ഒരു സർക്കാർ ഉത്പന്നം സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ.

Saji Abhiramam 

തന്റെ സിനിമ റിലീസ് ആവുന്നതിന് രണ്ടു ദിവസം മുമ്പ് മരണമടഞ്ഞ തിരക്കഥാകൃത്തും കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന നിസാം റാവുത്തർ.
ഒരു ഭാരത സർക്കാർ ഉൽപന്നം എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തിൽ നിന്ന് ‘ഭാരതം’ എന്നതു നീക്കണമെന്ന സെൻസർ ബോർഡ് നിർദ്ദേശവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ച് ചിത്രം തിയേറ്ററുകളിലെത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോ​ഗം.

ഡോക്യുമെന്ററി ചലച്ചിത്രമേഖലയിലും സജീവമായിരുന്ന സക്കറിയയുടെ ​ഗർഭിണികൾ, ബോംബെ മിഠായി എന്നിവയാണ് നിസാം തിരക്കഥയൊരുക്കിയ മറ്റു ചിത്രങ്ങൾ. ഡെത്ത് ഒഫ് സൗണ്ട്, കാസറ തുടങ്ങിയ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. 20 വർഷം മുമ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പ്കെടറായി ആദ്യം നിയമനം ലഭിച്ചത് കാസർഗോഡ് ജില്ലയിലാണ്. ജനിച്ച നാട്ടിൽ നിന്നും വളരെ അകലെയായിട്ടും ജോലിയിൽ പ്രവേശിച്ച ഉടൻ സ്ഥലംമാറ്റത്തിന് പരിശ്രമിക്കാതെ ഇവിടുത്തെ ജനങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടും മനസിലാക്കി പ്രവർത്തിച്ചു. തന്റെ എഴുത്തിലും ഡോക്യുമെന്ററികളിലുമെല്ലാം അവരുടെ പ്രശ്‌നങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുകയും ചെയ്തു. എൻഡോസൾഫാൻ ദുരിത ബാധിതരെക്കുറിച്ചുള്ള ആഫ്റ്റർ ദ ഡെല്യൂജ് എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഔദ്യോഗിക ജീവിതത്തിൽ ഏറിയ പങ്കും കാസർകോട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കാസർകോട് മലേറിയ യൂണിറ്റിലും വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുകയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുകയും ചെയ്തതോടെ പ്രദേശവാസികളുമായി നിസാമിന് വളരെയധികം ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.

എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങളെ അടുത്തറിഞ്ഞ ഈ ആരോഗ്യപ്രവർത്തകൻ എഴുത്തിലും ഡോക്യുമെന്ററികളിലുമെല്ലാം കാസർകോടിന്റെ തീരാവേദനയെ ചേർത്തുവെച്ചു. കാസർകോട് മലേറിയ യൂണിറ്റിലും വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുകയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുകയും ചെയ്ത നിസാമിന് പരന്ന സൗഹൃദത്തിനുടമയാകാനും കഴിഞ്ഞു. പെത്താൻ, ആത്മഹത്യയുടെ ഭൂമിശാസ്ത്രം, പോക്കറ്റടിയുടെ ചരിത്ര പാഠങ്ങൾ, ഹവ്വ: എച്ച്.ഐ.വി ബാധിതയുടെ ആത്മകഥ തുടങ്ങിയ പുസ്തകങ്ങളെല്ലാം കാസർകോട്ടെ ജോലിക്കിടെ രചിച്ചതാണ്. കാസർകോട്ടെ കൊറഗ ജന വിഭാഗത്തിന്റെ പ്രയാസങ്ങളെ ആഴത്തലറിഞ്ഞും എഴുതുകയും ചെയ്തു നിസാം. തിരക്കഥയിൽ കാസർകോടൻ സ്ലാങിൽ ഡയലോഗ് എഴുതാനാകുന്നത് ഈ നാടിന്റെ സംസാരത്തെ തനിക്ക് അത്രമേൽ ഇഷ്ടപ്പെട്ടത് കൊണ്ട് കൂടിയാണെന്ന് നിസാം ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

