ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ ‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ്?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉കുത്തനെയുള്ള പാലത്തിലൂടെ യാത്ര ചെയ്യാവുന്ന അനുഭവം ആണ് സഞ്ചാരികളുടെ പ്രിയ കാഴ്ചകളില്‍ ഒന്നായ ജപ്പാനിലെ എഷിമ ഓഹാഷി പാലം. ‘റോളർ കോസ്റ്റർ ബ്രിജ്’ എന്നും ഇതിനു പേരുണ്ട്. ഇതിലൂടെ സഞ്ചരിക്കുന്ന വണ്ടികളുടെ നിയന്ത്രണം പോകുമോ എന്ന് തോന്നിപ്പോകും ഈ പാലത്തിന്‍റെ കുത്തനെയുള്ള ചെരിവ് കണ്ടാല്‍!കോൺക്രീറ്റ് ഫ്രെയിം ഉപയോഗിച്ച് നിര്‍മിച്ച, ജപ്പാനിലെ ഏറ്റവും വലിയ പാലമാണിത്. വലുപ്പത്തിന്‍റെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനം. നകൗമി തടാകത്തിനു കുറുകെ സ്ഥിതിചെയ്യുന്ന ഈ പാലം ഷിമാനിലെ പ്രിഫെക്ചറിലെ മാറ്റ്സ്യൂ നഗരത്തെ സകൈമിനാറ്റോ നഗരവുമായി ബന്ധിപ്പിക്കുന്നു.
എഷിമ ഒഹാഷി ബ്രിജ് നിര്‍മിക്കുന്നതിന് മുന്‍പുണ്ടായിരുന്നത് ഡ്രോബ്രിഡ്ജ് എന്ന പഴയ പാലമായിരുന്നു. അന്ന് കപ്പലുകള്‍ കടന്നു പോകുന്ന സമയത്ത് 7-8 മിനിറ്റ് വരെ ഗതാഗതം തടസ്സപ്പെട്ടിരുന്നു, മാത്രമല്ല, 14 ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങൾ മാത്രമേ പാലത്തിൽ അനുവദിച്ചിരുന്നുള്ളൂ. കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം, പ്രതിദിനം 4000 മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമഫലമായി 1997- ലായിരുന്നു പുതിയ പാലത്തിന്‍റെ പണി ആരംഭിച്ചത്. വലിയ ചരക്കു കപ്പലുകളുടെ യാത്ര സുഗമമാക്കുന്നതിനുള്ള ഉയരം പാലത്തിനുണ്ടാകുമെന്ന് കണക്കു കുട്ടിയത്തിൻ്റെ ഫലമായാണ് ആര്‍ക്കിടെക്റ്റുകള്‍ ഇങ്ങനെ പ്രത്യേക രൂപം പാലത്തിന് നൽകിയത് .
ഏകദേശം ഒരു മൈൽ നീളവും , 44 മീറ്റർ ഉയരവുമുള്ള ഈ പാലം ലോകത്തിലെ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നാണ്. പ്രത്യേക ഫ്രെയിം ഘടന മൂലം, പാലത്തിന്‍റെ ഇരുവശത്തു നിന്നുമുള്ള കാഴ്ചയില്‍ യഥാർഥത്തില്‍ ഉള്ളതിനേക്കാള്‍ ചെരിവ് തോന്നുമെന്നതിനാലാണ് ‘റോളർകോസ്റ്റർ’ എന്ന വിളിപ്പേര് ഇതിനു ലഭിച്ചത്. ടെലിഫോട്ടോ ലെൻസ് ഉപയോഗിച്ച്, ഒരു പ്രത്യേക കോണില്‍ എടുത്ത ചില ഫോട്ടോകള്‍ ഈ പാലത്തെ പറ്റി ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജപ്പാനിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ നകൗമി തടാകത്തില്‍ ഉപ്പുവെള്ളമാണുള്ളത്.
മഞ്ഞുകാലത്ത് ഇവിടേക്ക് ഇരുനൂറോളം ഇനത്തില്‍പ്പെട്ട ദേശാടനപ്പക്ഷികള്‍ വന്നെത്തുന്നു. വടക്കന്‍ ജപ്പാനില്‍നിന്നും സൈബീരിയയില്‍നിന്നും ടഫ്റ്റഡ് ഡക്കുകൾ, വൈറ്റ്-നാപ്ഡ് ക്രെയിനുകൾ, വൈറ്റ്-ഫ്രണ്ടഡ് ഗീസ്, തുന്ദ്ര സ്വാൻസ് തുടങ്ങിയ പക്ഷികള്‍ ഇങ്ങനെ വിരുന്നെത്തുന്ന സമയം ഇവിടം സഞ്ചാരികളെക്കൊണ്ട് നിറയും. ഡെയ്‌കോൺ ദ്വീപ്, എഷിമ ദ്വീപ് എന്നിങ്ങനെ രണ്ടു ദ്വീപുകളും നകൗമിയിലുണ്ട്.