ആ നിഷ്കളങ്കമായ ‘തെറ്റിന്’ മാത്രം ശാഖയോട് ക്ഷമിക്കുക

0
280

51 കാരിയായ ശാഖാകുമാരിയെ 26 കാരനായ ഭർത്താവ് കൊലപ്പെടുത്തിയ വർത്തയ്ക്കടിയിൽ പരിഹാസങ്ങളാണ് കാണാൻ കഴിഞ്ഞത്. പ്രധാനമായും അവരുടെ പ്രായവ്യത്യാസം കൊണ്ടുള്ള പരിഹാസങ്ങളും പുച്ഛങ്ങളും. ശാഖാകുമാരിയുടെ ആദ്യവിവാഹം ആയിരുന്നു. ഈ പ്രായം വരെ അവിവാഹിതയായി കഴിഞ്ഞ അവർ ഒരുപക്ഷേ വൈകി വന്ന വസന്തമായിട്ടാകും ആ ജീവിതത്തെ കണ്ടത്. അവരുടെ 51 വയസിനെ നിങ്ങൾ ഭർത്താവിന്റെ 26 എന്ന വയസു കൊണ്ട് മൈനസ് ചെയ്തു ചിരിക്കുമ്പോൾ, 51 വർഷത്തെ ഒരു ഏകാന്തതയെ 26 വര്ഷം കൊണ്ട് മൈനസ് ചെയ്‌തുകൂടി നോക്കണമായിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പോടെ ഒരുവൻ വന്നപ്പോൾ അവന്റെ പ്രായമെന്ന അത്രയും വര്ഷം തന്നെയാണ് തന്റെ ജീവിതത്തിൽ കുറയുമെന്ന് അവർ ചിന്തിച്ചത്. ഒരു കപടന് മുന്നിലും അവർ കാണിച്ച ആ നിഷ്കളങ്കതയെ, സ്നേഹത്തെ , ആത്മാർത്ഥതയെ പരിഹസിക്കാതിരിക്കുക. ജീവിതത്തിന്റെ നിസഹായ ഘട്ടങ്ങളിൽ സ്നേഹിക്കുന്ന ഒരാളുടെ മടിയിൽ ഒന്ന് തലവച്ചുകിടക്കാൻ, നെറുകയിൽ ഒരു ചുംബനം കൊതിക്കാൻ, ചേർത്തുപിടിക്കാൻ …ഇങ്ങനെ ആശ്വാസങ്ങളുടെ പെരുമഴയിൽ നനഞ്ഞു നില്ക്കാൻ കൊതിക്കുമ്പോൾ മനസിലെ കാപട്യങ്ങളുടെ ചൂര് തിരിച്ചറിയാൻ പറ്റില്ല. ആ നിഷ്കളങ്കമായ ‘തെറ്റിന്’ മാത്രം അവരോടു ക്ഷമിക്കുക.(രാജേഷ് ശിവ)

ഈ വിഷയത്തിൽ Dr. Anuja Joseph ന്റെ കുറിപ്പ് വായിക്കാം

തിരുവനന്തപുരത്തു കാരക്കോണം സ്വദേശി 51വയസ്സുള്ള ശാഖാകുമാരിയെ 28കാരനായ ഭർത്താവ് അരുൺ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ വാർത്തയാണ് ഇന്നേവരും ചർച്ച ചെയ്യുന്നത്. ധനികയായ ശാഖ വിവാഹമേ വേണ്ടെന്നു വച്ച ആളായിരുന്നുവെന്നും, രണ്ടു മാസങ്ങൾക്കു മുൻപ് അരുണിനെ പരിചയപ്പെടുന്നതും ആ ബന്ധം വിവാഹത്തിലെത്തുന്നതും, തുടർന്നു കൂട്ടുകാരുടെ കളിയാക്കൽ സഹിക്കാൻ കഴിയാതെ ശാഖയെ അരുൺ കൊലപ്പെടുത്തുന്നു.

