രാജൻ പിള്ള ഇരുപത്തി ആറ് വർഷം മുൻപ് തിഹാർ ജയിലിൽ വച്ച് അറസ്റ്റ്‌ ചെയ്യപ്പെട്ടതിന്റെ ആറാം ദിവസം കരൾ രോഗം മൂർഛിച്ചു മരിച്ചുവീഴുമ്പോൾ ചൂട് സഹിയാതെ ആ മനുഷ്യൻ വെറും അടിവസ്ത്രം മാത്രം ധരിച്ച് രക്തം ഛർദ്ദിച്ചു കിടക്കുകയായിരുന്നു .

ആരായിരുന്നു ബ്രിട്ടാനിയാ ബിസ്‌കറ്റ് എന്ന വേൾഡ് ബ്രാൻഡ് കൈകാര്യം ചെയ്തിരുന്ന ലോകത്തെ വിവിധ ബിസ്ക്കറ്റ് കമ്പനികളുടെ നിയന്ത്രണം കയ്യാളിയിരുന്ന രാജൻ പിള്ള ? ജനതാ ഗവണ്മെന്റും ജോർജ്ജ് ഫെർണാണ്ടസും കൂടി ആട്ടിയോടിച്ച കൊക്കകോളയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്ന തരത്തിൽ ഭരണ കൂടത്തിൽ സ്വാധീനമുണ്ടായിരുന്ന ഒരാൾ . സിംഗപ്പൂരിൽ പ്രഭാത ഭക്ഷണവും ഇന്ത്യയിൽ ലഞ്ചും ലണ്ടനിൽ ഡിന്നറും കഴിച്ചിരുന്നു എന്ന് അതിശയോക്തി പൂർവ്വം വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരാൾ …രാജീവ് ഗാന്ധിയുടെ സന്ദർശന സമയത്ത് കോൺഗ്രസ്സ് ഫണ്ടിലേക്ക് പത്തുകോടിയുടെ ചെക്കെഴുതി നൽകിയ ഒരാൾ… ,കരുണാകരനെയും നരസിംഹ റാവുവിനെയും ബാജ്പേയിയേയും കെ കൃഷ്ണകുമാർ എന്ന അന്നത്തെ കേന്ദ്രമന്ത്രിയെയും ഇന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും സുഹൃത്താക്കിയിരുന്ന ഒരാൾ ..

പിന്നെങ്ങിനെ തിഹാർ ജയിലിലെ ചുട്ടു പൊള്ളുന്ന തറയിൽ കരൾ രോഗത്തിന് മരുന്ന് ലഭിക്കാതെ ആ മനുഷ്യൻ പിടഞ്ഞു മരിച്ചു ? അതിനു പിന്നിൽ സിംഗപ്പൂരിൽ അദ്ദേഹത്തിനെതിരെ ആരോപിപ്പിക്കപ്പെട്ട കേസുകളും ബ്രിട്ടീഷ് പാസ്പോർട് ഉണ്ടായിട്ടു കൂടി ഇന്ത്യയിലേക്ക് വന്നാൽ തന്നെ സുഹൃത്തുക്കൾ സഹായിക്കുമെന്ന പ്രതീക്ഷയോടെ കേസുകളെ ഇന്ത്യയിൽ നിന്ന് കൊണ്ട് നേരിടാമെന്ന തീരുമാനവുമായിരുന്നു , പക്ഷെ ഒരാളും സഹായിച്ചില്ല എന്ന് മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥന്മാരെയും മുൻകൂട്ടി സ്വാധീനിച്ചിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്സ് എതിരാളികൾ ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന വലിയ ബിസിനസ്സ് സാമ്രാജ്യങ്ങളുടെ ആളുകളുമായി അവർ ഗൂഡാലോചന നടത്തിയിരുന്നു . ഫലം രാജൻ പിള്ളയുടെ ഭാര്യ നീനാ പിള്ള കണ്ണീരും കയ്യുമായി സമീപിച്ച ഓരോ പഴയ സുഹൃത്തുക്കളെന്നു വിചാരിച്ചിരുന്ന ആളുകളും നിഷ്ക്കരുണം അവരെ കയ്യൊഴിഞ്ഞു ലീഡർ കരുണാകരൻ അവരോടു പറഞ്ഞു ഗുരുവായൂരപ്പൻ എല്ലാം നോക്കിക്കൊള്ളുമെന്ന് .വായിക്കാം രാജൻ പിള്ളയുടെ കഥ പറയുന്ന പുസ്തകത്തിൽ നിന്ന് .

