സത്യജിത്ത് റേ:
ഭാരതീയ സിനിമാ ചരിത്രത്തോടൊപ്പം ഇഴപിരിയാതെ ഒപ്പം നടന്ന അതുല്യ ചലച്ചിത്രകാരൻ.
(1921 മേയ് 2 – 1992 ഏപ്രിൽ 23)

പദ്മനാഭൻ തിക്കോടി

ശൈശവദശയിലായിരുന്ന ഇന്ത്യൻ സിനിമയിലേക്ക് നവീനതകൾ കൊണ്ടു വന്ന ചലച്ചിത്രകാരനായിരുന്നു സത്യജിത് റേ.റേയുടെ സിനിമകൾ ഏറ്റവും മനോഹരമായ കാവ്യരചനകൾ ആയും, ദൃശ്യവൽക്കരണത്തിലെ കോമ്പോസിഷൻസ് അതിമനോഹരമായ ‘പെയിന്റിംഗുകൾ’ ആയും ആണ് വിശേഷിപ്പിക്കപ്പെടുന്നത്.ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇദ്ദേഹം 1947 -ൽ തുടങ്ങിവെച്ച കൽക്കട്ടാ ഫിലിം സൊസൈറ്റി ( CFS ) ആണ്. ബംഗാളി സാഹിത്യത്തിലെ എക്കാലത്തേയും വിശിഷ്ട കലാസൃഷ്ടികളുടെ ഗണത്തിൽ പെടുത്താവുന്നതും 1928 ൽ പ്രസിദ്ധീകരിക്കപ്പെട്ടതുമായ, അപു എന്ന ഗ്രാമീണ ബാലന്റെ കഥ പറയുന്ന ഭാഗികമായി ആത്മകഥാപരമായ ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചാലി ആയിരുന്നു തന്റെ ആദ്യ ചലച്ചിത്രത്തിനു വേണ്ടി സത്യജിത്‌ റേ തെരഞ്ഞെടുത്തത്‌.

കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരം ഉൾപ്പെടെ 11 അന്താരാഷ്ട്രപുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ അഭ്രകാവ്യം റേയുടെ മനസ്സിലുദിച്ചത് ലണ്ടനിൽ നിന്നും ഇൻഡ്യയിലേക്കുള്ള ഒരു കടൽ യാത്രയിലായിരുന്നു. ഉടൻ തന്നെ റേ തന്റെ ചിത്രത്തെപ്പറ്റിയും അതിന്റെ രീതികളേപ്പറ്റിയും തീരുമാനിച്ചുറപ്പിച്ചു. അഭിനേതാക്കളായി തിരഞ്ഞെടുത്തത്‌ രണ്ടാംനിര നടീനടൻമാരെ. സ്വന്ത സമ്പാദ്യം ചെലവിട്ടുകൊണ്ടായിരുന്നു നിർമ്മാണ നിർവഹണം.1952 ൽ ചിത്രീകരണം തുടങ്ങിയെങ്കിലും സാമ്പത്തികമായ തടസ്സങ്ങൾ കാരണം പശ്ചിമ ബംഗാൾ സർക്കാരിന്റെ വായ്പാസഹായത്തോടു കൂടി 1955 ലേ പഥേർ പാഞ്ചാലി പുറത്തിറങ്ങിയുള്ളൂ.ഞാൻ ആദ്യം കണ്ട ബംഗാളി സിനിമയായിരുന്നു അത്. ഇന്നും അഭിമാനം തോന്നുന്നുണ്ട്,നിരൂപകരുടെയും, ആസ്വാദകരുടെയും പ്രശംസ പിടിച്ചു പറ്റിയ, ഇൻഡ്യയിലും, വിദേശത്തും നീണ്ടകാലങ്ങൾ പ്രദർശിപ്പിക്കുകയും, അനേകം പുരസ്കാരങ്ങൾ നേടുകയും ചെയ്ത ആ കലാസൃഷ്ടി കൗമാര കാലത്ത് തന്നെ കാണാൻ കഴിഞ്ഞു എന്നതിൽ. രണ്ടാമത്തെ ചിത്രമായ അപരാജിതോയുടെ വിജയത്തോടു കൂടി ആയിരുന്നു റേയുടെ രാജ്യാന്തര തലത്തിലുള്ള സ്ഥാനം കുറേക്കൂടി ദൃഢമായത്‌. 1957 ൽ വെനിസ്‌ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ലയൺ (Golden Lion) പുരസ്കാരം അപരാജിതോ നേടുകയുണ്ടായി. ഇതിന്റെ മൂന്നാം ഭാഗം പുറത്തിറക്കുന്നതിന്‌ മുൻപ്‌ റേ മറ്റു രണ്ടു ചിത്രങ്ങൾ കൂടി പൂർത്തിയാക്കുകയുണ്ടായി. പരാഷ്‌ പത്തർ എന്ന ഹാസ്യചിത്രവും ജന്മിമാരുടെ അധഃപതനത്തിന്റെ കഥ പറയുന്ന ജൽസാഗർ എന്ന ചിത്രവും.

