സെക്സും , ജെൻഡറും തമ്മിലുളള വ്യത്യാസം എന്താണ്? എന്താണ് ലിംഗമാറ്റ ശസ്ത്രക്രിയ അഥവ ജെൻഡർ അഫിർമേഷൻ സർജറി ?

അറിവ് തേടുന്ന പാവം പ്രവാസി

സെക്സ്, ജെൻഡർ എന്നീ വാക്കുകൾക്ക് വ്യത്യസ്തമായ അർഥങ്ങളാണുള്ളത്. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ സെക്സും ജെൻഡറും തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കും.ശരീരത്തിലെ അവയവങ്ങളുടെ അടിസ്ഥാനത്തിലാണ് സെക്സ് തീരുമാനിക്കുന്നത്. എന്നാൽ ജെൻഡർ എന്നത് ആ വ്യക്തിയുടെ മനസ്സിൽ തോന്നുന്നതാണ്. ഒരു വ്യക്തിയുടെ മനസ്സിൽ ശക്തമായി നിലകൊള്ളുന്നതാണ് ആ വ്യക്തിയുടെ ജെൻഡർ ആയി കണക്കാക്കപ്പെടുന്നത്. ഒരാളുടെ സെക്സും ജെൻഡറും തമ്മിൽ ഒരു മിസ്മാച്ച് ഉണ്ടാകുന്നതാണ് ട്രാൻസ്ജെൻഡർ എന്ന അവസ്ഥയ്ക്ക് കാരണം. അതൊരു മാനസിക പ്രശ്നമല്ല. അവർ മാനസിക രോഗികളുമല്ല. ഇഷ്ടമില്ലാത്ത ശരീരത്തിൽ നിന്ന് പുറത്തുകടക്കാൻ വെമ്പുന്ന മനസ്സാണ് അവരുടേത്.
ഇങ്ങനെ സ്വന്തം രൂപത്തെ വെറുക്കുന്നവരാണ് ഇഷ്ടപ്പെട്ട രൂപം സ്വന്തമാക്കാനായി അതിസങ്കീർണമായ ശസ്ത്രക്രിയ ചെയ്യുന്നത്. ഇവർക്ക് നാം നൽകേണ്ടത് കരുതലാണ്.

സെക്സ് റീഅസൈൻമെന്റ് സർജറി(Sex Reassignment Surgery) എന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയ പൊതുവേ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ അത് ജെൻഡർ അഫിർമേഷൻ സർജറിയാണ്(Gender Affirmation Surgery). 12 മണിക്കൂർ വരെ നീളുന്നതും , അതിസങ്കീർണവുമായ നിരവധി ശസ്ത്രക്രിയകൾ അടങ്ങിയതാണ് ഇത്. സാധാരണ ഒരു ശസ്ത്രക്രിയ പോലെ ചെയ്യുന്ന ഒന്നല്ല. മാസങ്ങളോളം നീളുന്നതാണ് ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഒരുക്കങ്ങൾ. ഒന്നിലധികം പ്ലാസ്റ്റിക് സർജൻമാർ, യൂറോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, അനസ്തറ്റിസ്റ്റ്, നഴ്സുമാർ എന്നിവരടങ്ങിയ വലിയൊരു സംഘമാണ് ഈ ശസ്ത്രക്രിയാ ടീമിൽ ഉണ്ടാവുക. ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിരവധി കടമ്പകൾ വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്. ശസ്ത്രക്രിയക്ക് ഒരുങ്ങുന്നവരും ഡോക്ടറും തമ്മിൽ കൃത്യമായി സംസാരിച്ച് തീരുമാനങ്ങൾ എടുത്ത ശേഷം മാത്രമേ മുന്നോട്ട് പോകാവൂ.

വലിയൊരു തുക വേണ്ടിവരും എന്നത് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നവർക്കുള്ള ഒരു വെല്ലുവിളിയാണ്. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഇംപ്ലാന്റുകൾ, പുനർനിർമ്മിക്കാനുള്ള മറ്റ് വസ്തുക്കൾ എന്നിവയ്ക്ക് അവയുടെ ഗുണമേൻമയ്ക്ക് അനുസരിച്ച് പലതരത്തിലുള്ള വിലയുണ്ട്. ഇത് തിരഞ്ഞെടുക്കുന്നതിന് അനുസരിച്ചാണ് വില ഉയരുന്നത്.ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതിന് അനുസരിച്ചാണ് ഏതൊക്കെ സർജറികളാണ് വേണ്ടത് എന്ന് നിശ്ചയിക്കുന്നത്. ടോപ്പ് സർജറി, ബോട്ടം സർജറി എന്നിവയാണ് ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഉള്ളത്.

സ്തനങ്ങൾ നീക്കം ചെയ്യൽ പോലുള്ള കാര്യങ്ങളാണ് ടോപ്പ് സർജറിയിൽ. ബോട്ടം സർജറിയിലാണ് ജനനേന്ദ്രിയങ്ങൾ മാറ്റുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വരുന്നത്.നിരവധി സങ്കീർണതകളും ,ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതാണ് ഈ ശസ്ത്രക്രിയകൾ. അതിനാൽ ശസ്ത്രക്രിയയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും സങ്കീർണതകളെക്കുറിച്ചുമൊക്കെ കൃത്യമായി മനസ്സിലാക്കണം.
18 വയസ്സിന് മുകളിൽ പ്രായമുള്ളവരെ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയക്കായി പരിഗണിക്കുകയുള്ളൂ. ഇവരിൽ നടത്തുന്ന ആദ്യഘട്ടം സൈക്യാട്രിക് ഇവാല്യുവേഷൻ എന്ന് അറിയപ്പെടുന്നു. ഇവർക്ക് യഥാർഥത്തിൽ സെക്സ്-ജെൻഡർ മിസ്മാച്ച് ഉണ്ടോയെന്നാണ് ആദ്യം കണ്ടെത്തുന്നത്. ആറുമാസം മുതൽ ഒരു വർഷം വരെ നീളുന്നതാണ് ഈ ഇവാല്യുവേഷൻ കാലഘട്ടം. ഇത് വിജയകരമായി
പൂർത്തിയാക്കുന്നതോടെയാണ് പിന്നീടുള്ള ഘട്ടങ്ങളിലേക്ക് കടക്കുന്നത്.

പുരുഷൻ സ്ത്രീയാവുന്ന (ട്രാൻസ് വുമൺ) ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിരവധി ഘട്ടങ്ങളുണ്ട്. ആദ്യം ചെയ്യുന്നത് ഹോർമോൺ ചികിത്സയാണ് .ആദ്യം സ്തനവളർച്ചയ്ക്ക് വേണ്ട ഹോർമോൺ ചികിത്സയാണ് നടത്തേണ്ടത്. പുരുഷ ഹോർമോണിന്റെ സ്വാധീനം കുറച്ച് സ്ത്രീ ഹോർമോണുകൾ നൽകുന്നതോടെ സ്തനങ്ങൾ പതുക്കെ വികസിച്ചുതുടങ്ങും. ചർമം, മുടി എന്നിവയുടെ സ്വഭാവത്തിലും മാറ്റം വരും. സ്തന വികസനത്തിന് ഫാറ്റ് ഇൻജക്ഷനുകളും നൽകാം. ഈയൊരു ഘട്ടത്തിന് മാസങ്ങൾ വേണ്ടി വരും. സ്തനവലിപ്പത്തിനും , ആകൃതിയ്ക്കും സിലിക്കോൺ ഇംപ്ലാന്റുകൾ നിക്ഷേപിക്കാം. ഇംപ്ലാന്റുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച ഗുണമേൻമ ഉള്ളവയാണ്. അതിനാൽ അണുബാധ വളരെ കുറവായിരിക്കും. ഇംപ്ലാന്റുകൾ ഉപയോഗിച്ചാൽ അവ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും കൃത്യമായ അവബോധം നൽകും.

