ആചാരത്തിനു വേണ്ടി വാദിച്ച പൂജാരിയുടെ തലവെട്ടിയ ശക്തൻതമ്പുരാൻ ഇന്നുണ്ടായിരുന്നെങ്കിൽ പൂരഭ്രാന്തന്മാരുടെയും തല വെട്ടിയേനെ

പൂരം നടന്നില്ലെങ്കിൽ ആചാര ലംഘനം ഉണ്ടാകുമെന്ന് പറയുന്നവർ ശക്തന്റെ ജീവചരിത്രം ഒന്ന് വായിച്ചിരിക്കുന്നത് നന്ന്. വിശ്വാസികൾ ഉണ്ടെങ്കിലേ ക്ഷേത്രം ഉള്ളു, ഉത്സവം ഉള്ളു.

തേക്കിന്‍ കാട്ടിലെ തേക്കുകള്‍ ശിവന്‍റെ ജഡയാണെന്നും അത് വെട്ടരുതെന്നും പറഞ്ഞ പൂജാരിയുടെ തലയും ഉടലും ഒറ്റവെട്ടിന് രണ്ടാക്കിയ ശക്തൻ തമ്പുരാൻ എന്നൊരു രാജാവ് ഉണ്ടായിരുന്നു. ആചാരങ്ങളുടെ പേരിൽ മാറ്റങ്ങളെ എതിർത്തവരെ ധിക്കരിച്ചാണ് ശക്തൻ തമ്പുരാൻ തൃശൂരിന്റെ നടുക്കു തേക്കിൻകാടു മൈതാനവും അതിനു ചുറ്റും വലിയൊരു റൗണ്ട് എബൗട്ടും നിർമ്മിച്ചത്. ആചാര ലംഘനമെന്ന പേരിൽ ആറാട്ടുപുഴ പൂരത്തിൽ നിന്ന് പുറത്താക്കിയ ചെറു ക്ഷേത്രങ്ങളെ ഒരുമിച്ചു ചേർത്തു ശക്തൻ തമ്പുരാൻ നടത്തിയ വിപ്ലവമാണ് ഇന്നീ കാണുന്ന തൃശൂർ പൂരം.അതൊക്കെ ആധുനികമായൊരു നഗരത്തിനു വേണ്ടിയുള്ള മാസ്റ്റർ പ്ലാനുകളായിരുന്നു. കൊച്ചിയ്ക്കും മലബാറിനും ഇടയ്ക്ക് ഒറ്റപെട്ടു പോയ കുറെ മനുഷ്യർക്ക് വേണ്ടിയായിരുന്നു.അങ്ങിനെയുണ്ടായ തുശൂർ പൂരം ഇതിനു മുമ്പും പലകാലത്തും മാറ്റി വെച്ചിട്ടുണ്ട്.

മഠത്തിൽ നിന്നുള്ള വരവിലെ പഞ്ചവാദ്യം പോലും ഒന്നാം ലോകയുദ്ധത്തിനു ശേഷം ചെലവു കഴിയാൻ വേണ്ടി മേള വിദ്വാൻമാർ ചിട്ടപ്പെടുത്തിയ ഒരു പോപ്പുലിസ്റ്റ് ആർട്ട് ഫോം ആണ്. എന്നു പറഞ്ഞാൽ 1940കൾക്ക് മുമ്പേ പാണ്ടി മേളം തൃശൂർ പൂരത്തിന്റെ ‘ആചാരത്തിൽ’ ഇല്ലായിരുന്നു എന്നർത്ഥം. ആചാരങ്ങളും അനുഷ്ടാനുങ്ങളും മാറുന്നത് പുതിയ സംഭവമൊന്നുമല്ല. അവയെല്ലാം മനുഷ്യർ നിർമ്മിച്ചതാണ്. പുതിയ അറിവുകളുടെ അടിസ്ഥാനത്തിൽ അതിനിയും മാറാം. വസ്തുനിഷ്ഠ സാഹചര്യത്തിനൊത്തെ മനുഷ്യന് ജീവിക്കാൻ പറ്റൂ .നാല് വോട്ട് നഷ്ടപ്പെടുമോ എന്ന ചിന്തയില്‍ ഉറക്കം നടിച്ചിരിക്കുന്ന ഭരണാധികാരികള്‍ ഇനിയെങ്കിലും ഉണരണം. വിശ്വാസികൾ ജീവനോടെ ബാക്കി ഉണ്ടെങ്കിലേ നിങ്ങളുടെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ആളെത്തുകയുള്ളൂ ഭക്തരും മനസിലാക്കണം.