അപരാജിതോ നിർമ്മിക്കുന്ന സമയത്തുപോലും ഒരു മൂന്നാം ഭാഗത്തെപ്പറ്റി റേ ചിന്തിച്ചിരുന്നില്ല. വെനിസ്‌ ചലച്ചിത്രോൽസവത്തിൽ വച്ചാണ്‌ അങ്ങനെയൊരാശയം അദ്ദേഹത്തോട്‌ ചോദിക്കപ്പെടുന്നത്‌.അങ്ങനെ 1959 ൽ ആ തുടർച്ചയുടെ അവസാന ഭാഗമായ അപുർ സൻസാർ (അപുവിന്റെ ലോകം) പുറത്തിറങ്ങി. പഴയ രണ്ടു ചിത്രങ്ങളെപ്പോലെ തന്നെ ഈ ചിത്രത്തേയും റേയുടെ ഏറ്റവും മഹത്തായ മറ്റൊരു കലാസൃഷ്ടി എന്ന് പ്രമുഖർ വാഴ്ത്തി. അപുർ സൻസാറിനു (അപുവിന്റെ ലോകം) ശേഷം ഹൈന്ദവ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ അന്വേഷണവിധേയമാക്കുന്ന ‘ദേവി’എന്ന സിനിമയാണ് റേ ചെയ്തത്. ഭർതൃപിതാവിനാൽ ആരാധിക്കപെടുന്ന ദയാമയി എന്ന ചെറുപ്പക്കാരിയായ ഭാര്യയായി ഷർമ്മിള ടാഗോർ ഈ ചിത്രത്തിൽ വേഷമിട്ടു.റേ ഭയപ്പെട്ടത് പോലെ സെൻസർ ബോർഡ് ഈ സിനിമ തടയുകയോ രംഗങ്ങൾ മുറിച്ചു മാറ്റാൻ നിർബന്ധിക്കുകയോ ഉണ്ടായില്ല. 1961 ൽ ‘ദേവി’ പുറത്തിറങ്ങി.
പഥേർ പാഞ്ചാലി, തുടർചിത്രങ്ങളായ അപരാജിതോ,അപുർ സൻസാർ എന്നിവ അപുത്രയം എന്ന പേരിലാണ് പിൽക്കാലത്ത് അറിയപ്പെട്ടത്.

തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കൽ (casting), പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിർമ്മാണരംഗത്തെ എല്ലാ മേഖലകളിലും റേ പ്രവർത്തിച്ചിട്ടുണ്ട്.നല്ലൊരു ചിത്രകാരനായിരുന്ന റേ താൻ ചിത്രീകരിക്കാൻ പോവുന്ന രംഗങ്ങളെല്ലാം തന്നെ ആദ്യം ചിത്രങ്ങളായി വരയ്ക്കുമായിരുന്നു.നല്ലൊരു പിയാനോ വാദകനായിരുന്ന അദ്ദേഹം സിനിമയിലെ രംഗങ്ങളുമായി ഇഴചേർന്നുപോവുന്ന പശ്ചാത്തല സംഗീതവും സ്വയം പകർന്നു പോന്നിരുന്നു.അതു കൊണ്ടു തന്നെ റേയിൽ നിന്നും വന്നതൊക്കെയും സമ്പൂർണ്ണ സൃഷ്ടികളായി മാറി. നിരന്തരം നവീകരിച്ചുകൊണ്ടിരുന്ന 37 സിനിമകളും വേറിട്ട അനുഭവമായി. വിവിധ വിഭാഗങ്ങളിലായി 32 ദേശീയ അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി. ഫാന്റസി, സയൻസ് ഫിക്ഷൻ, ഡിറ്റക്റ്റീവ് ചലച്ചിത്രങ്ങൾ, പുരാണ ചിത്രങ്ങൾ എന്നിങ്ങനെ പല വ്യത്യസ്ത വിഷയങ്ങളും റേ സ്വന്തം ചലച്ചിത്രത്തിനു വേണ്ടി ഉപയോഗിച്ചു. ഈ സമയത്ത് ഒരുപാട് പരീക്ഷണങ്ങളും അദ്ദേഹം നടത്തി. ഹ്രസ്വചിത്രങ്ങൾ,ഡോക്യുമെന്ററികൾ എന്നിവ ഉൾപ്പെടെ, ഏറ്റവും മനോഹരമായ കാവ്യരചനകളായി വിശേഷിപ്പിക്കപ്പെട്ട 1991-ൽ സംവിധാനം ചെയ്ത ആഗന്തുക് വരെയുള്ള 37 ചലച്ചിത്ര വിസ്മയങ്ങളാണ് റേയിൽ നിന്നും നമുക്ക് കിട്ടിയത്. ഇവയിൽ മുപ്പതും കാണാൻ കഴിഞ്ഞിരുന്നു എന്നത് എനിക്ക് ലഭിച്ച സുവർണ്ണ ഭാഗ്യമായി ഇന്നും എന്റെ മനസ്സിലുണ്ട്.

