പരിണാമപരമായ ഒരനിവാര്യതയാണോ ബലാത്സംഗം ?

47


2013 ഏപ്രിൽ ലക്കം യുക്തിയുഗം മാസികയിലെ അരുണ്‍ മംഗലത്ത് എഴുതിയ ‘ബലാൽസംഗത്തിന്‍റെ ജൈവിക സിദ്ധാന്തം’ എന്ന ലേഖനത്തില്‍ പറയാന്‍ ശ്രമിക്കുന്നത് പരിണാമപരമായ ഒരനിവാര്യതയാണ് ബലാത്സംഗം എന്നത്രേ. അര്‍ഹതയുള്ളതിന്‍റെ അതിജീവനം എന്ന നിലയില്‍ തന്‍റെ ജീനുകളെ സംരക്ഷിക്കാനും അടുത്ത തലമുറയെ ഉണ്ടാക്കാനും വേണ്ടി പ്രകൃതി തന്നെ പുരുഷന് നല്‍കിയിരിക്കുന്ന ഒരു മേല്‍കൈ ആണ് ബലാത്സംഗം എന്ന് അത് വായിക്കുന്നവര്‍ക്ക് മനസ്സിലാകും. ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം:
“കോഴിയുടെ കൂവലും മയിലിന്‍റെ വാലും പുരുഷന്‍റെ ശരീര വലുപ്പവും എല്ലാം ലൈംഗിക നിർദ്ധാരണത്തിന്‍റെ ഫലമാണ്. ജിനോമിന്‍റെ നിലനിൽപ്പിന്‌ ആവശ്യം വേണ്ട കഴിവാണ് അതിന്‍റെ ധാരാളം കോപ്പികൾ അടുത്ത തലമുറയിലേക്ക് പകർന്ന് കൊടുക്കുക എന്നത്.” (യുക്തിയുഗം മാസിക, പേജ് 54)

ജീന്‍ അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടുക എന്ന ലക്ഷ്യമാണ്‌, അല്ലാതെ ലൈംഗിക തൃഷ്ണയല്ല ബലാത്സംഗത്തിനു പുറകില്‍ ഉള്ളതെന്നും ലേഖകന്‍ നിരീക്ഷിക്കുന്നു:
“ബലാൽസംഗം ചെയുന്ന ഭൂരിഭാഗം പുരുഷന്മാർക്കും ഒരു ലൈംഗിക പങ്കാളിയുണ്ട്. അതിനാൽ ബാലാൽസംഗത്തിനു പിന്നിൽ ലൈംഗിക തൃഷ്ണയല്ല ഉള്ളത്.
പുരുഷൻ ഒരു ലൈംഗികപങ്കാളിയാൽ തൃപ്തനാകും എന്ന തെറ്റായ സങ്കൽപമാണ്‌ ഈ വാദത്തിനു നിദാനം. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പങ്കാളികളിലേക്ക് തന്‍റെ ജനിതകപദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്‍റെ ജനിതകപദാർത്ഥത്തിന്‍റെ കോപ്പികൾ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്‍റെ പരിണാമ ലക്ഷ്യം. അതിനാൽ ഓരോ സ്ത്രീയും പുരുഷന് ഒരു പുതിയ സാധ്യതയാണ്.”(യുക്തിയുഗം മാസിക, പേജ് 50)

തന്‍റെ ജീന്‍ അടുത്ത തലമുറയിലേക്കു കൈമാറാന്‍ ഓരോ സ്ത്രീയും പുരുഷന് ഒരു പുതിയ സാധ്യതയാണ് എന്നാണ് ഇവരുടെ സിദ്ധാന്തം. അതുകൊണ്ടുതന്നെ പുരുഷന്‍ ആ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അവസരങ്ങള്‍ ഏറെയാണ്‌. ജിഷയും സൗമ്യയും നിര്‍ഭയയും ആസിഫയും എല്ലാം മതക്കാരനെ സംബന്ധിച്ച് തന്‍റെ ജീന്‍ അടുത്ത തലമുറയിലേക്കു കൈമാറാന്‍ പുരുഷന്മാര്‍ കണ്ടെത്തിയ ഓരോ സാധ്യതകള്‍ മാത്രമാണ്! കേവലം സാധ്യതകള്‍ മാത്രമല്ല, ആ സാധ്യത നിറവേറ്റാന്‍ ആവശ്യമായ കഴിവും പരിണാമം വഴി പുരുഷന്‍ നേടിയെടുത്തിട്ടുണ്ടെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്:

