സുജിത് കുമാർ (ഫേസ്ബുക്കിൽ എഴുതിയത് )

“ നമുക്ക് ബൊളീവിയയിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റ് മാനം മുഖം നോക്കുന്ന കണ്ണാടിയായ സലാർ ദി യുനി തടാകത്തിൽ പോയി ലിഥിയം വള്ളികൾ തളിർക്കുകയും ബാറ്ററികൾ പൂവിടുകയും ചെയ്തോ എന്നു നോക്കാം. അവിടെ വച്ച് ഞാൻ നിനക്കെന്റെ ഐഫോൺ തരും “

ലോകത്തെ ഏറ്റവും വലിയ കണ്ണാടി എന്നറിയപ്പെടുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിലെ സലാർ ദി യുനി എന്ന പതിനായിരത്തിലധികം ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന അതി മനോഹരമായ ലവണ തടാകമാണ്‌. ഇത് ചരിത്രാതീതകാലത്തെ ഒരു തടാകമായിരുന്നു. അത് വറ്റിപ്പോയി വലിയ ഉപ്പ് പാടം ആയി മാറിയതാണ്‌. ബൊളീവിയയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഈ തടാകത്തിനു ധാരാളം പ്രത്യേകതകൾ ഉണ്ട്.

മഴക്കാലത്ത് ഈ ഉപ്പ് തടത്തിൽ വെള്ളം നിറയുമ്പോൾ അത് ലോകത്തിലെ ഏറ്റവും വലിയ ഒരു കണ്ണാടിയായി മാറുന്നു. ഈ തടാകത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം ഏകദേശം സമമായതിനാൽ ഉപഗ്രഹങ്ങൾ അവയുടെ ഭൂമിയിൽ നിന്നുള്ള ദൂരം കാലിബറേറ്റ് ചെയ്യാനായി സലാർ ദി യുനി ഒരു റഫറൻസ് ആയി ഉപയോഗപ്പെടുത്തുന്നു. ലോകത്തിലെ ആദ്യത്തെ ഉപ്പ് നിർമ്മിതമായ ഹോട്ടലും ഈ തടാകക്കരയിൽ തന്നെയാണുള്ളത്. അതായത് ചുവരുകളും മേൽക്കൂരയും ഫർണിച്ചറുമെല്ലാം ഉപ്പ് പാറകളാൽ നിർമ്മിതമായ ഈ സമ്പൂർണ്ണ ഉപ്പ് ഹൊട്ടൽ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ്‌. സത്യത്തിൽ ഇതിനെക്കുറിച്ചൊന്നും പറയാൻ വേണ്ടി അല്ല ഇത് എഴുതിത്തുടങ്ങിയത്. ഇന്ന് പ്രഖ്യാപിച്ച രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലിഥിയം അയോൺ ബാറ്ററികളുടെ കണ്ടുപിടുത്തത്തിനായിരുന്നല്ലോ. അതുകൊണ്ട് ലിഥിയം അയോൺ ബാറ്ററികളെക്കുറിച്ച് ഒരു കുറിപ്പ് ആകാം എന്നു കരുതി. ലിഥിയം അയോൺ ബാറ്ററികളും ബൊളീവിയയിലെ സലാർ ദി യുനി തടാകവും തമ്മിൽ എന്തു ബന്ധമാണെന്ന് സംശയമുണ്ടാകാം. ചെറിയ ബന്ധമല്ല വലിയ ബന്ധം തന്നെയുണ്ട്. ലോകത്തിലെ 50 മുതൽ 70 ശതമാനം വരെയുള്ള ലിഥിയം നിക്ഷേപവും ഈ പറഞ്ഞ സലാർ ദി യുനി തടാകത്തിൽ ആണ്‌.

