ഞാൻ സത്യൻ സാറിന്റെ മകനല്ലെന്ന് ആളുകളോട് മറുപടി പറഞ്ഞു മടുത്തു

0
272

മലയാളികളുടെ പ്രിയ നടൻ ആണ് കിഷോർ സത്യ, ഇപ്പോൾ താരം പരമ്പരകളിൽ ആണ് കൂടുതലായും അഭിനയിക്കുന്നത്, തന്റെ എല്ലാ അഭിപ്രായങ്ങളും തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുള്ള ഒരാൾ കൂടിയാണ് കിഷോർ. ഇപ്പോൾ അന്തരിച്ച നടൻ സത്യനെ കുറിച്ചുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം, ഞാൻ സത്യൻ സാറിന്റെ മകൻ ആണെന്നുള്ള ഒരു പ്രചരണം ഒരിക്കൽ ഉണ്ടായി, എന്നെ കണ്ടാൽ അദ്ദേഹത്തെ പോലെ തന്നെയാണെന്നും അഭിനയ ശൈലിയും “അച്ഛന്റെ പോലെ തന്നെ” എന്നും പറഞ്ഞ് മെസ്സേജ് അയച്ചവരും ഫോൺ വിളിച്ചവരും വരെയുണ്ട് എന്നാണ് താരം പറയുന്നത്.

Sathyan biopic to present an unseen side of the legend- Cinema expressകിഷോർ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ,

സത്യൻ സാറിന്റെ മരണമില്ലാത്ത ഓർമകൾക്ക് ഇന്ന് 50 വയസാവുന്നു. പ്രണാമം.അദ്ദേഹത്തിന്റെ ഒരേ ഒരു സിനിമയെ ഞാൻ കോട്ടകയിൽ പോയി കണ്ടിട്ടുള്ളു. എന്റെ അമ്മവീട് കോട്ടയത്താണ്. അവധി ദിവസങ്ങളിൽ കുട്ടികൾ അമ്മവീട്ടിൽ പോവുക പണ്ടത്തെ ഒരു പതിവായിരുന്നു. അങ്ങനെ ഒരിക്കൽ പോയപ്പോൾ ബന്ധുക്കളായ ചില ചേട്ടന്മാർ (സ്റ്റാർ തിയേറ്ററിൽ ആണെന്ന് തോന്നുന്നു) “കടത്തുകാരൻ” സിനിമ കാണാൻ എന്നെയും കൊണ്ടുപോയി. പഴയ സിനിമയാണെന്നും വീണ്ടും വരുന്നതും കാണുന്നതും നമ്മുടെ ഭാഗ്യമാണെന്നുമൊക്കെ ചേട്ടന്മാർ പറഞ്ഞിട്ടുണ്ടാവണം…! ഓർമയിൽ സെപിയ ടോണിൽ നിറം മങ്ങിയ ചില ഓർമതുണ്ടുകൾ മാത്രം. ലോവർ പ്രൈമറിയിൽ പഠിക്കുന്ന കുട്ടിക്ക് ഒരു വിസ്മയം മാത്രമായിരുന്നു അന്ന് സിനിമ….. കാലം ഏറെ കടന്നുപോയി ഞാനും മലയാളത്തിലെ നടന്മാരുടെ പട്ടികയിൽ ഇടം പിടിച്ചു.

ടെലിവിഷനിലൂടെ ഞാനും സത്യൻ സാറിന്റെയും സിനിമകകൾ കണ്ടു…. ഏതാണ്ട് ഒരു മാസം മുൻപ് ഈ ചിത്രം ഒരാൾ എനിക്ക് ഫേസ് ബുക്കിലൂടെ അയച്ചുതന്നു…. എന്താണ് എന്ന് മറുകുറി ഇട്ടപ്പോൾ പറഞ്ഞു “… കിഷോറിന്റെ ഫാമിലി ഫോട്ടോ അല്ലേ… നെറ്റിൽ കണ്ടപ്പോൾ അയച്ച് തന്നതാണെന്നു……” ഞാൻ പറഞ്ഞു എന്റെ പൊന്നു സഹോദരാ, സത്യൻ സാർ എന്റെ അച്ഛനല്ല….. അദ്ദേഹം നമ്മെ വിട്ട് പോയിട്ട് തന്നെ 50 വർഷങ്ങൾ കഴിഞ്ഞു. സാമാന്യ ബുദ്ധി ഉപയോഗിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ചെറുമകനല്ലേ എന്നെങ്കിലും ചോദിക്കാമായിരുന്നു….. ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു . പക്ഷെ ഏഷ്യാനെറ്റിൽ “കറുത്ത മുത്ത്‌” ചെയ്യുന്നതിനിടയിൽ ആണ് ഞാൻ സത്യൻ സാറിന്റെ മകൻ ആണെന്നുള്ള ഒരു പ്രചരണം എവിടെനിന്നോ വന്ന് തുടങ്ങിയത്.

Kishor Satya - Wikipediaഎന്റെ പേരിലെ “സത്യ” കണ്ടപ്പോൾ ഏതെങ്കിലും ഓൺലൈൻ പത്ര വിരുതന്മാർ പടച്ചിറക്കിയതാവാം ഇത്. ഞാൻ ആളുകളോട് മറുപടി പറഞ്ഞു മടുത്തു…. എന്നെ കണ്ടാൽ അദ്ദേഹത്തെ പോലെ തന്നെയാണെന്നും അഭിനയ ശൈലിയും “അച്ഛന്റെ പോലെ തന്നെ” എന്നും പറഞ്ഞ് മെസ്സേജ് അയച്ചവരും ഫോൺ വിളിച്ചവരും വരെയുണ്ട്…. പോരെ പൂരം…. സാറിന്റെ ഒരു സിനിമ പോലും കാണാത്തവർ ആവും മിക്കവരും. ചാനലുകളിൽ പലരും കാട്ടികൂട്ടുന്ന അദ്ദേഹത്തിന്റെ അനുകരണ ആഭാസം മാത്രമാവും ഇക്കൂട്ടരിൽ പലരും കണ്ടിട്ടുണ്ടാവുക….! കുറേക്കാലമായി ഈ “കിഷോർ സത്യൻ” ബന്ധം ഇല്ലാതെയിരിക്കുകയായിരുന്നു…. അപ്പോഴാണ് കുടുംബചിത്രവുമായി കഴിഞ്ഞ മാസം ഒരാൾ ഏറെക്കാലത്തിനു ശേഷം എത്തിയത്…. അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി വിട്ടു. ലോകം മുഴുവൻ അദ്ദേഹത്തെ ഇന്ന് ഓർമിക്കുമ്പോൾ അറിയാതെ കിട്ടിയ ഒരു “സത്യൻ ബന്ധത്തിന്റെ” കഥ നിങ്ങളോട് പങ്കുവെക്കുന്നു എന്ന് മാത്രം