാണെങ്കിലും അതു തെറ്റാണ്. പരിസ്ഥിതി സമിതി അംഗത്തിനും അങ്ങനെയേ ആവാന്‍ തരമുള്ളു. തേനരുവിയുടെ സ്വാഭാവിക ഗതി തടസ്സപ്പെടുത്തിയത് തെറ്റാണോ എന്നാണ് അന്‍വര്‍ എം എല്‍ എ പറയേണ്ടത്. പരിസ്ഥിതി സമിതി അംഗമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണത്. അക്കാര്യത്തിലെ മൗനവും, ആ പാറമടയുമായുള്ള അന്‍വറിന്റെ ബന്ധത്തെപ്പറ്റിയുള്ള ജനസംസാരം ശരിവെക്കുന്ന വിധമാണ്.

ഒരിടതുപക്ഷ എം എല്‍ എ ആയതുകൊണ്ട് നിയമം നിഷ്ക്കര്‍ഷിക്കുന്നതിലുമധികം ഭൂമി കൈവശം വെയ്ക്കാമോ? ഒരാള്‍ക്കു നിയമപ്രകാരം എത്ര ഭൂമി കൈവശം വെക്കാം? അന്‍വറിന് എത്ര ഏക്കര്‍ ഭൂമി വരും? അതു സംബന്ധിച്ചും പലതും കേള്‍ക്കുന്നുണ്ട്. മാത്രമല്ല, സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളും കുറവല്ലെന്ന് പത്രവാര്‍ത്തകളില്‍ കാണുന്നു. ഇതെല്ലാം സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കേണ്ടത് പി വി അന്‍വര്‍ എം എല്‍ എയാണ്. അദ്ദേഹം അതു വിശദീകരിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളു. സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സമിതി അംഗം പരിസ്ഥിതി നശീകരണ നായകനും നിയമലംഘകനും ഗുണ്ടാസംഘങ്ങളുടെ നേതാവുമാവുന്നത് കേരളീയര്‍ക്കെല്ലാം അപമാനമാണ്. അങ്ങനെയൊന്നുമല്ലെന്ന് അറിയാനാണ് ജനങ്ങള്‍ ഇഷ്ടപ്പെടുക.

Related imageകക്കാടംപൊയിലിലെ നാട്ടുകാര്‍ പറയുന്നത് അവരുടെ ജീവിതം വലിയ പ്രയാസത്തിലാണ് എന്നാണ്. മറ്റിടങ്ങളിലും ജീവല്‍ പ്രശ്നങ്ങളുണ്ട്. എല്ലായിടത്തും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പ്രശ്ന പരിഹാരത്തിന് നേതൃത്വം കൊടുക്കാറുണ്ട്. അവര്‍ മുതലാളിമാരായി സ്വയം മാറി തൊഴിലും കൂലിയും കൊടുത്തല്ല പരിഹാരമുണ്ടാക്കുക പതിവ്. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളും സര്‍ക്കാറും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്താണ്. കക്കാടംപൊയില്‍ ഭാഗത്തെ ജനപ്രതിനിധികള്‍ അതും ശ്രദ്ധിക്കണം.

ആസാദ്
13 ഒക്ടോബര്‍ 2019

========================