ബില്ല് പിന്‍വലിച്ചാല്‍ നഷ്ടം കര്‍ഷകനാണെന്ന് പറയാൻ താങ്കൾക്ക് എങ്ങനെ തോന്നി ?

255

റെഡ് റോസാ ലക്സംബർഗ്

മുതലാളിത്തമതസാഹിത്യത്തിനും സംവരണവിരുദ്ധതയ്ക്കും ശേഷം ഉള്ളിലെ വലതുപക്ഷ- നവലിബറല്‍ യുക്തിയെ അടിമുടി പ്രകാശിപ്പിക്കാന്‍ വേണ്ടി സാര്‍ പുതിയൊരു വീഡിയോ ഇറക്കീട്ടുണ്ട്. രവിചന്ദ്രന്റെ വിപണിസ്വാതന്ത്ര്യവാദവും ഇടതുവിരുദ്ധതയുമൊക്കെ തത്കാലം മാറ്റിനിര്‍ത്താം. ഇവിടെ വിഷയം കാര്‍ഷികബില്ലാണ്. കര്‍ഷകന് തന്റെ വിളകള്‍ എവിടെ, എങ്ങനെ, ആര്‍ക്കൊക്കെ വില്‍ക്കണമെന്ന് നിര്‍ണയിക്കാനുള്ള പൂര്‍ണമായ അധികാരം നല്‍കുന്ന സുപ്രധാനഭേദഗതികളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇത് പിന്‍വലിച്ചാല്‍ നഷ്ടം കര്‍ഷകനാണെന്നും അവര്‍ക്കിടയില്‍ ഭീതിവ്യാപാരം നടത്തി തെരുവിലിറക്കുന്ന ഇടനിലക്കാരും ആള്‍ക്കൂട്ടം കണ്ട് കൊടി കൊണ്ടുകെട്ടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും ആണ് ഈ സമരത്തിന്റെ മുന്‍പന്തിയില്‍ എന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ശ്രീജിത്ത് പണിക്കരുടെ മറ്റൊരു വെര്‍ഷനായി തോന്നിയെങ്കിലും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സാറിന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ടുതന്നെ ഇത്തരം പ്രതികരണങ്ങളെ പുച്ഛിച്ചുതള്ളുകയാണ് വേണ്ടത്.

1) മണ്ഡി- APMS സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരും ഭൂവുടമകളും സര്‍ക്കാരുദ്യോഗസ്ഥരും നടത്തുന്ന ചൂഷണവും അഴിമതിയുമാണ് കര്‍ഷകരുടെ ദുരിതത്തിന് കാരണമെന്ന് രവിചന്ദ്രന്‍ വാദിക്കുന്നു. എന്നാല്‍ ഈ വിശദീകരണങ്ങളെല്ലാം കഴിഞ്ഞ് അദ്ദേഹം തന്നെ സമ്മതിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഇന്ത്യയിലെ നെല്ല്, ഗോതമ്പ് , പയറുവര്‍ഗങ്ങള്‍ ഉള്‍പെടെ കൃഷി ചെയ്യുന്ന കര്‍ഷകരില്‍ 60%ല്‍ കൂടുതലും MSP എന്താണെന്ന് പോലും അറിയാത്തവരും മണ്ഡി- APMS സിസ്റ്റത്തിന് പുറത്തുള്ളവരും ഒക്കെയാണ്.. ഇത് രണ്ടും കൂടി എങ്ങനെ ശരിയാവും..? MSP പോലുള്ള സര്‍ക്കാര്‍ ഇടപെടലുകളും മണ്ഡി- സംവിധാനവും ഒക്കെ നേരാവണ്ണം നീതിയുക്തമായി പ്രവര്‍ത്തിക്കുന്നില്ല എന്നതും പലയിടത്തും കേട്ടുകേള്‍വി പോലും ഇല്ലായെന്നതുമാണ് കര്‍ഷകദുരിതത്തിന്റെ പ്രധാനകാരണം. അതിന്റെ പരിഹാരം MSPയെയും സര്‍ക്കാര്‍ സംഭരണസ്ഥാപനങ്ങളെയും ദുര്‍ബലമാക്കുക എന്നതാണോ..?