1921 മെയ് 2 ന് കൊൽക്കത്തയിലെ കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സത്യജിത്ത് റായ് പ്രസിഡൻസി കോളേജിലും വിശ്വഭാരതി സർവകലാശാലയിലും ആയിട്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശാന്തിനികേതനിൽ വെച്ച് പൗരസ്ത്യ കലകളിൽ ആകൃഷ്ടനായ റെ പിന്നീട്, പ്രശസ്ത ചിത്രകാരന്മാരായ നന്ദലാൽ ബോസ്, ബിനോദ് ബെഹരി മുഖർജി തുടങ്ങിയവരെ പരിചയപ്പെടുകയും ചിത്രകലയിൽ കൂടുതൽ വൈദഗ്ധ്യം നേടുകയും ചെയ്തു.1943 ൽ തന്റെ പഞ്ചവത്സര കോഴ്സ് മുഴുമിപ്പിക്കുന്നതിനു മുമ്പായി ശാന്തിനികേതൻ വിട്ട റേ കൽക്കത്തയിലെ ഒരു ബ്രിട്ടീഷ് പരസ്യ കമ്പനിയിൽ “ജൂനിയർ വിഷ്വലൈസർ” ആയി ജോലിയിൽ പ്രവേശിച്ചു.ഇതിനിടയിൽ ഡി. കെ. ഗുപ്ത ആരംഭിച്ച പ്രസാധക സ്ഥാപനമായ സിഗ്നെറ്റ് പ്രസ്സ് ഇറക്കുന്ന പുസ്തകങ്ങളുടെ മുഖചിത്രം ഡിസൈൻ ചെയ്യാനുള്ള അവസരവും ഇദ്ദേഹത്തിന് ലഭിച്ചു. ജീബനാനന്ദ ദാസിന്റെ, ബനലതസെൻ, രൂപൊഷിബംഗ്ലാ, എന്നീ കവിതാ സമാഹാരങ്ങൾക്കും ജിം കോർബെറ്റിന്റെ “കുമയോണിലെ നരഭോജികൾ“, ജവഹർലാൽ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തൽ തുടങ്ങി ധാരാളം പുസ്തകങ്ങൾക്ക് മുഖചിത്രം ഡിസൈൻ ചെയ്തു.
1949 -ൽ ബന്ധുവും ദീർഘകാല പ്രണയിനിയുമായിരുന്ന ബിജോയ് ദാസ് റേയുടെ ജീവിതസഖിയായി. സിനിമാ സംവിധായകനായ സന്ദീപ് ഈ ദമ്പതികളുടെ മകനാണ്.

