കടൽ ജീവിയായ ശംഖുകൾക്ക് വിഷം ഉണ്ടോ?എന്താണ് ഷെൽ ക്രാഫ്റ്റ്(Shell craft)?

അറിവ് തേടുന്ന പാവം പ്രവാസി

പല നിറത്തിലും , ആകൃതിയിലുമുള്ള കടൽജീവി കളായ ശംഖുകളിൽ പലതും ഉഗ്രവിഷമുള്ളവയാണ്. ലോകത്ത് ശംഖുകളുടെ (Cone snail) 700-ഓളം ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 20 എണ്ണം മനുഷ്യനെ കൊല്ലാൻ ശേഷിയുള്ള വിഷം ശരീരത്തിൽ സൂക്ഷിക്കുന്നവയാണ്.
മൊളസ്ക് എന്ന ഫൈലത്തിലും , ഗ്യാസ്ട്രോ പ്പോഡ്എന്ന ക്ലാസ്സിലും , കോണസ്സ്എന്ന ജീനസ്സിലും , കോണിഡേ എന്ന കുടുംബത്തിലുമായാണ് ശംഖുകളെ വർഗീകരിച്ചിരിക്കുന്നത്. കോണിന്റെ ആകൃതിയിലുള്ള പുറന്തോടാണ് ഇവയ്ക്കുള്ളത്.

ഈ ആകൃതി, മുഖ്യശത്രുക്കളായ കടൽഞണ്ടുകളിൽനിന്ന് രക്ഷനേടാൻ സഹായകരമാകുന്നു. പുറന്തോടിലെ മനോഹരവും , വ്യത്യസ്തവുമായ ചിത്രപ്പണികൾ മനുഷ്യർ വരക്കുന്ന ഡിസൈനിനെ വെല്ലുന്നതാണ്. ഈ പുറന്തോടുകൾ പോളീഷ് ചെയ്തും അവയിൽ നിന്ന് അലങ്കാരവസ്തുക്കൾ ഉണ്ടാക്കിയതും വിൽക്കുന്നുണ്ട്. Shell craft എന്ന് ഈ മേഖല അറിയപ്പെടുന്നു. പുറന്തോടിനായി കടൽത്തീരത്ത് ചത്തടിയുന്ന ശംഖുകളെ മാത്രമല്ല ശേഖരിക്കുന്നത്. കടലിൽനിന്ന് ജീവനോടെ പിടിച്ച് ചൂടുവെള്ളത്തിൽ മുക്കിക്കൊന്ന് ഉള്ളിലെ മാംസം മാറ്റിയതും അലങ്കാരവസ്തുക്കളാക്കുന്നുണ്ട്.

പത്തും , ഇരുപതും രൂപ മുതൽ പതിനായിരക്കണക്കിന് രൂപവരെ വിലമതിക്കുന്നതാണ് ശംഖുകൾ. സ്വർണം കലർന്ന തവിട്ടുനിറത്തിലുള്ള ‘ഗ്ലോറി ഓഫ് ദി സീ’ (Conus gloriamaris) അത്യപൂർവവും വിലയേറിയതുമാണ്. ഗ്ലോറി ഓഫ് ഇന്ത്യ (Conus milneedwardsi), ഇലസ്ട്രിയസ്സ് കോൺ (Conus excelus) എന്നിവയും വിലയിൽ മുന്നിട്ടു നിൽക്കുന്നു. പൂജാദികർമങ്ങൾക്ക് ഉപയോഗിക്കുന്ന ശംഖ് (Sacred chank) കടലൊച്ചുകളുടെ (Sea snail) വിഭാഗത്തിൽപ്പെട്ടതാണ്.

മാരകവിഷമുള്ള ശംഖുകളിൽ പ്രധാനമാണ് ജോഗ്രഫിക്ക് കോൺ. ടെക്സ്റ്റൈൽ കോൺ, ടൂളിപ്പ് കോൺ എന്നിവ ചാട്ടുളിപോലുള്ള സൂക്ഷ്മമായ മുള്ളുകൾ ശരീരത്തിൽ തറച്ചാണ് ശംഖ് ഇരയെ കൊല്ലുന്നത്. ഈ മുള്ളുകൾ ‘റാഡുല’ (Radula) എന്നറിയപ്പെടുന്നു. വിഷം നിറഞ്ഞിരിക്കുന്ന സഞ്ചിപോലുള്ള അവയവം (Venom bulb) ഇവയ്ക്കുണ്ട്. ഇത് ശക്തമായി ചുരുങ്ങുമ്പോൾ വിഷം ട്യൂബുവഴി മറ്റൊരു സഞ്ചിയിൽ (Radular sac) എത്തും. ഈ സഞ്ചിയിൽ ഒരുസമയത്ത് 20-ഓളം വിഷമുള്ളുകൾ ഉണ്ടാകും.

