അലക്കുകാരുടെ മർദ്ദനവും രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും ക്ഷമയോടെ സഹിച്ചതിന് അലക്കുകല്ലുകളെ പൊന്നാടയണിയിച്ച് ആദരിച്ച രാംദാസ് വൈദ്യർ

49

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഈ കാലത്ത് രാംദാസ്‌ വൈദ്യരുടെ ഓർമ്മകൾക്ക് പ്രസക്തിയേറുകയാണ്.കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യത്തിലുടെ മലയാളികളെ ചിരിപ്പിച്ച കോഴിക്കോടിന്റെ ചിരിവൈദ്യനാണ് രാംദാസ് വൈദ്യർ. ആയുർവേദപാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. കോഴിക്കോട് ആര്യവൈദ്യവിലാസിനി വൈദ്യശാലയുടെ സ്ഥാപകനായിരുന്ന കലൂർ നീലകണ്ഠൻവൈദ്യരുടെ പുത്രൻ.

Kozhikode to commemorate Ramdas Vaidyar on October 22കേരളത്തിൽ ആദ്യമായി ഒരു തെങ്ങുകയറ്റകോളേജ് സ്ഥാപിച്ചു.കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജ് ഇതായിരുന്നു. ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് അന്നത്തെ ജില്ലാകളക്ടർ യു.കെ.എസ് ചൗഹാൻ ആയിരുന്നു.തെങ്ങിൽകയറിയാണ് ചൗഹാൻ കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചത്.ചൗഹാന് തെങ്ങ് കയറാൻ പറ്റുമോയെന്ന് ശങ്കിച്ച് ഭയന്ന് നിലവിളിച്ച ഭാര്യ നന്ദിതയുടെ സാന്നിദ്ധ്യത്തിലാണ് ചൗഹാൻ വിജയകരമായി തെങ്ങുകയറ്റം പൂർത്തിയാക്കി കോളേജ് ഉദ്ഘാടനം നിർവഹിച്ചത്.കോളേജ് പ്രിൻസിപ്പലായി തെരഞ്ഞെടുത്തത് നീലഗിരി വളപ്പിലും വൈദ്യരുടെ വീട്ടിലും തേങ്ങയിട്ടിരുന്ന പ്രദീപിനെയായിരുന്നു.പ്രദീപിനെ
” പ്രൊ. പ്രദീപ്, പ്രിൻസിപ്പൽ, തെങ്ങ് കയറ്റകോളേജ് ” എന്ന പോസ്റ്റിൽ നിയമിച്ച് നെയിംബോർഡും സ്ഥാപിച്ചു.
ഏഷണിക്കാരെ പരിഹസിക്കാനായി പരദൂഷണമൽസരം സംഘടിപ്പിച്ചു.മികച്ച പരദൂഷണക്കാരനേയും പരദൂഷണക്കാരിയേയും കണ്ട് പിടിച്ച് വർഷാവർഷം “നാരദർ ” അവാർഡ് നൽകി ആദരിച്ചിരുന്നു.

തീറ്റ മൽസരത്തിൽ അക്കാലത്ത് പതിവായി ജയിച്ചിരുന്ന ബീരാൻകോയയെ വടമാലയിട്ട് ആദരിച്ചാണ് സ്വീകരിച്ചത്. സാഹിത്യകാരന്മാരുടെ താവളം എന്നറിയപ്പെട്ടിരുന്ന കോഴിക്കോട്ടെ നീലഗിരി ലോഡ്ജ് വൈദ്യരുടെ ഉടമസ്ഥതയിലായിരുന്നു.ഇരുപത് മുറികളുള്ള നീലഗിരി ലോഡ്‌ജിന് പറയാനുള്ളത് സാഹിത്യത്തിന്റേയും കലയുടേയും ബന്ധമാണ്. ബഷീറും. തകഴിയും, മലയാറ്റൂരും,ഓ.വി വിജയനും, വി കെ എന്നും, എംടിയും, പൊറ്റക്കാടും, കാക്കനാടനും.പുനത്തിലും, അടൂർ ഗോപാലകൃഷ്ണനും, തിക്കൊടിയനും, സുരാസുവും, തുടങ്ങി ഒട്ടനവധി സാഹിത്യകാരന്മാർ തമ്പടിച്ചിരുന്ന ലോഡ്ജാണിത്.

