എന്താണ് സലാം മംഗളാരതി ?

ശബരിമലയുടെ ഐതിഹ്യത്തിൽ വാവർക്കെന്ന പോലെ, മതസൗഹാർദ്ദത്തിന്റെ ഒരു കഥയും , ആചാരതുടർച്ചയും മൂകാംബിക ക്ഷേത്രത്തിനും പറയാനുണ്ട്.മതങ്ങൾ മനുഷ്യരെ ഭിന്നിപ്പിക്കുന്ന പുതിയ കാലത്ത് സൗഹാർദത്തിന്റെ മഹനീയ മാതൃകയാണ് ഇന്ത്യയിലെ തന്നെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മൂകാംബിക ക്ഷേത്രത്തിൽ വർഷങ്ങളായി തുടരുന്ന
ടിപ്പു സുൽത്താന്റെ പേരിൽ ദിവസവും നടത്തുന്ന പ്രത്യേക പൂജ . ടിപ്പുവിന്റെ ക്ഷേത്ര സന്ദർശനത്തിന്റെ സ്മരണയിലാണ് പ്രദോഷ പൂജയ്‌ക്കൊപ്പം സലാം മംഗളാരതി എന്ന പ്രത്യേക പൂജ നടത്തുന്നത്.ക്ഷേത്രത്തിലെ പ്രദോഷപൂജയെയാണ് ഇങ്ങനെ വിളിക്കുന്നത്. ഒരിക്കൽ കൊല്ലൂരിലെത്തിയ ടിപ്പു സുൽത്താനെ ക്ഷേത്രത്തിലേക്ക് ആനയിച്ച് ബഹുമതികളോടെ സ്വീകരിച്ചതിന്റെ ഓർമ്മയ്ക്കാണ് സലാം മംഗളാരതി ആവർത്തിക്കുന്നതെന്നാണ് വിശ്വാസം. വൈകിട്ട് ഏഴരയോടെയാണ് സലാം മംഗളാരതി നടക്കുന്നത്.
പ്രധാന വ്യക്തികൾ ക്ഷേത്രത്തിലെത്തുമ്പോൾ ജീവനക്കാർ വാദ്യമേളങ്ങളും , ദീപശിഖയുമായി ആനയിക്കുന്നതും ഇവരുടെ സാന്നിധ്യത്തിൽ മംഗളാരതി നടത്തുന്നതും പതിവാണ്. ഇത്തരത്തിൽ കൊല്ലൂരില്‍ വരുമ്പോഴെല്ലാം ടിപ്പു സുല്‍ത്താന്‍ മൂകാംബിക ക്ഷേത്രത്തില്‍ വരുമായിരുന്നു. പ്രധാന ഗോപുരത്തിനു മുന്നിലെത്തുന്ന ടിപ്പു തന്റെ തലപ്പാവ് ഊരി ഇടതു കൈയില്‍ പിടിച്ച് വലതുകൈകൊണ്ട് മൂകാംബിക ദേവിക്ക് സല്യൂട്ട് അടിക്കുന്നതു പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ടിപ്പുവിനോടുള്ള ആദരസൂചകമായാണ് സലാം മംഗളാരതി ആരംഭിച്ചത്.രാജാവിനെയും , സര്‍ക്കാര്‍ പ്രതിനിധികളേയും ക്ഷേത്രങ്ങളില്‍ ആദരിക്കുകയെന്നത് സാധാരണ കാര്യമാണെന്നാണ് പ്രമുഖ ചരിത്രകാരനായ ഉദയ് ബര്‍കര്‍ പറയുന്നത്.മംഗളാരതി നടത്തിക്കാണുമെന്നും അതു പിന്നീട് സലാം മംഗളാരതി എന്ന പേരിൽ അറിയപ്പെട്ടതാ കാമെന്നുമാണ് ചരിത്രകാരൻമാരുടെ നിഗമനം.