“ബലാൽസംഗത്തിന് പരിണാമപരമായ വേരുകളുണ്ടെങ്കിൽ, പുരുഷനെ അതിനു സഹായിക്കുന്ന ശാരീരിക / മാനസിക അനുകൂലനങ്ങളെ കണ്ടെത്തേണ്ടതായിട്ടുണ്ട്…. ഉദാഹരണത്തിന് പുരുഷന്‍റെ ഉയർന്ന ശാരീരികശക്തിയും വലിപ്പവും ലൈംഗിക നിർദ്ധാരണത്തിന്‍റെ ഫലമാണ് എന്ന് നാം പറഞ്ഞു. ബലാൽസംഗം സാധ്യമാക്കാൻ മാത്രമായി ഉരുത്തിരിഞ്ഞ ഒരു ശരീര / മാനസിക സവിശേഷതയാണ് നാം തേടുന്നത്… ആണ്‍ തേനീച്ചയുടെ ലൈംഗികാവയവത്തിന്‍റെ ഇരുവശത്തും കൂർത്ത മുള്ളുകളുണ്ട്. വഴങ്ങാത്ത പെണ്‍ തേനീച്ചയെ ആണ്‍ തേനീച്ച ഈ മുള്ളുകൾ ഉപയോഗിച്ച് ബന്ധനത്തിൽ നിർത്തുകയും notal organ ഉപയോഗിച്ച് ബലമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. ഈ ഒരാവശ്യത്തിനല്ലാതെ ആണ്‍ തേനീച്ചക്ക് ഈ അവയവം കൊണ്ട് ഒരു ഉപയോഗവും ഇല്ലതാനും…… തേനീച്ചയുടെ മുള്ളുകളും മനുഷ്യന്‍റെ മാനസികമായ അനുകൂലനങ്ങളും-അവ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ സമാനമാണെന്ന് കരുതേണ്ടിവരും.” (യുക്തിയുഗം മാസിക, പേജ് 54, 55)

ഇത് മാത്രമല്ല, പരിണാമം വഴി ബലാത്സംഗത്തിന് അനുകൂലമായ ഇനിയും കുറെ ഘടകങ്ങള്‍ പുരുഷന് ലഭിച്ചിട്ടുണ്ട് എന്നാണ് ലേഖകന്‍ പറയുന്നത്:
“ഇരകളുടെ നിസ്സഹായത കണക്കാക്കാനും ആ അവസരം ലൈംഗികമായി മുതലെടുക്കാനുമുള്ള മാനസിക അനുകൂലനം.
shields and shields പഠനപ്രകാരം പ്രത്യുൽപാദന സാധ്യത അപകട സാധ്യതയെ കവച്ചു വെക്കുമ്പോഴാണ് ബലാൽസംഗം പരിണാമപരമായി ലാഭാകരമാകുന്നത്. അതിനാൽ അപകട സാധ്യതയെ കണക്കാക്കാനുള്ള ഒരു മാനസിക സംവിധാനം പുരുഷന് ആവശ്യമാണ്‌.” (യുക്തിയുഗം മാസിക, പേജ് 55)

“സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ എർപ്പെടാൻ അവസരം സിദ്ധിച്ചിട്ടില്ലാത്ത പുരുഷന്മാർക്ക് ബാലാൽസംഗത്തിലൂടെ അത് നേടിയെടുക്കാനുള്ള മാനസിക അനുകൂലനം.” (യുക്തിയുഗം മാസിക, പേജ് 55)
“ലൈംഗികാകർഷകത്വമുള്ള സ്ത്രീകളെ ബലാൽസംഗത്തിന് തിരഞ്ഞെടുക്കാനുള്ള മാനസിക അനുകൂലനം” (യുക്തിയുഗം മാസിക, പേജ് 56)
“ഉഭയ സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധത്തേക്കാൾ ഉയർന്ന അളവിൽ ബലാൽസംഗം വഴി ഉള്ള ബന്ധത്തിൽ ബീജങ്ങൾ സ്കലിക്കാനും അതുവഴി ഗർഭധാരണത്തിനുള്ള സാധ്യത പരമാവധിയാക്കാനുമുള്ള മാനസിക / മറ്റു നിലക്കുള്ള ജൈവിക അനുകൂലനം” (യുക്തിയുഗം മാസിക, പേജ് 56)

