നഷ്ടപ്പെട്ടത് മനുഷ്യസ്നേഹിയായ ഭരണാധികാരിയെ

96

നഷ്ടപ്പെട്ടത് മനുഷ്യസ്നേഹിയായ ഭരണാധികാരിയെ

ഖാബൂസ് ബിന്‍ സഈദ്

ഒമാന്‍ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ഷെയ്ഖ മസൂനയുടെയും ഏക മകനായി 1940 നവംബര്‍ 18 ന് സലാലയിലായിരുന്നു ഖാബൂസിന്റെ ജനനം. . ഇന്ത്യയിലെ പൂണെയിലും ഒമാനിലെ മസ്കത്തിലുമായി പ്രാഥമിക വിദ്യാഭ്യാസം.ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനിക യുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ അദ്ദേഹത്തിന് ഗുരുസ്ഥാനീയനായിരുന്നു. ഇന്ത്യയുമായി സുൽത്താൻ എന്നും പ്രത്യേക ബന്ധം പുലർത്തിയിരുന്നു.

പടിഞ്ഞാറന്‍ അറേബ്യയിലെ അറേബ്യന്‍ പെനിന്‍സുലയില്‍, സൗദി അറേബ്യയ്ക്കും യു.എ.ഇക്കും താഴെ അറബിക്കടലിനോട് ചേര്‍ന്നാണ് ഒമാന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പ്.19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മസ്‌കറ്റ് സുല്‍ത്താന് ഇബാദി മുസ്‌ലിംകളില്‍നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. നിസ്‌വ നിവാസികളായ അവര്‍ക്ക് ഇമാമുകള്‍ ഭരിക്കണമെന്നായിരുന്നു. 1920 സീബ് സന്ധി പ്രകാരം ഇമാമിന് ഒമാനുള്ളില്‍ സ്വതന്ത്ര ഭരണം അനുവദിച്ചു കൊടുത്തു. പകരം സുല്‍ത്താന്റെ നാമമാത്രമായ പ്രാമാണ്യം ഇമാം അംഗീകരിച്ചു കൊടുക്കണം എന്നായിരുന്നു കരാര്‍. 1920ല്‍ ഒമാനില്‍ എണ്ണ കണ്ടെത്തി. എണ്ണ കണ്ടെത്തിയ ഫഹൂദ് ഭരിച്ചിരുന്നതു ഇമാമായിരുന്നു. എണ്ണപ്പാടത്തില്‍ പര്യവേക്ഷണവും ഖനനത്തിനും ആംഗ്ലോ പേര്‍ഷ്യന്‍ ഓയില്‍ കമ്പനിയെ സുല്‍ത്താന്‍ നിയമിച്ചു. 1908ല്‍ ഒമാന്‍ ബ്രിട്ടനുമായി ഒരു സൗഹൃദസന്ധിയിലെത്തി. പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ രാജ്യത്ത് ബ്രിട്ടീഷ് അധിനിവേശത്തിനു ശേഷമാണ്, 1932ല്‍ തൈമൂര്‍ ഭരണം ആരംഭിക്കുന്നത്, ബ്രിട്ടീഷ് പിന്തുണയോടെ തന്നെ. അത്രസുഖകരമായിരുന്നില്ല തൈമൂറിന്റെ കാലം. ആഭ്യന്തര യുദ്ധങ്ങള്‍, ബ്രിട്ടീഷുകാരുമായുള്ള അസ്വാരസ്യങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ ധൊഫര്‍ മേഖല കേന്ദ്രീകരിച്ചുള്ള ഇടത് ശക്തികളുടെ ആഭ്യന്തര കലാപങ്ങള്‍ എന്നിവ തൈമൂര്‍ ഭരണത്തെ അസ്ഥിരപ്പെടുത്തി.

