Share The Article

യൂറോപ്യൻ ശക്തികൾ ഇന്ത്യയിൽ വേരുറപ്പിക്കാൻ ശ്രമിച്ച കാലം തൊട്ട് അവർക്കെതിരായ പ്രതിരോധവും നടന്നിട്ടുണ്ട്. അതിൽ പലതും രാജാക്കൻമാരുടെയും ഭൂപ്രഭുക്കളുടെയും നേതൃത്വത്തിലായിരുന്നു.

അവരെ പക്ഷേ, സ്വാതന്ത്ര്യസമരസേനാനികളായോ ഇന്ത്യൻദേശീയതയുടെ അഗ്രഗാമികളായോ വാഴ്ത്തുന്നത് ചരിത്രനിഷേധമാണ്. കാരണം,അവർ പൊതുതിയത് അവരുടെ രാജ്യവും അധികാരവും സംരക്ഷിക്കാനായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നില്ല. അത് അവരുടെ കുറ്റമല്ല. കാരണം അന്ന് ഇന്ത്യൻദേശീയതയെന്ന സങ്കൽപം അവർക്കുണ്ടായിരുന്നില്ല.അവർക്കെന്നല്ല, ആർക്കും.

ഇത്തരം പോരാട്ടങ്ങളുടെ ഒരു ഉയർന്ന ഘട്ടമായിരുന്നു 1857ലെ കലാപം.ആ കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ആദ്യം വിശേഷിപ്പിച്ചത് കാറൽ മാർക്സാണ്. എന്നാൽ ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ അവസാനചെറുത്തുനില്പ് എന്നും ആ കലാപം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

സാമ്രാജ്യത്വ വിരുദ്ധ പോരാളികളെന്ന നിലയിൽ അവർ ആദരിക്കപ്പെടുന്നുണ്ട്. അവരുടെ മഹത്വങ്ങൾ വാഴ്ത്തപ്പെടുന്നുണ്ട്. അത് സ്വാഭാവികമാണ്.അവരെക്കുറിച്ച് മലയാളത്തിലടക്കം നിരവധി ഇന്ത്യൻ ഭാഷകളിൽ സിനിമകളിറങ്ങിയിട്ടുണ്ട്. ഇന്നും ഇറങ്ങുകയും ചെയ്യുന്നു. അതിൽ അതിശയകരമായി ഒന്നുമില്ല.

ആ ജനുസ്സിൽപ്പെട്ട ഒരു സിനിമ ഈ ഒക്ടോബറിൽ റിലീസാവുന്നു. 250 കോടി ചെലവുചെയ്ത് ഒരു “ബ്രഹ്മാണ്ഡ ചിത്രം” ചിരഞ്ജീവിയാണ് നായകൻ. ചിത്രം”സൈരാ നരസിംഹ റെഡ്ഢി”.1847ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച റായലസീമക്കാരനായ ഭൂപ്രഭു ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ കഥ…

വമ്പൻ സെറ്റിങ്സും യുക്തിക്കു നിരക്കാത്ത യുദ്ധ സന്നാഹങ്ങളും ആൾക്കൂട്ടങ്ങളും ഒന്നും എതിർക്കപ്പെടേണ്ടതില്ല. കാരണം, അതൊക്കെ സിനിമയിൽ പ്രതീക്ഷിക്കാവുന്നതാണ്.
എന്നാൽ…

മൂന്നു മിനുട്ടു മാത്രം നീളുന്ന ട്രെയ്ലറിലെ കാഴ്ചകൾ പോലും ശരാശരി ചരിത്രബോധമുള്ള ഒരാളെ അസ്വസ്ഥനാക്കുകതന്നെ ചെയ്യും.
ചിത്രത്തിലുടനീളം പ്രകടമാവുന്ന സവർണ ബിംബങ്ങൾ റെഡ്ഢി ഒരു സവർണ്ണനായിരുന്നു എന്ന വാദം കൊണ്ട് ന്യായീകരിക്കത്തക്കതല്ല. അത് അത്രമേൽ ഹൈലൈറ്റ് ചെയ്യപ്പെടുകതന്നെയാണ്…

ചിത്രത്തിൽ പലയിടത്തും നാം കേൾക്കുന്ന ഭാരത്മാതാ കീ ജയ് എന്ന മുദ്രാവാക്യം നമ്മുടെ സാമാന്യബോധത്തെത്തന്നെ അപഹസിക്കുകയാണ് ചെയ്യുന്നത്.ആ മുദ്രാവാക്യം മാത്രമല്ല,ഭാരത്മാതാ എന്ന സങ്കല്പം പോലും ഇരുപതാം നൂറ്റാണ്ടിലാണ് രൂപപ്പെടുന്നത്. യൂനിയൻ ജാക്ക് പിടിച്ച ഇംഗ്ലിഷ് സൈനികനെ നേരിടുന്ന റായലസീമക്കാരന്റെ കൈയിലെ കാവിക്കൊടി അറപ്പിക്കുന്ന ഒരു കാഴ്ചയാണ്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത ഒരു പതാകക്ക് ശാപമോക്ഷം നൽകാനുള്ള അവസാനത്തെ പരീക്ഷണമാണ് ഇതൊക്കെ…

ഒരു സിനിമയെ ഇങ്ങനെ കീറിമുറിക്കേണ്ടതുണ്ടോ എന്നു ചോദിക്കണ്ട. ഒരു ശരാശരി ഇന്ത്യക്കാരന്റെ സാമൂഹ്യബോധം ഇപ്പോഴും അപകടകരമാം വിധം പരിമിതമാണ്. ബാഹുബലി എന്നു കേൾക്കുമ്പോൾ ശിവലിംഗം താങ്ങിയെടുത്തു നടക്കുന്ന പ്രഭാസിന്റെ മുഖമാണ് ഗൂഗിളിനു പോലും ഓർമ്മ വരുന്നതെങ്കിൽ…
ആയിരക്കണക്കിനു കൊല്ലം മുമ്പ്,രാജ്യം വെട്ടിപ്പിടിക്കാതെ,കൈവശം വന്ന രാജ്യം പോലും ഉപേക്ഷിച്ചു പരിവ്രാജകനായ യഥാർത്ഥ ബാഹുബലിയെ ആരും ഓർക്കുന്നില്ലെങ്കിൽ…

അപകടകരമായ ആ ചരിത്രബോധത്തെ അപനിർമ്മിക്കുക തന്നെ വേണം.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.