കാലയവനികക്കുള്ളിൽ മറഞ്ഞു , കാൽ നൂറ്റാണ്ടടുക്കുമ്പോഴും , മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വ്യവസായ ചിത്രമാണ് ‘ബ്രിട്ടാനിയ രാജൻ പിള്ള’.ലോക വ്യവസായ ഭൂപടത്തിൽ ദശാബ്ദങ്ങൾക്ക് മുപ് സ്ഥാനം പിടിച്ചവരാണ് , വെണ്ടർ കൃഷ്ണപിള്ളയും കുടുംബവും. ഇന്ത്യയിലെ കശുവണ്ടി വ്യവസായത്തിന്റെ സിംഹഭാഗവും വെണ്ടർ ഗ്രൂപ്പിൻറെ കൈപ്പിടിയിലായിരുന്നു. വെണ്ടർ കൃഷ്ണപിള്ളയുടെ കൊച്ചുമകൻ, കെ ജനാർദ്ദനൻ പിള്ളയുടെ മകൻ , കെ രവീന്ദ്രനാഥൻ നായരുടെ അനന്തിരവൻ , രാജൻ പിള്ള ,ലോകത്തിലെ ഏറ്റവും വലിയ ബിസ്കറ്റ് സാമ്രാജ്യത്തിൻറെ തലപ്പത്തെത്തിയതിൽ മലയാളി സമൂഹം അഭിമാനം കൊണ്ടു . അതിനും മുൻപേ രാജ്യാന്തര വ്യവസായ രംഗത്ത് രാജൻ പിള്ള സ്ഥാനമുറപ്പിച്ചിരുന്നു. രാജൻ പിള്ളയുടെ ജാതകം നോക്കി പ്രവചിച്ച വരെല്ലാം ഏകാഭിപ്രായക്കാരായിരുന്നു.’ തൊട്ടതെല്ലാം പൊന്നാക്കുന്ന, രാജ്യാന്തര പ്രശസ്തി നേടാൻ പോകുന്നവൻ!

42 വയസ്സിൽ സ്വപ്നതുല്യമായ പദവി, ഏഷ്യയിലെ ഏറ്റവും വലിയ ബിസ്കറ്റ് ഉൽപാദകരായ ബ്രിട്ടാനിയയുടെ ചെയർമാനായി രാജൻ പിള്ള സ്ഥാനമേറ്റപ്പോൾ പ്രവചനങ്ങളെല്ലാം സത്യമായി.എഷ്യയിലെ പ്രശസ്ത സാമ്പത്തിക പത്രമായ, സിംഗപൂരിലെ ബിസിനസ്സ് ടൈംസ് എഴുതി, 44 മില്യൺ അമേരിക്കൻ ഡോളറിന്റെ (1988ലെ 200 കോടി ഇന്ത്യൻ രൂപ ) ഇടപാടിലൂടെ ഒരു പ്രാദേശിക ബിസിനസ്സുകാരൻ ഇന്ത്യയിലേയും, പാക്കിസ്ഥാനിലേയും ബിസ്കറ്റ് രാജാവായിരിക്കുന്നു.‘ബിസ്കറ്റ് രാജാവ്’, എന്ന വിശേഷണം രാജൻ പിള്ളക്ക് ചാർത്തിക്കൊടുത്തത് ബിസിനസ് ടൈംസായിരുന്നു. അടുത്ത പതിറ്റാണ്ട് അദ്ദേഹമറിയപ്പെട്ടത് ഈ പേരിലാണ് ‘ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ള !’ ഏഷ്യൻ മേഖലയുടെ തലവനായ രാജൻ പിള്ളയുടെ കീഴിൽ ബ്രിട്ടാനിയ ഉൽപ്പന്നങ്ങൾ വൻ പ്രചാരം നേടി. 5000 ലക്ഷം അമേരിക്കൻ ഡോളറിന്റെ വിറ്റുവരുവുള്ള ബ്രിട്ടാനിയ കമ്പനിയുടെ ചെയർമാനായി രാജൻ പിള്ള അവരോധിക്കപ്പട്ടു.