1950-ൽ പ്രധാന ഓഫീസിലേക്ക് നിയമിക്കപ്പെട്ട റേ ലണ്ടനിലെ മൂന്നു മാസത്തെ താമസത്തിനിടയിൽ 99 സിനിമകൾ കണ്ടു. ഇറ്റാലിയൻ സംവിധായകനായ വിറ്റോറിയോ ഡി സിക്കയുടെ റിയലിസ്റ്റിക്ക് ചിത്രം “ബൈസിക്കിൾ തീവ്സ്” ഇദ്ദേഹത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കി. ഒരു സംവിധായകനാകുമെന്ന തീരുമാനവുമായാണ് താനന്ന് തീയേറ്റർ വിട്ടിറങ്ങിയതെന്ന് റേ പിന്നീട് പറഞ്ഞിട്ടുണ്ട്. 1969- ലാണ് റേ തന്റെ ചലച്ചിത്രങ്ങളിൽ ഏറ്റവും വിജയം നേടിയ ചിത്രം നിർമ്മിച്ചത്. തന്റെ മുത്തച്ചൻ എഴുതിയ ഒരു ബാലസാഹിത്യകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്ലാക്ക് & വൈറ്റിൽ ചിത്രീകരിച്ച സംഗീത സാന്ദ്രമായ ഒരു ഫാന്റസി ചിത്രം – ഗൂപ്പി ഗൈൻ ഭാഗ ബൈൻ.യുവകവിയും കഥാകാരനുമായ സുനിൽ ഗംഗോപാധ്യായയുടെ ഒരു നോവലായിരുന്നു അടുത്തതായി റേ ചലച്ചിത്രമാക്കിയത്. ചാരുലതയേക്കാൾ സങ്കീർണ്ണമായ ഒരു സംഗീത പ്രമേയമായിരുന്ന അരന്യർ ദിൻ രാത്രി .

അതിനുശേഷം, റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി. ഇടതുപക്ഷ നക്സലൈറ്റ് പ്രസ്ഥാനങ്ങൾ കാരണം ബംഗാളികളുടെ ജീവിതം മാറ്റങ്ങളിലൂടെ കടന്ന് പോകുന്ന ഒരു സമയമായിരുന്നു അത്. കൽക്കട്ട ട്രൈലോജി എന്ന പേരിൽ അറിയപ്പെട്ട കഥാതന്തുവിൽ സാമ്യമുള്ള പ്രതിദ്വന്ദി (1970), സീമബദ്ധ (1971), ജന അരണ്യ (1975) എന്നീ മൂന്ന് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ച റെ എഴുപതുകളിൽ തന്റെ തന്നെ പ്രശസ്തമായ രണ്ട് അന്വേഷണാത്മകമായ കഥകൾ കൂടി സിനിമയാക്കുകയുണ്ടായി. മിക്കവയും കുട്ടികളേയും യുവാക്കളേയും ലക്ഷ്യം വച്ചിട്ടുള്ളതായിരുന്നുവെങ്കിലും സോനാർ കെല്ല (സ്വർണ്ണ കോട്ട) , ജോയ് ബാബ ഫെല്ലുനാഥ് (ഒരു ആന ദൈവം) എന്നിവ വിമർശന ശ്രദ്ധ പിടിച്ചു പറ്റി .

1983-ൽ, ഘരേ ബായിരേ (വീടും ലോകവും) എന്ന ചലച്ചിത്രത്തിന്റെ പണികളിൽ ഏർപ്പെട്ടിരുന്ന സമയത്ത് റേയ്ക്ക് ഒരു ചെറിയ ഹൃദയാഘാതമുണ്ടായി. ഇത് അടുത്ത 9 വർഷത്തെ അദ്ദേഹത്തിന്റെ പ്രയത്നങ്ങളെ വലിയൊരളവ് വരെ കുറച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം തന്റെ മകന്റെ സഹായത്തോടുകൂടിയാണ് ഘരേ ബായിരേ 1984 ൽ റേ പൂർത്തിയാക്കിയത്. അതിന്റെ ചില പോരായ്മകളുണ്ടായിട്ടും ഈ സിനിമ വിമർശകരുടെ പ്രശംസ പിടിച്ചുപറ്റി. അവിടുന്നങ്ങോട്ട് റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത്. തീക്ഷ്ണമായ ദേശീയവാദത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ടാഗോറിന്റെ ഈ നോവൽ സിനിമയാക്കണമെന്ന് അദ്ദേഹത്തിന്റെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു.

