എങ്ങുപോയ് മറഞ്ഞു ആ പാട്ടുകാരി ?

62

രവിമേനോൻ

എങ്ങുപോയ് മറഞ്ഞു ആ പാട്ടുകാരി ?

ലാളിത്യമാർന്ന രചന, ഈണം. വശ്യമായ ആലാപനം. എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ എം ജി ശ്രീകുമാറിനൊപ്പം അഗ്നിപ്രവേശ''ത്തിലെരാത്രിമലരിൻ ആർദ്രമിഴിയിൽ അലിയും ചന്ദ്രകിരണം” എന്ന പ്രണയയുഗ്മഗാനം പാടിയ പുതുഗായികയെ കുറിച്ച് മൂന്ന് പതിറ്റാണ്ടു മുൻപ് വെള്ളിനക്ഷത്ര''ത്തിലെ ഗാനാസ്വാദന പംക്തിയിൽ എഴുതിയ വാചകങ്ങൾ ഇന്നുമോർക്കുന്നു:തുടക്കക്കാരിയുടെ പരിമിതികളെ ആത്മവിശ്വാസത്തോടെ അതിജീവിക്കാൻ ശ്രമിക്കുകയാണ് രാധികാദേവി എന്ന പാട്ടുകാരി. പുതിയ ശബ്ദങ്ങൾക്കായി കാതോർക്കുന്ന മലയാളസിനിമ ഈ യുവഗായികയെ ഹൃദയപൂർവം സ്വാഗതം ചെയ്യുമെന്നുറപ്പ്. കൂടുതൽ അവസരങ്ങൾ രാധികയെ തേടിയെത്തട്ടെ…”

പക്ഷേ സംഭവിച്ചത് മറിച്ചാണ്: പിന്നീടധികം കേട്ടതേയില്ല ആ ശബ്ദം. മലയാളസിനിമയിൽ പല കാലങ്ങളിലായി മിന്നിമറഞ്ഞ ഗായികമാരിലൊരാളായി മറവിലൊടുങ്ങി രാധികാദേവി; അവർ പാടിയ കേൾക്കാനിമ്പമുള്ള പ്രണയഗാനവും. കഴിഞ്ഞ ദിവസം യാദൃച്ഛികമായി ആ ഗാനം യൂട്യൂബിൽ കേട്ടപ്പോൾ അറിയാതെ രാധികാദേവിയെ വീണ്ടും ഓർത്തു. മുപ്പതു വർഷങ്ങൾക്കിടെ എന്തു സംഭവിച്ചിരിക്കാം ആ പാട്ടുകാരിക്ക്? ഉത്തരം തന്നത് അഗ്നിപ്രവേശ''ത്തിനു വേണ്ടി പാട്ടുകളെഴുതിയ കെ ജയകുമാർ.ഇതേ രാധികാദേവിയെ ഇപ്പോൾ നമ്മൾ അറിയുക രാധിക സുരേഷ് ഗോപി എന്ന പേരിലാണ്. നല്ല ഗായികയായിരുന്നു. വിവാഹശേഷം രംഗം വിട്ടു എന്ന് തോന്നുന്നു.” ഒന്നുകൂടി പറഞ്ഞു ജയകുമാർ: “ സ്വന്തം രചനകളിൽ എനിക്കും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണത്. ആദ്യകാല സൃഷ്ടികളിൽ ഒന്നായതുകൊണ്ട് വിശേഷിച്ചും.”

ഒരു ശരാശരി ആക്ഷൻ പടം മാത്രമായിരുന്ന “അഗ്നിപ്രവേശ” (1989) ത്തിലെ ഈ ഗാനരംഗത്ത് കാമുകനായി അഭിനയിക്കുന്ന ആളെ കാണുമ്പോൾ ചിലരെങ്കിലും ഞെട്ടും: കൊല്ലം അജിത്. പിൽക്കാലത്ത് കണ്ണിൽച്ചോരയില്ലാത്ത വില്ലനായും വില്ലന്റെ ഗുണ്ടയായും മലയാളസിനിമയിൽ നിറഞ്ഞാടിയ നടനിൽ ഇങ്ങനെയൊരു ലോലകാമുകൻ ഉണ്ടായിരുന്നു എന്നറിയുക ഈ പാട്ടുസീൻ കാണുമ്പോളാണ്. പടം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല; പാട്ടും. ശ്രീകുമാറിന്റെയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നാകേണ്ടിയിരുന്ന ആ യുഗ്മഗാനം അങ്ങനെ അധികമാരുടെയും കാതുകളിലും ചുണ്ടുകളിലും എത്താതെ മറവിയിൽ മറയുന്നു. വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതോടെ രാധികയിലെ ഗായികയും.

