രോഹിത് വെമുലയുടെ ഓർമ്മക്ക് നാല് വയസ്സ്

0
139

രോഹിത് വെമുലയുടെ ഓർമ്മക്ക് നാല് വയസ്സ്

വിവേചനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയത്തിന്റെ ഒരു ഇരയാണ് രോഹിത് വെമുല.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി എന്ന ഇന്ത്യയിലെതന്നെ എണ്ണപ്പെട്ട ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിലെ ഗവേഷക വിദ്യാർത്ഥിയായിരുന്നു രോഹിത് വെമുല.

പ്ലാന്റ് സയൻസിൽ സിഎസ്‌ഐആർ ഫെലോഷിപ്പും സയൻസ് ആൻഡ് ടെക്‌നോളജിയിൽ യുജിസി- ജെആർഫും ലഭിച്ച സമർത്ഥനായ വിദ്യാർത്ഥി. സംവരണത്തിന്റെ ആനുകൂല്യമുണ്ടായിട്ടും അതിന് നിൽക്കാതെ മെറിറ്റ് ലിസ്റ്റിൽ അഡ്മിഷൻ നേടിയ മിടുക്കൻ.

അംബേദ്കർ സ്റ്റുഡന്റ്‌സ് അസ്സോസിയേഷൻ എന്ന സംഘടനയുടെ സജീവ പ്രവർത്തകനും സംഘാടകനുമായിരുന്ന രോഹിത് ഒരു ദരിദ്ര കുടുംബത്തിന്റെ അത്താണിയായിരുന്നു. എബിവിപി പ്രവർത്തകരുമായി ക്യാമ്പസ്സിനകത്തുണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന് രോഹിതും മറ്റ് നാല് വിദ്യാർത്ഥികളും സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു.

Image may contain: 3 people, people standing and outdoorസസ്‌പെൻഷനിലായ രോഹിതിന്റെ ഫെല്ലോഷിപ്പ് തടഞ്ഞു വയ്ക്കുകയും ക്യാമ്പസ്സിനുള്ളിൽ ഹോസ്റ്റൽ, ലൈബ്രറി, കാന്റീൻ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു. നിരാധാരനായ രോഹിത് ക്യാമ്പസ്സിനുള്ളിൽ കുടിലുകെട്ടി കഴിയേണ്ട സാഹചര്യവുമുണ്ടായി.

മുസഫർപൂരിൽ നടന്ന വർഗ്ഗീയ കലാപത്തെക്കുറിച്ച് തയ്യാറാക്കപ്പെട്ട ‘മുസഫർ നഗർ ബാകി ഹേ’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തെത്തുടർന്ന് ക്യാമ്പസ്സിനകത്ത് എബിവിപി പ്രവർത്തകരുമായി നടന്നുവെന്നു പറയപ്പെടുന്ന ഏറ്റുമുട്ടലാണ് സംഭവങ്ങളുടെ തുടക്കം.

മുസഫർപൂർ കലാപം ബിജെപിയുടെ ആസൂത്രിത ഗൂഢാലോചനയാണ് എന്നു വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി. രോഹിതിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സുശീൽകുമാർ എന്ന എബിവിപി പ്രവർത്തകനെ മർദ്ദിച്ചതായാണ് പരാതി.
പരാതിയിൻമേൽ സർവ്വകലാശാല അധികൃതർ നടത്തിയ അന്വേഷണത്തിൽ രോഹിത് കുറ്റക്കാരനല്ല എന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. പരാതി തന്നെ വ്യാജമായിരുന്നു എന്ന് ഇപ്പോൾ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പരാതിക്കാരനായ സുശീൽകുമാർ മർദ്ദനമേറ്റല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്, മറിച്ച് അപ്പന്റിസൈറ്റിസ് ഓപ്പറേഷനുവേണ്ടിയായിരുന്നു എന്ന് ഡോക്ടർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ ബിജെപി നേതാവും കേന്ദ്രതൊഴിൽ മന്ത്രിയുമായ ബന്ദാരു ദത്താത്രേയയുടെ പ്രത്യേക നിർദ്ദേശപ്രകാരം കേന്ദ്ര മാനവവിഭവ വികസനശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി രോഹിതിനും കൂട്ടുകാർക്കുമെതിരെ നടപടിയെടുക്കാൻ സർവ്വകലാശാല അധികാരികളുടെമേൽ സമ്മർദ്ദം ചെലുത്തുകയുണ്ടായി.

കേന്ദ്രത്തിന്റെ സമ്മർദ്ദങ്ങൾക്ക് വിധേയമായി സർവ്വകലാശാല ഒരു ഉപസമതി രൂപീകരിച്ചു. രോഹിതിനൊപ്പം മറ്റ് നാലുപേരെക്കൂടെ ഉപസമിതി സസ്‌പെൻഡ് ചെയ്തു. (നാലുപേരും ദളിത് വിഭാഗത്തിൽപെടുന്നവർതന്നെ) പഴയ വിസിയെ മാറ്റി പുതിയ വിസിയെ നിയമിച്ചാണ് രോഹിതിനെയും കൂട്ടരെയും സസ്‌പെൻഡ് ചെയ്തത്.

പുതിയതായി നിയമിതനായ വിസി അപ്പാറാവുവാകട്ടെ പതിമുന്നൂ വർഷംമുമ്പ് ചീഫ് വാർഡൻ ആയിരുന്നപ്പോൾ പതിമുന്ന് ദളിത് വിദ്യാർത്ഥികളെ പുറത്താക്കുവാൻ മുൻകൈ എടുത്തിട്ടുള്ള ആളുമാണ്.

ഇതിലൂടെയെല്ലാം ക്യാമ്പസ്സിനകത്ത് സാമൂഹ്യ ബഹിഷ്‌ക്കരണത്തിന് ഇരയാവുകയായിരുന്നു രോഹിതും കൂട്ടരും. ഇതെല്ലാം സൃഷ്ടിച്ച സമ്മർദ്ദം താങ്ങാനാകാതെ ഒടുവിൽ ഹോസ്റ്റലിൽ സുഹൃത്തിന്റെ മുറിയിൽ താൻ പ്രതിനിധീകരിച്ചിരുന്ന പ്രസ്ഥാനത്തിന്റെ കൊടിയിൽ 2016 ജനുവരി 17 ആം തിയതി രോഹിത് ജീവനൊടുക്കി.

കടപ്പാട് : Muhammed Sageer Pandarathil