1977 ൽ ജനതാ ഗവൺമെന്റ് ഇന്ത്യയിൽ നിന്ന് നാട് കടത്തിയ കൊക്കകോള കമ്പനിയെ വീണ്ടും ഇന്ത്യയിലേക്ക് കൊണ്ടുവന്നതും രാജൻ പിള്ളയായിരുന്നു. അവരുമായുളള പങ്കാളിത്തത്തിൽ അദ്ദേഹം ‘ ആരംഭിച്ച ബ്രിറ്റ്സ്കോ കമ്പനിയാണ് കോക്കക്കോള ഇന്ത്യയിൽ പുനരവതരിപ്പിച്ചത്.പെപ്സിയുമായുള്ള യുദ്ധത്തിന് കൊക്കൊക്കോളയെ ഏറ്റവും സഹായിച്ചത് രാജൻ പിള്ളയായിരുന്നു. ഇന്ത്യയിൽ കമ്പ്യൂട്ടർ യുഗം വരുന്നതിനു രാജീവ് ഗാന്ധിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയതും അതിനായി രാജൻ പിള്ള ഒരു മില്യൺ ഡോളർ സംഭാവന നൽകിയതും അന്ന് വലിയ വാർത്തയായി.

ബിസ്ക്കറ്റ് രാജാവ് എന്ന പദവിയിൽ വിരാജിച്ച് പ്രശസ്തിയുടെ ഉയരങ്ങളിൽ പറക്കുമ്പോൾ, ഏറെയൊന്നും അകലയല്ലാതെ ശത്രുക്കളും ഉണ്ടായിരുന്നു. വാങ്ങിക്കൂട്ടലുകളിൽ അദ്ദേഹം വിജയിച്ചെങ്കിലും മത്സരത്തിലെ പരാജിതർ കരുക്കൾ നീക്കുന്നത് വിജയലഹരിയിൽ അദ്ദേഹം അറിഞ്ഞില്ല.1992 നവംബറിൽ സിങ്കപ്പൂരിലെ കൊമേഴ്സ്യൽ അഫയേഴ്സ് ഡിപ്പാർട്മെന്റ് രാജൻ പിള്ളക്കെതിരെ ക്രിമിനൽ കുറ്റമാരോപിച്ചു നോട്ടിസ് നൽകി.തന്റെ പങ്കാളിയും, സ്നേഹിതനും പിന്നിട് ശത്രുവുമായ് മാറിയ റോസ് ജോൺസൺ എന്ന കനേഡിയൻ വ്യവസായിയുടെ പരാതിയായിരുന്നു കാരണം. സ്വന്തം കമ്പനിയുടെ നഷ്ടം തീർക്കാൻ ബ്രിട്ടാനിയയുടെ 75 ലക്ഷം ഡോളർ എടുത്തു എന്നായിരുന്നു കുറ്റം.26 കുറ്റങ്ങളടങ്ങിയ കേസ്. സിംഗപ്പൂരില്‍ കെട്ടിച്ചമച്ച ഒരുകഥ വെച്ചാണ് അദ്ദേഹത്തിനെതിരെ നിയമനടപടി തുടങ്ങുന്നത്. രാജന്റെ ഒലേ എന്ന ബ്രാന്റ് നെയിം ബ്രിട്ടാനിയക്ക് മറ്റ് ഡയറക്ടര്‍മാരറിയാതെ വിറ്റു എന്നായിരുന്നു ആരോപണം.രാജനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ് കൊടുത്തത് പഴയസുഹൃത്തും വിശ്വസ്തനുമായ റോസ് ജോണ്‍സണ്‍. ബ്രിട്ടിഷ് രാജ്ഞിയുടെ ഉപദേശകനായ അല്ലൻ ജോൺസൺ സിംഗപൂർ കോടതിയിൽ രാജൻ പിള്ളക്ക് വേണ്ടി വാദിച്ചെങ്കിലും വിധി എതിരായിരുന്നു. 14 കൊല്ലത്തെ ജയിൽ ശിക്ഷ, ഏക പക്ഷിയമായ വിധി. സിംഗപ്പൂരിൽ തനിക്ക് നീതിയില്ല എന്ന് തിരിച്ചറിഞ്ഞ രാജൻ പിള്ള, അറസ്റ്റ് ചെയ്യും മുൻപ് ഇന്ത്യയിലേക്ക് രഹസ്യമായി വിമാനം കേറി.