പുരുഷ അവയവങ്ങളെല്ലാം നീക്കം ചെയ്യലാണ് അടുത്ത ഘട്ടം. ഇതിന് നിരവധി ശസ്ത്രക്രിയകളുണ്ട്. വൃഷണങ്ങളും , അനുബന്ധ ഭാഗങ്ങളും നീക്കം ചെയ്യുന്ന ഓർക്കിഡെക്ടമി(Orchidectomy), പുരുഷലിംഗാവയവം മുറിച്ചുമാറ്റുന്ന പെനെക്ടമി(Penectomy) എന്നിവയാണ് ഇതിൽ ആദ്യം ചെയ്യുന്നത്.പുരുഷ അവയവങ്ങൾ നീക്കം ചെയ്തതിന് ശേഷം യോനി നിർമ്മിക്കുന്നതിനുള്ള വജൈനോപ്ലാസ്റ്റി
(Vaginoplasty) ശസ്ത്രക്രിയ നടത്തും.

യോനിനിർമ്മാണം രണ്ട് തരത്തിൽ ചെയ്യാം.

⚡ ലിംഗത്തിന്റെ തൊലിയും , വൃഷണത്തിന്റെ തൊലിയും ഉപയോഗിച്ച് യോനിയുണ്ടാക്കാം എന്നതാണ് ആദ്യത്തെ രീതി. പക്ഷേ ഇതിന് ലൂബ്രിക്കേഷൻ ഉണ്ടാവില്ല. അല്പം ചുരുങ്ങാനുള്ള സാധ്യതയും ഉണ്ട്.

⚡കുടൽ ഉപയോഗിച്ച് ചെയ്യുന്നതാണ് രണ്ടാമത്തെ രീതി. ഇതിന് വൻകുടലോ , ചെറുകുടലോ ഉപയോഗിക്കാം. നീളം കുറവായതിനാൽ വൻകുടൽ ഉപയോഗിച്ച് ചെയ്യുമ്പോൾ സ്രവം വരുന്നത് കുറവായിരിക്കും. എന്നാൽ ഗന്ധം കുറച്ച് കൂടുതലായിരിക്കും. ലീക്ക് ഉണ്ടായാൽ സങ്കീർണതയാണ്. അത് മരണം വരെ സംഭവിക്കാൻ ഇടയാക്കും. നീളം കൂടുതലായതിനാൽ ചെറുകുടൽ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ സ്രവം കൂടുതൽ വരാം. പക്ഷേ ഗന്ധം കുറവായിരിക്കും. ജീവൻ അപകടത്തിലാവുന്ന സങ്കീർണത ഇതിൽ ഉണ്ടാകാറില്ല. ഇന്റസ്റ്റൈനൽ ഒബ്സ്ട്രക്ഷൻ എന്ന അവസ്ഥയാണ് ഇതിന്റെ സങ്കീർണതയായി ഉണ്ടാവുക. വയറുതുറന്നുള്ള ഏത് ശസ്ത്രക്രിയ ചെയ്താലും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. യോനി നിർമ്മാണത്തിന് ഏത് രീതി തിരഞ്ഞെടുക്കണം എന്നത് വ്യക്തികൾക്ക് തീരുമാനിക്കാം.

യോനിയുടെ ലേബിയ(Labia) പുനർ നിർമ്മിക്കാൻ പുരുഷ ലിംഗത്തിലെ തൊലി എടുക്കും. ഇത് ലേബിയോ പ്ലാസ്റ്റി(Labiaplasty) ശസ്ത്രക്രിയ എന്നാണ് അറിയപ്പെടുന്നത്. പുരുഷലിംഗം നീക്കം ചെയ്യുമ്പോൾ ലഭിക്കുന്ന ലിംഗത്തിന്റെ മകുടം ഉപയോഗിച്ചാണ് ക്ലിറ്റോറിസ് (Clitoris) നിർമ്മിക്കുന്നത്. ഇതിനായി ക്ലിറ്ററോപ്ലാസ്റ്റി(Clitoroplasty) ശസ്ത്രക്രിയയാണ് ചെയ്യുന്നത്.

മൂത്രനാളിയുടെ നീളം കുറച്ച് സ്ത്രീകളുടേത് പോലെയാക്കി മാറ്റും.ലൈംഗിക ബന്ധത്തിനായി ലിംഗപ്രവേശനം സാധ്യമാവുന്ന തരത്തിൽ യോനീദ്വാരവും ഈ ശസ്ത്ര ക്രിയയിലൂടെ പുനർനിർമ്മിക്കപ്പെടുന്നു. പുരുഷ അവയവമായ പ്രോസ്റ്റേറ്റ് ഈ ശസ്ത്രക്രിയയിൽ നീക്കം ചെയ്യാറില്ല.ഗർഭപാത്രമില്ലാത്തതിനാൽ ഇവർക്ക് പ്രസവിക്കാൻ സാധിക്കില്ല. പ്രോസ്റ്റേറ്റ് നീക്കം ചെയ്യാത്തതിനാൽ പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങൾ ഭാവിയിൽ ഉണ്ടായേക്കാം. അക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്ത്രീ പുരുഷനാകാൻ (ട്രാൻസ് മാൻ) നടത്തുന്ന ശസ്ത്രക്രിയ കുറച്ചുകൂടി സങ്കീർണമാണ്.സ്ത്രീ പുരുഷനാകാൻ ആദ്യം നടത്തുന്ന ശസ്ത്രക്രിയയാണ് ബ്രെസ്റ്റ് റിമൂവൽ സർജറി അഥവാ മാസ്റ്റെക്ടമി. (Mastectomy). മുലക്കണ്ണുകളും , അവശ്യകോശങ്ങളും നിലനിർത്തിക്കൊണ്ട് ബാക്കിയുള്ള സ്തനഭാഗങ്ങളാണ് ഇവിടെ നീക്കം ചെയ്യുന്നത്. പുരുഷന്റേയും , സ്ത്രീയുടെയും മാറിടങ്ങൾക്ക് ഘടനാപരമായി തന്നെ പല വ്യത്യാസങ്ങളുണ്ട്. ‘റ’ ആകൃതിയിലായിരിക്കും സ്ത്രീകളുടെ മാറിന്റെ അലൈൻമെന്റ്. എന്നാൽ പുരുഷന് ഇത് നേരെ തിരിച്ചാണ്. അതിനാൽ തന്നെ ഇവിടെ വളരെ സൂക്ഷമമായി മാറ്റങ്ങൾ വരുത്തണം. ഇങ്ങനെ മാറിടം പുരുഷന്റേതിന് സമാനമായ രീതിയിൽ പുനർക്രമീകരിക്കും. ഈ ശസ്ത്രക്രിയ പൂർത്തിയാക്കി നിശ്ചിത കാലയളവിന് ശേഷമാണ് (6-8 മാസങ്ങൾ) ബാക്കി ശസ്ത്രക്രിയകൾ ചെയ്യുന്നത്.
മാസ്റ്റെക്ടമി ശസ്ത്രക്രിയക്ക് ശേഷം പുരുഷൻമാരെപ്പോലെ രോമ വളർച്ചയുണ്ടാകാനായി ഹോർമോൺ ചികിത്സ ചെയ്യണം. ഇതുവഴി മാറിലും , മുഖത്തുമൊക്കെ രോമവളർച്ച ഉണ്ടാകും.സ്ത്രീയുടെ അവയവങ്ങൾ നീക്കം ചെയ്യലാണ് അടുത്ത ഘട്ടത്തിൽ ചെയ്യുന്നത്. ഗർഭപാത്രവും , ഗർഭാശയമുഖവും നീക്കം ചെയ്യുന്ന ഹിസ്റ്ററെക്ടമി(Hysterectomy), അണ്ഡാശയങ്ങളും ഫലോപ്പിയൻ ട്യൂബും നീക്കം ചെയ്യുന്ന സാൽപിൻഗോ ഊഫറെക്ടമി(salpingo-oophorectomy) എന്നിവ ചെയ്യും. വയറു തുറന്നും , യോനിവഴിയും ലാപ്രോസ്കോപ്പിയായും ചെയ്യാം. ലാപ്രോസ്കോപ്പി ചെയ്യുമ്പോൾ ചെലവ് കൂടുതൽ വരും.
ഇതിന് ശേഷം യോനീഭാഗം നീക്കുന്ന വജൈനെക്ടമി(Vaginectomy) ശസ്ത്രക്രിയ ചെയ്യും. ഇതോടെ റിമൂവൽ ശസ്ത്രക്രിയകൾ പൂർത്തിയാകും. ഇനി ചെയ്യേണ്ടത് പുരുഷലിംഗവും അനുബന്ധ അവയവങ്ങളും നിർമ്മിക്കാനുള്ള ശസ്ത്രക്രിയകളാണ്.

