മോദിജീ, ഹിന്ദുക്കളുടെ പ്രത്യുൽപാദന നിരക്ക് കുറവാണ്, വിവാഹപ്രായം കൂട്ടരുത്

  130

  മോദിജീ, ഹിന്ദുക്കളുടെ പ്രത്യുൽപാദന നിരക്ക് കുറവാണ്, വിവാഹപ്രായം കൂട്ടരുത്; വർ​ഗീയ- വ്യാജവാദവുമായി രാഹുൽ ഈശ്വർ.

  സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനർനിശ്ചയിക്കുമെന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രിയോട് വർഗീയ- വിദ്വഷ പരാമർശം നിറഞ്ഞ ആവശ്യവുമായി രാഹുൽ ഈശ്വർ. ഹിന്ദുക്കളുടെ പ്രത്യുൽപ്പാദന നിരക്ക് കുറയുകയാണെന്നും അതിനാൽ വിവാഹപ്രായം കൂട്ടരുതെന്നുമാണ് ഇയാൾ ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നത്. വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കൾക്ക് ആത്മഹത്യാപരമാണെന്നും ഇയാൾ പറയുന്നു.

  ‘മോദി ജി, ദൈവത്തെയോർത്തും ഹിന്ദുക്കളെ കരുതിയും പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തരുത്. ഹിന്ദുക്കളുടെ പ്രത്യുൽപാദന നിരക്ക് ഇപ്പോൾ തന്നെ കുറയുകയാണ്. മുസ്‌ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടിക്ക് 16 വയസിൽ കല്യാണം കഴിക്കാം. എന്നാൽ വിവാഹപ്രായം കൂട്ടുന്നതിലൂടെ ഹിന്ദു ജനസംഖ്യ വീണ്ടും കുറയും’- എന്നാണ് രാഹുൽ ഈശ്വറിന്റെ വാദം.
  രാജ്യത്തെ നിയമപ്രകാരം എല്ലാ വിഭാഗക്കാർക്കും സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ആയിരിക്കെയാണ് മുസ്‌ലിംകൾക്കെതിരെ വസ്തുതാവിരുദ്ധമായ പ്രസ്താവന രാഹുൽ ഈശ്വർ നടത്തിയിരിക്കുന്നത്.

  പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഹിന്ദുക്കൾക്ക് ആത്മഹത്യാപരം ആണെന്നും രാഹുൽ മറ്റൊരു ട്വീറ്റിൽ പറയുന്നു. മൂന്ന് പോയിന്‍റുകളാണ് ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു പ്രത്യുൽപാദന നിരക്ക് വീണ്ടും കുറയും, മുസ്‌ലിം വിവാഹപ്രായം വ്യക്തിനിയമ ബോർഡ് തീരുമാനിക്കുന്നു, നിയമ കമ്മീഷൻ മുന്നോട്ടുവച്ച നിർദേശം സ്ത്രീക്കും പുരുഷനും 18 വയസ് എന്നാണ്- രാഹുൽ പറയുന്നു.

  ഇതിന് പിന്നാലെ മോദിയെ പ്രകീർത്തിച്ചു കൊണ്ടുള്ള ട്വീറ്റുകളുമുണ്ട്. മുസ്ലിം പ്രത്യുൽപാദനം വർധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുൽപാദനം കുറയുന്നതിലാണ് ആശങ്കയെന്ന് മറ്റൊരു ട്വീറ്റിൽ ഇയാൾ പറയുന്നു. കഴിഞ്ഞ 50 വർഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുൽ ഈശ്വറിന്റെ അവകാശവാദം. വൈകിയുള്ള വിവാഹവും ഇതിന്‍റെ കാരണങ്ങളിലൊന്നായി എടുത്തുപറയുന്നുണ്ട്.