ആരായിരുന്നു രാം ജഠ്മലാനി ?

302

രാം ബൂല്‍ചന്ദ് ജഠ്‍മലാനി

പാക്കിസ്ഥാനിലുള്ള ശിക്കാർപുരിൽ 1923 സെപ്റ്റംബർ 14ന് ജനിച്ച ജഠ്‌മലാനി സ്‌കൂളിൽ ട്രിപ്പിൾ പ്രമോഷൻ നേടി പഠിച്ച അദ്ദേഹത്തിനു പതിനേഴാം വയസ്സിൽ നിയമബിരുദം ലഭിച്ചെങ്കിലും.എൻറോൾ ചെയ്യാൻ പ്രായമായിട്ടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി അധികൃതർ തടസ്സം പറഞ്ഞു.അന്ന് ഇന്ത്യയിൽ 21 വയസായിരുന്നു അഭിഭാഷകനാകാനുള്ള കുറഞ്ഞ പ്രായം. എന്നാൽ, ആ നിയമത്തിനെതിരെ ജഠ്‌മലാനി കോടതിയിൽ പ്രത്യേക പെറ്റീഷൻ സമർപ്പിച്ചു സിന്ധിലെ ചീഫ് ജസ്റ്റിസിനു മുന്നിൽ വാദമുഖങ്ങൾ നിരത്തി. ചട്ടത്തിൽ ഇളവിനുള്ള പ്രമേയം പാസാക്കിയെടുത്തു.ഇന്ന് പാകിസ്ഥാന്റെ ഭാഗമായ സിന്ധിലാണ് ജഠ്‌മലാനി അഭിഭാഷകവൃത്തി ആരംഭിച്ചത്. ഇന്ത്യ – പാക് വിഭജന ശേഷം കുടുംബത്തോടൊപ്പം മുംബൈയിലേക്ക് കുടിയേറി.
18 ാം വയസിൽ ദുർഗയെ വിവാഹം ചെയ്ത ജഠ്‌മലാനി 1947 ൽ ഇന്ത്യ-പാക് വിഭജനത്തിന് തൊട്ടു മുൻപായി രത്‌ന ഷഹാനി എന്ന അഭിഭാഷകയെയും വിവാഹം ചെയ്തു. വിഭജനകാലത്ത് ബോംബേയിലേക്ക് കുടിയേറുന്നവരുടെ മേൽ മഹാരാഷ്ട്ര സർക്കാർ കർക്കശമായ നിയമമാണ് അടിച്ചേൽപ്പിച്ചിരുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന മൊറാർജി ദേശായികുടിയേറ്റ നിയമം കർശനമായി നടപ്പാക്കുകയും ചെയ്തു.കുടിയേറ്റക്കാരിൽ ഒരാളായിരുന്ന റാം ജഠ്‌മലാനി ഈ നിയമത്തിനെതിരെ പോരാടി. ബോംബെ ഹൈക്കോടതിയിൽ കുടിയേറ്റക്കാർക്ക് വേണ്ടി കേസ് വാദിച്ച് നിയമം ഭരണഘടനാവിരുദ്ധമാണെന്ന ഉത്തരവ് പുറപ്പെടുവിച്ചു. പ്രമാദമായ നാനാവതി vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസിലൂടെയാണ് പിന്നീട് റാം ജഠ്‌മലാനി നിയമരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. ജുഡീഷ്യറിയിലെ അഴിമതി ചോദ്യം ചെയ്യുന്നതിൽ ജഠ്‌മലാനി എന്നും ധൈര്യം കാണിച്ചിരുന്നു. സുപ്രീം കോടതിയിലെ ജഡ്‌ജിമാർ ഉൾപ്പെട്ട അഴിമതികൾക്കെതിരെ ജഠ്‌മലാനി ശക്തമായി പ്രതികരിച്ചു.