ഇത്രയും അനുകൂലനങ്ങള്‍ പരിണാമം വഴി പുരുഷന് ലഭിച്ചിട്ടുണ്ട് എന്നാണ് കാമഭ്രാന്തന്മാർ വാദിക്കുന്നത്. മാത്രമല്ല, തന്‍റെ ജീനിന്‍റെ കോപ്പി അടുത്ത തലമുറയിലേക്കു പകരപ്പെടണം എന്നുള്ളത് കൊണ്ട് ബലാത്സംഗം ചെയ്യുന്നവര്‍ ഇരയെ അധികം ഉപദ്രവിക്കുകയില്ല എന്നും പരിണാമ മതക്കാരന്‍ പറഞ്ഞു വെക്കുന്നു!
“പരിണാമപരമായി നോക്കിയാൽ, ഇരക്ക് പരിധിയിൽ അധികം ക്ഷതമേൽപ്പിക്കുന്നത് തന്‍റെ ജനിതക പദാർത്ഥത്തിന്‍റെ അതിജീവനത്തിനെ ദോഷകരമായി ബാധിക്കും എന്നതിനാൽ പുരുഷൻ അതിന് മുതിരുകയില്ല.” (യുക്തിയുഗം മാസിക, പേജ് 51)
പെരുമ്പാവൂരിലെ ജിഷയും പാലക്കാട്ടെ സൗമ്യയും ഡല്‍ഹിയിലെ നിര്‍ഭയയും കാശ്മീരിലെ ആസിഫയും അടക്കം ബലാത്സംഗത്തിന്‍റെ എണ്ണിയാലൊടുങ്ങാത്തത്ര ഇരകളുടെ മുഖത്തേക്ക് നോക്കിയുള്ള  കൊഞ്ഞനം കുത്തലാണ് ഈ സ്ത്രീവിരുദ്ധ പ്രസ്താവന എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരയ്ക്കല്‍ പോയി കവടി നിരത്തേണ്ട കാര്യമൊന്നുമില്ല.

യുദ്ധകാലത്ത് പട്ടാളക്കാര്‍ ശത്രുരാജ്യത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് പട്ടാളക്കാരുടെ രാജ്യത്ത് ഒരു കുറ്റകൃത്യമായി കണക്കാക്കാത്തത് കൊണ്ട് കുറഞ്ഞ റിസ്കില്‍ കൂടുതല്‍ ജീനോം കോപ്പികള്‍ അടുത്ത തലമുറയിലേക്കു പകര്‍ന്നു കൊടുക്കാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് കാമഭ്രാന്തന്മാരെ സംബന്ധിച്ച് യുദ്ധകാലം! ലേഖകന്‍ എഴുതിയിരിക്കുന്നത് നോക്കൂ:
“ബലാൽസംഗം സമാധാനകാലത്ത് ഒരു ഗൗരവകരമായ കുറ്റമായി കണക്കാക്കി ശിക്ഷിക്കപ്പെടും എന്നത് തീർച്ചയാണ്. എന്നാൽ യുദ്ധകാലത്ത് അങ്ങനെ നടക്കാനുള്ള സാധ്യത തുലോം വിരളവും. ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി നോക്കിയാൽ കുറഞ്ഞ റിസ്കിൽ കൂടുതൽ ജനിതക കോപ്പികൾ ഉണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് യുദ്ധകാലം! അതിനാൽ ‘പ്രയോജനകരമായൊരു അനുകൂലന’മായി മാറുന്ന, യുദ്ധകാല ബലാത്സംഗം” (യുക്തിയുഗം മാസിക, പേജ് 51)

അതായത്, ചുരുക്കിപ്പറഞ്ഞാല്‍  ബലാത്സംഗം എന്നത് തന്‍റെ വര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പിനും തന്‍റെ ജീനിന്‍റെ കോപ്പികള്‍ അടുത്ത തലമുറയിലേക്കു വിതരണം ചെയ്യാനും വേണ്ടി പുരുഷന്‍ അനുഷ്ടിക്കേണ്ട പരിണാമപരമായ ഒരു സാമൂഹ്യബാധ്യത മാത്രമാണ്. ഈ സാമൂഹിക ബാധ്യത പുരുഷന്മാര്‍ നിര്‍വ്വഹിക്കാതിരിക്കണം എന്നുണ്ടെങ്കില്‍ അഥവാ പുരുഷന്മാര്‍ ബലാത്സംഗം ചെയ്യാതിരിക്കണം എന്നുണ്ടെങ്കില്‍ എന്താണ് വേണ്ടത് എന്നും പരിണാമ മതക്കാരന്‍ പറയുന്നുണ്ട്:
“ഏത് സ്ത്രീപുരുഷന്മാർക്കും എപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമായിരുന്നെങ്കിൽ ബലാൽസംഗം ഉണ്ടാകുമായിരുന്നില്ല.” (യുക്തിയുഗം മാസിക, പേജ് 57)