മെറ്റോയ്ഡോപ്ലാസ്റ്റി(Metoidioplasty), സ്ക്രോട്ടോപ്ലാസ്റ്റി(Scrotoplasty), യുറീത്രോപ്ലാസ്റ്റി(Urethroplasty), ഫാലോപ്ലാസ്റ്റി(Phalloplasty) എന്നിങ്ങനെ വിവിധ ശസ്ത്രക്രിയകൾ ഇതിനായുണ്ട്. വളരെ ബുദ്ധിമുട്ടേറിയതാണ് പുരുഷലിംഗ നിർമ്മാണം. വജൈനെക്ടമിയുടെ ഭാഗമായി നീക്കം ചെയ്തതും ,തുടയിൽ നിന്നും എടുക്കുന്ന പേശികളും , ഞരമ്പുകളും മറ്റും ഉപയോഗിച്ചാണ് പുരുഷ ലിംഗം നിർമ്മിക്കുന്നത്. ഫാലോപ്ലാസ്റ്റി ശസ്ത്രക്രിയ വഴിയാണ് പുരുഷലിംഗം നിർമ്മിച്ച് യഥാസ്ഥാനത്ത് സ്ഥാപിക്കുന്നത്.മൂത്രനാളിക്ക് നീളം കൂട്ടുകയാണ് മറ്റൊരു ദൗത്യം. ഇതിനായി കൈകളിൽ നിന്നും പേശികൾ എടുക്കാം. ഹിസ്റ്ററെക്ടമിയും , ഊഫോറെക്ടമിയും നടത്തുമ്പോൾ നീക്കം ചെയ്യുന്ന ലേബിയയുടെ ഉൾവശത്തെയും പേശികളും മൂത്രനാളിയുടെ നീളം കൂട്ടാൻ ഉപയോഗിക്കാം. നേരത്തെ നീക്കം ചെയ്ത ലേബിയയുടെ ഭാഗങ്ങളും , നേർത്ത പേശീഭാഗങ്ങളോ , ടെസ്റ്റിക്യുലർ ഇംപ്ലാന്റുകളോ പ്രത്യേകതരം ബോളുകളോ ഒക്കെ ഉപയോഗിച്ച് കൃത്രിമ വൃഷണങ്ങളും നിർമ്മിക്കാം.

സ്ത്രീകളിൽ രതിമൂർച്ഛാ അനുഭവം സാധ്യമാക്കുന്ന ക്ലിറ്റോറിസ് നീക്കം ചെയ്യാറില്ല. ലിംഗോദ്ധാരണമുണ്ടാകാൻ പുതുതായി നിർമ്മിച്ച ലിംഗത്തിനകത്ത് എറക്ടെയിൽ പ്രോസ്തെസിസ് വെക്കാം. ഇതുവഴി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള പെനിട്രേഷനുള്ള കഴിവ് ലഭിക്കും. ബീജോത്പാദനം ഇല്ലാത്തതിനാൽ ഇവർക്ക് പ്രത്യുത്പാദന ശേഷി ഉണ്ടാകില്ല.ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയായി ക്കഴിഞ്ഞാൽ മുഖം, മുടി, താടി തുടങ്ങിയ ഭാഗങ്ങളിൽ കൂടി മാറ്റംവരുത്തണമെന്ന് ആഗ്രഹിക്കുന്നവർക്കായി വിവിധ സൗന്ദര്യ വർധക ശസ്ത്രക്രിയകളും ചെയ്യാറുണ്ട്. ഇവ ഓരോരുത്തരുടെയും താത്പര്യത്തിന് അനുസരിച്ചാണ്. സ്ത്രീകളുടെ ഹെയർലൈൻ, പുരികം, മുഖം, താടി, ശരീരത്തിലെ കൊഴുപ്പടിയൽ എന്നിവ പുരുഷൻമാരിൽ നിന്നും വ്യത്യസ്തമാണ്. അതിനാൽ തന്നെ ഹെയർ ഇംപ്ലാന്റ്, താടിയെല്ലിന് മാറ്റം വരുത്തി മുഖത്തിന് മാറ്റമുണ്ടാക്കുന്ന ശസ്ത്രക്രിയകൾ, ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കുന്ന ലിപ്പോസക്ഷൻ എന്നിവ ചിലർ ചെയ്യാറുണ്ട്. പെണ്ണിനെ ആണാക്കാനാണ് കൂടുതൽ വെല്ലുവിളി. എങ്കിലും രണ്ടുതരം ശസ്ത്രക്രിയകൾക്കും ഒരേപോലെയാണ് ആവശ്യക്കാർ . വളരെ സങ്കീർണമായ ഒരു ശസ്ത്രക്രിയയാണ് ഇത്. അതിനാൽ തന്നെ കൃത്യമായ ഫോളോ അപ്പുകൾ ആവശ്യമാണ്. ശസ്ത്രക്രിയക്ക് ശേഷമുള്ള ജീവിതം കരുതലോടെ വേണം.
കൃത്യമായ ശുചിത്വം പാലിക്കണം.

ജനനേന്ദ്രിയ ഭാഗങ്ങളിൽ അണുബാധയുണ്ടാകാതെ എപ്പോഴും ശ്രദ്ധ വേണം.ജനനേന്ദ്രിയങ്ങൾ നിർമ്മിക്കാനെടുത്ത പേശികൾക്കും , കോശങ്ങൾക്കും ഭാവിയിൽ കേടുപാടുകൾ വന്നേക്കാം. അപ്പോൾ ഉടനടി ചികിത്സ തേടേണ്ടി വരും.യോനി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വൻകുടലിന്റെയോ , ചെറുകുടലിന്റെയോ ഭാഗങ്ങൾക്ക് ലീക്ക് സംഭവിച്ചാൽ വലിയ പ്രശ്നങ്ങളുണ്ടാകും. ജീവൻ തന്നെ അപകടത്തിലായേക്കാം. അതിനാൽ അക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായി ഫോളോഅപ്പ് ചെയ്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തണം.ഒരാളുടെ സെക്സും , ജെൻഡറും തമ്മിൽ ഒരു മിസ്മാച്ച് ഉണ്ടാകുന്നതാണ് ട്രാൻസ്ജെൻഡർ എന്ന അവസ്ഥയ്ക്ക് കാരണം. അതൊരു മാനസിക പ്രശ്നമല്ല. അവർ മാനസിക രോഗികളുമല്ല. അവർക്ക് വേണ്ട ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ തയ്യാറാക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.സർക്കാർ ധനസഹായം ശസ്ത്രക്രിയക്ക് ശേഷം ബിൽ നൽകിക്കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണ് അവർക്ക് ലഭിക്കുന്നത്. അതിനുപകരം ശസ്ത്രക്രിയക്ക് മുൻപായി തന്നെ ആ തുക നൽകിയാൽ അവരുടെ സാമ്പത്തിക പ്രയാസം ഒരുപരിധി വരെ കുറയ്ക്കാനാകും.’

