Làurëntius Mäthéî
പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ കരുതുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ചെയ്ത സിനിമകളുടെ നിലവാരം കൊണ്ടല്ല ഞാനിത്ര വലിയ സ്ഥാനത്ത് അദ്ദേഹത്തെ കാണുന്നത്. കൈയ്യിൽ കുറച്ച് പൈസ ഉണ്ടെങ്കിൽ, കൂടെ നിൽക്കാൻ ആളുകളുണ്ടെങ്കിൽ ആർക്കും സിനിമയെടുക്കാം, എന്ന അവസ്ഥയിലേക്ക് മലയാള സിനിമയുടെ വാതിലുകൾ തുറന്നിട്ടതിനാണ് ഞാൻ അദ്ദേഹത്തിന് ഈ സ്ഥാനം നൽകിയത്.
അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയായ കൃഷ്ണനും രാധയും റിലീസ് ചെയ്യുന്നത് ഒരു ദീപാവലി സമയത്താണ്. മലയാള സിനിമ സംഘടന സമരത്തിൽ നിൽക്കുന്ന സമയം. ആ സീസണിൽ ഒരു മലയാള സിനിമയും റിലീസ് ആയിട്ടില്ല.തിയേറ്ററിൽ ആ സമയം കളിച്ചുകൊണ്ടിരുന്നത് ഏഴാമറിവും വേലായുധവുമായിരുന്നു. ഈ സമയം കൃഷ്ണനും രാധയും റിലീസ് ചെയ്തു… ടിക്കറ്റ് എടുത്തുകൊണ്ടു തിയേറ്ററിൽ കേറി മലയാളികൾ 2 മണിക്കൂർ നിർത്താതെ തെറി വിളിച്ചു. സിനിമ മോശമാണെന്ന് അറിയാമായിരുന്നിട്ടു കൂടി മലയാളികൾ കാശ് മുടക്കി ടിക്കറ്റ് എടുത്ത് തിയേറ്ററിൽ 2 മണിക്കൂർ നിർത്താതെ തെറിവിളിച്ച് തങ്ങളുടെ ഫ്രസ്ട്രേഷൻ മുഴുവൻ തീർത്തു. പിന്നെ അതോടൊപ്പം യൂട്യൂബ്, ഓൺലൈൻ സ്ട്രീമിങ്, പിൽക്കാലത്ത് വന്ന ott എന്നിവയിലേക്ക് എല്ലാം വാതിൽ തുറന്നത് സന്തോഷ് പണ്ഡിറ്റ് ആയിരുന്നു.
അദ്ദേഹത്തിന്റെ സിനിമകളിൽ പെർഫെക്ഷൻ തീരെ ഇല്ല.
ഷോട്ടുകൾക്ക് കണ്ടിനുവിറ്റി ഇല്ല.. എല്ലാ പണികളും സ്വയം ചെയ്യുന്നത് കൊണ്ട് ബഡ്ജറ്റ് കുറച്ചുകൊണ്ട് സിനിമകൾ എടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ഇത്രയും കളക്ഷൻ വാരിക്കൂട്ടാൻ അദ്ദേഹത്തിന് സാധിച്ചു. പല സൂപ്പർതാരങ്ങൾക്ക് പോലും സിനിമ എന്ന ബിസിനസിനെ മനസ്സിലാക്കാൻ പറ്റാതെ ഇരിക്കുമ്പോൾ, 5 ലക്ഷം രൂപയ്ക്ക് സിനിമയെടുത്ത് അഞ്ചു കോടി ലാഭം ഉണ്ടാക്കിയ ഇദ്ദേഹം ശരിക്കും ഒരു ജീനിയസ് തന്നെയാണ്.
പണ്ടുകാലത്ത് മ്യൂസിക് ആൽബം തട്ടിക്കൂട്ടി യൂട്യൂബിലും ക്യാസിറ്റിലും ഇട്ടുകൊണ്ടിരുന്നത് നമ്മളിൽ പലരും, ആദ്യമായി ഷോർട്ട് ഫിലിമുകൾ ചെയ്ത് യൂട്യൂബിൽ ഇടാൻ തുടങ്ങിയത് സന്തോഷ് പണ്ഡിറ്റിന് ശേഷമാണ്. അതേ ഷോർട്ട് ഫിലിമുകൾ ആണ് അൽഫോൻസ് പുത്രനെ പോലെയുള്ളവരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. ഇതിന്റെ എല്ലാം കാരണഭൂതൻ സന്തോഷ് പണ്ഡിറ്റാണ്. ഒരുപക്ഷേ ഒരു നൂറു വർഷങ്ങൾക്ക് ശേഷം മലയാള സിനിമയെക്കുറിച്ച് പഠിക്കുമ്പോൾ ഓ ടി ടി സാധ്യതകളെ ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയ വ്യക്തി എന്ന നിലയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം. പക്ഷേ അദ്ദേഹം നല്ലൊരു സിനിമക്കാരനാണെന്ന് ഒരു ശതമാനം പോലും ഉറപ്പിച്ച് പറയാൻ എനിക്ക് ആവില്ല.
അദ്ദേഹം നല്ലൊരു മനുഷ്യനാണ് അതിനേക്കാൾ ഉപരി നല്ല ബുദ്ധിമാനായ ബിസിനസുകാരനാണ്. പലരും പറയുന്നത് കേട്ടിട്ടുണ്ട് പണി അറിയാവുന്ന ആൾക്കാരെ കൊണ്ട് അദ്ദേഹം സിനിമ എടുക്കുകയാണെങ്കിൽ, മറ്റ് നടന്മാരെയും ടെക്നിഷ്യൻസിനെയും ഒക്കെ വെച്ച് സിനിമ എടുത്താൽ കുറച്ചുകൂടി ക്വാളിറ്റി ഔട്ട്പുട്ട് ഉണ്ടാവും. അദ്ദേഹം ഒരു ക്വാളിറ്റി സിനിമ എടുക്കാൻ അല്ല ഉദ്ദേശിക്കുന്നത്. അദ്ദേഹം കാശുണ്ടാക്കാൻ മാത്രമാണ് ഉദ്ദേശിക്കുന്നത്. അതിൽ അയാൾ വിജയിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ പലതും എനിക്ക് സ്പൂഫ് സിനിമകൾ ആയിട്ടാണ് തോന്നിയിട്ടുള്ളത്. സൂപ്പർ താരങ്ങളെ കളിയാക്കിക്കൊണ്ട്, ഇത്തരമൊരു രൂപത്തിലും ഭാവത്തിലും വന്നു നിന്നു, നെടുനീളൻ ഡയലോഗുകളും, ആക്ഷൻ സീക്വന്സുകളും കാണിച്ചു, ഇതുവരെ ഇറങ്ങിയ സൂപ്പർതാര സിനിമകളെ എല്ലാം അദ്ദേഹം തന്റെ സിനിമകളിലൂടെ കളിയാക്കുന്നു. നമ്മൾ നമ്മുടെ ഫ്രസ്ട്രേഷൻ തീർക്കാൻ വേണ്ടി അയാളുടെ സിനിമകൾ കാണുന്നു.