ജന്മനാട്ടിൽ തനിക്ക് നീതി കിട്ടും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. സിംഗപ്പുർ ഗവൺമെന്റ് രാജൻ പിള്ളയെ അറസ്റ്റ് ചെയ്യാൻ വലിയ തിടുക്കമൊന്നും കാട്ടിയില്ലെങ്കിലും ഇന്ത്യയിലെ, അദ്ദേഹത്തിന്റെ ശത്രുക്കളും, മാദ്ധ്യമങ്ങളും, ഈ കാര്യത്തിൽ ശ്രദ്ധാലുക്കളായിരുന്നു. ബോംബെ ഹൈക്കോടതി, ജാമ്യാപേക്ഷ നിരസിച്ചതോടെ, അറസ്റ്റിലെക്ക് നീങ്ങി. ഭാഗ്യ നിർഭാഗ്യങ്ങൾ നീങ്ങിയ, ആ ,കളിയിൽ ഒടുവിൽ, തിരുവനന്തപുരത്ത്, ഒരു മജിസ്റ്റേറ്റ് കോടതിയിൽ രാജൻ പിള്ളക്ക് ജാമ്യം കിട്ടി.

രാജൻ പിള്ള കരൾവീക്കത്തിന് ചികിത്സയിലായിരുന്നു. ആ രോഗാവസ്ഥയിൽ അദ്ദേഹത്തിന് പ്രതിക്ഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേരള ഹൈക്കോടതി സുവോ മോട്ടോവായി ഈ കേസ് പരിഗണനക്കെടുത്തു, അതോടെ ജാമ്യം റദ്ദായി.(സാധാരണ, ഭരണഘടന പ്രാധാന്യമുള്ളതോ, അതിവപ്രധാന്യമുള്ള വിഷയ മോ ആണ് സുവോ മോട്ടോവായി പരിഗണിക്കുക) രാജൻ പിള്ള, ഗേറ്റ്നമ്പർ 4, തീഹാർ ജയിൽ, ന്യൂഡൽഹി. അറസ്റ് ചെയ്യപ്പെട്ട രാജൻ പിള്ളയുടെ, എൻട്രി ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തി. 55 ദശലക്ഷം അമേരിക്കൻ ഡോളർ വിറ്റുവരവുള്ള കമ്പനിയുടെ ഉടമയായിരിക്കുമ്പോഴാണ് രാജൻ പിള്ള തീഹാറിലെ സെല്ലിലെത്തുന്നത്.1995 ഏപ്രിലിലായിരുന്നു അത്. രാജൻ പിള്ളയിൽ നിന്ന് ധാരാളം സഹായം പറ്റിയിട്ടുള്ള രാഷ്ട്രിയക്കാരും, ബ്യൂറോക്രാറ്റുകളും ഇന്ത്യയിലുണ്ടായിരുന്നു. ആ സ്വാധീനമുപയോഗിച്ച്, രാജൻ പിള്ളയെ രക്ഷപ്പെടുത്താൻ ഭാര്യ നീനപിള്ളയും, സഹോദരൻ രാജ്മോഹൻ പിള്ളയും കിണഞ്ഞു ശ്രമിച്ചു. ജാമ്യം കിട്ടിയാൽ, കേസ് കോടതിയിൽ നേരിടാമെന്ന ധൈര്യം അവർക്കുണ്ടായിരുന്നു. പക്ഷേ, ആരും സഹായിക്കാനെത്തിയില്ല.  അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞ പോലെ, രാജൻ പിള്ള ഡൽഹിയിൽ അപരിചിതനായിക്കഴിഞ്ഞിരുന്നു!