2009-ൽ ജില്ലാ പഞ്ചായത്തിനു വേണ്ടി ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ‘കാസറ’ എന്ന പേരിൽ ഡോക്യുമെന്ററി അദ്ദേഹം നിർമിച്ചു. ബോംബെ മിഠായി സിനിമയുടെ തിരക്കഥ പിറന്നതും കാസർകോട്ടെ ജീവിത നാളുകളിൽ തന്നെ. ബെള്ളൂരു കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് എറണാകുളത്തേക്ക് സ്ഥലം മാറ്റം കിട്ടിയതും അധികം വൈകാതെ തിരിച്ചെത്തിയതും ഈ നാടിനോടുള്ള സ്നേഹം കൊണ്ട് തന്നെയായിരുന്നു. ഗ്രേഡ് ഒന്ന് സ്ഥാനക്കയറ്റം കിട്ടിയപ്പോൾ ബദിയഡുക്ക കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് പത്തനംതിട്ടയിലേക്ക് പോയത്. ‘ ഒരു സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ തിരക്കഥ രചിച്ചപ്പോൾ, അതൊരു കാസർകോടൻ സിനിമയാകണമെന്ന നിർബന്ധം കൂടിയുണ്ടായിരുന്നു നിസാമിന്. ഇതിലെ ഡയലോഗ് കാസർകോടൻ ഭാഷയാണ്. നീലേശ്വരം കോട്ടപ്പുറം, കാഞ്ഞങ്ങാട്, മടിക്കൈ, പടന്ന തുടങ്ങി സ്ഥലങ്ങളിലായിരുന്നു ഷൂട്ടിങ്.

അഴിക്കോടൻ രാജേഷും സി.പി. ശുഭയും മിനിഷൈനും തമ്പായി അമ്മയുമുൾപ്പെടെ 20 ലധികം കാസർകോട്ടുകാർ ഈ സിനിമയിലുണ്ട്. സിനിമ റിലീസാകുന്നതിന്റെ സന്തോഷത്തിനിടയിൽ പ്രിയ കൂട്ടുകാരൻ വിടപറഞ്ഞത് ഇവർക്ക് സഹിക്കാനാകുന്നില്ല ഈ നാടിന്റെ സങ്കടത്തെ കൂടുതലറിഞ്ഞത് കൊണ്ടു തന്നെയായിരിക്കണം നിസാമിലെ എഴുത്തുകാരൻ ജനിച്ചതെന്ന് സുഹൃത്തുക്കളെല്ലാം ഒരു പോലെ പറയുന്നു. നിസാമില്ലെങ്കിൽ വലിയ ചിറകുള്ള പക്ഷികൾ എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്നാണ് ഡോ. ബിജു ഫെയസ്ബുക്കിൽ കുറിച്ചത്. കടമ്മനിട്ടയിലെ വസതിയിൽ വച്ച് കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. പഴകുളം പടിഞ്ഞാറ് നൂർ മഹലിൽ റിട്ട.സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണർ മീരാ സാഹിബിന്റെ മകനാണ് നിസാം. ഭാര്യ: ഷഫീന, മക്കൾ: റസൂൽ, അജ്മി. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പേരിൽ ഒരുങ്ങിയ സിനിമയുടെ പേരിൽ നിന്ന് ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭാരത എന്ന വാക്കിനു മുകളിൽ കറുത്ത കടലാസ് ഒട്ടിച്ച് അണിയറ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

ഒരു സർക്കാർ ഉത്പന്നം എന്ന പേരിലാണ് സിനിമ പുറത്തിറങ്ങുക. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി.വി. കൃഷ്ണൻ തുരുത്തി, കെ.സി. രഘുനാഥൻ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് ടി.വി രഞ്ജിത്ത് ആണ്. ഫൺ-ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമ്മത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം. ലാല്‍ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധി, ഷെല്ലി, അജു വർഗീസ്, ഗൗരി ജി. കിഷൻ, ദർശന എസ്. നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
കടപ്പാട്. വിവിധ മാധ്യമങ്ങൾ.

You May Also Like

ബീച്ചിൽ കറുപ്പണിഞ്ഞു സുന്ദരിയായി സാനിയ ഇയ്യപ്പൻ

ബീച്ചിൽ കറുപ്പണിഞ്ഞു സുന്ദരിയായി സാനിയ ഇയ്യപ്പൻ സാനിയ ഇയ്യപ്പന്റെ ബീച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ…

വെറുതേ നോക്കിയിരുന്നാൽ പ്രശസ്തനാകാൻ പറ്റുമോ ?

വെറുതേ നോക്കിയിരുന്നാൽ പ്രശസ്തനാകാൻ പറ്റുമോ ? അറിവ് തേടുന്ന പാവം പ്രവാസി ഇന്തോനേഷ്യൻ യുട്യൂബർ മുഹമ്മദ്…

അത് വരെയുള്ള മലയാള സിനിമാ പ്രേക്ഷകർക്ക് ഒരൊറ്റ രാത്രി നടക്കുന്ന ഇത്തരം റെസ്ക്യൂ ഓപ്പറേഷൻ കേട്ട് കേൾവി മാത്രമായിരുന്നു

Bineesh K Achuthan ഒരു കമാണ്ടോ ഓപറേഷൻ അടിസ്ഥാനമാക്കി ചിത്രീകരിച്ച പ്രഥമ മലയാള ചലച്ചിത്രം….അതായിരുന്നു മൂന്നാം…

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രമായ സാമ്രാജ്യത്തിന് 33 വയസ്

Bineesh K Achuthan മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രമായ സാമ്രാജ്യത്തിന് 33 വയസ്. ആരിഫ…