രജനീകാന്ത് സിനിമയിലെത്താൻ കാരണം ഒരു പെൺകുട്ടിയാണ്, ആ പെൺകുട്ടിയെ അദ്ദേഹം ഇന്നും തിരയുന്നു

0
202

Jyothika Samassya

സത്യത്തിൽ രജനീകാന്ത് സിനിമയിലെത്താൻ കാരണം ഒരു പെൺകുട്ടിയാണ്. ബസ്സ് കണ്ടക്ടറായിരുന്ന കാലത്ത് ഒരിക്കൽ ഒരു പെൺകുട്ടി രജനീകാന്ത് കണ്ടക്ടറായിരുന്ന ബസ്സിന്റെ പിൻവാതിലിലൂടെ അകത്തുകയറാൻ നോക്കി. പെൺകുട്ടികൾ മുൻവാതിലിലൂടെ കയറിയാൽ മതിയെന്ന് പറഞ്ഞു രജനി അവളെ തടഞ്ഞു. അതിന്റെ പേരിൽ അവർ തമ്മിൽ ഉടക്കി. അങ്ങനെ സിനിമയിലേതുപോലെ ഒരു ഉടക്കിലൂടെയാണ് അവർ പരിചയപ്പെട്ടത്. പിന്നീട് സ്ഥിരമായുള്ള കണ്ടുമുട്ടലിലൂടെ അവർ അടുപ്പത്തിലായി.

അക്കാലത്ത് നാടകത്തിൽ അഭിനയിക്കാറുണ്ടായിരുന്നു അദ്ദേഹം. പകൽ കണ്ടക്ടർ ജോലി. രാത്രിയിൽ നാടകാഭിനയം. അതായിരുന്നു പതിവ്. ഒരിക്കൽ താൻ അഭിനയിക്കുന്ന ഒരു നാടകം കാണിക്കാൻ രജനീകാന്ത് ആ കുട്ടിയെ ക്ഷണിച്ചു. നാടകത്തിൽ രജനീകാന്തിന്റെ അഭിനയം കണ്ട പെൺകുട്ടി അദ്ദേഹത്തോട് പറഞ്ഞു.” താങ്കൾ സിനിമയിൽ അഭിനയിക്കണം.താങ്കൾക്ക് അതിനു കഴിയും.” അതൊരു വെറും വാക്കായാണ് രജനീകാന്ത് കണ്ടത്.കാരണം സിനിമ മേഖല സ്വപ്നം കാണാൻ പറ്റാത്തത്ര ദരിദ്രമായിരുന്നു അദ്ദേഹത്തിന്റെ പശ്ചാത്തലം.

മറാത്തയിൽനിന്ന് വർഷങ്ങൾക്കു മുൻപ് കർണാടകയിലേക്ക് കുടിയേറിയ ഒരു ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു രജനികാന്ത്.അദ്ദേഹം കണ്ടക്ടർ ജോലി ചെയ്താണ് ആ വീട് പുലർത്തിയിരുന്നത്. അങ്ങനൊരാൾക്ക് എങ്ങനെ സിനിമയിലെത്തിപ്പെടാനാകും? അതിനാൽ രജനീകാന്ത് ആ സ്വപ്നം ഉപേക്ഷിച്ചു. എന്നാൽ ആ പെൺകുട്ടി അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിക്കാൻ വന്ന ഒരു ഡെസ്റ്റിനിയായിരുന്നു.ഒരു ദിവസം ആ കുട്ടി രജനീകാന്തിനെ കാണാൻ വന്നത് ഒരു പത്രപ്പരസ്യവുമായാണ്.മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം.അതനുസരിച്ചു രജനികാന്തിനെക്കൊണ്ട് അപേക്ഷ അയപ്പിച്ചത് ആ പെൺകുട്ടിയാണ്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഐറണി എന്തെന്ന് വച്ചാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങി സിനിമയിൽ പേരും പ്രശസ്തിയും നേടിച്ചെല്ലുമ്പോഴേക്കും ആ പെൺകുട്ടിയെ കാണാൻ സാധിച്ചില്ല എന്നതാണ്.നാൽപതു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തിനവരെ കണ്ടെത്താനായിട്ടില്ല. ഇന്ത്യയിൽ രജനികാന്തിനെ ഒരു തവണയെങ്കിലും നേരിൽ കാണാനാഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ അങ്ങനെയുള്ള രജനികാന്ത് നാല്പത് വർഷത്തിലേറെയായി ആ പെൺകുട്ടിയെ വീണ്ടും കാണാൻ ശ്രമിക്കുന്നു.പക്ഷേ സാധിച്ചിട്ടില്ല””


  • എന്റെ ജീവിതം എന്ന ശീർഷകത്തിൽ നടൻ ശ്രീനിവാസൻ നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഒരു ഭാഗം. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രജനികാന്തിന്റെ സഹപാഠിയായിരുന്നു ശ്രീനിവാസൻ.