എന്താണ് റിവഞ്ച് പോണ് (revenge porn) അല്ലെങ്കില്‍ പ്രതികാര അശ്ലീല വിഡിയോ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
ഒരാളുമായി പങ്കുവയ്ക്കുന്ന സ്വകാര്യ നിമിഷങ്ങളുടെ വിഡിയോകളും , ഫോട്ടോകളും പകര്‍ത്തി
വയ്ക്കുകയും, ഈ വ്യക്തി പിന്നീട് പങ്കാളി പറഞ്ഞാല്‍ കേള്‍ക്കാതെ വരുമ്പോള്‍ അവ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയെ ആണ് റിവഞ്ജ് പോണ് എന്നു വിളിക്കുന്നത്. ഇത്തരം കേസുകളിലെല്ലാം തന്നെ സ്ത്രീകളാണ് പ്രധാനമായും ഇരകള്‍ ആവുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ വലിയൊരു പ്രശ്നമായ ഇത് മൂലം വിഷമം അനുഭവിക്കുന്നവർക്ക് അതു നിയന്ത്രിക്കാനുള്ള അധികാരം നല്കാൻ ഫെയ്സ്ബുക്കും , ഇന്‍സ്റ്റഗ്രാമും ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ നടപടി എടുത്തിട്ടുണ്ട്. 2017ല്‍ ഇത്തരത്തിലൊരു നീക്കം ഫെയ്സ്ബുക് സ്വന്തമായി ഓസ്ട്രേലിയയില്‍ തുടങ്ങിയിരുന്നു. പങ്കാളിയുടെ നീക്കത്തിനെതിരെ ഇരകള്‍ക്ക് പരാതി നല്കാൻ അവസരം നല്‍കുകയായിരുന്നു ഉദ്ദേശം. അത് ഫെയ്സ്ബുക്കിനുള്ളില്‍ തന്നെയായിരുന്നു.
പുതിയ നീക്കം വഴി ഏതു പ്ലാറ്റ്ഫോമിലൂടെ ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കപ്പെട്ടാലും ഇരകള്‍ക്ക് പരാതി നല്കാന് സാധിക്കും. പക്ഷേ, പുതിയ നീക്കത്തിന് ചില പ്രായോഗിക പ്രശ്നങ്ങളും ഉണ്ട്.പങ്കാളി തന്റെ വിഡിയോ അല്ലെങ്കില്‍ ഫോട്ടോ പ്രചരിപ്പിച്ചേക്കാമെന്നു തോന്നിയാല്‍ തങ്ങളാണ് ചിത്രത്തിലുള്ളത് എന്നുള്ളതിന് ഉറപ്പു നല്‍കണം. തുടര്‍ന്ന്, പങ്കാളി പ്രചരിപ്പിക്കാന്‍ സാധ്യതയുള്ള വിഡിയോ അല്ലെങ്കില്‍ ഫോട്ടോ നേരത്തെ അതാത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലേക്ക് അപ്ലോഡ് ചെയ്യണം. അല്ലെങ്കില്‍ തങ്ങള്‍ പൂര്‍ണമായി നഗ്നരായി ഇരിക്കുന്നതോ, ഭാഗികമായി നഗ്നരായി ഇരിക്കുന്നതോ ആയിട്ടുള്ള ഫോട്ടോകളും , വിഡിയോകളും അപ്ലോഡ് ചെയ്യണം. ഇത് ഉപയോഗിച്ചാണ് ഒരു വ്യക്തിക്കു വേണ്ടിയുള്ള സവിശേഷമായ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റുകള്‍ അല്ലെങ്കില്‍ ഹാഷുകള്‍ തയാറാക്കുക. ഈ ഹാഷുകള്‍ ഫെയ്സ്ബുക്കും , ഇന്‍സ്റ്റഗ്രാമും അടക്കം പുതിയ നീക്കവുമായി സഹകരിക്കുന്ന എല്ലാ കമ്പനികള്‍ക്കും നല്‍കും.
ഫോണിന്റെ ഗ്യാലറിയിലുള്ള നഗ്ന വിഡിയോകളും , ഫോട്ടോകളും കമ്പനി നൽകുന്ന ഒരു പ്രത്യേക വെബ്സൈറ്റിലെത്തി അപ്ലോഡ് ചെയ്യണം. ഇവ പ്രോസസ് ചെയ്യാനുള്ള സമ്മതപത്രവും നല്‍കണം. കമ്പനികളെല്ലാം ചിത്രങ്ങളുടെയും , വിഡിയോകളുടെയും ദുരുപയോഗം തടയുന്നതിന് ശ്രമിക്കുന്നവയോ, ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി നിലകൊള്ളുന്നവയോ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവയോ ആയിരിക്കും.
ഈ കമ്പനികള്‍ക്കൊന്നും ഇര അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും , വിഡിയോകളും നല്‍കില്ല. ഒരു പ്ലാറ്റ്ഫോമില്‍ സാമ്യമുള്ള മെറ്റീരിയല്‍ കണ്ടെത്തിയാല്‍ കണ്ടെന്റ് മോഡറേറ്റര്‍മാര്‍ റിവ്യൂ നടത്തുകയും അത് നീക്കം ചെയ്യുകയും ചെയ്യും. ഒരിക്കല്‍ ഇത് കണ്ടെത്തിയാല്‍ ഭാവിയില്‍ സമാനമായി വിഡിയോ അപ്ലോഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തുമെന്നും പറയുന്നു. ലോകത്ത് എവിടെയുമുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
**