രക്തരഹിത വിപ്ലവത്തിലൂടെ ഖാബൂസ് ബിന്‍ സൈദ് 1970 ജൂലൈ 23നാണ് ഒമാന്റെ ഭരണം ഏറ്റെടുക്കുന്നത്.ഇന്ത്യയിലും ഇംഗ്ലണ്ടിലും പഠിച്ച പുതിയ രാജാവിന്റെ വെല്ലുവിളി പകര്‍ച്ച വ്യാധികള്‍, നിരക്ഷരത, ദാരിദ്ര്യം എന്നിവയായിരുന്നു. നാട് വിട്ടു പോയ ഒമാനികളെ തിരിച്ചു കൊണ്ടുവന്നു ഒമാനെ പതിയെ പുരോഗമനത്തിലേക്കു നടത്താന്‍ അദ്ദേഹത്തിന്നായി.

ദോഫാര്‍ ലഹള നിര്‍ത്താന്‍ വേണ്ടി സുല്‍ത്താന്‍ ഖാബൂസ് സായുധ സൈന്യത്തെ ശക്തിപ്പെടുത്തി. കീഴടങ്ങുന്ന വിമതര്‍ക്ക് പൊതുമാപ്പ് നല്‍കി. യു കെ, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നു സൈനിക സഹായം നേടി. 1975ല്‍ ഗറില്ലകളെ 50 കിലോമീറ്ററിലേക്ക് ഒതുക്കാന്‍ സുല്‍ത്താനായി. 1983ല്‍ സൗത്ത് യമനും ഒമാനും തമ്മില്‍ നയതന്ത്ര കരാറോടെ വിമത ഭീഷിണി പടെ ഇല്ലാതായി.

അധുനിക ഒമാന്‍റെ ശില്‍പി എന്നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അറിയപ്പെടുന്നത്. അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ദരിദ്രരാഷ്ട്രമായിരുന്നു ഒമാന്‍. കൃഷിയും മീന്‍പിടിത്തവും മാത്രമായിരുന്നു വരുമാനമാര്‍ഗങ്ങള്‍. നല്ലൊരു റോഡു പോലും ഇല്ലാതിരുന്ന രാജ്യത്ത് എണ്ണ സ്രോതസ്സ് ഉപയോഗിച്ച് ഖാബൂസ് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു.

ഗള്‍ഫിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യത്ത് ഓരോ ഗ്രാമത്തിലും വൈദ്യുതിയും വെള്ളവും എത്തിച്ചു. സ്‌കൂളുകളും ആശുപത്രികളും പണിതു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് തുടക്കമിട്ടു. നൂറുകണക്കിന് കിലോമീറ്റര്‍ റോഡ് പണിതു. പുതിയ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉണ്ടാക്കി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കി. ബാങ്കുകള്‍, ഹോട്ടലുകള്‍, പത്രമാദ്ധ്യമങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയ മാറിയ ഒമാന്റെ അടയാളങ്ങളായി മാറി. അതുവരെ ഉപയോഗിച്ചിരുന്ന ഇന്ത്യന്‍ കറന്‍സിക്കും മരിയ തെരേസ തേലറിനും (വെള്ളി നാണയം) ഒമാനി റിയാല്‍ ദേശീയ കറന്‍സിയായി. അധികാരത്തിലെത്തിയ ആദ്യകാലത്തു തന്നെ രാജ്യത്ത് അടിമനിരോധനം പ്രഖ്യാപിക്കുകയും ചെയ്തു.

