അബിത്ത് ഫ്രാൻസീസ്

സാറ പറയാൻ മറന്നത്

സാറ ആണല്ലോ സംസാരവിഷയം. സാറ ശെരിയോ തെറ്റോ എന്ന് കൊച്ചുകേരളത്തിലെ ആബാലവൃന്ദം ജനങ്ങളും, കേരളത്തിലെ മാത്രമല്ല അഖിലലോകമണ്ഡലത്തിലെ മലയാളം അറിയുന്ന – സബ്ടൈറ്റിൽ എങ്കിലും വായിച്ചാൽ മനസിലാകുന്ന – സർവമാന മനുഷ്യരുടെയും ആത്യന്തികമായ “ഇന്നത്തെ” പ്രശ്നം സാറയുടെ പ്രസവം ആയതുകൊണ്ട്, ആ പ്രശ്നം എന്റെയും കുടുംബപ്രശ്നമായി ഞാനും ഏറ്റെടുക്കുന്നു.

ഈ കുഞ്ഞു സിനിമ ഒരുപാട് ചർച്ചകൾക്കും സംവാദങ്ങൾക്കുമൊക്കെ വഴിവച്ചതിൽ തീർച്ചയായും ജൂഡിന് അഭിമാനിക്കാം. എപ്പോളും വൺ സൈഡഡ് ആയി മാത്രം സംസാരിച്ചുകൊണ്ടിരുന്നു പല കാര്യങ്ങളെക്കുറിച്ചുമുള്ള ധാരണകൾ രണ്ടര മണിക്കൂറുകൊണ്ട് പൊളിച്ചടുക്കിക്കൊടുത്ത അണിയറപ്രവർത്തകർക്ക് ആശംസകൾ. സാറ തീർച്ചയായും സംസാരിക്കപ്പെടേണ്ട വിഷയം തന്നെയാണ്.
പക്ഷെ ഒറ്റവാക്കിൽ സിനിമ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ “ഇല്ല” എന്ന് തന്നെയാണ് ഉത്തരം. അത് സാറ തനിക്ക് കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടോ, അബോർഷൻ ചെയ്തതുകൊണ്ടോ ആണെന്ന് എനിക്ക് തോന്നുന്നില്ല. അത് അവരുടെ പേഴ്സണൽ കാര്യങ്ങൾ. പക്ഷെ ആ തീരുമാനങ്ങളിലേക്ക് അവർ എത്തിച്ചേർന്ന വഴി സിനിമയിൽ കാണിച്ചിരിക്കുന്നത് എനിക്ക് കൺവിൻസിംഗ് ആയില്ല എന്നതുകൊണ്ടാണ്.

“വിനീത്’സ് സ്‌കൂൾ ഓഫ് ഡയറക്ഷനിൽ” നിന്ന് വരുന്ന എല്ലാവരുടെയും സിനിമകൾ പോലെ സാറയും വൻ കളർഫുൾ ആണ്, ഫെസ്റ്റിവ് മൂഡ് ആണ്, സ്ക്രീൻ മൊത്തത്തിൽ റിച്ച് ആണ്, നല്ല പാട്ടുകളാണ്, ആകെ മൊത്തം സ്ക്രീനിലേക്ക് നോക്കിയിരിക്കാൻ നല്ല ഭംഗിയാണ്. ചേച്ചിയുടെ ഫ്ലാറ്റ് ഒക്കെ എന്ത് ഭംഗിയാണ് കാണാൻ. എന്തായാലും എനിക്ക് തോന്നിയ പ്രശ്നങ്ങളിലേക്ക് വരാം.