(സംവരണവിഷയത്തിലും രവിചന്ദ്രന്റെ യുക്തിരാഹിത്യം സമാനമാണ്. ഇന്ത്യയില്‍ ജാതിസംവരണം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ execution ഫലപ്രദമല്ല. സംവരണമാനദണ്ഡങ്ങള്‍ പല സംസ്ഥാനങ്ങളിലും അട്ടിമറിക്കപ്പെടുന്നത് പ്രാതിനിധ്യക്കണക്കുകളില്‍ വ്യക്തമാണ്. പക്ഷേ രവിചന്ദ്രന്റെ ആശയം സംവരണം ഉള്ളതുകൊണ്ടാണ് ജാതിവിവേചനം മാറാതെ തുടരുന്നത് എന്നാണ്. മണ്ഡികളും ഇടനിലക്കാരും ഉള്ളതുകൊണ്ടാണ് കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നത് എന്നും പറയുന്നതിന്റെ ലോജിക്ക്- ഇല്ലായ്മ സമാനമാണ്)

2) കര്‍ഷകനും സ്വന്തം നിലയില്‍ വിലപേശാമെന്നും അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും അദ്ദേഹം ന്യായീകരിക്കുന്നുണ്ട്.. ജീവിക്കാന്‍ നിവൃത്തിയില്ലാതെ എന്തിനും തയ്യാറാകുന്ന കര്‍ഷകനും ഒരു കാര്‍ഷികകരാര്‍ വേണ്ടെന്നുവെച്ചാലും ഒന്നും നഷ്ടപ്പെടാനില്ലാത്ത വന്‍കിടകോര്‍പ്പറേറ്റുകളും തമ്മില്‍ ബാര്‍ഗെയ്ന്‍ നടന്നാല്‍ അവിടെ ആരുടെ താത്പര്യമാവും സംരക്ഷിക്കപ്പെടുക..? വിലപേശല്‍ശേഷിയുള്ളവന്റെ താത്പര്യമേ എല്ലാക്കാലത്തും എല്ലാ ബാര്‍ഗയിനിങിലും നടപ്പാകുകയുള്ളൂ.. കര്‍ഷകനില്ലാത്തതും അതാണ്. കോണ്‍ട്രാക്റ്റ് ഉറപ്പിക്കുന്ന വന്‍കിടമുതലാളിയുടെ സ്വാധീനത്തിനും ചൂഷണങ്ങള്‍ക്കും വഴങ്ങിക്കൊടുക്കുക എന്നതെ അവര്‍ക്ക് ചെയ്യാനുള്ളൂ.. സാമൂഹ്യബോധം ഇല്ലായ്മയെ കേവലയുക്തി കൊണ്ട് മറികടക്കാനാവില്ല.

3) നിലവിലെ വിളസംഭരണസംവിധാനങ്ങളും ബന്ധപ്പെട്ട നിയമങ്ങളും കര്‍ഷകക്ഷേമപദ്ധതികളും ഒക്കെ പൂര്‍ണതോതില്‍ നടപ്പാകുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുറകിലാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഒക്കെ ഇതിന്റെ മുഖമുദ്രയുമാണ്. ഇതില്‍ രവിസാറിനും ഭക്തന്മാര്‍ക്കും എതിര്‍പ്പുണ്ടാവാനിടയില്ല. പക്ഷേ അവര്‍ കര്‍ഷകബില്ലിനെ ന്യായീകരിക്കാനായി പറയുന്നൊരു വാദം, ഈ ബില്ലില്‍ കര്‍ഷകനെ പിന്തുണയ്ക്കുന്ന ധാരാളം പോയിന്റുകള്‍ ഉണ്ടെന്നാണ്. (കേസുകളില്‍ പെട്ട് കോടതി കയറിയിറങ്ങാതിരിക്കാന്‍ പ്രാദേശികതര്‍ക്കപരിഹാരസെല്ലുകള്‍, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍, വിത്ത്, വളം, കീടനാശിനി, മുതലായവ).