1987-ൽ അദ്ദേഹം തന്റെ അച്ഛനായ സുകുമാർ റായിയെപ്പറ്റി ഒരു ഡോക്യുമെന്ററിയും നിർമ്മിച്ചു. 1992-ൽ ഹൃദയസംബന്ധമായ കാരണങ്ങളാൽ റേയുടെ ആരോഗ്യം മോശമായി. ഇതേത്തുടർന്ന് നിർബന്ധിത ആശുപത്രിവാസത്തിന് വിധേയനായ അദ്ദേഹത്തിന് പിന്നീട് ആ അവസ്ഥയിൽ നിന്ന് കരകയറാനായില്ല. ഏപ്രിൽ 23, 1992-ന് ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മഹാനായ ഈ ചലച്ചിത്രകാരൻ, ഇന്ത്യൻ സിനിമയുടെ മഹാഗുരു ലോകത്തോട് വിട പറഞ്ഞു.തന്റെ നീണ്ട ചലച്ചിത്ര,സാഹിത്യ ജീവിതത്തിനിടയിൽ നിരവധി പുരസ്കാരങ്ങളും ,അംഗീകാരങ്ങളും റേയെ തേടിയെത്തിയിട്ടുണ്ട്. ആദ്യ ചിത്രത്തിന് മാത്രം ലഭിച്ച 11 അന്താരാഷ്ട്ര ബഹുമതികൾക്ക് പുറമെ ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 32 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഓക്സ്‌ഫോർഡ് യൂനി‌വേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകിയപ്പോൾ ചാർലി ചാപ്ലിനു ശേഷം ചലച്ചിത്രരംഗത്തുനിന്നും അത് നേടുന്ന രണ്ടാമത്തെ വ്യക്തി മാത്രമായി മാറി സത്യജിത് റേ. 1987-ൽ ഫ്രഞ്ച് ഗവൺമെന്റിന്റെ ലീജിയൻ ഓഫ് ഓണറും 1985-ൽ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരവും റേക്ക് ലഭിക്കുകയുണ്ടായി. അദ്ദേഹം മരിക്കുന്നതിനടുത്ത നാളുകളിൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിനു ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായഭാരത രത്നം സമ്മാനിച്ചു. Academyof Motion Picture Arts and Sciences അദ്ദേഹത്തിനു സമഗ്രസംഭാവനക്കുള്ള ഓസ്കാർ പുരസ്കാരം 1992 -ൽ സമ്മാനിച്ചു.

ലോകത്തിനു മുന്നിൽ നെഞ്ചുവിരിച്ച അതുല്യ പ്രതിഭ സത്യജിത്‌ റേ ഒന്നു പുഞ്ചിരിക്കാൻ പോലും കഴിയാത്തവിധം മരണാസന്നനായി കിടക്കുമ്പോൾ ഓസ്ക്കാർ സമ്മാനിതനായ ചിത്രം റേയെ സ്നേഹിക്കുന്നവരുടെ ഒക്കെ കണ്ണു നിറച്ചിരുന്നു, സന്തോഷത്താലല്ല, ഒരു അവശ കലാകാരന് ധനസഹായം ചെയ്യുന്ന രീതിയിൽ ആയിപ്പോയല്ലോ ഈ അവാർഡ് സമർപ്പണം എന്ന സങ്കടത്താൽ. 1992-ൽ തന്നെ സം‌വിധാന രംഗത്തെ സമഗ്ര സംഭാവനയ് ക്കുള്ള Akira Kurosawa Award for Lifetime Achievement in Directing- ഉം അദ്ദേഹത്തിന് സമർപ്പിക്കപ്പെട്ടു.നമുക്ക് സ്മരിയ്ക്കാം ഈ അതുല്യ പ്രതിഭയെ, ആദരവോടെ.

 

Leave a Reply
You May Also Like

കള്ളൻ മറുതയും ദാസൻ പെരുമണ്ണാനും, ഒരു മുത്തശ്ശിക്കഥ പോലെ മനോഹരം

Rajil keysi സംവിധാനം ചെയ്ത കലാമൂല്യമുള്ള ഒരു ഷോർട്ട് ഫിലിം ആണ് ‘കള്ളൻ മറുത’. തെയ്യവും…

ഗോവിന്ദ് ബാലകൃഷ്ണന്‍ (മലയാള സിനിമയിലെ പ്രതിനായക കഥാപാത്രങ്ങള്‍ – 4)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ…

ബോളിവുഡിലെ ഏറ്റവും വലിയ ഫ്ലോപ്പ് നടൻ

ബോളിവുഡിലെ ഏറ്റവും വലിയ ഫ്ലോപ്പ് നടൻ: ഈ നടൻ 2009 ൽ ‘ലണ്ടൻ ഡ്രീംസ്’ എന്ന…

സ്റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍, അടിപൊളി ചുവടുകളുമായി ദീപിക പാദുക്കോണും, ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പഠാനിലെ ഗാനമെത്തി

നാല് വര്‍ഷം ആവുന്നു ഹിന്ദി സിനിമാപ്രേമികള്‍ ഒരു ഷാരൂഖ് ഖാന്‍ ചിത്രം ബിഗ് സ്ക്രീനില്‍ കണ്ടിട്ട്…