“പേര് ചോദിച്ചാണ് അക്രമിക്കുന്നത്, അവരുടെ മതമല്ലെങ്കിൽ കമ്പിപ്പാരയും ഹോക്കി സ്റ്റിക്കും ഉപയോഗിച്ചാണ് മർദ്ദനം”

0
132

ജീവിതകാലം മുഴുവൻ വിയർപ്പൊഴുക്കിയുണ്ടാക്കിയതെല്ലാം ഒരു നിമിഷംകൊണ്ട് കത്തിയമരുന്നത് കണ്ടിട്ടുണ്ടോ? കൺമുന്നിൽ വച്ച് സഹോദരന് വെടിയേറ്റപ്പോൾ നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ടോ? വീട്ടിലെ പെണ്ണുങ്ങളുടെ മാനം കാക്കാൻ ഉറക്കമിളച്ച് കാവലിരുന്നിട്ടുണ്ടോ? വടക്കുകിഴക്കൻ ഡൽഹിയിൽ കലാപത്തിനിരയായവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ നാവിറങ്ങിപ്പോയ ഞാനെന്ന മാധ്യമപ്രവർത്തകയുടെ അനുഭവക്കുറിപ്പാണിത്.

റിപ്പോര്‍ട്ടര്‍ ഹരിത മുകുന്ദന്‍ എഴുതുന്നു.

എനിക്കവരുടെ കണ്ണിൽ നോക്കാൻ പേടി തോന്നി, ചോദ്യം ചോദിക്കാൻ ക്യാമറാമാൻ പറഞ്ഞപ്പോൾ തൊണ്ടയിടറി.ക്ഷണം വാങ്ങാൻ വീടിന് പുറത്തുപോയ മുദസീർ ഖാന് വെടിയേറ്റ ശബ്ദം കേട്ടാണ് ഭാര്യ (കരച്ചിലിനിടയിൽ പേര് ചോദിക്കാൻ തോന്നിയില്ല, മുംതാസെന്ന് വിളിക്കാം) പുറത്തേക്ക് ഓടിവന്നത്. സഹോദരന്‍റെ മടിയിൽ ചലനമറ്റ്, ചോരയിൽ കുളിച്ചുകിടന്ന ഭർത്താവിനെ കണ്ടപ്പോൾ അവരുടെ മനസിലൂടെ എന്താണ്കടന്നുപോയതെന്ന് ഊഹിക്കാൻ പോലും എനിക്കാവില്ല.

ജിടിബി ആശുപത്രിയുടെ മുന്നിൽ നിലത്ത് കുത്തിയിരുന്ന് വാവിട്ട് കരയുന്ന മുംതാസിനെ കണ്ടപ്പോൾ ഞാനും ക്യാമറാമാൻ എൽദോ ജോസഫും പരസ്പരം നോക്കി. “ആ കുട്ടിക്ക് എന്നെക്കാൾ പ്രായം കുറവായിരിക്കുമല്ലേ എൽദോ ചേട്ടാ”? എന്‍റെ ചോദ്യത്തിന് ഒരു മൂളൽ മാത്രമായിരുന്നു മറുപടി. ബന്ധുവിന്‍റെ ഫോണിൽ നിന്ന് വീട്ടിലേക്ക് “എല്ലാം കഴിഞ്ഞു അമ്മി, എന്നെ തനിച്ചാക്കി പോയി” എന്ന് പറയുമ്പോൾ മുംതാസിന്‍റെ കണ്ണിൽ പടർന്ന ഭീതി കണ്ട് വെടിയേറ്റും കുത്തേറ്റും ആ ആശുപത്രിയിൽ കിടന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ പോലെ ഞാനും മരവിച്ചുപോയി.