കൂടാതെ പൂഴ്ത്തിവെപ്പിനും അമിതമായി ചരക്കുസംഭരിക്കുന്നതിനും നിയമപരമായ സാധുത നല്‍കുന്ന ആവശ്യസാധനനിയമവും രവിസാറിന് ആശങ്കയുണ്ടാക്കുന്നില്ല. വില 50% ല്‍ കൂടിയാല്‍ പൂഴ്ത്തിവെപ്പ് തടയാന്‍ വകുപ്പുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു.
ഒറ്റച്ചോദ്യം- ഇത്രമേല്‍ കെടുകാര്യസ്ഥതയും അഴിമതിയും നിലനില്‍ക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ‘ഈ പുതിയ ബില്ലില്‍ കര്‍ഷകക്ഷേമത്തിനു വേണ്ടിയുറപ്പാക്കുന്ന വാഗ്ദാനങ്ങള്‍ സത്യസന്ധമായി നടപ്പാക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ..? 50% ലേറെ വില വര്‍ധിച്ചാല്‍ സംഭരണം പരിമിതപ്പെടുത്തുമെന്ന നിയമത്തിലെ ന്യായം ഈ സംവിധാനങ്ങള്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ.. അതോ പൂഴ്ത്തിവെപ്പുകാര്‍ക്ക് വേണ്ടി കണ്ണടയ്ക്കാനാണോ സാധ്യത..

4) തലവേദന വന്നാല്‍ തല വെട്ടുമോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ സംഭരണമാര്‍ഗങ്ങള്‍ ‘തലയേ’ അല്ല എന്നദ്ദേഹം പറഞ്ഞ് കയ്യൊഴിയുന്നു. പണിയെടുക്കുന്നവന് മിനിമം താങ്ങുവിലയും ഇന്‍ഷുറന്‍സും മറ്റ് സൗകര്യങ്ങളും കൃഷിസഹായങ്ങളും
വിളസംഭരണവും മുതല്‍ റേഷനായും മറ്റും ഭക്ഷ്യധാന്യം നമ്മുടെ സഞ്ചികളില്‍ എത്തുന്നത് വരെയുള്ള വിപുലമായ സര്‍ക്കാര്‍ ഇടപെടലുകള്‍ രവിസാറിന് ‘തല’ അല്ലായിരിക്കാം. ഇതൊക്കെ ദുര്‍ബലപ്പെടുന്നതും ഇല്ലാതാകുന്നതും കര്‍ഷകനെ സംബന്ധിച്ച് തലപോകുന്നതിന് തുല്യമാണ്. കുത്തകകോര്‍പറേറ്റുകള്‍ വിപണിയില്‍ പ്രതിഷ്ഠിക്കപ്പെടുന്നതോടെ അവരുടെ monopoly കാലക്രമേണ ശക്തമാകുകയും മണ്ഡി-സംവിധാനങ്ങളും ചെറുകിടക്കാരും കളംവിടുകയും ചെയ്യും. (സര്‍ക്കാരിന്റെ FCI യുടെ മോണോപോളിയെക്കുറിച്ച് മാത്രമേ രവിസാറിന് വേവലാതിയുള്ളൂ. അംബനിയുടെയും അദാനിയുടെയും കുത്തകയൊക്കെ അദ്ദേഹത്തെ സംബന്ധിച്ച് പുരോഗതിയാണ്! ).
സ്വാഭാവികമായും വിലപേശല്‍ശേഷിയുള്ള കോര്‍പ്പറേറ്റുകളുടെ ഭീഷണികള്‍ക്കുമുന്നില്‍ ഗത്യന്തരമില്ലാതെ വഴങ്ങുകമാത്രമേ കര്‍ഷകര്‍ക്ക് ചെയ്യാനുള്ളൂ..

നിയമം പാസായാല്‍ അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൃഷ്ടിക്കുന്നത് ഭക്ഷ്യസംഭരണവും സംസ്കരണവും റീടെയ്ല്‍ മേഖലയും കുത്തകവത്കരിക്കപ്പെട്ട ഒരു വിപണിയെ ആകുമെന്നുറപ്പ്. കര്‍ഷകന്റെ വരുമാനം പ്രതിസന്ധിയിലാവുകയും കര്‍ഷകആത്മഹത്യകള്‍ പെരുകുകയും ചെയ്യും. വിളകള്‍ക്കുപുറമേ, കൃഷിക്കാവശ്യമായ വിത്ത്, കീടനാശിനി, വളം, ഉപകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടും കമ്പനികള്‍ കര്‍ഷകരെ പലവിധ കരാറുകളില്‍ കുടുക്കുകയും തങ്ങളുടെ വിത്തും മറ്റുസാമഗ്രികളും മാത്രം വാങ്ങുവാന്‍ അവരെ നിര്‍ബന്ധിതമാക്കുകയും ചെയ്യാം. കര്‍ഷകന്‍ തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും വിളകള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റാല്‍ ഗ്രൂപ്പായി ചേര്‍ന്ന് അവരെ ഭീഷണിപ്പെടുത്താനും കൂട്ടത്തോടെ അയാളുടെ വിള ബഹിഷ്കരിച്ച് കര്‍ഷകനെ തങ്ങളുടെ വഴിക്കാക്കാനും ഒക്കെയുള്ള Cartelization പോലുള്ള മുതലാളിത്തതന്ത്രങ്ങള്‍ ഇന്നും വ്യാപകമാണ്.

5) രവിചന്ദ്രനും പൊതുവേ സംഘഭക്തന്മാരും ഒക്കെ പറയുന്നത് കേട്ടാല്‍ തോന്നുന്നത് കാര്‍ഷികരംഗത്തെ പ്രൈവറ്റ് മാര്‍ക്കറ്റും ലിബറലൈസേഷനും മോഡി സര്‍ക്കാര്‍ കൊണ്ടുവരുന്ന വിപ്ലവമാണെന്നാണ്. ഇതൊക്കെ നേരത്തെ ഇവിടെ നിലനില്‍ക്കുന്നതാണ് സാറേ.. കോണ്‍ട്രാക്ട് ഫാമിങും കമ്പനികളുടെ വിളസംഭരണവുമൊക്കെ എത്രയോ സംസ്ഥാനങ്ങളില്‍ അപ്രഖ്യാപിതമായി നിലനില്‍ക്കുന്ന കാര്യങ്ങളാണ്. നേരത്തെ പറഞ്ഞ APMS പോലുള്ളവയുടെ ഗുണം ലഭിക്കാത്ത ഭൂരിപക്ഷം കര്‍ഷകരും വാസ്തവത്തില്‍ വിപണിയിലെ ഈ ‘സ്വാതന്ത്ര്യം’ നേരത്തെ അനുഭവിക്കുന്നവരും തുച്ഛമായ വിലയ്ക്ക് അരിയും തക്കാളിയും ഉള്ളിയും പയറുമൊക്കെ വിറ്റൊഴിയുന്നവരുമാണ്. CAA പോലെ വര്‍ഗീയധുവീകരണത്തിനുള്ള അജണ്ഡയൊന്നും സര്‍ക്കാരിന് ഇതിലില്ലെന്ന് രവിസാര്‍ വാദിക്കുന്നു. ഏതൊരു വലതുപക്ഷഭരണകൂടത്തിന്റെയും ഒന്നാമത്തെ അജണ്ഡ കോര്‍പ്പറേറ്റുകളുടെ അപ്രമാദിത്വം ഉറപ്പാക്കലാണെന്നും വര്‍ഗീയധ്രുവീകരണമൊക്കെ അവരുടെ ‘അധികാരലബ്ധിക്കുള്ള’ മാര്‍ഗങ്ങള്‍ മാത്രമാണെന്നും രവിസാറിന് അറിയില്ല. കഴിഞ്ഞ ദിവസങ്ങളിലായി അംബാനിയുടെ റിലയന്‍സ് റീടെയ്ലിന്റെ (RRVL) ഓഹരികളിലേക്ക് വിദേശമൂലധനത്തിന്റെ ഒഴുക്ക് ഗണ്യമായ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ട്. ഈ നിയമം കൊണ്ട് ഗുണമുണ്ടാകുന്ന ‘കര്‍ഷകര്‍’ ആരൊക്കെയാണെന്ന് വ്യക്തം.
നിലവിലെ ഈ നിയമത്തില്‍ പൂഴ്ത്തിവെപ്പിനൊന്നും സ്കോപ്പില്ലെന്നും മാര്‍ക്കറ്റില്‍ ബാക്കിയുള്ളവര്‍ മണ്ടന്മാരല്ലെന്നുമാണ് സാറിന്റെ കണ്ടെത്തല്‍.. ഇതിനൊക്കെ എന്താ മറുപടി പറയുക..!!

**

രവിചന്ദ്രൻ സാർ ഇതുകൂടി വായിക്കണം

ഷെറി ഗോവിന്ദൻ

മുകേഷ് അംബാനി ജിയോ കൊണ്ടു വന്നപ്പോൾ ആദ്യത്തെ ഒരു വർഷം അൺലിമിറ്റഡ് ഡാറ്റയും കോളും രാജ്യം മുഴുവൻ ഫ്രീ ആയി കൊടുത്തു, പിന്നീടത് മൂന്നു മാസത്തേക്ക് മുന്നൂറ് രൂപയാക്കി. കുറച്ചു കഴിഞ്ഞപ്പോൾ മൂന്നു മാസത്തേക്ക് മുന്നൂറ് രൂപക്ക് 2gb യും അൺലിമിറ്റഡ് കോളും ആയി. ഇന്ന് ഇതേ പാക്കേജ് 86ദിവസത്തേക്ക് 600 രൂപ ആണ്.
ഇവരോട് മത്സരിക്കാനാവാതെ മറ്റു കമ്പനികൾ മിക്കതും പൂട്ടി പോയി. BSNL നെ സർക്കാർ തന്നെ ഇവർക്കു വേണ്ടി ഒരു പരുവത്തി’ലാക്കി, പേരിനെങ്കിലും ബാക്കി നിന്ന് മത്സരിക്കുന്ന കമ്പനികൾ കൂടി പൂട്ടി പോയാൽ ഇന്നത്തേതിലും എത്രയോ ഇരട്ടി പണം നമ്മൾ ജിയോയ്ക്ക് കൊടുത്തു കൊണ്ടേയിരിക്കേണ്ടി വരും.
ഇതിനേക്കാൾ എത്രയോ വലിയ ഭീകരതയാണ് പുതിയ കാർഷിക ബിൽ രാജ്യത്ത് സൃഷ്ടിക്കാൻ പോകുന്നത്, കർഷകരിൽ നിന്നും വിളകൾ നേരിട്ട് സംഭരിക്കുവാനും, അതിനു വില നിശ്ചയിക്കാനും എത്രകാലം വരെയും സ്വന്തം ഗോഡൗണിൽ സൂക്ഷിക്കുവാനും സ്വന്തം നിലയിൽ വില തീരുമാനിക്കാനും ഉള്ള അവകാശം കോർപറേറ്റുകൾക് തീറെഴുതി കൊടുക്കുന്നതാണ് പുതിയ ബിൽ.
പെട്രോളിയം കമ്പനികൾക്ക് ഇതേ അവകാശം കൊടുത്തത് കൊണ്ടാണ് ക്രൂഡ് വില ഈ അടുത്ത കാലത്ത് 10ഡോളർ വരെ താഴെ വന്നപ്പോഴും നമ്മൾ 75 രൂപ വിലയിൽ പെട്രോൾ വാങ്ങേണ്ടി വന്നത്, ഒരു കൺസ്യൂമർ സ്റ്റേറ്റ് ആയ കേരളത്തിൽ ഉപയോഗിക്കുന്ന അരിയുടെ 75 ശതമാനവും മറ്റു സ്റ്റേറ്റുകളിൽ നിന്നും വരുന്നതാണ്, കോർപ്പറേറ്റുകൾ അരി സംഭരിക്കുന്നു എന്നു കരുതുക, അപ്പോൾ അവർ പറയുന്ന വിലക്കു നമ്മൾ വാങ്ങേണ്ടി വരും, എന്നുവെച്ചാൽ ഇന്ന് 40 രൂപ വിലയിൽ കിട്ടുന്ന അരി 100 രൂപയോ അതിനു മുകളിൽ ഒരു വിലക്കോ വാങ്ങേണ്ടി വരും. ഇത് അതിശയോക്തി ആണ് എന്നു കരുതുന്നവർ ഗാസിന്റെ കാര്യം ഓർത്താൽ മതി. 250 രൂപ വിലയുണ്ടായിരുന്ന ഗാസിന് 500 രൂപ വിലയാക്കിയ ശേഷം അധിക വില സബ്സീഡി ആയി, A/c ൽ വരും എന്നു പറഞ്ഞു, കുറച്ചു നാളത്തേക്ക് അത് നടന്നു, ഇന്നിപ്പോൾ ഗ്യാസ് വില 650 രൂപ ആണ്, നിലവിൽ ആർക്കെങ്കിലും സബ്സിഡി കിട്ടുന്നതായി അറിയില്ല.
ഒരു രാജ്യത്തെ ഭരണകൂടം അതേ രാജ്യത്തെ തീർത്തും ഇല്ലാതാക്കുന്ന അതിവിചിത്രമായ അവസ്ഥക്കാണ് നാം സാക്ഷികളാവുന്നത്. ഭരിക്കുന്നവരുടെയും അവരെ ഭരിക്കുന്നവരുടേയും സമ്പത്തിനോടുള്ള അമിതാർത്തി നാടിനെ തീർത്തും ഇല്ലാതാക്കുന്നു.