കൊണ്ടുനടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലും വൈദ്യുത വാഹനങ്ങളിലുമെല്ലാം ലിഥിയം അയോൺ റീച്ചാർജബിൾ ബാറ്ററികൾ വ്യാപകമായതോടെ ലിഥിയത്തിന്റെ ഡിമാൻഡും കുതിച്ചുയർന്നു. പക്ഷേ എറിയാൻ അറിയുന്നവന്റെ കയ്യിൽ കല്ല് കിട്ടില്ല, കല്ല് കയ്യിലുള്ലവന് എറിയാൻ അറിയില്ല എന്നു പറഞ്ഞതുപോലെയാണ്‌ ഇക്കാര്യത്തിൽ ബൊളീവിയയുടെ അവസ്ഥ. ലോകത്തിലെ ലിഥിയം നിക്ഷേപത്തിന്റെ ഭൂരിഭാഗവും കയ്യിൽ ഇരുന്നിട്ടും അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ ബൊളീവിയൻ ഭരണകൂടത്തിനു കഴിയുന്നില്ല. സലാർ ദി യുനി ഉൾപ്പെടെയുള്ള എല്ലാ ഖനികളും പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാണ്‌. സർക്കാരുമായി നേരിട്ട് കരാർ ഉണ്ടാക്കിയ് കമ്പനികൾക്ക് മാത്രമാണ്‌ ലിഥിയം ഖനനത്തിന് അനുവാദമുള്ളൂ. പക്ഷേ നിർഭാഗ്യവശാൽ നിലവിൽ കരാർ ഉള്ള കമ്പനികൾക്കാകട്ടെ ഈ പറഞ്ഞ സലാർ ദി യുനിയിൽ നിന്നും മെച്ചപ്പെട്ട രീതിയിൽ ശുദ്ധമായ ലിഥിയം കാർബണൈറ്റ് വേർതിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യകൾ കൈവശമില്ല. ഉയർന്ന അളവിൽ ലിഥിയം ഇവിടെ ഉണ്ടെങ്കിലും മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും ആസ്ട്രേലിയയിലേയുമൊക്കെയുള്ള ലിഥിയം ഖനികളെ താരതമ്യപ്പെടുത്തുമ്പോൾ അതനുസരിച്ച് മാലിന്യങ്ങളും കൂടുതൽ ആണ്‌. ഈ മാലിന്യങ്ങൾ വേർതിരിക്കാനുള്ള സാങ്കേതിക വിദ്യകൾ വികസിക്കുന്നതേ ഉള്ളൂ. ആധുനിക സാങ്കേതിക വിദ്യകളുള്ള ഈ മേഖലയിൽ കുത്തക സ്ഥാപനങ്ങൾക്ക് ബോളീവിയയിൽ ഖനനാനുമതിയുമില്ല. അതുകൊണ്ട് തന്നെ ഉല്പാദനം നോക്കുകയാണെങ്കിൽ ആസ്റ്റേലിയ, ചിലി, അർജന്റീന, ചൈന, സിംബാബ്വേ എന്നിവയ്കൊക്കെ താഴെയാണ്‌ ബൊളീവിയയുടെ സ്ഥാനം. ലിഥിയത്തെ ലക്ഷ്യമാക്കി നമ്മൂടെ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ബൊളീവിയയുമായി സൗഹൃദം സ്ഥാപിക്കാൻ മുന്നോട്ട് വരുന്നുണ്ട്. കുറച്ച് കാലങ്ങൾക്ക് മുൻപ് ഇന്ത്യൻ രാഷ്ടപതി ബോളീവിയ സന്ദർശിച്ചതും ബോളീവിയൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചതുമൊക്കെ ലിഥിയം ഖനനവുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പിട്ടിട്ടുണ്ട്.