ബൈക്കുകളിലും ഓട്ടോയിലുമൊക്കെ അപ്പോഴും പരുക്കേറ്റവരെ എത്തിക്കുന്നുണ്ടായിരുന്നു.തലയിൽ സ്ക്രൂഡ്രൈവർ കുത്തിക്കയറിയ നിലയിൽ രണ്ട് പേരുടെ തോളിൽ കിടന്ന് ആശുപത്രിയിലേക്ക് നടന്ന് വന്ന യുവാവിനെ കണ്ട് ലൈവിനിടയിൽ പകച്ചുനിന്നു.ആശുപത്രിയിൽ നിന്ന് ഓഫീസിലേക്ക് പോകുമ്പോൾ മനസ് മുഴുവൻ മുംതാസായിരുന്നു, സങ്കടമായിരുന്നു, കുറ്റബോധമായിരുന്നു.

ചൊവാഴ്ച്ച രാവിലെ അഞ്ചേ മുക്കാലിന് ഡൽഹി കലാപത്തിന്‍റെ ഫോട്ടോ വേണമെന്ന് ഡെസ്ക്കിൽ നിന്ന് വിളി വന്നപ്പോൾ ഈ ജോലിയുടെ പല പല സാഹചര്യങ്ങളോര്‍ത്ത് കൊണ്ടാണ് എഴുന്നേറ്റത്.കോലാഹലങ്ങളെല്ലാം കഴിഞ്ഞ് ഒൻപത് മണിയോടു കൂടി മൗജ്പൂരിലെത്തി. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ നാട്ടുകാർ സംസാരിക്കാൻ തയാറായി.
“പേര് ചോദിച്ചാണ് അക്രമിക്കുന്നത്. അവരുടെ മതമല്ലെങ്കിൽ കമ്പിപ്പാരയും ഹോക്കി സ്റ്റിക്കും ഉപയോഗിച്ചാണ് മർദ്ദനം”.
പൊലീസ് കയ്യും കെട്ടി നോക്കി നിൽക്കും. ചിലപ്പോൾ അവർക്കൊപ്പം കൂടും”.
‘ഞാൻ ജനിച്ചു വളർന്ന മണ്ണാണിത്. ഇവിടുന്ന് എങ്ങോട്ട് പോകാൻ? മോൾ പറയൂ, ഞങ്ങൾ ചെയ്ത തെറ്റെന്താണ്?….
അക്രമം അഴിച്ചുവിടുന്നത് ഇവിടത്തുകാരല്ല, ഞങ്ങളാരും അവരെയിവിടെ ഇതിന് മുൻപ് കണ്ടിട്ടില്ല ” …
കേട്ടപ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി.

അവിടെ നിന്ന് പോയത് കബിർ നഗറിലേക്കാണ്. വഴിയിൽ വച്ച് ഒരാൾ കാർ തടഞ്ഞ് ചോദിച്ചു: മുസ്ലിം ആണോ?. എങ്കിൽ അങ്ങോട്ട് പോകരുത്. ഞങ്ങളുടെ ഡ്രൈവർ യൂസഫ് എന്നെ നോക്കി, ഒന്നുമുണ്ടാകില്ലെന്ന് യൂസഫ് ഭായിയെ ആശ്വസിപ്പിച്ച് കാർ മുന്നോട്ടെടുക്കാൻ പറഞ്ഞു. കത്തിയെരിയുന്ന ബൈക്കുകളാണ് ഞങ്ങളെ വരവേറ്റത്. സകല ദൈവങ്ങളെയും മനസിൽ വിചാരിച്ച് പുറത്തേക്കിറങ്ങിയപ്പോൾ നെറ്റിയിൽ കാവി കുറി തൊട്ട കുറേപ്പേർ നിൽക്കുന്നത് കണ്ടു. എവിടെ നിന്നാണെന്ന് ചോദിച്ചപ്പോൾ കേരളത്തിൽ നിന്നാണെന്ന സേഫ് കാർഡ് വീണ്ടും പ്രയോഗിച്ചു. അതിലൊരാൾ ഐഡി കാർഡ് ചോദിച്ചു. ക്യാമറാമാൻ ഐഡി കാണിച്ചപ്പോൾ രൂക്ഷമായൊന്ന് നോക്കി. അപ്പോൾ ഒരു ചെറുപ്പക്കാരൻ ഞങ്ങളെ സൈഡിലേക്ക് വിളിച്ചു കൊണ്ടുപോയി. “മലയാളികൾ അല്ലെ? ഹിന്ദുവാണോ? അതെയെന്ന് ഞാൻ തലയാട്ടി. നിങ്ങൾ ഇവിടെ നിന്ന് വേഗം പൊയ്ക്കൊളു, വീണ്ടും കലാപമുണ്ടാകാൻ പോവുകയാണ്. അപ്പോഴാണ് ഐഡി കാർഡ് എന്തിനാണ് വാങ്ങിയതെന്ന് മനസിലായത്. ദൃശ്യങ്ങൾ പകർത്താനും സമ്മതിച്ചില്ല. മറ്റു നിർവാഹമില്ലാതെ മടങ്ങുമ്പോൾ നാട്ടുകാർ നേരത്തെ സൂചിപ്പിച്ചവരെ അവിടെ കണ്ടു. ഇതെല്ലാം കൈ കെട്ടി നോക്കി നിന്ന പൊലീസുകാരെ.