സത്യം പറഞ്ഞാല്‍, ഈയൊരു സംഭവമാണ് ഇതിന്‍റെ ഹൈലൈറ്റ്. പരിണാമത്തിന്‍റെ ബാനറില്‍ ബലാത്സംഗം എന്ന ഹീനവും നീചവും മനുഷ്യത്വവിരുദ്ധവുമായ ഒരു ക്രൂരകൃത്യത്തിനെ സൈദ്ധാന്തിക പിന്‍ബലം നല്‍കി കാമഭ്രാന്തന്മാർ ന്യായീകരിക്കുന്നതിന്‍റെ കാരണം ഇതൊന്നു മാത്രമാണ്. ഏതു സമയത്തും എവിടെ വെച്ചും ഏതു സ്ത്രീയുമായും ബന്ധപ്പെടാന്‍ വിത്തുകാളകള്‍ക്ക് അവസരം ഉണ്ടാകണം, ആ ഒരൊറ്റ കാര്യത്തിനെ സ്ഥാപിക്കാന്‍ വേണ്ടി മാത്രമാണ് ബലാത്സംഗത്തിന് ഇത്രമാത്രം ന്യായീകരണങ്ങള്‍ കൊണ്ടുവരുന്നത്!!

ഏത് സ്ത്രീപുരുഷന്മാർക്കും എപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാന്‍ പറ്റുന്ന ഒരു സാമൂഹിക അന്തരീക്ഷം ഉണ്ടായിരുന്നെങ്കിൽ കാശ്മീരില്‍ ആസിഫ ബലാത്സംഗം ചെയ്യപ്പെടുമായിരുന്നില്ല എന്നാണ് പരിണാമ മതക്കാരന്‍ വാദിക്കുന്നത്. അര്‍ഹതയുള്ളതിന്‍റെ അതിജീവനം എന്ന നിലയില്‍ തന്‍റെ ജീനുകളെ സംരക്ഷിക്കാനും അടുത്ത തലമുറയെ ഉണ്ടാക്കാനും വേണ്ടി പ്രകൃതി തന്നെ പുരുഷന് നല്‍കിയിരിക്കുന്ന ഒരു സാധ്യത ലളിതവത്കരിക്കുകയാണ് ബലാത്സംഗത്തെ! ഇവരൊക്കെ എന്നാണ് യഥാര്‍ത്ഥ ലോകത്തിലേക്ക് ഒന്ന് ഇറങ്ങി വരുന്നത്? ശത്രുവിനെ ഭയപ്പെടുത്തി കീഴടക്കാനുള്ള ഒരു ടൂള്‍ ആയിട്ടാണ് ബലാത്സംഗം ഇരകള്‍ക്ക് നേരെ ഉപയോഗിക്കപ്പെടുന്നത് എന്ന് ചിന്താശേഷിയുള്ള ഏതൊരാള്‍ക്കും ഇന്നറിയാം. ഐസിസും ബോക്കോഹറാമും തങ്ങളുടെ അധീനതയില്‍ വന്ന സ്ത്രീകളുടെ മേല്‍ അത് ചെയ്തത് അവരിലൂടെ തങ്ങളുടെ ജീനുകള്‍ സംരക്ഷിക്കപ്പെടണമെന്ന് വെച്ചിട്ടല്ല എന്നും അവിടങ്ങളില്‍ ഉണ്ടായിരുന്ന യാസീദി, ക്രിസ്ത്യന്‍ സമൂഹങ്ങളെ ഭയപ്പെടുത്തി മതം മാറ്റിക്കാന്‍ വേണ്ടിയായിരുന്നെന്നും ആരോടെങ്കിലും ഈ ബലാത്സംഗവാദികൾക്കു പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു.

ജമ്മു കാശ്മീരിലെ കത്തുവ ഗ്രാമത്തില്‍ എട്ടു വയസ്സുള്ള കുഞ്ഞിനെ ഒരു സംഘം മനുഷ്യ മൃഗങ്ങള്‍ കൂട്ട ബലാത്സംഗം ചെയ്തതും തങ്ങളുടെ ജീനുകള്‍ അടുത്ത തലമുറയിലേക്ക് കോപ്പിയെടുത്ത് സംരക്ഷിക്കപ്പെടണം എന്ന ലക്ഷ്യത്തിലായിരുന്നില്ല. ഇരയുടെ കൂട്ടത്തിലുള്ളവരെ ഭയപ്പെടുത്താനും ആ ഗ്രാമത്തില്‍ നിന്നും അവരെ ഓടിപ്പിക്കാനും വേണ്ടിയുള്ള ടൂള്‍ ആയിട്ടാണ് അവരത് ചെയ്തത്. ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധിയും ബോധവും  ഇല്ലാത്തത് കൊണ്ടും വിത്തുകാളകളെപ്പോലെ എപ്പോഴും എവിടെ വെച്ചും തങ്ങളുടെ കാമശമനം വരുത്താന്‍ ആഗ്രഹിക്കുന്നത് കൊണ്ടുമാണ് കാമഭ്രാന്തന്മാർ ബലാത്സംഗത്തിന് ഇത്രമാത്രം ന്യായീകരണങ്ങള്‍ ചമയ്ക്കുന്നത്.

Advertisements