ടിപ്പു സുൽത്താൻ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തിയതിന് രേഖപ്പെടുത്തിയ തെളിവുകളൊന്നും ലഭ്യമല്ല. എന്നാൽ, 10 കിലോമീറ്റർ അകലെ ശങ്കരനാരായണ ക്ഷേത്രത്തിൽ ടിപ്പു സന്ദർശിച്ചതു ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൊട്ടടുത്ത മൂകാംബികാ ക്ഷേത്രത്തിലും അദ്ദേഹം സന്ദർശിച്ചിട്ടുണ്ടാകും എന്നു തന്നെയാണു നിഗമനം.കാനന യാത്രയ്ക്കിടെ ടിപ്പു സന്ദര്‍ശിച്ച കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും , ക്ഷേത്രത്തിനു നല്‍കിയ തലപ്പാവും , ശങ്കരനാരായണ ക്ഷേത്രത്തിനു നല്‍കിയ ഓട്ടുമണിയും ഇന്നും ഇവിടെ ഉണ്ട്.വിശേഷ ദിവസങ്ങളിലെ പ്രധാന പൂജ നടക്കുമ്പോള്‍ പൂജാരി ധരിക്കുന്നത് ടിപ്പു നല്‍കിയ ഈ തലപ്പാവ് തന്നെയാണ്.ദേവസന്നിധിയില്‍ ടിപ്പു സമര്‍പ്പിച്ച കൂറ്റന്‍ മണിക്ക് 600 കിലോ തൂക്കമുണ്ട്. കിഴക്കേ ഗോപുരത്തില്‍ ആവുംവിധം ഉയരത്തില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ് അത്.

ക്ഷേത്ര സന്നിധിയില്‍ ടിപ്പു മണി സമര്‍പ്പിച്ചതിനെ ക്കുറിച്ച് ഭരണസമിതിയുടെ പ്രസിദ്ധീകരണത്തി ല്‍ പരാമര്‍ശം ഉണ്ടെങ്കിലും നാളും , തീയതിയു മൊന്നും അവിടെയുമില്ല.ടിപ്പുവിന്റെ ഓര്‍മപുതുക്കാന്‍, മൂകാംബിയിലെന്ന പോലെ ശങ്കരനാരായണയിലുമുണ്ട് നിത്യപ്രാര്‍ഥന ‘സലാം മംഗളാരതി’ എന്ന പേരില്‍ത്തന്നെ! ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടത്തെ ആണ്ടുത്സവം. പല്ലക്കിലാണ് ദേവന്മാരുടെ പുറത്തെഴുന്നള്ളത്ത്. ഈ ഒന്‍പത് ദിവസവും തലയില്‍ ഒരു തൊപ്പിധരിച്ചാണ് തന്ത്രി എഴുന്നള്ളത്ത് നയിക്കുന്നത്. വേഷപ്രച്ഛന്നനായി എത്തിയ ടിപ്പു സുല്‍ത്താന്‍ മടങ്ങും മുമ്പ് തലയില്‍ നിന്നൂരി ശങ്കരനാരായണന്മാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച തൊപ്പിയാണത്രെ ഇത്! ക്ഷേത്രത്തിലെ മുഖ്യ കാര്‍മികന്‍ കാത്തുസൂക്ഷിക്കുന്ന ഈ തൊപ്പി ആണ്ടുത്സവത്തിന് മാത്രമേ പുറത്തെടുക്കാറുള്ളൂ!

📌കടപ്പാട്: ചരിത്ര പണ്ഡിതൻ
ടി.പി. ഗോപകുമാർ (ശങ്കരനാരായണ പുരാവൃത്തം )

വാൽ കഷ്ണം

ആയിരത്തി ഇരുന്നൂറിലേറെ പഴക്കമുള്ള ക്ഷേത്രസങ്കേതം എന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി അറിവിന്റെയും , കലയുടെയും അകംപൊരു ളാണ് മൂകാംബിക ദേവി എന്നാണ് വിശ്വാസം. അതു കൊണ്ടു തന്നെ ക്ഷേത്രസന്നിധിയിൽ അരങ്ങേറ്റം കുറിക്കുന്നതും , ഗാനാർച്ച നടത്തുന്നതും , ആദ്യാക്ഷരം കുറിക്കുന്ന തുമെല്ലാം കലാകാരൻമാരെ സംബന്ധിച്ച് ഐശ്വര്യകരമായ പ്രവർത്തിയായാണ് കരുതപ്പെടുന്നത്.

ക്ഷേത്രം തന്ത്രിമാർ അഡിഗമാരെന്നും , ക്ഷേത്രത്തിന്റെ ട്രസ്റ്റിയും , കലവറ സൂക്ഷിപ്പിന്റെ ചുമതലക്കാരെ ഉഡുപ്പ എന്നും അറിയപ്പെടുന്നു. കോവിലിനോട് ചേർന്നാണ് കലാകാരന്മാരുടെ പുണ്യവേദി എന്നറിയപ്പെടുന്ന സരസ്വതി മണ്ഡപം സ്ഥിതി ചെയ്യുന്നത്. ഇവിടെ അരങ്ങേറ്റം കുറിക്കുന്നത് കലാകാരന്മാരെ സംബന്ധിച്ച് പുണ്യമായാണ് കണക്കാക്ക പ്പെടുന്നത്. ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് എല്ലാ വർഷവും മുടങ്ങാതെ സരസ്വതി മണ്ഡപത്തിലെത്തി ഗാനാർച്ചന നടത്താറുണ്ട്. തന്റെ പിറന്നാൾ ദിനത്തിലാണ് അദ്ദേഹം കൊല്ലൂരിൽ എത്തുക .സ്വയംഭൂ ലിംഗം മാത്രമുണ്ടായിരുന്ന ക്ഷേത്രത്തിലെ ഇന്നു കാണുന്ന ദേവീ വിഗ്രഹം ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ചതാണെന്നാണ് ഐതിഹ്യം. ശ്രീ ശങ്കരാചാര്യർ ഉണ്ടാക്കിയ ആരാധനാ സമ്പ്രദായങ്ങളാണ് ഇന്നും ഇവിടെ നിലനിൽക്കുന്നത്.

നവരാത്രികാലത്തെ മറ്റൊരു പ്രധാന ആഘോഷമായ രഥോത്സവം പ്രസിദ്ധമാണ്. പുഷ്പാലങ്കൃതമായ രഥത്തിൽ മഹാനവമി ദിനത്തിൽ ദേവി എഴുന്നള്ളും എന്നാണ് സങ്കൽപ്പം. രഥം ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വെയ്ക്കുമ്പോൾ രഥത്തിൽ നിന്നും പൂജാരി നാണയങ്ങൾ വാരിയെറിയും. ഈ നാണയങ്ങൾ കിട്ടിയാൽ ജീവിതത്തിൽ ഐശ്വര്യമുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം. നാണയങ്ങൾ കൈക്കലാക്കാൻ രഥമുരുളുന്ന വഴിയിൽ ഭക്തർ തടിച്ചു കൂടും.

വർഷത്തിലെ ഏതു ദിനവും ഇവിടെ വിദ്യാരംഭം നടത്താം എന്നതാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. വാഗ്ദേവിയുടെ സങ്കൽപ്പമാണ് ഇവിടെ ആരാധിച്ചു പോരുന്നത് എന്നത് കൊണ്ട് വിദ്യയ്ക്ക് തുടക്കം കുറിക്കാൻ ഇവിടെ നാളും , പക്കവും നോക്കേണ്ടതില്ല. എങ്കിലും നവരാത്രി കാലത്തെ വിദ്യാരംഭം ദിനത്തിൽ ഹരിശ്രീ കുറിക്കുക എന്നത് വിശേഷമായി കരുതപ്പെടു ന്നതിനാൽ അന്നത്തെ ദിനം കൊല്ലൂരിലും വിദ്യാരംഭത്തിന് തിരക്കുകൾ ഏറെയാണ്.