*** കുട്ടികളെ എത്ര ഇഷ്ടം ഇല്ലാത്ത ആളാണെങ്കിലും, ആദ്യമായി കാണുന്ന, യാതൊരു മുൻപരിചയവും ഇല്ലാത്ത ഒരാളുടെ ഒപ്പം രണ്ടു കുഞ്ഞുങ്ങളെയും ഒരു ഫ്ലാറ്റും നോക്കാൻ ഏൽപ്പിച്ച് മുങ്ങുവോ? അതും സ്വന്തം ചേച്ചിയുടെ മക്കളെ!!!! സാറ ഒരുവട്ടം എങ്കിലും ഇതിനു മുൻപ് അവിടെ വരുന്നതായിട്ടോ, അല്ലെങ്കിൽ ചേച്ചി ഇങ്ങനെ ഒരാൾ വരും എന്ന് ഒരു സൂചനയെങ്കിലും നമ്മുടെ നായകന് കൊടുക്കുകയോ ചെയ്തിരുന്നെങ്കിൽ ഇത്രയും ദഹനക്കേട് ഉണ്ടാവില്ലായിരുന്നു.

*** അതുപോലെ നമ്മൾ ആദ്യമായി കാണുന്ന, വീട്ടിൽ വരുന്ന ഒരു ഗസ്റ്റിനോട് തറ ക്ലീൻ ചെയ്യാനും കുഞ്ഞിന്റെ ഡയപ്പർ മാറ്റുവാനും പറയുവോ? ആ അമ്മക്ക് സാറ ആരാന്നു പോലും അറിഞ്ഞൂടാ എന്നോർക്കണം. ഇതുപോലത്തെ ലോജിക് ഇല്ലായ്മ ഒരുപാടുണ്ട് സിനിമയിൽ.

*** കുട്ടികളേ താല്പര്യം ഇല്ലാത്ത രണ്ടുപേരാകുമ്പോൾ, ഇത്രയും ടെക്നോളജികൾ ഉള്ള നാട്ടിൽ കോണ്ട്രസെപ്ട്ടീവ്‌സിന് പകരം വേറെ എത്രയോ വഴികൾ ഉണ്ടായിരുന്നു. ” prevention is better than abortion” എന്നാണല്ലോ. സാറയുടെ സ്വഭാവം അനുസരിച്ച് ഭാവിയിൽ അവളുടെ തീരുമാനത്തിന് മാറ്റം വരാനുള്ള ഒരു പഴുതും സംവിധായകൻ നൽകിയിട്ടും ഇല്ല.

*** നമ്മുടെ എല്ലാവരുടെയും സ്വഭാവവും ചിന്തകളും ഒക്കെ ഒരുപരിധിവരെ രൂപീകരിക്കപ്പെടുന്നത് നമ്മുടെ ചുറ്റുപാടുകളിൽനിന്നും, ഇടപെടുന്ന ആളുകളിൽനിന്നും, സമൂഹത്തിൽനിന്നും ഒക്കെയാണ്. അതുകൊണ്ടാണ് മനുഷ്യൻ ഒരു സാമൂഹികജീവി ആകുന്നതും. കുട്ടികൾ വേണ്ട എന്ന് പറഞ്ഞിരുന്ന ജീവന്റെ മനസ്സിനെയും ഒരുപരിധിവരെ അയാളുടെ ചുറ്റുപാടുകൾ സ്വാധീനിച്ചിട്ടുണ്ടാവാം. അതുപോലെ താൻ ഒരു അച്ഛനാകാൻ പോകുന്നു, താൻ മൂലം ഒരു പുതിയ ജീവൻ ഭൂമിയിലേക്ക് വരാൻ പോകുന്നു എന്ന ചിന്ത സ്വാഭാവികമായും ഒരു സാധാരണ പുരുഷനെ എക്സൈറ്റ് ചെയ്യിക്കുക തന്നെ ചെയ്യും. അത് പ്ലാൻഡ് ആണെങ്കിലും ആക്‌സിഡന്റൽ ആണെങ്കിലും. സ്വാഭികമായും അവൻ മാറിചിന്തിക്കാം.