പൊള്ളുന്ന ചൂടിൽ കരൾരോഗം മൂർഛിച്ച് രോഗിയായ അദ്ദേഹം തിഹാറിലെ സെല്ലിലെ തിണ്ണയിൽ അവശനായി കിടന്നു,ഒരു തടവുകാരന് കിട്ടേണ്ട മിനിമം വൈദ്യസഹായം പോലും ലഭിക്കാതെ ! ജയിലെ ഡോക്ടറോ, അധികാരികളാ അദ്ദേഹത്തിന്റെ നില അപകടകരമായ നിലയെ അവഗണിച്ചു.കോടതിയിൽ ചികിത്സ ആവശ്യമാണെന്ന അഭിഭാഷകന്റെ വാദവും കോടതി തള്ളി.രക്‌തം ഛർദിച്ച നിലയിൽ ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗത്തിന്റെ ഗുരുതരാവസ്ഥയെ കുറിച്ചോ, വൈദ്യസഹായത്തെ കുറിച്ചോ ഒരു റിപ്പോർട്ടും നൽകപ്പെട്ടില്ല. ക്രൂരമായ വൈദ്യപരിശോധിനാ അവഗണനയുടെ ബലിയാടാവുകയായിരുന്നു. ദീനദയാൽ ആശുപത്രിക്കടുത്തുള്ള ഒരു ടെലിഫോൺ ബൂത്തിൽ നിന്ന്, കവടിയാറിലെ രാജൻ പിള്ളയുടെ വീട്ടിലേക്ക് രാത്രി വൈകി വന്ന ടെലിഫോൺ സന്ദേശം ഇതായിരുന്നു”എല്ലാം അവസാനിച്ചു’. കേരളം കണ്ട ഏറ്റവും വലിയ വ്യവസായി അങ്ങനെ ചരിത്രമായി. വ്യവസായികളിലെ ‘രക്തസാക്ഷി’യായി.1995 ജൂലൈ 7 ന് രാജൻ പിള്ള ചരിത്രമായി. .രാജൻ പിള്ളയുടെ ജീവിത വീക്ഷണം തികച്ചും വ്യത്യസ്തമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ , രാജൻ പിള്ള പറഞ്ഞ കഥകളുടെ പശ്ചാത്തലത്തിൽ , സഹോദരൻ ഡോ . രാജ്‌മോഹൻ പിള്ള എഴുതിയ നോവലാണ് , സിദ്ധാർഥൻ.

Leave a Reply
You May Also Like

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

പ്രവാസ ലോകത്തും സ്വർണ്ണ വ്യാപാര രംഗത്തും ഏറെ അറിയപ്പെട്ടിരുന്ന ജ്വല്ലറി ആയിരുന്നു അറ്റ്‌ലസ് എന്ന ജ്വല്ലറി.…

വ്യാജമരുന്ന് നൽകി വധശിക്ഷ വിധിക്കാൻ ലൈസൻസുള്ള മജീദ് എന്ന മരണ വ്യാപാരിയെ കുറിച്ച്

മജീദ്, ബേസിക്കലി മൈനിങ്ങ് എഞ്ചിനിയറായിരുന്നു. പണത്തോടുള്ള ആർത്തി കൊണ്ട് ആദ്യം ഒരു ഫിനാൻസ് കമ്പനി തുടങ്ങി അത് ഉദേശിച്ചപ്പോലെ കത്തിയില്ല .. അങ്ങിനെയിരിക്കെ ഫെയർ ടെക്സ്റ്റൈൽ എന്ന തുണിക്കട

“അശ്വമേധ’ത്തിന്റെ വളര്‍ച്ചയാണ് എന്നെ അഹങ്കാരിയാക്കിയത്”, ജീവിതം കീഴ്മേൽ മറിഞ്ഞ ജിഎസ് പ്രദീപിന്റെ അനുഭവ കഥ

ചില മനുഷ്യർ ചില പാഠങ്ങളാണ്. നാം എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നൊക്കെ പഠിക്കാനുള്ള പാഠങ്ങൾ…

കൊള്ളക്കാരനായിരുന്ന ഗ്രെഗറി ഡേവിഡ് റോബർട്സ് ഇന്ത്യയിൽ വന്നു ശാന്താറാം ആയ കഥ

Parvathy Sumesh ചില സിനിമകൾ കാണുമ്പോൾ ഇതൊക്കെ ജീവിതത്തിൽ നടക്കുമോ എന്ന് തോന്നും. എന്നാൽ സിനിമാക്കഥകളെ…