Vineetha Sekhar :
80 – കളിൽ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിച്ചിരുന്ന രാജ്കുമാർ സേതുപതിയെ അറിയാത്തവർ ചുരുക്കം. തമിഴ്, തെലുങ്ക് സിനിമകളിൽ തിളങ്ങി നിന്നിരുന്ന ഇദ്ദേഹം ആക്കാലത്തെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. ആകർഷകമായ ചിരിയും, സൗന്ദര്യവും ഇദ്ദേഹത്തെ അക്കാലത്തെ റൊമാന്റിക് നായകന്മാരിൽ പ്രശസ്തനാക്കി. 50 – ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അക്കാലത്തെ ഒട്ടുമിക്ക പ്രശസ്ത നായികമാരുടെയും കൂടെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ താളം തെറ്റിയ താരാട്ട്, തൃഷ്ണ, അരഞ്ഞാണം, ഇരട്ടി മധുരം, ഹലോ മദ്രാസ് ഗേൾ, പൂവിരിയും പുലരി, ഇന്നല്ലങ്കിൽ നാളെ ഇങ്ങനെ ഹിറ്റ് മൂവികൾ ഒട്ടനവധി. എം. ഭാസ്കർ സംവിധാനം ചെയ്ത സൂലം എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അഭിനയ ജീവിതം തുടങ്ങുന്നതിന് മുമ്പ് സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പേഴ്സിൽ 2 വർഷത്തെ അഭിനയ പരിശീലന ക്ലാസുകൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു.
1975 – ൽ ജെ. ശശികുമാർ സംവിധാനം ചെയ്ത ‘ചട്ടമ്പി കല്യാണി ‘എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തായിരുന്നു തുടക്കം. 1981- ൽ റിലീസായ ഐ.വി.ശശി ചിത്രമായ തൃഷ്ണ മുതലാണ് അദ്ദേഹം മലയാള സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മമ്മൂട്ടി നായകനായ തൃഷ്ണയിലെ പാട്ടുകളെല്ലാം തന്നെ വമ്പൻ ഹിറ്റുകളായിരുന്നു.ആ ചിത്രത്തിലെ തെയ്യാട്ടം ധമനികളിൽ എന്ന രാജ്കുമാറും, സ്വപ്നയും ചേർന്നഭിനയിച്ച ഗാനം ആ കാലഘട്ടത്തിലെ യുവാക്കളുടെ ഹരമായിരുന്നു..
പൂച്ച സന്യാസി, വെപ്രാളം, വികടകവി,മേനക നായികയായ താളം തെറ്റിയ താരാട്ട്എന്നിവയെല്ലാം അദ്ദേഹത്തിന് ഒരു റൊമാന്റിക് നായകന്റെ പരിവേഷം ചാർത്തി കൊടുത്ത ചിത്രങ്ങളായിരുന്നു. താളം തെറ്റിയ താരാട്ട് എന്ന മൂവിയിലെ ‘ സിന്ധു പ്രിയ സ്വപ്ന മഞ്ചലിലേറി .’ എന്ന മനോഹരമായ ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു.ആയിരം പൂക്കൾ മലരട്ടും, ചെയിൻ ജയപാൽ, കാശ്മീർ കാതലി, അൻപുള്ള രജനീകാന്ത്, ഉൺമൈകൾ, സൂലം തുടങ്ങിയവ രാജ്കുമാർ അഭിനയിച്ച തമിഴ് സിനിമകളാണ്. മാനസ വീണ എന്നൊരു തെലുങ്ക് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.
ചെന്നൈയിലെ ഒരു രാജകുടുംബത്തിൽ 1959 ജൂലൈ 21 – നാണ് അദ്ദേഹം ജനിച്ചത്. ഷൺമുഖ രാജേശ്വര സേതുപതിയുടെയും ലീലാറാണിയുടെയും പുത്രനാണ് അദ്ദേഹം. തമിഴ് നടി എംജിആർ ലത അദ്ദേഹത്തിന്റെ മൂത്ത സഹോദരിയാണ്. അവരും ലവ് ഇൻ സിംഗപ്പൂർ, വയനാടൻ തമ്പാൻ, പാർവതി, തച്ചിലേടത്ത് ചുണ്ടൻ തുടങ്ങിയ മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 1988 – ൽ പ്രശസ്ത മലയാളം,തമിഴ് ചലച്ചിത്ര നടി ശ്രീപ്രിയയെ അദ്ദേഹം വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് സ്നേഹ, നാഗാർജുന എന്നിങ്ങനെ രണ്ടു കുട്ടികളാണുള്ളത്. ജിത്തു ജോസഫിന്റെ മോഹൻലാൽ ചിത്രമായ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ നിർമാണ പങ്കാളികളിൽ ഒരാളായിരുന്നു രാജ്കുമാർ. വെങ്കിടേഷ് നായക വേഷത്തിൽ വന്ന ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിന്റെ സംവിധാനം നിർവ്വഹിച്ചത് അദ്ദേഹത്തിന്റെ പത്നി ശ്രീപ്രിയയാണ്.