*** കൗൺസിലിങ്ങിന് തന്റെ മുൻപിൽ വന്നിരിക്കുന്ന ആളുകളോട് ഇത്രയും വൺ സൈഡഡും ബയാസ്ഡുമായി ഏതെങ്കിലും ഡോക്ടർ സംസാരിക്കുമോ? എനിക്ക് തോന്നുന്നില്ല. പുള്ളി പറഞ്ഞ കാര്യങ്ങൾ ഒക്കെ ശെരിയായിരിക്കാം, പക്ഷെ മെഡിക്കൽ എത്തിക്സ് ന്നൊക്കെ കുറച്ചു കാര്യങ്ങൾ ഇല്ലേ? “നീ പറഞ്ഞതാണ് മോളേ ശെരി, വാ ഇപ്പൊത്തന്നെ അബോർട്ട് ചെയ്തേക്കാം” എന്ന് ഏതെങ്കിലും ഡോക്ടർ പറയുമോ? അതും ഭർത്താവിന് അബോർഷൻ താല്പര്യവുമില്ലാത്ത സാഹചര്യത്തിൽ.

*** അതുപോലെയാണ് ശ്രിന്ദ അവതരിപ്പിച്ച ലിസി. കാഴ്ച്ചയിൽ “third trimester” തോന്നിക്കുന്ന ലിസ്സിയോട്, അതും വർഷങ്ങളായി തന്റെ പേഷ്യൻറ് ആയ, അവരുടെ സാഹചര്യങ്ങൾ ഒക്കെ അറിയാവുന്ന ഒരു സ്ത്രീയോട് സാമാന്യ മര്യാദയുള്ള ഒരു ഡോക്ടർ പെരുമാറുന്ന രീതിയിലാണോ നമ്മുടെ ഡോക്ടർ പെരുമാറുന്നത്.

*** എനിക്ക് തോന്നിയത് സിനിമയുടെ കഥ ഇതായതുകൊണ്ട് കാഴ്ചക്കാരെ സാറയുടെ തീരുമാനത്തിലേക്ക് എത്തിക്കാൻ, അത് ശെരിയാണല്ലോ എന്ന് നമ്മളെ കൺവിൻസ്‌ ചെയ്യിക്കാൻ കുറെ ആളുകളെ കൊണ്ടുവന്നു എന്നു മാത്രമാണ്. ഡോക്ടറും ലിസിയും അജുവുമെല്ലാം കുട്ടികൾ വേണ്ട എന്നൊരു തോന്നലിലേക്കു കാഴ്ചക്കാരെ എത്തിക്കാനൊള്ള ബോധപൂർവമായ ശ്രമം ആയിട്ടാണ് എനിക്ക് മനസിലായത്. അവരുടെ ഡയലോഗുകളും.

*** ജീവന്റെ അമ്മയോട് സാറ സംസാരിക്കുന്ന രീതിയും നല്ല ബോറാണ് . തങ്ങളുടെ വീട്ടിൽ വന്ന ആളുകളോട് കാണിക്കേണ്ട മിനിമം മര്യാദപോലും പലപ്പോളും സാറ കാണിക്കുന്നതായി തോന്നിയില്ല.

