പ്രതിമയ്ക്കുള്ളിലെ ബുദ്ധസന്യാസി!

140

പ്രതിമയ്ക്കുള്ളിലെ ബുദ്ധസന്യാസി!

നെതെർലാന്റിലെ ഡ്രെൻഡ്‌സ്‌ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരുന്ന ഒരു ബുദ്ധ പ്രതിമയുമായി അധികൃതർ അടുത്തുള്ള ആശുപത്രിയിലെത്തി. പഠനാവശ്യത്തിനായി പ്രതിമയുടെ സി ടി സ്കാനിംഗ് നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം. സി ടി സ്കാനിംഗ് നടത്തിയ വിദഗ്ധന് കാണാൻ കഴിഞ്ഞത് പ്രതിമയുടെ അകത്തെ ഒരു മനുഷ്യ ശരീരമായിരുന്നു! പദ്മാസനത്തിൽ ഇരിക്കുന്ന ഒരു ബുദ്ധ സന്യാസി!

വീണ്ടും ഒരു സി ടി സ്കാനും എൻഡോസ്‌കോപിയും ചെയ്തതിൽ നിന്ന് ചൈനയിൽ നിന്ന് വന്ന ആ ബുദ്ധ പ്രതിമയെക്കുറിച്ചുള്ള കൂടുതൽ രഹസ്യങ്ങൾ വെളിവായി. ഉള്ളിലെ ശരീരത്തിൽ നിന്ന് ആന്തരികാവയവങ്ങൾ നീക്കം ചെയ്തിരുന്നു. അത് കൂടാതെ ആ ബുദ്ധ സന്യാസിയെ കുറിച്ചുള്ള ചില ലിഖിതങ്ങളും ആ പ്രതിമയ്ക്കുള്ളിൽ ഉണ്ടായിരുന്നു. C E 1100-കളിൽ സമാധിയായ ലിയുകുവാൻ എന്ന ബുദ്ധ സന്യാസിയുടേതായിരുന്നു പ്രതിമയ്ക്കുള്ളിലെ ശരീരം. സ്വയം മമ്മിവൽക്കരിക്കപ്പെട്ട സന്യാസി! ബുദ്ധിസ്റ്റ്‌ രാജ്യങ്ങളായ ജപ്പാനിലും ചൈനയിലുമൊക്കെ ഉണ്ടായിരുന്ന ബുദ്ധ സന്യാസിമാരുടെ ഒരു ആചാരമായിരുന്നു (practice) സ്വയം മമ്മിവൽക്കരണം (Self Mummification).

ഇതിനായി സ്വയം തയ്യാറാവുന്ന സന്യാസി അതി കഠിനമായ ജീവിതചര്യയിലൂടെ കടന്നു പോകേണ്ടതുണ്ട്. ആദ്യത്തെ 1000 ദിവസം ഭക്ഷണം പഴങ്ങളും പരിപ്പുകളും (nuts) മാത്രം അടങ്ങിയ ഭക്ഷണം. കടുത്ത വ്യായാമത്തിലൂടെ ശരീരത്തിലെ കൊഴുപ്പ് മുഴുവൻ എരിച്ചു കളയുന്നു. അടുത്ത 1000 ദിവസത്തെ ഭക്ഷണം വേരുകളും (roots) പൈൻ മരത്തിന്റെ തൊലിയും അടങ്ങിയതാണ്. കുടിക്കാനായി അല്പം വിഷാംശമുള്ള ചൈനീസ് ലാക്കർ മരത്തിന്റെ (Chinese Lacquer Tree) കറ കൊണ്ടുണ്ടാക്കുന്ന പാനീയവും. സമാധിയായാൽ ശരീരം നശിപ്പിക്കുന്ന ചെറു ജീവികളെ (microbe) അകറ്റി നിർത്താനാണിത്. ജീവൻ ബാക്കിയുള്ള ആ ഉണങ്ങിയ ശരീരം പദ്മാസനത്തിൽ ഇരുത്തി, ദേഹം കഷ്ടി മാത്രം ഉൾക്കൊള്ളുന്ന ഒരു കല്ലറയിൽ അടക്കുന്നു. ശ്വസിക്കാനായി ഒരു കുഴലും, ജീവിച്ചിരുപ്പുണ്ട് എന്നറിയിക്കാൻ ഒരു മണിയും കല്ലറയിൽ സജ്ജീകരിച്ചിട്ടുണ്ടാകും. ദിവസത്തിൽ ഒരു പ്രത്യേക സമയം ആ മണി മുഴങ്ങുന്നത് കല്ലറയിലുള്ള ആൾ ജീവിച്ചിരുപ്പുണ്ട് എന്ന അടയാളമായിട്ടായിരിക്കും. ഒരു ദിവസം ആ മണി നാദം നിലയ്ക്കും. അതിനർത്ഥം ബുദ്ധസന്യാസിയുടെ സമാധി നടന്നിരിക്കുന്നു എന്നാണ്. എന്നാലും ആ കല്ലറ പെട്ടെന്നൊന്നും തുറക്കില്ല. പിന്നെയും കാത്തിരിപ്പിന്റെ 1000 ദിനങ്ങൾ. തുറക്കുമ്പോൾ സന്യാസിയുടെ മമ്മിവൽക്കരണം വേണ്ട രീതിയിൽ നടന്നിട്ടുണ്ടെങ്കിൽ അദ്ദേഹം മോക്ഷം പ്രാപിച്ചതായി കണക്കാക്കും. ആ മമ്മി സന്യാസി മഠങ്ങളിലെ പ്രാർത്ഥനയിടങ്ങളിൽ സവിശേഷ പദവിയോട് കൂടി വിരാജിക്കും. മമ്മിയായിട്ടില്ലെങ്കിൽ സാധാരണ പോലെ സംസ്കരിക്കും.ലിയുകുവാന്റെ കാര്യത്തിൽ എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. മമ്മി എങ്ങനെയാണ് പ്രതിമയ്ക്കുള്ളിൽ എത്തിയത്? ആരാണ് ആന്തരികാവയവങ്ങൾ നീക്കം ചെയ്തത്, എന്തിന് വേണ്ടി എന്ന ചോദ്യങ്ങൾ തല്ക്കാലം ഉത്തരമില്ലാതെ തുടരുന്നു.