 വാൽ കഷ്ണം

⚡ആധുനിക വൈദ്യശാസ്ത്രത്തിലെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചരിത്രം ആരംഭിക്കുന്നത് ഏതാണ്ട് നൂറ് വർഷം മുൻപാണ്.‌ 1917-ൽ അമേരിക്കൻ ഫിസിഷ്യനും , എഴുത്തു കാരനുമായ അലൻ എൽ ഹാർട്ട് ആണ് ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തികളിൽ പ്രഗത്ഭൻ. ഒരു സ്ത്രീയായി ജനിച്ച അദ്ദേഹത്തിന് കൗമാരപ്രായം കഴിഞ്ഞതോടെയാണ് പുരുഷനായി ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായത്. സ്ത്രീ ലൈംഗികാവയവങ്ങൾ എടുത്തുമാറ്റുന്ന ശസ്ത്രക്രിയയാണ് ഹാർട്ടിനു നടത്തിയത്. 1920-കളോടെ പുരുഷഹോർമോൺ കുത്തിവയ്ക്കുന്ന രൂപത്തിൽ ലഭ്യമായി തുടങ്ങുകയും, ശേഷം അദ്ദേഹം ഹോർമോൺ ചികിത്സ സ്വീകരിക്കുകയും ചെയ്തു.

⚡ആദ്യമായി സ്ത്രീയായി മാറിയ പുരുഷൻ ജർമൻ വംശജയായ ഡോറ റിച്ടർ ആയിരുന്നു. ബെർലിനിലെ ലൈംഗിക ഗവേഷണത്തിന് ആരംഭം കുറിച്ച ഡോ. മാഗ്നസ് ഹിർഷ്ഫീൽഡിന്റെ പരിചരണത്തിലുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു ഇവർ. 1922-ൽ വൃഷണം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇവർ 1931-ൽ ലിംഗം നീക്കം ചെയ്യലിനും വിധേയയായി. നാസി പാർട്ടി ജർമനിയിൽ ശക്തിപ്രാപിച്ചതോടെ വംശവെറി പൂണ്ട നാസികൾ ഇവരുടെ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആക്രമിക്കുകയും ഡോറ കൊല്ലപ്പെടുകയും ചെയ്തു.

⚡സങ്കീർണമായ നൈതിക പ്രശ്നങ്ങളുള്ള ഒരു പ്രക്രിയ ആയതുകൊണ്ട് ഒരു വ്യക്തി ലിംഗമാറ്റം നടത്തുന്ന പ്രക്രിയ നിയന്ത്രിക്കുന്നതിന് ലോകമാസകലം നിബന്ധനകളും , രേഖകളും ഉണ്ട്. ഇതിൽ ഏറ്റവും അധികം അംഗീകാരം നേടിയ രേഖകൾ World Professional Association for Transgender Health(WPATH) എന്ന സംഘടനയുടേതാണ്. മെഡിസിൻ, മാനസികാരോഗ്യം, നിയമം, സാമൂഹ്യപ്രവർത്തനം, കൗൺസിലിങ്, സൈക്കോതെറാപ്പി, കുടുംബാരോഗ്യം, സോഷ്യോളജി, ആന്ത്രപ്പോളജി, സെക്സോളജി എന്നീ രംഗങ്ങളിലുള്ള വിദഗ്ധർ ഈ സംഘടനയിൽ അംഗത്വം നേടാറുണ്ട്. ഈ മേഖലയിൽ പെടാത്തവർക്കും ഫീസ് അടച്ച് അംഗമാകാവുന്നതാണ്. എന്നാൽ പല യൂറോപ്യൻ രാജ്യങ്ങളിലും , അമേരിക്കയിലും WPATH നിർദ്ദേശിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ നിയമങ്ങളും , നിബന്ധനകളും ,രേഖകളും ലിംഗമാറ്റ പ്രക്രിയകളുമായി ബന്ധപ്പെട്ടുണ്ട്. ഇന്ത്യയിൽ സമാനമായ ആശയങ്ങളോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് IPATH.

**

ഇൻഫോ ക്ളീനിക് പ്രസിദ്ധീകരിച്ച ലേഖനം കൂടി ഉൾപ്പെടുത്തുന്നു. ഡോക്ടർ ജിമ്മി മാത്യുവും ഡോക്ടർ അരുൺ മംഗലത്തും എഴുതിയത്

ലിംഗമാറ്റ ശസ്ത്രക്രിയ: എന്തിന് ? എങ്ങനെ?

ലിംഗമാറ്റ ശസ്ത്രക്രിയ കേരളത്തിലും നടക്കുന്നുണ്ട് എന്നത് പലർക്കും പുതിയ അറിവാണ്. ഒരു വിവാദം ഉണ്ടായപ്പോളാണ് ഇത് ചർച്ചയായത് എന്നത് ദൗർഭാഗ്യകരമായിപ്പോയി. പ്രകൃതിവിരുദ്ധമാണ് എന്ന ഒരു ധാരണ ചിലർക്കെങ്കിലും ഉള്ള വിഷയമാണിത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള പശ്ചാത്തലം എന്താണ്, എന്തൊക്കെയാണ് അതിൽ ഉപയോഗിക്കുന്ന രീതികൾ, ശസ്ത്രക്രിയക്ക് ശേഷം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നിവയെപ്പറ്റി ഈ ലഘു ലേഖനത്തിൽ നമുക്ക് പരിശോധിക്കാം.

❓എന്തിനാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത് ? ഒരു മാനസിക രോഗത്തിനുള്ള തെറ്റായ ചികിത്സയല്ലേ അത് ?

? “ഞാൻ ആരാണ്” എന്ന മസ്തിഷ്ക അവബോധം വളരെ സങ്കീർണമായ ഒന്നാണ്. അതിന്റെ ഒരു പ്രധാന കാരണം (ഒരുപക്ഷേ ഏറ്റവും പ്രധാന കാരണം), ഗർഭാവസ്ഥയിൽ വിവിധ ഹോർമോണുകളും ന്യൂറോട്രാൻസ്മിറ്ററുകളും മറ്റും തലച്ചോറിൽ ഉണ്ടാക്കുന്ന പ്രത്യേകതകളാണ്. മിക്കവാറും സന്ദർഭങ്ങളിൽ അത് ശരീരത്തിന്റെ അനാട്ടമിക്കൽ ഘടനയുമായി പൊരുത്തമുള്ളതായിരിക്കും. ഉദാഹരണത്തിന് ആൺ ശരീരം ഉള്ളവരിൽ മിക്കവർക്കും ഞാൻ ആണാണ് എന്ന ബോധമാണ് ഉണ്ടായിരിക്കുക. ഇത് ഏതാണ്ട് രണ്ടു വയസ്സു മുതൽ പ്രകടമാകുകയും ചെയ്യും.

? എന്നാൽ ചിലരിൽ ശരീരവും മനസിലെ ലിംഗബോധവും രണ്ടും രണ്ടായിരിക്കാം. ഒരു ട്രാൻസ് സ്ത്രീ അവരുടെ മനസിലെ ലിംഗബോധ പ്രകാരം സ്ത്രീ ആയിരിക്കുമെങ്കിലും ശരീരം കൊണ്ട് ഒരു പുരുഷൻ ആയിരിക്കും. ട്രാൻസ് പുരുഷൻ നേരെ തിരിച്ചും.
(ഇപ്പറഞ്ഞത് ഒരു ലളിതവൽക്കരണമാണ്. ഈ ലേഖനം മുഴുവൻ തുടക്കക്കാർക്ക് വേണ്ട വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയ ഒന്നാണ് എന്നുള്ളത് ശ്രദ്ധിക്കുമല്ലോ. ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ജെൻഡർ, ജെൻഡർ ഐഡന്റിറ്റി, ട്രാൻസ്ജെൻഡർ എന്ന ലേഖനത്തിൽ ഈ വിഷയങ്ങളൊക്കെ വിശദമായി എഴുതിയിട്ടുള്ളതാണ്.)

? പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ജനിതകപരമായി ആൺ, പെൺ എന്നത് വ്യക്ത ദ്വന്ദങ്ങൾ ആണെങ്കിലും, ലിംഗബോധം അത്ര കൃത്യമായി വിഭജിക്കാൻ സാധിക്കുന്നതല്ല. ഒരാണിന് പെണ്ണിന്റേതായ മനോഭാവ പ്രത്യേകതകൾ കുറെയൊക്കെ കണ്ടേക്കും. നേരേ തിരിച്ചും. ഇത് പലരിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ, ഒരു സാധാരണ വ്യത്യസ്തത (നോർമൽ വേരിയേഷൻ) ആയാണ് ട്രാൻസ്‌ജെൻഡർ അവസ്ഥകളെ ആധുനിക ശാസ്ത്രം കാണുന്നത്. അവരും സാധാരണ മനുഷ്യരാണ്. അവർക്ക് അവരായിത്തന്നെ ജീവിക്കാൻ അവകാശവുമുണ്ട്.

❓എന്തിനാണ് ശസ്ത്രക്രിയ നടത്തി മറ്റൊരു ലിംഗ ശരീരത്തിലേക്ക് മാറുന്നത്? സമൂഹത്തിന്റെ മനോഭാവം മാറി, അവരെ അംഗീകരിക്കാൻ തയ്യാറായാൽ പിന്നെ ഈ ശസ്ത്രക്രിയയ്ക്ക് പ്രസക്തി ഉണ്ടോ?
? ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സമൂഹത്തിന്റെ അപരവൽക്കരണവും അവജ്ഞയും തിരസ്കാരവുമാണ്. പക്ഷെ അത് മാത്രമല്ല പ്രശ്നം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട പലർക്കും അവർ ശരിയായ ശരീരത്തിൽ അല്ല എന്ന തോന്നൽ ഉണ്ട്. എങ്ങനെയെങ്കിലും മറ്റേ ലിംഗത്തിലേക്ക് മാറാനാണ് അവർക്ക് സഹജ ചോദന. അതിന് വേണ്ടി അവരിൽ പലരും അപകടസാധ്യതകൾ ഏറ്റെടുക്കാൻ തയ്യാറുമാണ്. അങ്ങനെ മാറിയാൽ -എല്ലാം നന്നായി പോയാൽ- സാധാരണ ലൈംഗിക ജീവിതവും മറ്റും അവർക്ക് സാദ്ധ്യമാണ് താനും. ചിലരിലെങ്കിലും ഇത് ഒഴിവാക്കാനാകാത്ത ആവശ്യമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്.

❓എങ്ങനെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ തുടങ്ങിയത് ?

ℹ️ ആധുനിക വൈദ്യശാസ്ത്രത്തിലെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചരിത്രം ആരംഭിക്കുന്നത് ഏതാണ്ട് നൂറ് വർഷം മുൻപാണ്.‌ 1917-ൽ അമേരിക്കൻ ഫിസിഷ്യനും എഴുത്തുകാരനുമായ അലൻ എൽ ഹാർട്ട് ആണ് ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തികളിൽ പ്രഗത്ഭൻ. ഒരു സ്ത്രീയായി ജനിച്ച അദ്ദേഹത്തിന് കൗമാരപ്രായം കഴിഞ്ഞതോടെയാണ് പുരുഷനായി ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായത്. സ്ത്രീ ലൈംഗികാവയവങ്ങൾ എടുത്തുമാറ്റുന്ന ശസ്ത്രക്രിയയാണ് ഹാർട്ടിനു നടത്തിയത്. 1920-കളോടെ പുരുഷഹോർമോൺ കുത്തിവയ്ക്കുന്ന രൂപത്തിൽ ലഭ്യമായി തുടങ്ങുകയും, ശേഷം അദ്ദേഹം ഹോർമോൺ ചികിത്സ സ്വീകരിക്കുകയും ചെയ്തു.

ℹ️ ആദ്യമായി സ്ത്രീയായി മാറിയ പുരുഷൻ ജർമൻ വംശജയായ ഡോറ റിച്ടർ ആയിരുന്നു. ബെർലിനിലെ ലൈംഗിക ഗവേഷണത്തിന് ആരംഭം കുറിച്ച ഡോ. മാഗ്നസ് ഹിർഷ്ഫീൽഡിന്റെ പരിചരണത്തിലുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു ഇവർ. 1922-ൽ വൃഷണം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇവർ 1931-ൽ ലിംഗം നീക്കം ചെയ്യലിനും വിധേയയായി. നാസി പാർട്ടി ജർമനിയിൽ ശക്തിപ്രാപിച്ചതോടെ വംശവെറി പൂണ്ട നാസികൾ ഇവരുടെ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആക്രമിക്കുകയും ഡോറ കൊല്ലപ്പെടുകയും ചെയ്തു.

❓ജനിക്കുമ്പോൾ തന്നെ ലൈംഗികാവയവത്തിൽ സ്വാഭാവികമല്ലാത്ത വ്യതിയാനങ്ങളുള്ള കുഞ്ഞുങ്ങൾ ഉണ്ടാകാറുണ്ടല്ലോ ? ഇവർക്ക് ജനിച്ച ഉടനെ ചെയ്യുന്ന ശസ്ത്രക്രിയകൾ ലിംഗമാറ്റ ശസ്ത്രക്രിയകളിൽ പെടുമോ ?

ℹ️ ജനിതകവും ഹോർമോൺപരവുമായ കാരണങ്ങളാൽ ജനിച്ച ഉടനെ സ്ത്രീ-പുരുഷൻ എന്നീ തരംതിരിവുകളിൽ പെടുത്താൻ സാധിക്കാത്ത കുട്ടികൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഇത് ജനിച്ച ഉടനെ കണ്ടെത്തപ്പെടാമെങ്കിലും മറ്റു ചിലപ്പോൾ മുതിർന്ന ശേഷമാണ് കണ്ടെത്താറുള്ളത്. പതിനായിരത്തിൽ അഞ്ചു കുട്ടികളിൽ വരെ ഇത്തരത്തിലുള്ള വ്യതിയാനങ്ങൾ കാണാറുണ്ട്. കുട്ടിയുടെ അനാട്ടമിക്കൽ ജെൻഡർ ഏതാണോ (വൃഷ്ണമാണോ അണ്ഡാശയം ആണോ ഉള്ളത്) ആ ലിംഗത്തിലേക്ക് മറ്റ് അവയവങ്ങളും മാറ്റുന്ന ശസ്ത്രക്രിയകളാണ് ഈ സ്റ്റേജിൽ ചെയ്യാറുള്ളത്. ഇതിന് ലിംഗമാറ്റ ശസ്ത്രക്രിയ എന്നല്ല ലിംഗനിർണയ ശസ്ത്രക്രിയ എന്ന് പറയുന്നതാകും കൂടുതൽ കൃത്യം‌. എന്നാൽ ഇങ്ങനെ ചെയ്യപ്പെട്ട ചില കുട്ടികൾ ഭാവിയിൽ തങ്ങൾ മാനസികമായി ഇതര ലിംഗത്തിൽ പെട്ടവരാണ് എന്ന് സ്വയം അടയാളപ്പെടുത്തിയ സംഭവങ്ങൾ ഉള്ളതുകൊണ്ട് ജനിച്ച ഉടനെയുള്ള ഇത്തരം ശസ്ത്രക്രിയകളുടെ നൈതികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മുതിർന്ന ശേഷം പല ശസ്ത്രക്രിയകളും സങ്കീർണമാകാം എന്നതും ശസ്ത്രക്രിയകൾ നടത്തുന്നതു വരെ ഇവർ പലതരത്തിലുള്ള വിവേചനങ്ങൾക്ക് വിധേയരാകാം എന്നതും പരിഗണിക്കേണ്ട മറ്റു വിഷയങ്ങളാണ്.

❓ലിംഗമാറ്റ ശസ്ത്രക്രിയ മായി ബന്ധപ്പെട്ട കേട്ട മറ്റൊരു വാക്കാണ് WPATH. എന്താണ് ഇത് ?
ℹ️ സങ്കീർണ്ണമായ നൈതിക പ്രശ്നങ്ങളുള്ള ഒരു പ്രക്രിയ ആയതുകൊണ്ട് ഒരു വ്യക്തി ലിംഗമാറ്റം നടത്തുന്ന പ്രക്രിയ നിയന്ത്രിക്കുന്നതിന് ലോകമാസകലം നിബന്ധനകളും രേഖകളും ഉണ്ട്. ഇതിൽ ഏറ്റവും അധികം അംഗീകാരം നേടിയ രേഖകൾ World Professional Association for Transgender Health എന്ന സംഘടനയുടേതാണ്. മെഡിസിൻ, മാനസികാരോഗ്യം, നിയമം, സാമൂഹ്യപ്രവർത്തനം, കൗൺസിലിംഗ്, സൈക്കോതെറാപ്പി, കുടുംബാരോഗ്യം, സോഷ്യോളജി, ആന്ത്രപ്പോളജി, സെക്സോളജി എന്നീ രംഗങ്ങളിലുള്ള വിദഗ്ധർ ഈ സംഘടനയിൽ അംഗത്വം നേടാറുണ്ട്. ഈ മേഖലയിൽ പെടാത്തവർക്കും ഫീസ് അടച്ച് അംഗമാകാവുന്നതാണ്. എന്നാൽ പല യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും WPATH നിർദ്ദേശിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ നിയമങ്ങളും നിബന്ധനകളും രേഖകളും ലിംഗമാറ്റ പ്രക്രിയകളുമായി ബന്ധപ്പെട്ടുണ്ട്.

ℹ️ ഇന്ത്യയിൽ സമാനമായ ആശയങ്ങളോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് IPATH. അവർ ഇന്ത്യൻ സാഹചര്യത്തിന് ഇണങ്ങിയ മാർഗനിർദേശങ്ങൾ ഈ അടുത്ത് പുറത്തിറക്കിയതേ ഉള്ളൂ. ഇന്ത്യയിൽ അംഗീകൃത പ്ലാസ്റ്റിക് സർജന്മാരാൽ നയിക്കപ്പെടുന്ന ടീമുകളെല്ലാം നിലവിൽ WPATH ആണ് പൊതുവേ പിന്തുടരുന്നത് എന്നാണ് മനസിലാക്കുന്നത്.
ℹ️ WPATH മാർഗ നിർദേശങ്ങൾ നിയമപരമായി ഇന്ത്യയിൽ നിഷ്കർഷിക്കപ്പെടുന്നില്ല. ഓരോ രാജ്യത്തും ആ രാജ്യത്തിൻറെ വിഭവശേഷി, പ്രത്യേകതകൾ എന്നിവ കണക്കിലെടുത്തു കൊണ്ടുള്ള മാർഗനിർദേശങ്ങൾ ആണ് വേണ്ടത്. WPATH മാർഗനിർദേശങ്ങൾ അതിനു വേണ്ട പൊതുവായ ഒരു ഘടന നൽകുന്നു.
❓ശസ്ത്രക്രിയയ്ക്കു മുൻപ് എന്തൊക്കെ മുന്നൊരുക്കങ്ങളാണ് വേണ്ടത് ? മാനസികമായി ഇവരെ വിശകലനം ചെയ്യുന്നത് എങ്ങനെയാണ് ?

?️ ശസ്ത്രക്രിയ പോലെ പാർശ്വഫലങ്ങൾ കൂടിയതും പിൻവലിക്കാനാകാത്തതുമായ ചികിത്സാരീതികളിലേക്ക് കടക്കുന്നതിനു മുൻപ് വ്യക്തിക്ക് ശരിയായ ജെൻഡർ ഡിസ്ഫോറിയ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ശരിയായ ജൻഡർ ഡിസ്ഫോറിയ ഉള്ളവരിൽ പോലും പലരും ശസ്ത്രക്രിയയുടെ വിശദവിവരങ്ങളും പാർശ്വഫലങ്ങളും അറിഞ്ഞാൽ അതിന് തയ്യാറാകണമെന്നില്ല. കൂടാതെ ഏതു ലിംഗത്തിലേക്കാണോ മാറാൻ ആഗ്രഹിക്കുന്നത്, ആ ലിംഗത്തിൽ കുറച്ചുകാലമെങ്കിലും ജീവിക്കുകയും, അവരോടൊപ്പം സമയം ചെലവാക്കുകയും ചെയ്ത്, അത് തനിക്ക് യോജിക്കുന്നതാണോ എന്ന് ഓരോ വ്യക്തിയും വിലയിരുത്തേണ്ടതുണ്ട്. സർജറി ഇല്ലാതെ തന്നെ എങ്ങനെ തൻറെ ജെൻഡർ ഐഡൻറിറ്റിയിൽ ജീവിക്കാം എന്ന അറിവും ഇവർക്ക് നൽകേണ്ടതുണ്ട്. കൂടാതെ ഹോർമോൺ ചികിത്സ മാത്രം മതിയോ, സർജറി സ്വീകരിക്കുകയാണെങ്കിൽ ഏതൊക്കെ സർജറികൾ സ്വീകരിക്കണം എന്നീ കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ ഇവരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിനുള്ള മാനസികമായ പിന്തുണ നിർബന്ധമായും ശസ്ത്രക്രിയയ്ക്ക് മുൻപ് നൽകിയിരിക്കണം. കൂടാതെ ശസ്ത്രക്രിയയ്ക്കു ശേഷവും ആൾക്ക് പിന്തുണ ഉറപ്പാക്കാൻ കുടുംബ കൗൺസലിങ്, ക്വിയർ കമ്യൂണിറ്റിയുമായി ബന്ധിപ്പിക്കൽ എന്നിവയും ചെയ്യേണ്ടതാണ്.

❓ട്രാൻസ് ജെൻഡർ വ്യക്തികൾക്കു വേണ്ടി നടത്തുന്ന ഹോർമോൺ ചികിത്സ എന്താണ് ?
?️ എതിർ ലിംഗത്തിലുള്ള ആളുകളിൽ കാണുന്ന ഹോർമോണുകൾ ശരീരത്തിലേക്ക് കൃത്രിമമായി കടത്തിവിടുന്ന ചികിത്സയാണ് ഇത്. ശാരീരികമായ മാറ്റങ്ങൾ വരുത്താൻ ഇതു സഹായിക്കും. ഗുളികകൾ, കുത്തിവയ്പ്പുകൾ, സാവധാനം ഹോർമോൺ റിലീസ് ചെയ്യുന്ന ഇമ്പ്ലാന്റുകൾ, തൊലിപ്പുറമേ ഒട്ടിക്കുന്ന പാച്ചുകൾ എന്നിവയാണ് ഇതിന് ഉപയോഗിക്കുന്നത്.

? സ്ത്രീ ആകാനുള്ള ഹോർമോൺ ചികിത്സ:

സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ എന്നിവ ശരീരത്തിൽ എത്തിക്കുകയും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ തടഞ്ഞു നിർത്താനുള്ള മരുന്നുകൾ നൽകുകയുമാണ് സാധാരണ ചെയ്യുന്നത്. ഇത് പുരുഷ ലൈംഗിക ലക്ഷണങ്ങൾ കുറയ്ക്കാനും സ്തന വികാസത്തിനും സഹായിക്കും.
? പുരുഷനാകാനുള്ള ഹോർമോൺ ചികിത്സ:
പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ തൊലിയ്ക്കടിയിലോ പേശിയിലോ കുത്തിവയ്ക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ഇത് പുരുഷ ലൈംഗിക ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ സഹായിക്കും.
ℹ️ ഹോർമോൺ ചികിത്സ സാവധാനം അതു സ്വീകരിക്കുന്ന വ്യക്തിയുടെ പ്രതുത്പാദനക്ഷമത ഇല്ലാതാക്കും.

❓ലിംഗമാറ്റ ശസ്ത്രക്രിയകൾ ഏതൊക്കെ തരമാണ് ? എന്തൊക്കെയാണ് ഇവയുടെ ഫലങ്ങളും പാർശ്വഫലങ്ങളും ?
? ടോപ് സർജറി:

ℹ️ പ്രധാനമായും സ്തനങ്ങളെ കേന്ദ്രീകരിച്ചു നടത്തുന്നവയാണ് ടോപ് സർജറി. ആണിൽ നിന്ന് പെണിലേക്കാണെങ്കിൽ സിലിക്കോൺ പോലുള്ള ഇമ്പ്ലാന്റുകൾ വെച്ച് സ്തനം നിർമിക്കുക എന്നതാണ് ചെയ്യുക. പെണ്ണിൽ നിന്ന് ആണിലേക്കാണെങ്കിൽ സ്തനങ്ങൾ എടുത്തു കളഞ്ഞ് നിപ്പിളുകൾ യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കേണ്ടി വരും. ഇവ ലളിതമായ ശസ്ത്രക്രിയകളല്ല.
? അനുബന്ധ ശസ്ത്രക്രിയകൾ:

ℹ️ നമ്മൾ സാധാരണ ശ്രദ്ധിക്കാത്ത അനേകം ശാരീരിക പ്രത്യേകതകൾ നമ്മുടെ ജനിതക ലിംഗം വിളിച്ചോതുന്നുണ്ട്. താടിയെല്ലുകളുടെ വലിപ്പവും ആകൃതിയും, മൂക്കിന്റെ വലിപ്പവും നീളവും ആകൃതിയും, നെറ്റിയുടെ കട്ടി, മുടി, തോളെല്ലുകളുടെ വിരിവ്, തൊണ്ടയിലെ ശബ്ദ മുഴ, കൈകളുടെ കാരിയിങ് ആങ്കിൾ, ഇടുപ്പെല്ലിന്റെ ആകൃതി, ശരീരത്തിലെ കൊഴുപ്പിന്റെ വിതരണം മൂലമുണ്ടാകുന്ന ആകൃതി എന്നിവയൊക്കെ ഉദാഹരണങ്ങൾ. ഇതൊക്കെ ശരിയാക്കാൻ താരതമ്യേന ലളിതമായവ തൊട്ട് അതീവ സങ്കീർണമായവ വരെ അനേകം ശസ്ത്രക്രിയകളുണ്ട്. ഇതൊക്കെ ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ ആഗ്രഹപ്രകാരം, അപകട സാദ്ധ്യതകൾ പൂർണമായി മനസിലാക്കി ചെയ്യാവുന്നതാണ്.
? ബോട്ടം സർജറി:

ℹ️ പ്രത്യുദ്പാദന അവയവങ്ങളും ബാഹ്യ ലിംഗ അവയവങ്ങളും മാറ്റുന്ന ഈ ശസ്ത്രക്രിയ അതീവ ദുർഘടം തന്നെയാണ്.

ℹ️ ആണിൽ നിന്ന് പെണ്ണിലേക്കുള്ള ശസ്ത്രക്രിയയിൽ ലിംഗം, വൃഷ്ണങ്ങൾ, വൃഷ്ണ സഞ്ചി എന്നിവ നീക്കം ചെയ്യേണ്ടതുണ്ട്. എന്നാൽ ആൺ ലിംഗത്തിന്റെ അറ്റത്തുള്ള ഗ്ലാൻസ്, അതിന്റെ രക്തക്കുഴലുകളും, ഞരമ്പുകളും കളയാതെ ശരീരത്തോട് ചേർത്ത് നിർത്തി ക്ലിറ്റോറിസിന്റെ ഭാഗത്ത് പുനഃപ്രതിഷ്ഠിക്കുന്നു. എന്നിട്ട് മൂത്രനാളിയുടെയും മലാശയത്തിന്റെയും ഇടയിലൂടെ ഒരു ദ്വാരം ഉണ്ടാക്കി യോനി രൂപപ്പെടുത്തുന്നു. വൃഷ്ണസഞ്ചി, ലിംഗം എന്നിവയുടെ തോൽ ഉപയോഗിച്ച് യോനീ ഭിത്തികൾ ഉണ്ടാക്കാം. എന്നാൽ പലപ്പോഴും യോനി ഇടുങ്ങിയതോ ചെറുതോ ആവാൻ സാദ്ധ്യതയുണ്ട്. തൊലി മാറ്റി വെയ്ക്കുന്നത് ചിലപ്പോൾ അവിടെ പിടിച്ചു കിട്ടാനും പാടാണ്. അങ്ങനെ വന്നാലോ അതിന്റെ സാദ്ധ്യത കൂടുതൽ ആണെന്ന് തോന്നിയാലോ ചില കേസുകളിൽ വയർ തുറന്ന് കുടലിന്റെ ഒരു ഭാഗം എടുത്ത് യോനി ഭിത്തികൾ ഉണ്ടാക്കേണ്ടി വരാം. അങ്ങനെ ചെയ്യുമ്പോൾ വയറ്റിൽ കുടലിന്റെ മുറിച്ചുമാറ്റിയ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്. ഇത് സങ്കീർണമായ പ്രശ്നങ്ങളിലേക്കു നയിക്കാവുന്ന ശസ്ത്രക്രിയയാണ്. കൂടാതെ യോനിയുടെ സ്ഥാനത്ത് വച്ചു പിടിപ്പിച്ച കുടലിൽ നിന്ന് അമിത സ്രവങ്ങൾ വരുന്നതും സാധാരണയാണ്. ഏകദേശം മുപ്പത് ശതമാനം പേർക്ക് പുനർ ശസ്ത്രക്രിയ ആവശ്യം വന്നേക്കാം.