*** നാച്ചുറൽ ആയ രീതിയിൽ ഗർഭിണിയാകുക എന്നത് ഒരു ആണിനോ പെണ്ണിനോ തനിച്ചു ചെയ്യാൻ പറ്റുന്ന കാര്യമല്ല. രണ്ടുപേരും ഒരുപോലെ ഉത്തരവാദികളായ കാര്യമാണ്. അപ്പോൾ ഒരാളുടെ മാത്രം തീരുമാനം അടിച്ചേൽപ്പിക്കുന്നത് ശെരിയായ കാര്യമാണോ? ഇവിടെ ഒരു സ്റ്റേജിൽ അബോർഷൻ എന്നത് സാറയുടെ മാത്രം ആവശ്യമാണ്. അവിടെ ജീവന്റെ ആഗ്രഹത്തിന് പ്രത്യേകിച്ച് വിലയൊന്നുമില്ലേ? ഇത് തിരിച്ചാണെങ്കിലും ഇതുതന്നെയാണ് സംഭവിക്കുക. അബോർഷൻ വേണം എന്ന് വാശിപിടിക്കുന്ന പുരുഷനും വേണ്ട എന്ന് പറയുന്ന സ്ത്രീയും ഇതേ നാണയത്തിന്റെ മറുപുറമാണ്. സ്വാഭാവികമായും ഇവിടെ പുരുഷനായിരിക്കും വില്ലനാവുക. രണ്ടായാലും അവരുടെ തീരുമാനത്തിലേക്ക് – കുട്ടി വേണം എന്നാണെങ്കിലും വേണ്ട എന്നാണെങ്കിലും – ഒരുമിച്ച് എത്തുകയാണ് വേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. രണ്ടു പേരും ആ കൂട്ടായ തീരുമാനത്തിലേക്ക് എത്തിച്ചേരുന്ന പ്രക്രിയ കാഴ്ചക്കാർക്ക് കൺവിൻസിംഗ് ആകണം. ഇവിടെ സംവിധായകൻ പരാജയപ്പെട്ടതും അവിടെയാണ് എന്ന് തോന്നുന്നു.

*** ജീവന്റെ ആഗ്രഹത്തിന് യാതൊരു വിലയും കൊടുക്കാതെ, എന്തുകൊണ്ട് അവന് ഒരു മാറ്റം ഉണ്ടായി എന്നുപോലും അന്വേഷിക്കാതെ, കുറ്റപ്പെടുത്തുന്നതിനു പകരം, ഒരുമിച്ചിരുന്നു ഇനി എന്ത് എന്നുപോലും സംസാരിക്കാതെ, അബോർഷനിലേക്ക് എത്തിയ രീതി എന്തോ എനിക്ക് മനസിലായില്ല. തുല്യതയും അവകാശവുമൊക്കെ എവിടെപ്പോയി. വീണ്ടും പറയുന്നു, അബോർഷൻ എന്ന തീരുമാനത്തിന്റെ തെറ്റും ശെരിയുമല്ല ഞാൻ സംസാരിക്കുന്നത് – ആ തീരുമാനത്തിലേക്ക് അവർ കൂട്ടായി എത്തിയ ഒരു സംഗതിയും കൺവിൻസിംഗ് ആയ രീതിയിൽ സിനിമയിൽ കണ്ടില്ല എന്നതാണ്. സിനിമ കണ്ട മുക്കാൽ പങ്ക് ആളുകൾക്കും സാറ തന്റെ സിനിമ കരിയറിനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചു എന്നൊരു മെസ്സേജ് ആണ് സിനിമ നൽകിയത്. സാറക്ക് കുട്ടികളെ പ്രസവിക്കാനും വളർത്താനും ഇഷ്ടമല്ല എന്ന ബേസിക് കാര്യം ആളുകളിലേക്ക്‌ എത്തിയിട്ടില്ല.