ഉച്ചയോടുകൂടി ഗോകുൽപുരിയിലേക്ക് പുറപ്പെട്ടു. പുക വരുന്നതിന്‍റെ ദിശയിലേക്ക് പോകാൻ പറഞ്ഞു.
പേടിച്ച് പേടിച്ച് യുസഫ് ഭായി വണ്ടിയെടുത്തു. ഫ്ലൈഓവറിന് സമീപത്താണ് വലിയ തീ കണ്ടത്. താഴെ കുറെപ്പേർ മുഖം മൂടിക്കെട്ടി നിൽക്കുന്നു. കയ്യിൽ കമ്പിവടികളും, പെട്രോൾ ബോംബും. വണ്ടി സേഫായൊരു സ്ഥലത്ത് നിർത്തി.ചാടിയിറങ്ങി. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ ക്യാമറാമാൻ എന്നോട് വേഗം ഒരു ഡെഫ് ലൈവ് എടുക്കാൻ പറഞ്ഞു. ഉള്ളിലുണ്ടായിരുന്ന വിറയൽ പുറത്തുവന്നു. വിറച്ച്, പകച്ച് ഡെഫ് എടുക്കുമ്പോൾ പിന്നണിയിൽ ക്യാമറ മാറ്റാൻ ആക്രോശങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു.

ഗോകുൽപുരിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ സവാദ് മുഹമ്മദിനെ റിപ്പോർട്ടർ) വിളിച്ച് ഇങ്ങോട്ട് വരല്ലെയെന്ന് പറയുമ്പോൾ എന്‍റെ ഉള്ളിലെ പേടി ഇരട്ടിച്ചു. ഓഫീസിലെത്തിയപ്പോഴേക്കും തളർന്നിരുന്നു. പക്ഷേ, നിലവിളികൾ അവസാനിച്ചിട്ടില്ല, ആൾകൂട്ടങ്ങൾ ആർപ്പുവിളികളുമായി അലഞ്ഞു നടക്കുന്ന, കാഴ്ചക്കാരായി നിൽക്കുന്ന പൊലീസുകാരുള്ള…കലാപഭൂമിയിലേക്കാണ് നാളെ വീണ്ടും പോകേണ്ടതെന്ന് മാത്രമാണ് ആശങ്ക. അതു പേടിയല്ല, മറിച്ച് ഇരയാക്കപ്പെടുന്ന നിസ്സഹായ മനുഷ്യരെക്കുറിച്ചുള്ള ആധിയാണ്. പക്ഷേ, ഒന്നുറപ്പാണ്, അക്രമികളെ പിന്തിരിപ്പിക്കേണ്ട അധികൃതരുടെ ഇടപെടൽ എത്തുംവരെ ഞങ്ങൾ മാധ്യമപ്രവർത്തകർ അവിടെയുണ്ടാകും.ഞാനല്ലെങ്കിൽ, മറ്റൊരാൾ.