ബൊളീവിയയ്ക്ക് ലിഥിയം ഖനനം വേണ്ടരീതിയിൽ സാദ്ധ്യമാകാത്തത് സലാർ ദി യുനി എന്ന അപൂർവ്വ തടാകം നിലനിൽക്കുന്നതിനു സഹായകമാകുന്നു എന്നും വേണമെങ്കിൽ പറയാം.
ലിഥിയം ബാറ്ററി അടിസ്ഥാനമായുള്ള ഉപകരണങ്ങളും വാഹനങ്ങളുമൊക്കെ വ്യാപകമാകുമ്പോഴും ലിഥിയത്തിനു അത്രയധികം ക്ഷാമമൊന്നുമില്ല. ലിഥിയം അയോൺ ബാറ്ററി എന്നാണ്‌ പേരെങ്കിലും ബാറ്ററിയുടെ ഭാരം നോക്കിയാൽ 7 മുതൽ 10 ശതമാനം വരെയൊക്കെയേ ലിഥിയം വരുന്നുള്ളൂ. വെള്ളത്തിന്റെ പകുതി സാന്ദ്രതയുള്ള ഏറ്റവും ഭാരം കുറഞ്ഞ ലോഹമായ ലിഥിയം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതും വെള്ളത്തിലിട്ടാൽ തീ പിടിക്കുന്നതുമൊക്കെയാണ്‌. ഏറ്റവും ക്രിയാശീലമുള്ള ഒരു ലോഹമായതിനാൽ സ്വതന്ത്ര രൂപത്തിൽ ഇത് ഭൂമിയിൽ ലഭ്യമല്ല. കാർബണൈറ്റുകളുടെയും ഓക്സൈഡുകളുടെയും സൾഫേറ്റുകളുടെയുമൊക്കെ രൂപത്തിൽ ആണ്‌ ലിഥിയം കാണപ്പെടാറ്. ലിഥിയം അയോൺ ബാറ്ററികളെക്കുറിച്ച് കൂടുതലായി എഴുതാം..ഏതെങ്കിലും കാലത്ത് ഈ സലാർ ദി യുനി ഒന്ന് കാണാൻ പോകണമെന്നുണ്ട്. നടക്കുമോ എന്നറിയില്ല.

You May Also Like

എക്‌സ്-റേ ഒബ്‌സർവറ്ററികളുടെ പ്രസക്തി

Sabu Jose SMEX – 14 മൂന്ന് ബഹിരാകാശ ദൂരദർശി നികളുടെ സംഘാതമായ ഈ എക്‌സ്-…

ഇന്ത്യൻ പാസ്‌പോർട്ടുകൾ എത്ര തരത്തിൽ ഉണ്ട് ?

വ്യത്യസ്ത തരം പാസ്‌പോർട്ടുകളിൽ വെളുത്ത പാസ്‌പോർട്ട് ഏറ്റവും ശക്തമാണ്. സർക്കാർ ഉദ്യോഗസ്ഥരാണ് വെളുത്ത പാസ്‌പോർട്ട് സ്വീകരിക്കുന്നവർ

ഒരു അസുഖവും ഇല്ലാതെ ഒരാൾ ആശുപത്രിയിൽ ചുമ്മാ മരിക്കുന്നു, ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കൊലപാതകത്തിന്റെ കഥ അംമ്പ്രല്ല അസാസിനേഷൻ

അന്വേഷണം നീണ്ടത് 30 വർഷം manunethaji ഒരാൾ അസുഖവുമായി ആശുപത്രിയിൽ പ്രവേശിക്കുന്നു. ചെറിയ അസുഖം വഷളായി…

ലോകത്താദ്യമായി അണ്ടർവാട്ടർ ക്യാബിനറ്റ് മീറ്റിംഗ് നടത്തി മാലിദ്വീപ് തങ്ങളെ രക്ഷിക്കാൻ ലോകത്തോട് അഭ്യർത്ഥിച്ചു

ആദ്യമായി അണ്ടർവാട്ടർ ക്യാബിനറ്റ് മീറ്റിംഗ് നടത്തിയരാജ്യം . റിപ്പബ്ലിക് ഓഫ് മാലിദ്വീപ്. ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം :…