‘സഹ്യന്റെ മകനി’ൽ കവി ചോദ്യംചെയ്യുന്ന അനീതി

555

‘സഹ്യന്റെ മകനി’ൽ കവി ചോദ്യംചെയ്യുന്ന അനീതി

Sree Parvathy എഴുതുന്നു

ഉത്സവം നടക്കയാണമ്പലമുറ്റത്തു-
യർന്നുജ്ജ്വലൽ ദീവട്ടികളിളക്കും വെളിച്ചത്തിൽ.

പതയും നെറ്റിപ്പട്ടപ്പൊന്നരുവികളോലും
പതിനഞ്ചാനക്കരിംപാറകളുടെ മുമ്പിൽ.

വാദ്യമേളത്തിൻ താള പാതത്തിൽ തലയാട്ടി-
പൂത്ത താഴ്വര പോലെമരുവീ പുരുഷാരം.

വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന കവിയുടെ വാചാടോപത്തിനു മുന്നിൽ അഭിനന്ദനം അർപ്പിയ്ക്കാൻ വാക്കുകള്‍ കണ്ടെത്തേണ്ടി വരും. കാവ്യകാലഘട്ടം മാറിപ്പോയെങ്കിലും അവസ്ഥകൾ പലതും കവിത്വത്തിനു സമാന്തരമായി തുടർന്ന് പോവുക തന്നെയാണ്. അന്നത്തെ പോലെ ഇന്നും. അതുകൊണ്ട് തന്നെയാകും കവികള്‍ കാലങ്ങൾക്ക് അതീതരാണെന്നു പറയുന്നതും.

Sree Parvathy

ഉത്സവത്തിന്റെ പെരുമ്പറകൾ മുഴങ്ങി കൊണ്ടിരിയ്ക്കുന്ന സന്ദർഭമാണ്. ഫെബ്രുവരി മുതൽ ഏതാണ്ട് മെയ് വരെയുള്ള മാസങ്ങൾ കേരളത്തിൽ ആറാട്ടുകളുടെ മഹാമഹമാണ്. ഉത്സവ ചന്തകൾ, ആഘോഷരാവുകൾ, തീവെട്ടി ചമയം, കലാപരിപാടികൾ, ആനയെടുപ്പ്… പൂരം… ഇനിയുമെത്രയോ ആഘോഷങ്ങൾ. വൈലോപ്പിള്ളി കവിതയായ “സഹ്യന്റെ മകൻ ” തുടങ്ങുന്നതും ഒടുങ്ങുന്നതും അത്തരമൊരു ഉത്സവമുറ്റത്താണ്. ഉത്സവത്തിനു ഏറ്റവും ആവശ്യം ആനകളെന്ന മട്ടിൽ നിരന്നു നിൽക്കുന്ന ആനയുത്സവം തന്നെയാണ് പലയിടങ്ങളിലും നടക്കുന്നതും.

അഴകേറിയ മസ്തകം ആട്ടി, വലിയ പാള പോലെയുള്ള ചെവികൾ ആട്ടി ആനകൾ നില്ക്കുന്നത് കാഴ്ചക്കാരിൽ കൗതുകവും സ്നേഹവും ഒക്കെ നിറയ്ക്കുമെങ്കിലും മസ്തകം കുലുക്കുന്നതും ചെവി ആട്ടുന്നതും നാട്ടാനകളുടെ മനോവൈകല്യം ആണെന്ന ഒരു ചിന്ത ഈയിടെ ഒരാൾ പങ്കു വച്ചത് ഓർക്കുന്നു. കാട്ടാനകളിൽ ഇത്തരം പ്രക്രിയകൾ കാണാറില്ലത്രേ. ശരിയായിരിക്കാം. കാടിന്റെ പരിമളത്തിനുള്ളിൽ, തണുപ്പിനുള്ളിൽ കൂട്ടത്തോടെ മേഞ്ഞു നടക്കുന്ന കറുമ്പൻ ആനയ്ക്ക് നാട്ടിലെ ചൂടും ഏകാന്തതയും താങ്ങാൻ കഴിയുന്നുണ്ടാകില്ല. “കരുതീലിവയൊന്നുമാ പ്രൗഢമസ്തിഷ്കത്തി-

ന്നിരുളിൽ ഭ്രാന്തിൻ നിലാവോലുമാ കൊലക്കൊമ്പൻ.

സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ

വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി.”

ആനയ്ക്ക് മദം പൊട്ടുക എന്നാൽ നാട്ടിൽ പറയുന്നത് ആനയ്ക്ക് ഭ്രാന്താണെന്ന്. മനുഷ്യന് മൂക്കുന്ന കാമഭ്രാന്തിന്റെ വരമ്പതെങ്ങും എത്തില്ല ആനയുടെ പ്രണയ മോഹങ്ങൾ. ജീവനുള്ളവയ്ക്ക് അവയുടെ അടിസ്ഥാന സ്വഭാവമായ പ്രണയിക്കപ്പെടുക എന്ന അവസ്ഥ എങ്ങനെ മാറ്റി വയ്ക്കാൻ ആകും? കണ്മുന്നിൽ പിന്നെ പ്രണയിനി മാത്രം, അവളോടൊത്ത് ഉണ്ടാകുന്ന നിമിഷങ്ങൾ മാത്രം. അത് ആനയാണെങ്കിലും മനുഷ്യൻ ആണെങ്കിലും അതിൽ വ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

പൊതുവെ മദപ്പാടുള്ള സമയത്ത് ആനകളെ പുറത്തു ജോലികൾക്കൊന്നും കൊണ്ട് പോകാറില്ല. കാലിൽ കൂച്ച് ചങ്ങല അണിയിച്ചു അസ്വാതന്ത്ര്യത്തിന്റെ നാളുകളെണ്ണി ഭക്ഷണവും ജലവും പോലും ഇല്ലാതെ വാടി തളർന്നു പ്രണയവും വേണ്ട പെണ്ണും വേണ്ട ജീവൻ മാത്രം മതി എന്ന തോന്നലിൽ ഏകാന്തനായി അവൻ വാടി കിടക്കും. അത് പോലും ആനകൾക്ക് തീരാ വേദന ആകുന്ന അവസ്ഥയിലാണ് ചിലപ്പോൾ മദപ്പാടുള്ള ആനകളെയും ഇത്തരം ഉത്സവങ്ങക്കും മറ്റു ജോലികൾക്കും കൊണ്ട് പോകുന്നത്. സ്വാഭാവികമായി ശരീരത്തിൽ ഉണ്ടാകുന്ന രാസ പരിണാമങ്ങൾക്ക് ഒപ്പം ഏകാന്തതയുടെ നീറ്റൽ കൂടി ആകുമ്പോൾ ആനയ്ക്ക് കലി പിടിചില്ലെങ്കിലേ അതിശയമുള്ളൂ. അത് തന്നെയാണ് വൈലോപ്പിള്ളി ഈ കവിതയിലും വരച്ചു വച്ചിരിയ്ക്കുന്നത്.

വിഷ വല്ലരി തിന്നോ? വിപിനാന്തരാളത്തിൻ

വിഷമജ്വരം വന്നു തന്നെയും ബാധിച്ചെന്നോ?

ഹസ്തകൃഷ്ടമായ് മഹാ ശാഖകളൊടിയുന്നു;

മസ്തകത്തിൽ ചെമ്മണ്ണിൻ പൂമ്പൊടി പൊഴിയുന്നു.

