രജനി പഠിക്കുന്ന കാലത്തു അണുകിട വ്യത്യാസമില്ലാതെ സത്യമായ ഒരു കൈനോട്ടക്കാരന്റെ പ്രവചനം

0
125

ഷിജു ഡിക്രൂസ്

ഒരു സിനിമ പാരമ്പര്യവുമില്ലാതെ മിഡിൽ ക്ലാസ്സിൽ നിന്നു സിനിമ സ്വപ്‍നം കാണുന്ന ഓരോ സ്വപ്നാടകന്റെയും യാത്രകളിൽ ഒരിക്കലെങ്കിലും ഈ മുഖം കടന്നു വന്നിട്ടുണ്ടായിരിക്കും, ശിവാജി റാവ് ഗെയ്ക്ക്‌വാദ്. ഒരു സാധാരണ ബസ് കണ്ടക്ടറിൽ നിന്നു ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ എന്ന നിലയിലേക്കുള്ള മാറ്റത്തെ റീൽ ലൈഫിനും മുകളിലുള്ള റിയൽ ലൈഫ് .ഹീറോയിസമെന്നു തന്നെ വിളിക്കണം.

ഇന്ത്യൻ സൂപ്പർ സ്റ്റാർ മെറ്റീരിയൽ എന്തായിരിക്കണം?എങ്ങനെയായിരിക്കണം?എന്നതിന് രജനിയോളം പോന്നൊരു ഉദാഹരണം വേറെയുണ്ടാകില്ല.അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാലത്തു രജനിക്കൊപ്പം ശ്രീനിവാസൻ അല്ലാതെ മറ്റൊരു മലയാളി സിനിമ തല്പരൻ കൂടിയുണ്ടായിരുന്നു. കാലങ്ങൾക്ക് ശേഷം സിനിമ വിട്ടു മറ്റൊന്നിലേക്ക് പോയൊരാൾ. പേര് അത്ര ഓർമ്മയില്ല.അദ്ദേഹമൊരു അഭിമുഖത്തിൽ പറയുന്നുണ്ട്.

“അടയാറിൽ പഠിക്കുന്ന കാലത്ത് ഞാൻ ഒരു മികച്ച നടൻ ആകുമെന്ന് അധ്യാപകർ അടക്കം പറഞ്ഞിരുന്നു. അതിനുള്ള രൂപവും ശബ്ദവും ആകാരവും ഉണ്ടായിരുന്നു എനിക്കുണ്ടായിരുന്നു എന്നത് കൂടിയാകാം കാരണം.അയാളെ അവിടെ ആരും ശ്രദ്ധിച്ചിരുന്നില്ല കാഴ്ച്ചയിൽ
നായകന്റെ രൂപഭാവങ്ങൾ ഇല്ലാതിരുന്ന അയാളിലേക്ക് ശ്രദ്ധ പോയിരുന്നില്ല എന്നതാണ് സത്യം. പക്ഷെ അയാൾക്കുറപ്പായിരുന്നു. അയാൾ നടനാകുമെന്ന്. അതിനയാൾ കാരണമായി പറഞ്ഞത്. ഒരു കൈനോട്ടക്കാരൻ തന്റെ കൈ നോക്കി താൻ ഒരിക്കൽ നായകൻ ആകുമെന്നും ബി എന്ന അക്ഷരത്തിൽ തുടങ്ങുന്നൊരാൾ തനിക്കു സിനിമ നൽകുമെന്നുമുള്ളൊരു ബാലിശ വാദമായിരുന്നു.

വാദം ഉള്ളതോ പൊള്ളയോ , പക്ഷെ അതു പറഞ്ഞപ്പോൾ ഉണ്ടായിരുന്ന അയാളുടെ ആത്മവിശ്വാസം താൻ ലക്ഷ്യത്തിലെത്തും എന്ന ഉറപ്പ്. സത്യത്തിൽ എനിക്ക് പോലും ഉണ്ടായിരുന്നില്ല.കാലം തുടർന്നു.ഒടുവിൽ പ്രവചനം സത്യമായി.1975ൽ പുറത്തിറങ്ങിയ കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘അപൂർവ രാഗങ്ങൾ’എന്ന സിനിമയിലൂടെ അയാൾ നടനായി.പിന്നീട് താരമായി
ഒടുവിൽ ആർക്കും പകരം സങ്കൽപ്പിക്കാനാവാത്ത സൂപ്പർ താരമായി മാറി…

പക്ഷെ ഇപ്പോഴും വിശ്വസിക്കുന്നു, പ്രവചനമല്ല അയാളെ അവിടെ എത്തിച്ചത് താൻ തോൽക്കില്ല തോറ്റു പോകില്ല എന്ന തന്നിൽ തന്നെ ഉറപ്പിച്ച ആത്മവിശ്വാസം ഒന്നു മാത്രമായിരുന്നു.”തൻ നമ്പിക്കൈ” ഒരു പക്ഷെ സ്‌ക്രീനിൽ എഴുതി കാണിക്കുന്ന സൂപ്പർ സ്റ്റാർ എന്ന ടൈറ്റിൽ സിനിമ സ്വപ്നം കണ്ടു തുടങ്ങിയ അന്നെ അയാൾ മനസ്സിൽ അച്ചുകുത്തിയിരിക്കണം… രജനികാന്ത്. കാരണം ഇനി എത്ര കാലം കഴിഞ്ഞാലും എത്ര മുഖങ്ങൾ മാറി വന്നാലും… സൂപ്പർ സ്റ്റാർ എന്ന എഴുത്തിനു രജനിയോളം പോന്ന മറ്റൊരു ബ്രാൻഡ് ഉണ്ടാവില്ല.

Super Star RAJNIKANTH since 1950👑
പിറന്തനാൾ വാഴ്ത്തുക്കൾ (12 December 1950)
തലൈവർ🔥