കടൽവെള്ളരിയെ പിടിക്കുന്നത് ശിക്ഷാർഹം ആണോ ?
അറിവ് തേടുന്ന പാവം പ്രവാസി
👉വെള്ളരിയുടെ ആകൃതിയിലുള്ള ഒരിനം കടൽ ജീവിയാണ് കടൽവെള്ളരി എന്നറിയപ്പെടുന്നത്. ചൈന ഉൾപ്പടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഭക്ഷണമായും,സൂപ്പുണ്ടാക്കുന്നതിനും മരുന്നിനുമാണ് ഇവ ഉപയോഗിക്കുന്നത്. ലക്ഷദ്വീപ് സമൂഹങ്ങളിൽ നിന്നു പിടികൂടുന്ന കടൽവെള്ളരി ഫ്രീസ് ചെയ്ത് ശ്രീലങ്കയിലെത്തിച്ച് അവിടെ നിന്ന് ആവശ്യക്കാരുള്ള രാജ്യങ്ങളിലേയ്ക്ക് എത്തിക്കുന്നതാണ് രീതി.
രാജ്യാന്തര വിപണിയിൽ ഉണങ്ങാത്ത കടൽവെള്ളരി കിലോയ്ക്ക് 50,000 രൂപയാണ് വില.അത് കൊണ്ട് തന്നെ ധാരാളം കള്ളക്കടത്തുകളും നടക്കുന്നുണ്ട്. നേരത്തെ പ്രോസസ് ചെയ്തായിരുന്നു ഇവ വിദേശങ്ങളിലേയ്ക്ക് കടത്തിയിരുന്നതെങ്കിൽ വൃത്തിയാക്കി പ്രിസർവേറ്റീവ്സ് ഉപയോഗിച്ച് ഫ്രീസ് ചെയ്ത് അയയ്ക്കുന്നതാണ് ഇപ്പോഴത്തെ രീതി. 2001 വരെ കടൽവെള്ളരിയെ പിടികൂടുന്നതിൽ നിയമതടസമില്ലായിരുന്നു. എന്നാൽ 2001ൽ ഇവയെ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി. ആഴക്കടലിൽ പവിഴപ്പുറ്റിനൊപ്പമാണ് ഇവ ഉണ്ടാകുന്നത്.
അതുകൊണ്ട് ഇത് ആൻഡമാനിലും, ലക്ഷദ്വീപിലും കൂടുതലായി കാണുന്നു . പവിഴപ്പുറ്റ് എക്കോ സിസ്റ്റത്തിൽ ഒഴിവാക്കാനാവാത്തതാണ് കടൽ വെള്ളരി. കടലിലുള്ള മാലിന്യങ്ങൾ ഭക്ഷിച്ച് വൃത്തിയാക്കി കടൽ വെള്ളത്തിന്റെ സുതാര്യത നിലനിർത്തുന്നതിൽ ഇത് മുഖ്യ പങ്കു വഹിക്കുന്നു. അതേ സമയം കടത്തുകാർ ആയിരക്കണക്കിന് കടൽ വെള്ളരിയെ പിടികൂടുന്നത് കടലിന്റെ സംതുലിതാവസ്ഥയെ ബാധിക്കുകയും പവിഴപ്പുറ്റുകളുടെ നിലനിൽപ് അസാധ്യമാകുമെന്നും വിദഗ്ധർ വിശദീകരിക്കുന്നു.കടൽ വെള്ളരി എന്നാണ് പേരെങ്കിലും കടൽ വെള്ളരി ഒരു സസ്യമല്ല. വളരെ പുരാതനമായ ജന്തു വർഗങ്ങളിൽ ഒന്നാണ് കടൽ വെള്ളരികൾ. മറ്റൊരു കടൽ ജീവികൾക്കും വസിക്കാനാവാത്ത അഗാധ സമുദ്ര ഗർത്തങ്ങളിൽപോലും കടൽ വെളളരികൾ അനായാസം വസിക്കുന്നു ആകൃതിയിൽ വെള്ളരിയോട് സാമ്യമുള്ളതിനാൽ മാത്രമാണ് ഇവക്ക് കടൽ വെള്ളരികൾ എന്ന് പേരുളളത് .