സഞ്ജീത കുമാരി- മാവോയിസ്റ് പകയിൽ പൊലിഞ്ഞ ഇന്ത്യൻ മലാല !

23

സഞ്ജീത കുമാരി-മാവോയിസ്റ് പകയിൽ പൊലിഞ്ഞ ഇന്ത്യൻ മലാല!

ആദ്യമായി മാവോയിസ്റ് ക്യാമ്പിലെത്തുമ്പോൾ സഞ്ജീത കുമാരി എന്ന ആദിവാസി പെൺകുട്ടിയ്ക്ക് 11 വയസ്സ് മാത്രമായിരുന്നു പ്രായം. സർക്കാരിനും തീവ്രവാദികൾക്കും ഇടയിൽ അകപ്പെട്ട ജാർഖണ്ഡിലെ സിബിൽ എന്ന ഗ്രാമത്തിലായിരുന്നു അവളുടെ അത് വരെയുള്ള ജീവിതം. അയൽവാസിയായിരുന്ന സവിത എന്ന മാവോയിസ്റ്റാണ് അവളെ ആ ക്യാമ്പിലെത്തിച്ചത്. തീവ്രവാദികൾക്കുള്ള ഭക്ഷണം തയ്യാറാക്കലായിരുന്നു അവളുടെ ആദ്യത്തെ ജോലി. പതുക്കെ പതുക്കെ അവൾ ആ ജീവിതത്തോട് ഇണങ്ങി ചേർന്നു.

കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ അവൾ ലക്ഷണമൊത്ത പോരാളിയായി മാറി. വിവിധ തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ അവൾ വൈദഗ്ധ്യം നേടി. സോണൽ കമാൻഡർ കാഞ്ചൻ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. പക്ഷെ ഒരു ഏറ്റുമുട്ടലിൽ അയാൾ കൊല്ലപ്പെട്ടു. 8 വർഷത്തെ തീവ്രവാദജീവിതം വെറുക്കാൻ സഞ്ജീതയ്ക്ക് അത് കാരണമായിരിക്കണം.

മാവോയിസ്റുകൾക്കിടയിൽ തന്നെയുള്ള പ്രശ്നങ്ങൾ, സ്ത്രീ പോരാളികൾക്ക് നേരെയുള്ള ലൈംഗിക അക്രമങ്ങൾ തുടങ്ങിയ കാരണങ്ങൾ അവളെ തീവ്രവാദിയുടെ കുപ്പായം അഴിച്ചു വെയ്ക്കാൻ പ്രേരിപ്പിച്ചു. ഒരു നാൾ ക്യാമ്പിൽ നിന്ന് ഒളിച്ചോടിയ അവൾ കുറച്ചകലെയുള്ള ഗംല എന്ന സ്ഥലതെത്തി ജീവിതം തുടങ്ങി. മുടങ്ങിപ്പോയ വിദ്യാഭ്യാസം പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രാദേശിക സ്കൂളിൽ അവൾ ചേർന്നു. കാലങ്ങളായി അടിച്ചമർത്തപ്പെട്ട തന്റെ സമൂഹത്തിന്റെ സഹനത്തിനുള്ള പരിഹാരം വിദ്യാഭ്യാസം മാത്രമാണ് പോംവഴി എന്നവൾ തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ തീവ്രവാദികൾ അവൾക്കു മരണ ശിക്ഷ വിധിച്ചിരുന്നു. ഒരു നാൾ വീട്ടുകാരെ കാണാൻ തന്റെ ഗ്രാമത്തിലെത്തിയ സഞ്ജീതയെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞു നടത്തിയ തെരച്ചിലിൽ വെടിയുണ്ടണ്ടകൾ കയറിയ സഞ്ജീതയുടെ മൃതശരീരം ഗ്രാമവാസികൾ ഒരു കുന്നിൻചെരുവിൽ നിന്ന് കണ്ടെടുത്തു. അവിടെ നിന്ന് കിട്ടിയ കടലാസ്സിൽ, തങ്ങളെ ചതിച്ചവൾക്കുള്ള ശിക്ഷ നടപ്പിലായി എന്ന് എഴുതിയിരുന്നു. പോലീസിന് വേണ്ടി ചാരപ്പണി നടത്തി എന്നായിരുന്നു സഞ്ജീതയ്ക്കു മേൽ തീവ്രവാദികൾ ആരോപിച്ച കുറ്റം.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വെടിയുണ്ടകൾ ഏറ്റുവാങ്ങിയ മലാലയെ ലോകം മുഴുവൻ അറിഞ്ഞു. നോബൽ സമ്മാനം വരെ കിട്ടിയ അവർ യൂറോപ്പിൽ സുരക്ഷിത ജീവിതം നയിക്കുന്നു. സായുധ വിപ്ലവത്തിന്റെ പാതയിൽ നിന്ന് മാറി വിദ്യാഭ്യാസം തുടങ്ങി എന്ന കുറ്റത്തിന് സ്വന്തം ജീവൻ നഷ്ട്ടപ്പെട്ട ഇന്ത്യൻ പെൺകുട്ടിയെ ആരും അറിഞ്ഞില്ല. അതെ, ചിലരെ നമ്മൾ ആഘോഷിക്കും, ചിലരെ നമ്മൾ ക്രൂരമായി മറവിയുടെ അഗാധ ഗർത്തത്തിലേക്ക് തള്ളിയിടും! ഈ കുറിപ്പ് 2015-ഇൽ മാവോയിസ്റുകളാൽ കൊല്ലപ്പെട്ട സഞ്ജീത കുമാരി അഥവാ ഗുഡ്‌ഡിയ്ക്കുള്ള ശ്രദ്ധാഞ്ജലി.