തലഭാഗത്തുള്ള നാളി ഉപയോഗിച്ച് ഈ വിഷമുളളുകളെ ഇരയുടെ ദേഹത്തു തറയ്ക്കുന്നു. ആവനാഴിയിൽ നിന്ന് അമ്പുകൾ ഒന്നൊന്നായി എയ്യും പോലെ ശംഖ് ഈ മുള്ളുകളെ ഇരയിലേക്ക് എയ്തുവിടും. ഒരു ശംഖിലുള്ള വിഷം ഒരു ഡസൻ മനുഷ്യരെ കൊല്ലാൻ പര്യാപ്തമാണ്.ഈ വിഷത്തിൽ കുറഞ്ഞത് നൂറോളം ഘടകങ്ങളുണ്ടാകും. ഇവ ഇരയുടെ നാഡീവ്യൂഹത്തെ തളർത്തുന്നതോടെ ശംഖ് അതിനെ തിന്നുന്നു. കടൽവിരകൾ, മത്സ്യങ്ങൾ, ഒച്ചുകൾ എന്നിവയെയൊക്കെ ഇവ ആഹാരമാക്കുന്നുണ്ട്. ഇരയെന്ന് തെറ്റിദ്ധരിച്ച് മനുഷ്യശരീരത്തിൽ മുള്ള് എയ്തതിലൂടെ ലോകത്ത് 30-ഓളം പേർ ഇവയുടെ വിഷമേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. ശംഖിന്റെ വിഷം കോണോടോക്സിൻ (Conotoxin) എന്നാണ് അറിയപ്പെടുന്നത്.

എന്നാൽത്തന്നെയും വിലപ്പെട്ട ജീവൻരക്ഷാ ഔഷധങ്ങളുടെ ഉറവിടങ്ങളാണ് കോണോടോക്സിനുകളെന്ന് ഗവേഷണം തെളിയിക്കുന്നു. ക്യാൻസർ, പക്ഷാഘാതം, ചുഴലി എന്നിവയുടെ ചികിത്സയ്ക്ക് ഇത് പ്രയോഗം കണ്ടെത്തുന്നുണ്ട്. ഗോൾഡ് ഫിഷിനെ ഇരയായി കാട്ടിയശേഷം ശംഖ് അതിന്റെ പുറത്ത് തറയ്ക്കുന്ന മുള്ള് വേർപ്പെടുത്തി വിഷം വേർതിരിച്ചാണ് പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നത്.

You May Also Like

എന്താണ് ‘കൂറ്റൂ’ (KooToo) പ്രക്ഷോഭം?

എന്താണ് ‘കൂറ്റൂ’ (KooToo) പ്രക്ഷോഭം?⭐ അറിവ് തേടുന്ന പാവം പ്രവാസി ????ജോലിസ്ഥലങ്ങളില്‍ ‘ഹൈ ഹീല്‍’ ചെരിപ്പുകള്‍…

എന്താണ് മാക്കൊട്ട ?

എന്താണ് മാക്കൊട്ട ? അറിവ് തേടുന്ന പാവം പ്രവാസി പ്ളാസ്റ്റി​ക് നി​രോധി​ക്കുന്നതു നല്ലത് തന്നെ. പക്ഷെ…

കൂര്‍ക്കംവലി എന്തുകൊണ്ട് സംഭവിക്കുന്നു ?

കൂര്‍ക്കംവലി എന്തുകൊണ്ട് സംഭവിക്കുന്നു ? അറിവ് തേടുന്ന പാവം പ്രവാസി നമ്മുടെ ശ്വസനാവയവം മൂക്കാണ്. എന്നാല്‍…

ആരാണ് ഓക്സിജൻ കണ്ടെത്തിയത് ? അതിന് പേര് നൽകിയത് ആര് ?

ആരാണ് ഓക്സിജൻ കണ്ടെത്തിയത്? അതിന് പേര് നൽകിയത് ആര് ? അറിവ് തേടുന്ന പാവം പ്രവാസി…