മുംബൈയിൽ അഭിഭാഷകവൃത്തി തുടങ്ങിയ അദ്ദേഹം ആദ്യത്തെ കക്ഷിയിൽ നിന്നു സ്വീകരിച്ചതു ഒരു രൂപ മാത്രമാണ്. പിന്നെ രാജ്യത്തെ വിലപിടിപ്പുള്ള അഭിഭാഷകനായി മാറി ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധക്കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജരായതു വലിയ ചർച്ചയായി. കേതൻ പരേഖ്, ഹർഷദ് മേത്ത എന്നിവരുടെ അഭിഭാഷകനായിരുന്ന ജഠ്മലാനി വിവാദമായ ജസീക്ക ലാൽ വധക്കേസിൽ പ്രതിഭാഗത്തിനു വേണ്ടിയാണു ഹാജരായത്. വിവാദമായ സ്പെക്ട്രം കേസിൽ കനിമൊഴിയുടെ അഭിഭാഷകനായി. അനധികൃത ഖനന കേസിൽ യെഡിയൂരപ്പയ്ക്കായി വാദിച്ചു. ജെസിക്ക ലാൽ കേസ്, ആശാറാം ബാപ്പു, ലാലുപ്രസാദ് യാദവ് ഉൾപ്പെട്ട കാലിത്തീറ്റ കേസ് തുടങ്ങിയവയിൽ ജഠ്മലാനി വക്കാലത്ത് ഏറ്റെടുത്തു. അഫ്‌സൽ ഗുരുവിന്റെ വധശിക്ഷക്കെതിരെയും രാം ജഠ്‌മലാനി വാദിച്ചു.വൻതുക പ്രതിഫലമുള്ള വക്കീലായിരിക്കുമ്പോഴും നിരവധി പൊതുതാൽപര്യ വ്യവഹാരങ്ങൾ സൗജന്യമായി നടത്തി..
1975 -77 കാലഘട്ടത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായിരുന്ന റാം ജഠ്‌മലാനി അതിരൂക്ഷമായ ഭാഷയിൽ അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചു. പ്രധനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നടപടികളെ ജഠ്‌മലാനി ചോദ്യം ചെയ്തു. തുടർന്ന്, ജഠ്‌മലാനിയെ അറസ്റ്റ് ചെയ്യാൻ കേരളത്തിൽ നിന്ന് ഉത്തരവുണ്ടായി. എന്നാൽ, മുതിർന്ന അഭിഭാഷകനായ നാനി പാൽകിവാലായുടെ നേതൃത്വത്തിൽ മുന്നോറോളം അഭിഭാഷകർ ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബോംബെ കോടതി അറസ്റ്റ് സ്റ്റേ ചെയ്തു. വീണ്ടും ജഠ്‌മലാനിക്കെതിരെ നിയമ നടപടി ആരംഭിച്ചെങ്കിലും കാനഡയിലേക്ക് പോയ ജഠ്‌മലാനി അടിയന്തരാവസ്ഥ പിൻവലിച്ച ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
അഭിഭാഷകവൃത്തിക്ക് പുറമെ രാഷ്ട്രീയത്തിലും ചുവടുറപ്പിച്ച റാം ജഠ്‌മലാനി മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയുടെ നിർബന്ധത്തെ തുടർന്നായിരുന്നു ജഠ്‌മലാനിയെ കേന്ദ്രമന്ത്രിസഭയിൽ വാജ്‌പേയി ഉൾപ്പെടുത്തി 1996, 98 കാലഘട്ടങ്ങളിൽ കേന്ദ്ര നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും പ്രവർത്തിച്ചു. എന്നാൽ, പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ വിശ്വാസം നേടിയെടുക്കുന്നതിൽ ജഠ്‌മലാനി പരാജയപ്പെട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ആദർശ് സെയ്ൻ ആനന്ദയുമായും അറ്റോർണി ജനറൽ സോളി സൊറാബ്‌ജിയുമായും ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് ജഠ്‌മലാനിയോട് വാജ്‌പേയി രാജി ആവശ്യപ്പെട്ടു..തുടർന്ന്, ജഠ്‌മലാനി 2004ൽ വാജ്‌പേയിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ലഖ്‌‍നൗവിൽ നിന്ന് മത്സരിച്ചു.നിതിൻ ഗഡ്‌കരി അധ്യക്ഷനായിരിക്കെ 2010ൽ വീണ്ടും ബിജെപിയിൽ. രാജസ്‌ഥാനിൽനിന്നു രാജ്യസഭാംഗത്വം. എന്നും ഒരു പോരാളിയായി തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിയായിരുന്നു രാം ജഠ്‌മലാനി. രാഷ്ട്രീയ പാർട്ടി ഭേദമെന്യേ തന്റെ നിലപാടുകൾക്ക് വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു ജഠ്‌മലാനിയുടേത്.