ഒന്നും സ്വബോധത്തോടെ ചെയ്യുന്നതല്ല. തന്റെ പ്രിയപ്പെട്ടവളെ അന്വേഷിച്ചുള്ള അലച്ചിലിന്റെ ഓർമ്മയിൽ അവനു സംഭവിച്ചു പോകുന്നതാണ് ഒക്കെയും എന്ന് കവി പറയുന്നു. ശരിയാവാം. വൈകാരികത മനുഷ്യന് മാത്രമെന്ന ചിന്തയിൽ എത്ര വികാരരഹിതമായ ഒരു ലോകത്താണ് നാമൊക്കെയും ജീവിക്കുന്നത്. സങ്കടങ്ങളും സന്തോഷങ്ങളും പ്രണയവും മോഹവും ഒക്കെ മനുഷ്യന് മാത്രമേയുള്ളൂ. മറ്റു ജീവജാലങ്ങൾക്കൊക്കെ എന്ത് സ്നേഹം, എന്ത് യോജിപ്പ് എന്ന് നാം പരിഹസിയ്ക്കുന്നു. ഇണ ചേരുന്ന ഇണക്കിളികളിൽ ഒന്നിനെ കൊന്നെടുക്കുന്നു. മുറിവേറ്റ മറ്റേ ഇണ കരഞ്ഞു വിളിച്ചു ആർത്തലച്ചു നടക്കുന്നു. ഇത്ര നാൾ കുഞ്ഞുങ്ങളെ പോറ്റിയ വൻ വൃക്ഷം കൊടാലിയാൽ വെട്ടി മാറ്റി വഴിയരുകിൽ ചത്ത്‌ മലച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ നോക്കി അമ്മക്കിളി നൊന്തു വിളിച്ചു നടക്കുന്നു. ഇതൊന്നും കണ്ടാൽ മനുഷ്യന് ഒന്നും തോന്നില്ല. കാരണം സങ്കടങ്ങൾ മനുഷ്യന് മാത്രം അവകാശപ്പെട്ടതാണെന്ന് അവൻ എങ്ങനെയോ ധരിച്ചു വച്ചിരിക്കുന്നു.

ഭ്രാന്തിളകിയ ആനയെ തളയ്ക്കാൻ ഒടുവിൽ പട്ടാളക്കാരൻ തന്റെ തോക്കുമായി എത്തുന്നു. അലറി നടക്കുന്ന ആനയുടെ മസ്തകത്തിനു നേരെ ഒരു വെടി, “ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ, മണി-

ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം?

എങ്കിലുമതു ചെന്നു മാറ്റൊലിക്കൊണ്ടൂ, പുത്ര

സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ!”

എത്ര തവണ വായിച്ചാലും സങ്കടമോഴിഞ്ഞൊരു നിമിഷം ഈ വരികളിൽ ഉണ്ടായിട്ടില്ല. വൈലോപ്പിള്ളി ഇന്നിന്റെയും കവിയാകുന്നത് ഇപ്രകാരം തന്നെയാകാം. എന്നും എന്നും മനസ്സിനെ മുറിവേൽപ്പിക്കാൻ കഴിയുന്ന വരികൾ കാരണം.

ആനകളെ ഉത്സവത്തിനു എഴുന്നെള്ളിയ്ക്കുന്നതിനെതിരെ നിരവധി ഹർജികൾ കോടതികളിൽ വന്നു കിടക്കുന്നു. പലപ്പോഴും കാലിലും ശരീരത്തിലും മുറിവുകൾ വന്നു പഴുത്തു പൊട്ടി ഉത്സവ കൂട്ടത്തിനിടയിൽ ആളുകൾക്ക് സഹാനുഭൂതി ഉണർത്തി ആനകൾ നിരക്കുമ്പോൾ സങ്കടം പെരുമാഴയാകും. ചട്ടം പഠിപ്പിക്കുന്ന പാഠങ്ങൾ പലപ്പോഴും സാധാരണക്കാരൻ അറിയാറില്ല. അനുനയിപ്പിക്കാനും വരുതിയ്ക്ക് നിർത്താനും വേണ്ടി സ്വന്തം കാഴ്ച പോലും നഷ്ടപ്പെട്ട ആനകളുടെ കഥ നാം കേട്ടിട്ടുണ്ട്. മനുഷ്യ നീതി അങ്ങനെയാണ് അത്രേ. അത് സഹജീവികളുടെ നീതിയോടു പൊരുത്തപ്പെടുന്നതല്ല. മനുഷ്യ നീതി മനുഷ്യന്റെ നീതിയോടു മാത്രമേ ചേർന്നിരിക്കുന്നുള്ളൂ. അവനു ജീവിക്കാനുള്ള സാഹചര്യങ്ങൾക്ക് വേണ്ടി മാത്രമേ അത് യാചിക്കപ്പെടുന്നുള്ളൂ. വൈലോപ്പിള്ളിയുടെ “സഹ്യന്റെ മകൻ ” ഈ അനീതിയെ തന്നെയാണ് ചോദ്യം ചെയ്യുന്നതും.