ℹ️ പെണ്ണിൽ നിന്ന് ആണിലേക്കുള്ള ശസ്ത്രക്രിയക്ക് യോനി, ഓവറികൾ, ഗർഭപാത്രം എന്നിവ നീക്കം ചെയ്യണം. ലിംഗം, വൃഷ്ണങ്ങൾ, വൃഷ്ണ സഞ്ചികൾ എന്നിവ പുനർനിർമ്മിക്കുന്നത് ആണിൽ നിന്ന് പെണ്ണിലേക്കുള്ള സർജറിയെക്കാൾ പതിന്മടങ്ങു ദുർഘടമാണെന്ന് പറയേണ്ടി വരും. പലപ്പോഴും കയ്യിൽ നിന്നോ കാലിൽ നിന്നോ ദശയും തൊലിയും എടുത്ത് മൈക്രോ സർജറി ഉപയോഗിച്ച് പുനർനിർമ്മിക്കേണ്ടതായതുണ്ട്. ഇതിന് അപകട സാദ്ധ്യത കൂടുതലാണ്. മൈക്രോസർജറി സമ്പൂർണ്ണമായും പരാജയമാകാനുള്ള സാദ്ധ്യത അഞ്ചു ശതമാനത്തിനടുത്തുണ്ട്. പുനർ ഓപ്പറേഷനുകൾ വേണ്ടി വരാവുന്ന പ്രശ്നങ്ങൾ ഒട്ടു മിക്കവരിലും ഉണ്ടാവാം. മൂത്ര നാളി അടയുക, മൂത്രം ലീക്ക് ചെയ്യുന്ന ദ്വാരങ്ങൾ ഉണ്ടാവുക എന്നിവയും നല്ല ഒരു ശതമാനം ആളുകൾക്ക് ഉണ്ടാവാം. ഏകദേശം എഴുപത് ശതമാനത്തോളം ആളുകൾക്ക് പുനർ ശസ്ത്രക്രിയ ആവശ്യം ആയി വന്നേക്കാം. ഇതെല്ലാം ശരിയായതിനു ശേഷം, സ്പർശന ശേഷി തിരിച്ചു വന്ന ലിംഗത്തിൽ കൃത്രിമ ഇമ്പ്ലാൻറ് വെച്ചാലേ ഉദ്ധാരണവും ലൈംഗിക ബന്ധവും സാദ്ധ്യമാകൂ.

ℹ️ ആണിൽ നിന്ന് പെണ്ണിലേക്കുള്ള ശസ്ത്രക്രിയക്ക് ഉണ്ടാവാൻ സാദ്ധ്യതയുള്ള പ്രശ്നങ്ങൾ, യോനിക്ക് ആവശ്യത്തിന് ആഴമില്ലാതിരിക്കുക, അടഞ്ഞു പോവുക, തൊലി പിടിക്കാതെ വരിക, മൂത്രം പോവുന്നതിലെ പ്രശ്നങ്ങൾ എന്നിവയാണ്. കുടൽ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെതായ അതീവ ഗുരുതര പ്രശ്നങ്ങൾ അപൂർവ്വമായെങ്കിലും സംഭവിക്കാം.
ℹ️ പെണ്ണിൽ നിന്ന് ആണിലേക്കുള്ള ശസ്ത്രക്രിയയിൽ അപൂർവമായി, സമ്പൂർണപരാജയവുമുണ്ടാകാം. മൂത്രതടസ്സം, മൂത്രം ദ്വാരങ്ങളിലൂടെ ലീക്ക് ആവുക എന്നിവ പലപ്പോഴും ഉണ്ടാവാറുള്ള പ്രശ്നങ്ങളാണ്.
കാഴ്ചയിൽ പ്രകൃത്യാ ഉള്ള അവയവങ്ങളുടെ ദർശന സൗകുമാര്യം അതേപോലെ തന്നെ പുനർനിർമ്മിക്കുമ്പോൾ കിട്ടാൻ വളരെ പാടാണ്. ഇതിൽ തൃപ്തിക്കുറവ് ഉണ്ടാവുന്നതും സാധാരണമാണ്.

❓സമൂഹത്തിന് ട്രാൻസ് ജെൻഡർ വ്യക്തികളുടെ കാര്യത്തിൽ എന്താണ് ചെയ്യാൻ സാധിക്കുക ?
? ട്രാൻസ് അവസ്ഥ എന്നത് ഒരു മാനസികരോഗമാണെന്ന ധാരണ ഉപേക്ഷിക്കുകയും വിവേചനം നേരിടാതെ ഇവർക്ക് സമൂഹത്തിൽ ജീവിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടർക്ക് സാമൂഹ്യനീതി ഉറപ്പുവരുത്താൻ നമുക്ക് ചെയ്യാൻ സാധിക്കുക. കൂടാതെ ജൻഡർ എന്നത് ആൺ-പെൺ ദ്വന്ദങ്ങളിൽ തളച്ചിടുന്ന പ്രവണത അവസാനിപ്പിക്കുകയും ജൻഡർ റോളുകൾ നിർവ്വചിച്ചു നടപ്പാക്കുന്ന രീതിയും സമൂഹം പുനർവിചിന്തനം ചെയ്യണം.

You May Also Like

ചന്ദ്രനിൽ കക്കൂസ് പണിയാൻ പോകുന്നുവെന്ന് പറയുന്നത് ശരിയാണോ ?

ചന്ദ്രനിൽ കക്കൂസ് പണിയാൻ പോകുന്നുവെന്ന് പറയുന്നത് ശരിയാണോ ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????…

നിക്കോട്ടിന്‍ ഫ്രീ ഡിസ്പോസബിള്‍ ഇ-സിഗരറ്റുമായി റിസര്‍ച്ച് ടീം

ഇപ്പോള്‍ നിലവിലുള്ള ഇ-സിഗരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ നിക്കോട്ടിന്‍ അടങ്ങിയിട്ടില്ലാത്ത ഇ-സിഗരറ്റ് നിര്‍മ്മിച്ച്‌ യുകെയിലെ ചിലര്‍ അത്ഭുതം സൃഷ്ട്ടിക്കുന്നു. സിഗരറ്റ് വലി തീരെ നിറുത്താന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് 5 കളറുകളില്‍ ഇത്തരം കൃത്രിമ സിഗരറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിക്കോട്ടിനില്‍ അടങ്ങിയ മാരകമായ വിഷാംശം ഇവരെ ഇത്തരം ഒരു കണ്ടു പിടുത്തത്തിലേക്ക് നയിച്ച്‌ എന്ന് പറയാം.

ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്യാതിരുന്ന ആ പട്ടാളക്കാരന്‍ ആരാണ് ? എന്താണ് അതിനുപിന്നിലെ കഥ

ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്യാതിരുന്ന ആ പട്ടാളക്കാരന്‍ ! അറിവ് തേടുന്ന പാവം പ്രവാസി ലോകം മുഴുവന്‍…

സ്പർശിക്കാതെ വായിക്കാവുന്ന സംഗീതോപകരണം ഏതാണ് ?

സ്പർശിക്കാതെ വായിക്കാവുന്ന സംഗീതോപകരണം ഏതാണ് ? അറിവ് തേടുന്ന പാവം പ്രവാസി തെറമിൻ (Theremin) എന്ന…