സിനിമയിൽ അതിനുമുമ്പും രാധികാദേവി പാടിയിട്ടുണ്ടെന്നറിഞ്ഞത് സുഹൃത്തും ഗായകനുമായ ജി വേണുഗോപാലിൽ നിന്നാണ്. കുട്ടിപ്പാട്ടുകാരിയായിട്ടായിരുന്നു തുടക്കം — 1985 ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തുവന്ന പറയാനും വയ്യ പറയാതിരിക്കാനും വയ്യ'' എന്ന ചിത്രത്തിലെഅങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും.” (രചന: ചുനക്കര). വേണുവിന്റെ സംഗീതജീവിതത്തിലുണ്ട് ആ പാട്ടിനൊരു പ്രാധാന്യം. സിനിമയിൽ വേണു ശബ്ദം പകർന്ന രണ്ടാമത്തെ പാട്ടായിരുന്നു അത്. ഓടരുതമ്മാവാ ആളറിയാം (1984) എന്ന ചിത്രത്തിൽ എം ജി ശ്രീകുമാർ, മാർക്കോസ്, അമ്പിളി തുടങ്ങി ഒരുപറ്റം ഗായകർക്കൊപ്പം പാടിയ മാനത്തെ മാണിക്യകുന്നിന്മേൽ'' എന്ന പാട്ടിനു ശേഷം.ആദ്യത്തേത് ഒരു സംഘഗാനമായിരുന്നതിനാൽ, കഴിവ് തെളിയിക്കാൻ വലിയ സ്‌കോപ്പൊന്നും ഉണ്ടായിരുന്നില്ല. കുറച്ചുകൂടി നല്ലൊരു പാട്ട് തരാം എന്ന വാഗ്ദാനത്തോടെയാണ് `പറയാനും വയ്യ പറയാതിരിക്കാനും വയ്യ” എന്ന ചിത്രത്തിൽ പാടാൻ രാധാകൃഷ്ണൻ ചേട്ടൻ വിളിച്ചത്..”– വേണു ഓർക്കുന്നു.

എം ജി ശ്രീകുമാർ, ചിത്ര, തുടക്കക്കാരിയായ രാധിക എന്നിവരായിരുന്നു സഹഗായകർ. എല്ലാവരും സിനിമാജീവിതത്തിന്റെ പ്രാരംഭദശയിൽ പ്രതീക്ഷയോടെ കാത്തുനിൽക്കുന്നവർ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അന്ന് രാധിക എന്നാണ് വേണുവിന്റെ ഓർമ്മ. ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടി. “ട്രാക്ക് സമ്പ്രദായം ഒന്നും സാർവത്രികമായിട്ടില്ല. തരംഗിണി സ്റ്റുഡിയോയിൽ എല്ലാവരും ഒരുമിച്ചുനിന്നു ലൈവായാണ് പാടിയത്.” ശ്രീകുമാറും വേണുവും ചിത്രയും അധികം വൈകാതെ പ്രശസ്തിയുടെ പടവുകൾ കയറിപ്പോയപ്പോൾ, രാധിക മാത്രം ആ കുതിപ്പിൽ പങ്കുചേർന്നില്ല. അപൂർവമായി ചില ടെലിവിഷൻ പരിപാടികളിലും ആകാശവാണിയിലും ഒഴിച്ചാൽ ആ ശബ്ദം പിന്നീട് എങ്ങും മുഴങ്ങിക്കേട്ടതുമില്ല. ഒരു പക്ഷേ കുടുംബജീവിതത്തിന്റെ സ്വകാര്യതയിലേക്ക് പിന്മാറാൻ സ്വമേധയാ തീരുമാനിച്ചതുകൊണ്ടാവാം.എങ്കിലും മൂന്ന് പതിറ്റാണ്ടുകൾ കടന്ന് ആ പഴയ പ്രണയയുഗ്മഗാനം വീണ്ടും കാതിൽ ഒഴുകിയെത്തുമ്പോൾ രാധികാദേവിയിലെ ഗായികയെ ഓർക്കാതിരിക്കുന്നതെങ്ങനെ? ഇനിയും കേൾക്കാൻ ഭാഗ്യമുണ്ടാകുമോ നമുക്കാ ശബ്ദം?