ദക്ഷിണ കർണാടകയിലാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നും ഒരിത്തിരി ദൂരമു ണ്ടെങ്കിലും (കോഴിക്കോട് നിന്നും റോഡ് മാർഗം ഒൻപതു മണിക്കൂർ) മലയാളിയുടെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രങ്ങളിൽ ഒന്ന് തന്നെയാണ് കൊല്ലൂർ മൂകാംബിക.അത് കൊണ്ട് തന്നെ മൂകാംബികയിലെ ഭക്തജനപ്രവാഹത്തിന്റെ ഏറിയ പങ്കും കേരളത്തിൽ നിന്നുമാണ്. ഒരു മലയാളി പോലും ഇവിടെ എത്താതിരുന്ന ഒരു ദിവസമുണ്ടെങ്കിൽ അന്ന് കൊല്ലൂർ മൂകാംബിക ദേവി കേരളക്കരയിൽ എത്തുമെന്നാണ് ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സങ്കൽപ്പം.

കേരളത്തിൽ നിന്നും എത്തിച്ചേരുന്ന ഭക്തർ മാത്രമല്ല, ക്ഷേത്രത്തിനു ചുറ്റും കച്ചവടം നടത്തുന്നവരിലും നിരവധി മലയാളികളെ കണ്ടെത്താം. സൗപർണികയിൽ സ്നാനം ചെയ്തു വേണം മൂകാംബിക ദേവിയെ തൊഴാൻ എന്നാണ് വിശ്വാസം. കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കൊല്ലൂരിൽ, ക്ഷേത്ര ത്തിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ മാറിയൊഴുകുന്ന നദിയാണ് സൗപർണിക. മലമുകളിലെ കുടജാദ്രിയിൽ നിന്നുമാണ് സൗപർണികയുടെ ഉത്ഭവം. കുടജാദ്രിയിൽ നിന്നും അംബാവനത്തിലൂടെ ഒഴുകി മൂകാംബിക പരിസരത്ത് എത്തുകയാണ് സൗപർണിക.നവരാത്രി കാലത്തെ ശുഭമുഹൂർത്തം നോക്കി നിരവധി വിവാഹങ്ങളും ക്ഷേത്രപരിസരത്ത് നടക്കുന്നുണ്ട്.
അറിവ് തേടുന്ന പാവം പ്രവാസി

You May Also Like

ഡിഎൻഎ രൂപത്തിൽ ശേഖരിച്ചാൽ, ഒരു പഞ്ചസാരത്തരിയുടെ വലിപ്പമുള്ള ചിപ്പിൽ ഒരു സിനിമ മുഴുവനായി സൂക്ഷിക്കാം

✍ വിവരശേഖരണം: Rafi Msm Muhammed ഹാർഡ് ഡിസ്കുകൾക്ക് പകരമായി ഡി.എൻ.എ. യിൽ ഡാറ്റകൾ സംഭരിക്കുന്നതിനുള്ള…

സെമിത്തേരിയിലെ താമസക്കാർ

സെമിത്തേരിയിലെ താമസക്കാർ Sreekala Prasad പരേതാത്മാക്കളും മനുഷ്യരും ഒരു പോലെ താസിക്കുന്ന ഒരു സ്ഥലമുണ്ട്. ഫിലിപ്പിനോ…

സാധാരണക്കാരന് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ പറ്റുമോ ?

സാധാരണക്കാരന് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ പറ്റുമോ ? അറിവ് തേടുന്ന പാവം പ്രവാസി വ്യക്തികൾക്ക്…

ബുള്ളറ്റിനും ഒരു ക്ഷേത്രം, അതിനു പിന്നിലെ കഥ രസകരവും ഭയപ്പെടുത്തുന്നതുമാണ്

ബുള്ളറ്റ് ബാബാ ക്ഷേത്രം സലീം ചാല അത്തിവളപ്പ് ആളുകൾ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകണം,…