പ്രായം, ജാതി, സാമ്പത്തികം ഒന്നും വിഷയമില്ല, ജീവിതപങ്കാളിയെ തേടുന്ന പതിവ് മാട്രിമോണിയൽ കാഴ്ച ഇപ്പോൾ ഭീതി നിറയ്ക്കുന്നു.തങ്ങളുടെ ഏകാന്തതയിൽ ഒരു തുണ തേടുന്ന മധ്യവയസ്സ് മുതലിങ്ങോടുള്ളവരെ തെറ്റു പറയാനാകില്ല, എന്നാൽ വിവേകമില്ലാതെയുള്ള തീരുമാനങ്ങൾ ജീവൻ പോലും ആപത്തിലാക്കുമെന്നതു മനസ്സിലാക്കുക.ഇവിടെ അരുണിന് ശാഖയുടെ ധനം മാത്രമായിരുന്നു ആവശ്യം, കൂട്ടത്തിൽ ആരായിരുന്നാലും സാരമില്ല ലൈ0ഗിക താല്പര്യങ്ങളും നടന്നു പോകണം, സമൂഹത്തിന്റ മുന്നിലേക്ക്‌ ഈ ബന്ധം കൊണ്ടു വരാൻ അയാൾ ആഗ്രഹിച്ചില്ല എന്നു വേണം കരുതാൻ, മറുവശത്തു വിവാഹം മറ്റുള്ളവരെ അറിയിച്ചു ചടങ്ങുകൾ നടത്താനും രജിസ്റ്റർ ചെയ്യാനുമൊക്കെ ശാഖ മുൻകൈയ്യെടുത്തു.

ശാഖയുമായുള്ള ബന്ധം ആദ്യം ഒരു തമാശയ്ക്ക് തുടങ്ങിയതാണെന്നും അരുൺ പറയുന്നുണ്ട്. തുടർന്നു ശാഖ യുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയ അരുൺ അവരെ വിവാഹം കഴിച്ചതുമായിരിക്കാം. ഇവിടെ ജീവിതം ഒരു fantasy ആയി കണ്ട അരുണിന് യഥാർഥ്യവുമായി പൊരുത്തപ്പെടാനായില്ല. തന്നെക്കാളും ഇരട്ടി പ്രായമുള്ള ഭാര്യ, കൂട്ടുകാർക്കിടയിൽ പരിഹാസകഥാപാത്രമായി മാറിയപ്പോൾ അയാളുടെ ഉള്ളിലെ അപകർഷതാ ബോധം അയാളെ ഒരു കൊലയിലേക്കും നയിച്ചു.ശാഖ അരുണിനെ അന്ധമായി വിശ്വസിച്ചു കാണണം, കൂട്ടുകാരികൾ അരുണിനെ നീ സൂക്ഷിച്ചോളണം എന്നു പറഞ്ഞപ്പോഴും അവൻ നല്ലവനാ എന്നും പറഞ്ഞായിരുന്നു അവർ പ്രതികരിച്ചത്.

പ്രണയത്തിനു കണ്ണില്ലായെന്നു പറഞ്ഞു രണ്ടു പേരുടെയും പ്രായത്തിനു നേരെ കണ്ണടയ്ക്കാമെങ്കിലും, ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു, ദമ്പതികൾ തമ്മിലുള്ള മാനസിക പൊരുത്തമാണ് ഏതു വിവാഹ ജീവിതത്തിന്റെയും അടിസ്ഥാനം, 100%perfection ഒന്നിലും പ്രതീക്ഷിക്കാൻ കഴിയില്ല, രണ്ടു പേരുടെയും കുറവുകൾ പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകുകയെന്നതാണ് ജീവിത വിജയം, ഇതിൽ സമൂഹവും ഒരു പങ്കു വഹിക്കുന്നുണ്ട്, ജീവിക്കുന്ന ചുറ്റുപാട്, ഇവിടെ അരുണിന് സമൂഹത്തിന്റെ മുന്നിൽ ശാഖയെ തന്റെ ഭാര്യയായി അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, അയാളെ ഒരു കൊലപാതകത്തിലേക്കും നയിച്ചു.

ശാഖയെ divorce ചെയ്താൽ പോരായിരുന്നോ, അവരുടെ ജീവൻ എടുക്കേണ്ടിയിരുന്നോ എന്നൊക്കെ ഇനി ചിന്തിക്കുന്നതിൽ അർത്ഥമില്ല, കേവല പരിചയങ്ങളുടെ പുറത്തു തങ്ങളുടെ ജീവൻ അപായപ്പെടുത്തുന്ന തീരുമാനങ്ങൾ ആരും എടുക്കാതിരിക്കുക. ജീവിതം രണ്ടു ദിവസം കൊണ്ടു തീരുന്ന യാത്രയല്ല, കയ്പ്പേറിയ അനുഭവങ്ങളെ കൂടി തരണം ചെയ്യാൻ കഴിയണം. ബ്ലാക്‌മെയ്ലിംഗ് പോലുള്ള ചതികളിൽ വീഴാതിരിക്കുക. സ്നേഹം അഭിനയിക്കുന്നവരെ തിരിച്ചറിയാനെങ്കിലുമുള്ള വിവേകം കാണിക്കുക.