ജയിച്ചാൽ കല്യാണത്തിന് പന്തലിടാൻ ഇയാൾക്ക് പറ്റുമോ, ഗ്രൗണ്ടിൽ പന്തു കളിക്കാൻ പറ്റുമോ ? സലീം മാസ്റ്ററിന്റെ അംഗ പരിമിതിയെ അവർ കളിയാക്കിയത് ഇങ്ങനെയായിരുന്നു

58

രജിത് ലീല രവീന്ദ്രൻ

പാലക്കാട്‌ ജില്ലയിലെ തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിം ലീഗിലെ സലീം മാസ്റ്റർക്ക് നേരിടേണ്ടി വന്നത് മറ്റു സ്ഥാനാർത്ഥികൾ നേരിടേണ്ടി വരാത്ത ആരോപണങ്ങളായിരുന്നു.’ ജയിച്ചാൽ കല്യാണത്തിന് പന്തൽ കെട്ടാൻ ഇയാൾക്ക് പറ്റുമോ, ഗ്രൗണ്ടിൽ പന്തു കളിക്കാൻ പറ്റുമോ’ രാഷ്ട്രീയ എതിരാളികൾ കവലയിൽ മൈക്കിൽ പ്രസംഗിച്ചപ്പോൾ ചോദിച്ചതാണ്. കാരണം സലീം മാസ്റ്റർ അംഗ പരിമിതി ഉള്ളയാളായിരുന്നു, ക്രച്ചസിന്റെ സഹായത്താൽ നടക്കുന്നയാളായിരുന്നു.

Image may contain: 1 person, standing, outdoor and natureപക്ഷേ അന്നാട്ടിലെ വോട്ടർമാർ പ്രബുദ്ധരായിരുന്നു, അവരീ വിമർശനം ചെവിക്കൊണ്ടില്ല. ശാരീരിക പരിമിതി കൊണ്ട് പന്തൽ കെട്ടാൻ സഹായിക്കാൻ പറ്റാതിരിക്കുകയും, പന്ത് കളിക്കാൻ പറ്റാതിരിക്കുകയും ചെയ്യുന്നവർക്ക് കൂടിയുള്ളതാണീ ലോകമെന്ന് അവർ വിധിയെഴുതി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷം പാർട്ടി സ്ഥാനാർത്ഥിക്ക് നൽകിയ വാർഡ് മുന്നൂറിൽ പരം വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ തെരഞ്ഞെടുപ്പിൽ സലീം മാസ്റ്റർക്ക് നൽകിയത്.

ജയിച്ചു വന്നപ്പോൾ പാർട്ടിക്കും, മുന്നണിക്കും സംശയമുണ്ടായിരുന്നില്ല,സലീം മാസ്റ്ററെ പഞ്ചായത്ത്‌ പ്രസിഡന്റാക്കാൻ. ‘നീ ഇവിടെ ഇരുന്നോളൂ ഞങ്ങൾ പുറത്തു പോയി കാര്യങ്ങൾ ശരിയാക്കിയിട്ടു വരാം’ എന്ന വാക്കുകൾ കേട്ട് പരിചയിച്ചു ക്ലാസ്സ്‌ മുറികളിൽ മാത്രം ഇരിക്കേണ്ടി വരുന്ന ഭിന്ന ശേഷിക്കാരായ കുട്ടികൾ മുതൽ, ‘നിങ്ങൾക്ക് പറ്റിയ തൊഴിൽ ലോട്ടറി കച്ചവടമല്ലാതെ പിന്നെന്താ ‘ എന്ന് കേട്ട്‌ തഴമ്പിച്ച ഭിന്നശേഷിക്കാരായ പുരുഷനും, സ്ത്രീക്കുമെല്ലാം വല്ലാത്തൊരു ഊർജ്ജമായിരിക്കും സലീം മാസ്റ്റർ.
അഭിവാദ്യങ്ങൾ മാസ്റ്റർ, നിങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്തിലാകെ വികസനത്തിന്റെ പന്തലുകൾ ഉയരട്ടെ, ജന ക്ഷേമ പ്രവർത്തനങ്ങളുടെ പന്തുകൾ ഉരുളട്ടെ.