ആദ്യ രാത്രിയിലേ ഭർത്താവിന്റെ പ്രഥമ സ്പർശത്തെ, ഉറക്കം വരുന്നു എന്ന് കണ്ണീർ തളം കെട്ടി കലങ്ങിയ കണ്ണുകളുമായി വകഞ്ഞുമാറ്റി കട്ടിലിന്റെ ഓരത്തേക്ക് ചേർന്നു കിടക്കുന്ന ദിവ്യ (രേവതി). പക്ഷേ, ഭർത്താവിനൊപ്പം ഡൽഹിയിൽ താമസമാക്കിയ ആദ്യ നാളിൽ അയാളുടെ സ്പർശനത്തെ വെറുപ്പോടെ എതിർക്കുന്നു. ഭർത്താവായ ചന്ദ്രകുമാറിന്റെ (മോഹൻ) സ്പർശനത്തെ ദിവ്യ പുഴു അരിക്കുന്നതിനോട് ഉപമിക്കുമ്പോൾ അയാൾ തീർത്തും വിളറി വെളുത്തു പോകുന്നുണ്ട്. നിർവികാരാതയ്ക്കപ്പുറം അയാളിൽ ഒരു അപകർഷതാബോധമാണ് ഉടലെടുക്കുന്നത്. ഒരു എടുത്തുചാട്ടക്കാരന്റെ കുറ്റബോധം ഉണർന്നു പ്രവർത്തിക്കുമ്പോഴാണ് അയാൾ ദിവ്യയെ കൂട്ടി പുറത്ത് പോകാൻ തീരുമാനിച്ചത്. ദില്ലിയിലെ താജ് ഹോട്ടലിലെ ഒരു ഒഴിഞ്ഞ ടേബിളിൽ ഇരിക്കുമ്പോൾ മങ്ങിയ വെളിച്ചം ദിവ്യയുടെ മുഖത്തെ കൂടുതൽ കറുപ്പിച്ചിരുന്നു. ഒഴുകിയെത്തിയ പതിഞ്ഞ സംഗീതത്തിലും അരിച്ചെത്തുന്ന ഏസിയുടെ തണുപ്പിലും അവൾ അസ്വസ്ഥയായിരുന്നു. അവളിൽ വിവാഹാനന്തരം ഒരു മൗനം കട്ടപിടിച്ചു നിന്നു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ ആദ്യമായി അവൾക്കെന്തെങ്കിലും സമ്മാനം നൽകാൻ ആഗ്രഹിക്കുന്ന ചന്ദ്രകുമാറിനോട് അവൾ ആവശ്യപ്പെടുന്നത് വിവാഹമോചനമാണ്.
ബിരുദ വിദ്യാർത്ഥിനി ആയിരുന്നിട്ടുകൂടി കുറുമ്പിയും മടിച്ചിയും നുണച്ചിയും വഴക്കാളിയുമൊക്കെയായ ഒരു പെൺകുട്ടിയായി കണ്ട ദിവ്യയുടെ ഉള്ളിൽ പെയ്തു തോരാൻ വെമ്പി നിൽക്കുന്ന സങ്കടങ്ങളുടെ കാർമേഘങ്ങൾ ഉണ്ടായിരുന്നു. അതിനെ മറയ്ക്കാനെന്നവണ്ണം ഇടയ്ക്കിടെ വന്നുപോകുന്ന മങ്ങിയ സൂര്യനാളമായിരുന്നു അവളിലെ കൊച്ചു കൊച്ചു പിടിവാശികൾ. ജീവിതത്തെ വളരെ സരളമെന്നു കരുതിയ മനോഹർ (കാർത്തിക്) ഒരു ദിവസം നിനച്ചിരിക്കാതെ അവളുടെ ജീവിതത്തിന്റെ എല്ലാം എല്ലാം ആകുന്നു. എന്നാൽ അയാൾക്കുള്ളിൽ ഒരു വിപ്ലവകാരി ഉണ്ടായിരുന്നു. ജീവവായുപോലെ അയാൾ ശ്വസിച്ച വിപ്ലവം, പ്രണയത്തിന് അടിയറ വയ്ക്കുന്നിടത്തോളം ചെന്നെത്തിയ, രെജിസ്റ്റർ വിവാഹത്തിന്റ അവസാന നിമിഷത്തിൽ സംഭവിക്കുന്ന അയാളുടെ അപകടമരണം. പുറത്ത് കരഞ്ഞു തീർക്കാൻ കഴിയാതെ, ചിരിക്കാൻ നിർബന്ധിതയാകുന്ന ജീവിതവുമായി മുന്നോട്ടു പോകാൻ പാടുപെടുന്ന ഒരുവളായിരുന്നു ദിവ്യയെന്ന് അന്ന് ചന്ദ്രകുമാർ മനസ്സിലാക്കുന്നു. ആ മനസ്സിൽ ഇടമില്ലെന്ന് മനസ്സിലാക്കിയ ചന്ദ്രകുമാർ പിടിവാശിക്കൊ, വാദപ്രതിവാദങ്ങൾക്കോ മുതിരാതെ വിവാഹമോചനത്തിന് സമ്മതം മൂളുന്നു. എന്നാൽ, വിവാഹം കഴിഞ്ഞു ആഴ്ചകൾ മാത്രായിരുന്നതിനാൽ അന്നത്തെ നിയമം (1986) ഒരു വർഷം വരെ വിവാഹമോചനത്തിനായി ക്ഷമയോടെ കാത്തിരിക്കാൻ അവരോട് ആവശ്യപ്പെടുന്നു.
എന്നാൽ.. വിവാഹമോചനത്തിനായി അപേക്ഷ കൊടുത്തവന്ന രാത്രി പുലർന്നപ്പോൾ മുതൽ ദിവ്യ തന്റെ ഭർത്താവിനെ ശ്രദ്ധിച്ചു തുടങ്ങി. അറിഞ്ഞുതുടങ്ങി. സ്നേഹിച്ചു തുടങ്ങി. ഒടുവിൽ.. ഒടുവിൽ.. പ്രണയിച്ചു തുടങ്ങി. സ്നേഹം, പ്രണയം ഒക്കെ ഉടലെടുക്കുന്ന ചില നിമിഷങ്ങളുണ്ട്. അനർഘ നിമിഷങ്ങൾ! ഒരുപക്ഷേ ഒരു പൂ പൂക്കുന്നപോലെ ലോലമാണെങ്കിലും പ്രണയത്തിന്റെ പിറവി പലപ്പോഴും വേദനാജനകമാണ്. ഒരിക്കൽ നിരാകരിച്ച സ്നേഹം കയ്യിൽ ഒന്നു മുത്താൻ വെമ്പി നിൽക്കുന്ന ദിവ്യയിൽ നിന്ന് ചന്ദ്രകുമാറിനും അകലാൻ കഴിയുമായിരുന്നില്ലല്ലോ. സ്നേഹം-പ്രണയം ഇത്രയും മൃദുലമായിരുന്നോ? ഒരു പനിനീർ പൂവിതൾ പോലെ.
90’കളിലെ ദൂരദർശൻ കാലത്ത് പൊതിഗൈ ചാനലിൽ ഏതോ ഒരു വെള്ളിയാഴ്ച രാത്രി ഈ സിനിമ ഉറക്കമൊഴിഞ്ഞു കണ്ടുതീർക്കുമ്പോൾ രേവതിയുടെ ദിവ്യയുടെ വിക്രിയകളും ഇളയരാജ സംഗീതം നൽകി ജാനകിയമ്മ പാടിയ-
“ചിന്ന ചിന്ന വണ്ണ കുയിൽ..”
എന്ന മനോഹരമായ പാട്ടും മാത്രമായിരുന്നു മനസ്സിൽ. പിന്നീട് വളർന്നു തുടങ്ങിയ കാലത്തും മറ്റും ടീവിയിൽ പലവട്ടം വന്ന ഈ സിനിമ കഴിവതും ഒഴിവാക്കാറില്ല. പ്രണയത്തെ അത്രയും തീവ്രമായി ആവിഷ്കരിക്കുന്നതിൽ മണിരത്നത്തെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ ആരുമില്ലെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചിത്രം. 1986 ഓഗസ്റ്റ് 15-ന് തിയേറ്ററിൽ എത്തിയ ചിത്രം ആ വർഷത്തെ മികച്ച ഫീച്ചർ ഫിലിമുന്നുള്ള ദേശീയ പുരസ്‌കാരം വാങ്ങിയിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ അവതാരക രേവതിയോട് ചോദിക്കുകയുണ്ടായി ചെയ്ത കഥാപാത്രങ്ങളിൽ ജീവിതത്തോട് സാമ്യമുള്ള ഏതെങ്കിലും ഉണ്ടോ എന്ന്. നിമിഷനേരം പോലും ചിന്തിക്കാതെ രേവതി പറഞ്ഞു- ഉണ്ട്. ‘മൗനരാഗ’ത്തിലെ ‘ദിവ്യ’. വർഷങ്ങൾ എത്ര കടന്നു പോയിരിക്കുന്നു. എന്നിട്ടും ഈ പ്രണയ ചിത്രത്തിന് മാത്രം തെല്ലും മങ്ങലേറ്റിട്ടില്ല. അന്നെന്നപോലെ ഇന്നും കാതിനും കണ്ണിനും ഇമ്പമായി ഒരു മൗനരാഗം..!!
പ്രിയ നടി രേവതിയുടെ ജന്മദിനത്തിൽ ഓർക്കാൻ ഇതിലും നല്ലൊരു സിനിമയില്ല.