കൊല്ലാം…. നിങ്ങൾക്കവനെ! ബലാൽസംഗം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അക്രമം നടത്തുന്നവനെ കൊല്ലാം.നിങ്ങൾ ശിക്ഷിക്കപ്പെടുകയില്ല.വെറുതെ പറയുന്നതല്ല.ഇൻഡ്യൻ പീനൽ കോഡ് (IPC) നൂറാം വകുപ്പ് ഉറപ്പ് തരുന്ന നിയമസംരക്ഷണമാണത്.സ്വയരക്ഷയ്ക്കുള്ള അവകാശമുപയോഗിക്കുമ്പോൾ അക്രമിയെ കൊല്ലാൻ അനുവദിക്കുന്ന ഏഴ് സന്ദർഭങ്ങൾ ഐ.പി.സി വകുപ്പ് 100 വിവരിക്കുന്നു.അതിൽ മൂന്നാമത്തേതാണ് സ്ത്രീകൾ ഇന്ന് വ്യാപകമായി നേരിടുന്ന ബലാൽസംഗ ഭീഷണിക്കുള്ള യഥാർത്ഥ പരിഹാരം!
ബലാൽസംഗത്തിനുള്ള ഉദ്ദേശ്യത്തോടെ അക്രമം നടത്തുന്ന അക്രമിയെ കൊല്ലാൻ ഇരയ്ക്ക് ആ വകുപ്പ് അവകാശം നൽകുന്നു.ഈ സംഗതി പാഠ്യപുസ്തകത്തിൽ ഉൾപ്പെടുത്തി പെൺകുട്ടികളെയും ആൺകുട്ടികളെയും പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പെൺകുട്ടിക്ക് ആത്മവിശ്വാസവും ആൺകുട്ടിക്ക് കുറ്റകൃത്യം ചെയ്യാതിരിക്കാനുള്ള ഭയവും ഇതിലൂടെ ഉണ്ടാകും.ഓരോ ബലാൽസംഗവും രാജ്യത്ത് നടക്കുമ്പോൾ അതിനെ മുതലെടുത്ത് രാഷ്ട്രീയ നാടകങ്ങൾ കളിക്കുകയെന്നത് ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും രീതിയാണ്.അതൊന്നും പരിഹാരക്രിയകളല്ല.തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കെട്ടടങ്ങുന്ന തീയേ അതിലൊക്കെയുള്ളു.ബലാൽസംഗത്തിന് വരുന്നവനെ കൊല്ലാൻ അവകാശമുണ്ടെന്ന് പെണ്ണിനെ ബോധവൽക്കരിക്കൂ.ബലാൽസംഗം ചെയ്യാൻ മുതിർന്നാൽ ഇരയ്ക്ക് തന്നെ കൊല്ലാൻ അവകാശമുണ്ടെന്ന് ആണിനെയും ബോധവൽക്കരിക്കുക.അത് ഗുണം ചെയ്യാതിരിക്കില്ല.ഇരകളോട് ആത്മാർത്ഥമായ സ്നേഹവും വേദനയുമുള്ളവർ ഈ അറിവ് പ്രചരിപ്പിക്കുക. നിങ്ങളുടെ പരിശ്രമം നാളെ മറ്റൊരു പെണ്ണിനെ രക്ഷപ്പെടുത്തിയേക്കാം.