പറയാനേറെ പ്രിയപ്പെട്ട ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവായിരുന്നു എസ് രമേശൻ നായർ

0
229

“ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ
തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ”

ഗുരു എന്ന ചിത്രത്തിന് വേണ്ടി, എസ് രമേശൻ നായരെഴുതിയ ഈ പാട്ടിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. നിറങ്ങളില്ലാത്ത ഇരുട്ടുമാത്രം നിറഞ്ഞൊരു ലോകത്ത് ദൂരെ നിന്ന് പ്രണയിക്കേണ്ടി വരുന്ന രണ്ടുപേരുടെ വിരഹവും പ്രണയവും അതിന്റെ ആഴവും വേദനയുമെല്ലാം ഈ ഒരു പാട്ടിലൂടെ കേൾവിക്കാരിലേക്ക് പകർന്നുതരുന്നതരത്തിലുള്ള ഒരു മാന്ത്രികത ഈ ഗാനത്തിനുണ്ട്.
നിറങ്ങളുടെയോ കാഴ്ച്ചകളുടെയോ അലങ്കാരങ്ങൾ അവരുടെ പ്രണയത്തിലോ ഈ വരികളിലോ കടന്നുവരുന്നേയില്ല. വരുന്നത് അവർക്കറിയാവുന്ന ശബ്ദങ്ങളുടെയും സ്പർശ്ശത്തിന്റെയും ലോകവും വാക്കുകളും മാത്രമാണ്.

Vipin Mohan

അന്ധകാരത്തിന്റെ ലോകത്തു വെളിച്ചം വീശുന്നതിനെ തുടർന്ന് അതെ സിനിമയിൽ വരുന്ന,
“അരുണകിരണദീപം പാപക്കടലിലുദയമാവുന്നു
തിമിരനിരയിലിന്നാ ഗോളം പ്രണവനയനമാകുന്നു
ശാപഗോപുരങ്ങള്‍ ചായും..
ദേവവീഥി നീളുന്നു
പാഴിരുള്‍ക്കുടങ്ങള്‍ വീഴും പ്രാണവായു വീശുന്നു..”
എന്ന ഗാനത്തിലാകട്ടെ നിറങ്ങളും, രൂപങ്ങളും, കാഴ്ച്ചകളും എല്ലാം നിറയുന്നു.. എത്ര സൂക്ഷ്മമായാണ് രമേശൻ നായർ എന്ന പ്രതിഭ ഈ വരികളൊരുക്കിയത്…

S. Ramesan Nair - Wikipediaപറയാനേറെ പ്രിയപ്പെട്ട ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവായിരുന്നു എസ് രമേശൻ നായർ.
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു (വിചാരണ), ചന്ദനം മണക്കുന്ന പൂന്തോട്ടം (അച്ചുവേട്ടന്റെ വീട്), പാല്‍‌നിലാവിന്‍ കളഹംസമേ (വാർദ്ധക്യപുരാണം), ദേവികേ നിന്‍ മെയ്യില്‍ വാസന്തം (ഏപ്രിൽ 19), മനസ്സ് ഒരു മാന്ത്രികക്കൂട് (കളിവീട്), മയിലായ് പറന്നുവാ (മയിൽപ്പീലിക്കാവ്), ഏഴാംകടൽ നീന്തിയൊരമ്പിളി (സമാന്തരങ്ങൾ), ഒരു കുഞ്ഞുപൂവിന്റെ (ചന്ദ്രനുദിക്കുന്ന ദിക്കിൽ), മഞ്ഞു പോലെ മാൻ കുഞ്ഞു പോലെ (ദോസ്ത്), രാവിൽ ആരോ നിലാവിൻ (സൂത്രധാരൻ), തേരിറങ്ങും മുകിലേ (മഴത്തുള്ളികിലുക്കം)..അങ്ങനെ ഒരു പിടി ഹിറ്റ് ഗാനങ്ങൾ…

അതുപോലെ തന്നെ ഇനിയെത്ര ഭക്തിഗാനങ്ങൾ മലയാളത്തിൽ വന്നാലും ഇദ്ദേഹത്തിന്റെ “മയിൽപ്പീലിയുടെ” തട്ട് താണുതന്നെയിരിക്കും.
എസ് രമേശൻ നായർക്ക് വിട.