അധികാരത്തിലിരിക്കെ രാജ്യത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം സുല്‍ത്താന്‍ ഖാബൂസിന്റെ കൈകളിലായിരുന്നു.ഭരിക്കുന്ന 26 അംഗ മന്ത്രിസഭയെ തിരഞ്ഞെടുക്കുന്നത് സുല്‍ത്താന്‍ നേരിട്ടു തന്നെയാണ്. മജ്‌ലിസ് അല്‍ ശൂറ സാമ്പത്തിക വികസനവും സമൂഹിക സേവനങ്ങളെയും സംബന്ധിച്ച ബില്ലുകള്‍ നിയമമാകുന്നതിനു മുമ്പ് പരിശോധിച്ക്കുന്നു.സൈനിക മേധാവിയും പ്രതിരോധ-വിദേശകാര്യ മന്ത്രിയും അദ്ദേഹം തന്നെ ആയിരുന്നു. കേന്ദ്രബാങ്കിന്റെ ചെയര്‍മാനും ഖാബൂസ് തന്നെ. നവംബര്‍ 1996ല്‍ എഴുതപ്പെട്ട ഒരു ഭരണഘടന രാജ്യം പ്രാബല്യത്തില്‍ വരുത്തി. ഖുര്‍ആനെയും പ്രാദേശിക നിയമങ്ങളും ഉള്‍കൊള്ളിച്ചിട്ടുള്ളവയാണ് ഭരണഘടന. രാജ്യത്തെ എല്ലാ നിയമങ്ങളും രാജകല്‍പ്പനയിലൂടെ വന്നതാണ്. മജ്‌ലിസ് അല്‍ ശൂറയില്‍ 83 അംഗങ്ങളുണ്ട്. മജ്‌ലിസ് അല്‍ ദൗല എന്ന സംസ്ഥാന കൗണ്‍സില്‍ 2000ത്തില്‍ രൂപവത്കരിച്ചു ജനാധിപത്യത്തിന്റെ പാഠങ്ങളും ഒമാന്‍ ജനതക്കു പകര്‍ന്നു നല്‍കുന്നു.

രാജ്യത്തിന്റെ ഔദ്യോഗിക മതം ഇസ്‌ലാം ആണ് എങ്കിലും മറ്റു മതവിഭാഗങ്ങള്‍ക്കും രാജ്യത്ത് സ്വതന്ത്രമായ ആരാധനാ സ്വാതന്ത്ര്യം ഉണ്ട്. രാജ്യത്ത് കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളും ഹിന്ദു ക്ഷേത്രങ്ങളുമുണ്ട്.

ഒരു ഗള്‍ഫ് ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ സമാധാനത്തിന്‍റെ ദൂതനായി പ്രവര്‍ത്തിച്ചത് സുല്‍ത്താന്‍ ഖാബൂസ് ആയിരുന്നു. എല്ലാ ശാക്തിക ചേരികള്‍ക്കിടയിലും ഒരു പോലെ സ്വീകാര്യനായി നിലനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയുടേയും അടുത്ത സൂഹൃത്തായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകള്‍ നീണ്ട് സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനും അമേരിക്കയ്ക്കുമിടയില്‍ ആണവ കരാര്‍ യാഥാര്‍ഥ്യമായപ്പോള്‍ അതില്‍ സുല്‍ത്താനും ഒമാനും വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. യമനില്‍ ബന്ദിയാക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനും വഴിയൊരുക്കിയത് സുല്‍ത്താനായിരുന്നു.

രാഷ്ട്രത്തില്‍ ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന ഭരണാധികാരിയും ഇദ്ദേഹമാണ്. ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെയാണ് മരണം.വിസ്മയകരമായ വികസന മുന്നേറ്റമാണ് സുല്‍ത്താന്‍ കാഴ്ച വച്ചത്. മരണം സ്വന്തം മണ്ണിലാവണം എന്നതായിരുന്നു ആഗ്രഹം. വിവാഹ മോചിതനായ സുല്‍ത്താന് മക്കളില്ലായിരുന്നു. അതുകൊണ്ട് ഒമാന് പ്രഖ്യാപിത കിരീടാവകാശിയും ഉണ്ടായില്ല. 2014ല്‍ രോഗബാധിതനായ സുല്‍ത്താന്‍ ദീര്‍ഘകാലം ജര്‍മനിയില്‍ ചികില്‍സയിലായിരുന്നു. അര്‍ബുദ രോഗബാധ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ ഡിസംബര്‍ 14നാണ് ഏറ്റവും ഒടുവില്‍ ചികില്‍സ കഴിഞ്ഞ് മടങ്ങിയത്.മരണം സ്വന്തം മണ്ണിലാവണം എന്നതായിരുന്നു ആഗ്രഹം.

Advertisements