Harilal Rajendran
ഞങ്ങൾ വെഞ്ഞാറമൂടുകാർക്ക് സിനിമയിലെത്തും മുൻപേ റിസബാവ സ്വന്തമായിമാറിയത് “സ്വാതി തിരുനാൾ” നാടകത്തിലെ രാജാവായതോടെയാണ്. വെഞ്ഞാറമൂട്ടിലെ പ്രമുഖരായ രണ്ട് പ്രൊഫഷണൽ നാടക തിയറ്ററുകളായിരുന്നു സൗപർണ്ണികയും സംഘചേതനയും. അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രന്റെ ഉടമസ്ഥതയിൽ സൗപർണ്ണികയും പനങ്ങോട് കുടുംബം വക സംഘചേതനയും കേരളമാകെ മികച്ച നാടകങ്ങളുമായിപ്പോയിട്ടുണ്ട്.
1989ൽ സംഘചേതനയുടെ “സ്വാതി തിരുനാളി”ൽ രാജാവിന്റെ വേഷം ചെയ്തിരുന്ന സായികുമാറിനെ “റാംജി റാവു സ്പീക്കിംഗി”ൽ നായകനായി സിദ്ദിഖ്-ലാൽ കൊണ്ടുപോയി. അപ്പോൾ തുടർന്ന് രാജാവായി എത്തിയത് സുമുഖനായ റിസബാവയായിരുന്നു. 1990ൽ “ഇൻ ഹരിഹർ നഗറി”ൽ “ജോൺ ഹോനായി”യായി റിസബാവയേയും സിദ്ദിഖ്-ലാൽ വെഞ്ഞാറമൂട്ടിൽ നിന്നും കൊണ്ടുപോയി.
ഇന്ന് ഈ ചിത്രങ്ങൾ പനങ്ങോട്ട് കുടുംബത്തിൽ നിന്നും കിട്ടിയതാണ്. ഇതെല്ലാം സൂക്ഷിച്ചു വയ്ക്കുന്നതിന് അവർക്ക് നന്ദി.
ഒന്നാമത്തെ ഫോട്ടോ “ഇന്ദുലേഖ” എന്ന നാടകത്തിലേതാണ്. മാധവനും ഇന്ദുലേഖയും. റിസബാവയ്ക്കൊപ്പമുള്ള നടി ഇപ്പോൾ സീരിയലുകളിൽ സുപരിചിതമുഖമായ “വിജയകുമാരി”യാണ്. രണ്ടാമത്തെ (സ്വാതി തിരുനാൾ) ചിത്രത്തിൽ റിസബാവയ്ക്കൊപ്പമുള്ളത് പിരപ്പങ്കോട് മുരളിയും പി.കെ.വേണുക്കുട്ടൻ നായരുമാണ്. സിനിമാ നടനെന്നതിലുപരി വേണുക്കുട്ടൻ നായർ വെഞ്ഞാറമൂട്ടിൽ സംഘചേതനയിലും കുട്ടികളുടെ നാടകവേദിയായ രംഗപ്രഭാതിലും സംവിധായകനായും പ്രവർത്തിച്ചിരുന്ന കാലമായിരുന്നു അത്.