“നീലഗിരിയുടെ സഖികളെ ” എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത ഒരു പഴയകാല മലയാളിയുണ്ടെന്ന് തോന്നുന്നില്ല. വയലാറിന്റെ തൂലികയിൽ നിന്നും ഈ ഗാനം പിറവികൊണ്ടത് വൈദ്യരുടെ നീലഗിരി ലോഡ്ജിൽ വച്ചായിരുന്നു.
2018 ൽ 100 വർഷം പഴക്കമുള്ള ലോഡ്ജ് പൊളിച്ച് മാറ്റും വരെ വയലാറിന്റെ ചിത്രം ലോഡ്ജിന്റെ വരാന്തയിലുണ്ടായിരുന്നു.
വൻകിട ഹോട്ടലുകാർ ഇല്ലാത്ത സുഖ സൗകര്യങ്ങൾ ഉണ്ടാക്കിക്കാണിച്ച് പരസ്യം ചെയ്തിരുന്ന അക്കാലത്ത് നീലഗിരി ലോഡ്‌ജിന്റെ മുന്നിലുണ്ടായിരുന്ന ബോർഡിലെ വാചകം ഇങ്ങനെയായിരുന്നു.
” ഫോർ മിസറബിൾ സ്റ്റേ ”
പിശുക്കിന് പേര് കേട്ട തകഴി നൽകിയ പത്ത് രൂപ നോട്ട് ലോഡ്ജ് കൗണ്ടറിൽ ചില്ലിട്ട് സൂക്ഷിച്ചിരുന്നു.
ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾക്ക് പകരമായി
“ടെംപിൾ അറ്റാച്ച്ഡ് ലോഡ്ജ് ” ആയിരുന്നു നീലഗിരി ലോഡ്ജ്.
വളരെ വ്യത്യസ്ഥമാർന്നതും ചിരിയും ചിന്തയും ഉളവാക്കുന്നതരത്തിലുള്ളതുമായ നിരവധി പരിപാടികൾ രാംദാസ് വൈദ്യരുടെ നേതൃത്വത്തിൽ കോഴിക്കോട്ട് അരങ്ങേറിയിട്ടുണ്ട്.
രാവിലെ അലക്കുകാരുടെ മർദ്ദനവും വൈകീട്ട് രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും ക്ഷമയോടെ സഹിച്ചതിന് മുതലക്കുളത്തെ അലക്കുകല്ലുകളെ പൊന്നാടയണിയിച്ച് ആദരിച്ചു.
ബാംഗ്ലൂരിൽ ലോക സൗന്ദര്യമത്സരം നടന്നപ്പോൾ രാംദാസ് വൈദ്യർ കേരളസാംസ്കാരികവേദി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച് അതിന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൌൺഹാളിൽ വച്ച് വിരൂപമത്സരം നടത്തി വിരൂപറാണിയെയും വിരൂപരാജനെയും തിരഞ്ഞെടുക്കുകയുണ്ടായി.
ഈ പരിപാടി റിപ്പോർട്ട് ചെയ്യാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പത്രപ്രതിനിധികൾ എത്തി. വോയ്സ് ഓഫ് അമേരിക്കയിലും ബിബിസി വേൾഡിലും ഇത്. ചർച്ചാവിഷയമായിരുന്നു.
ഭാര്യയുടെ സേവനം ശ്രേഷ്ഠമായികണ്ട് അവർക്ക് പെൻഷൻ നല്കാൻ ഭർത്താക്കന്മാർ ബാദ്ധ്യസ്ഥരാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയും സ്വന്തം പത്നിക്ക് ആജീവനാന്തപെൻഷൻ നല്കിക്കൊണ്ട് മാതൃക കാണിക്കുകയും ചെയ്തു.

“എഴുതാത്ത ബഷീർ ” എന്നാണ് വൈദ്യരെ വിശേഷിപ്പിച്ചിരുന്നത്.വി കെ എൻ വരെ വളരെ ആദരവോടെയാണ് വൈദ്യരെ കണ്ടിരുന്നത്.
കണ്ണൂർ ആയുർവേദ കോളേജിൽ നിന്നും ഒന്നാം റാങ്കോടെ സ്വർണ്ണ മെഡൽ നേടിയാണ് രാംദാസ് വൈദ്യനായത്.ദരിദ്രരായ രോഗികൾക്ക് സൗജന്യ ചികിൽസയാണ് നൽകിയിരുന്നത്.1998-ൽ രാംദാസ് വൈദ്യർ അന്തരിക്കും വരെ സമൂഹത്തിലെ എല്ലാ വിഷയങ്ങളുമായും ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു.
രാംദാസ് അനുസ്മരണസമിതി വർഷംതോറും അനുസ്മരണസമ്മേളനങ്ങളും പരദൂഷണംപറച്ചിൽ മത്സരം പോലുള്ള പരിപാടികളും നടത്താറുണ്ട്.ചെറിയ ചെറിയ പ്രശ്നങ്ങൾ ഊതി വീർപ്പിച്ച് വലിയ പ്രശ്നങ്ങളാക്കി മാറ്റുന്ന ഇക്കാലത്ത് സമൂഹത്തിലെ തിന്മകളെ ചിരിയിലൂടെയും ചിന്തയിലൂടെയും ചാലിച്ച് ചികിൽസിക്കാൻ വൈദ്യരില്ലാത്തത് ഒരു നഷ്ടം തന്നെയാണ്.