പിന്നീട് രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ സമരങ്ങളുമായി മുന്നോട്ടുവന്ന അന്നത്തെ ബിജെപിയുടെ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ ധാര്‍മ്മികതയെച്ചൊല്ലിയായിരുന്നു രാംജഠ്‍മലാനി വീണ്ടും ബിജെപി നേതൃത്വവുമായി ഇടയുന്നത്. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഗഡ്കരിക്കെതിരെ 165 കോടിരൂപയുടെ ആരോപണമായിരുന്നു അന്ന് ഉയര്‍ന്നത്. ഇത്തരത്തില്‍ ആരോപണം നേരിടുന്ന ഒരാള്‍ യുപിഎ സര്‍ക്കാരിനെതിരെ സംസാരിക്കുമ്പോള്‍ അത് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു ജഠ്‍മലാനിയുടെ വിമര്‍ശനം.
പിന്നാലെ അന്നത്തെ സിബിഐ ഡയറക്ടര്‍ നിയമനത്തെച്ചൊല്ലി ബിജെപി ഉയര്‍ത്തിയ വിമര്‍ശനങ്ങളെയും ജഠ്മലാനി പ്രതിരോധിച്ചപ്പോള്‍ മുതിര്‍ന്ന നേതാവിനെ പാര്‍ട്ടിക്ക് പുറത്താക്കുക എന്ന വഴിമാത്രമാണ് നേതൃത്വത്തിനുണ്ടായിരുന്നത്.
നിതിന്‍ ഗഡ്കരിക്കെതിരായ നിലപാടിനെത്തുടര്‍ന്ന് ജഠ്മലാനിക്കെതിരെ നടപടിവേണമെന്ന് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്നപ്പോള്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി നേതൃത്വത്തിന് ധൈര്യമില്ലെന്ന പ്രസ്താവനയും അന്ന് രാജ്യസഭാംഗമായിരുന്നു ജഠ്മമലാനി നടത്തി. ഇതോടെ ജഠ്‍മലാനിയുടെ നിലപാടുകള്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നതാണെന്ന് വിലയിരുത്തിയ ബിജെപി ജഠ്‍മലാനിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. 2012 നവംബറിലായിരുന്നു ഈ സസ്പെന്‍ഷന്‍.
2013 മേയ് മാസത്തില്‍ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തന്നെ പുറത്താക്കിയതിനെതിരെ പിന്നീട് നിയമയുദ്ധവും ജഠ്‍മലാനി നയിച്ചു. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ നിയമപോരാട്ടം അവസാനിച്ചത്. പുറത്താക്കിയ നടപടിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഖേദം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ജഠ്‍മലാനി കേസ് പിന്‍വലിക്കുകയായിരുന്നു. ശിവസേന– ജനസംഘ് പിന്തുണയോടെയും നിലവില്‍ ജനതാ പാർട്ടിയുടെ ടിക്കറ്റിലും പാർലമെന്റിലെത്തി. ആറു തവണ രാജ്യസഭാംഗവുമായി. ‘ഹിന്ദു പവിത്രകഴകം’, ‘ഭാരത് മുക്‌തിമോർച്ച’ തുടങ്ങിയ പാർട്ടികൾ അദ്ദേഹം രൂപീകരിച്ചതാണ്.