സിനിമകൾ സമൂഹത്തിനെ സ്വാധീനിക്കും എന്നതിന് കൂടുതൽ ഡെക്കറേഷൻ ഒന്നും ആവശ്യം ഇല്ല. സാറ എടുത്തു വച്ചിരിക്കുന്ന രീതിയിൽ ഈ സിനിമ ഒരു 20 – 25 വയസുള്ള പെൺകുട്ടികൾക്ക് എന്ത് സ്വാധീനമാണ് ചെലുത്തുക എന്നത് തീർച്ചയായും ചിന്തിക്കേണ്ടുന്ന വിഷയമാണ്. കുട്ടികൾ എന്നത് തങ്ങളുടെ ഭാവിക്കും കരിയറിനും എല്ലാം തടസ്സങ്ങൾ ആണെന്നോ? അബോർഷൻ എന്നത് ഭയങ്കര എളുപ്പമുള്ള കാര്യമാണെന്നോ? സംവിധായകൻ അതാവില്ലായിരിക്കാം ഉദേശിച്ചത്, പക്ഷെ സോഷ്യൽ മീഡിയ ചർച്ചകളെല്ലാം ആ വഴിക്കാണ് പോകുന്നത്. അതാണ് കുട്ടികളെയും പ്രൊഫെഷനെയും ഒരുമിച്ചു കൊണ്ടുപോയ സ്ത്രീകളുടെ ചിത്രങ്ങൾ എങ്ങും പാറികളിക്കുന്നതും. എവിടെയോ എന്തോ പാളിപ്പോയില്ലേ എന്നൊരു സംശയം ബാക്കിയാവുന്നു.

വിവാഹം ആണ് സെക്സിനുള്ള ലൈസെൻസ് എന്ന് ഇപ്പോളും ചിന്തിക്കുന്ന, പുറമെ മാത്രം പുരോഗമനം പറയുന്ന നമ്മുടെ സമൂഹത്തിൽ, വിവാഹത്തിന് ശേഷം കുട്ടികൾ ഉണ്ടായേ പറ്റൂ, ഇല്ലെങ്കിൽ എന്തോ മഹാ അപരാധം ആണ് എന്നൊക്കെ വാശിയുള്ള നമ്മുടെ നേരെയുള്ള ഒരു മുഖമടച്ചുള്ള അടിയാണ് ഈ സിനിമ. ഒരു സാറയിലോ, ബിരിയാണിയിലോ, ഇന്ത്യൻ കിച്ചണിലോ ഒതുങ്ങിപ്പോകാതെ ഇനിയും ഇതുപോലുള്ള സിനിമകളും ചർച്ചകളുമൊക്കെ വന്നുകൊണ്ടേയിരിക്കണം. സിനിമ നമ്മളെ സ്വാധീനിക്കും. നല്ലതായും ചീത്തയായും ഒക്കെ. ഒരു സംശയവും വേണ്ട അതിൽ.

You May Also Like

സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ ബി എം ഡബ്ലിയു കഥ : വീഡിയോ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ കാര്‍ ഒരു സെക്കണ്ട് ഹാന്‍ഡ്‌ ബി എം ഡബ്ലിയു കാറിനെ ക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ ?

ആറു വയസ്സുള്ള കുട്ടിയെ നിങ്ങൾ തീർച്ചയായും MTech ന് വിടുകയാണ് നല്ലത്, നോൺസെൻസ് ആണെന്ന് തോന്നുന്നുണ്ടോ ?

മാനസിക പ്രശ്നങ്ങൾക്ക് പുറമേ സാമ്പത്തിക പ്രശ്നങ്ങൾമൂലം നീറുന്ന ആ അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞു ..ഞാൻ ചോദിച്ചു.” ഒരു എഡിഡഡ് കോളജിലെ അധ്യാപികയായ

ധാരാസിംഗിനെ പോലെ മക്കൾ വളർന്നു വരുന്നത് കാണാൻ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്ന ഒരു കാലം

രാമായണം” സീരിയൽ കണ്ടിട്ടുള്ളവർക്ക് ധാരാ സിങ് എന്ന് പറഞ്ഞാൽ ഹനുമാനായിരിക്കും ആദ്യം മനസ്സിലോടി

ഇമ്രാന്‍ – ദുഖകഥ

പഠനസംബന്ധമായി പല സ്‌പെഷ്യല്‍ യൂണിറ്റിലും പ്രാക്ടീസിനു പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നും ഇന്നും പോകാന്‍ മടിക്കുന്ന ഒരെ ഒരു യൂണിറ്റാണു ഒന്‍കൊലോജി യൂണിറ്റ്.