അറബിക്കടലിലെ ശിവഗർത്തം (Shiva Crater)

0
93

അറബിക്കടലിലെ ശിവ ഗർത്തം (Shiva Crater)

ആറരക്കോടി വർഷങ്ങൾക്ക് മുന്പ് ഡൈനോസറുകൾ (Dinosaur) അടക്കമുള്ള ജീവികളുടെ വംശനാശത്തിന് കാരണമായി പൊതുവെ വിശ്വസിച്ചു പോരുന്നത്, മെക്സിക്കൻ ഉൾക്കടലിൽ പതിച്ച ഉൽക്കയോ ധൂമകേതുവോ ആണെന്നാണ്. ചിക്സ് ലൂബ് (Chicxulub Crater) ഗർത്തം എന്നറിയപ്പെടുന്ന, കടലിലെ ആ പ്രദേശം ഈ സിദ്ധാന്തത്തിന് ശക്തി പകരുന്നു. അത് കൂടാതെ ഏതാണ്ട് അതേ കാലത്ത് ഇന്ത്യയിൽ സംഭവിച്ച ഡെക്കാൻ അഗ്നിപർവത സ്‌ഫോടനവും മഹാ വംശനാശത്തിന് ആക്കം കൂട്ടി എന്ന് വിശ്വസിക്കുന്നവരുണ്ട്. ഡെക്കാൻ അഗ്നിപർവതം എന്ന് പറയുന്നത് ശരിയല്ലാത്ത ഒരു പ്രയോഗമാണ്, വൻ അളവിലുള്ള ലാവാ പ്രവാഹമായിരുന്നു അത്( Deccan Lava Flow). അതിന്റെ അടയാളങ്ങൾ മദ്ധ്യേന്ത്യയിലും തെക്കേന്ത്യയിലും ഇപ്പോഴും പ്രകടമാണ്. അഞ്ചാം വംശനാശം എന്നറിയപ്പെടുന്ന ആ event ന് കാരണമായി മറ്റൊരു ഉൽക്കാ പതന സാധ്യത കൂടി കല്പിക്കുകയാണ് ഇന്ത്യക്കാരനായ പാലിയന്റോളജിസ്റ് ശങ്കർ ചാറ്റർജി!

ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ശങ്കർ ചാറ്റർജി മുന്നോട്ടുവച്ച ശിവാ ഗർത്ത (Shiva Crater) സിദ്ധാന്തം ഭൂമിയിൽ നിന്ന് ദിനോസറുകൾ എങ്ങനെ തുടച്ചുമാറ്റപ്പെട്ടുവെന്ന് മറ്റൊരു വിശദീകരണം കൂടി തരുന്നു. അദ്ദേഹത്തിന്റെ ഈ സിദ്ധാന്തമനുസരിച്ച്, 40 കിലോമീറ്റർ വ്യാസമുള്ള ഒരു വലിയ ആകാശവസ്തു, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് (ബോംബെ ഹൈക്ക് സമീപം) വന്നിടിച്ച് 500 കിലോമീറ്റർ വീതിയുള്ള ഒരു ഗർത്തം സൃഷ്ടിച്ചു. ഒരു പക്ഷെ ഡെക്കാൻ ലാവാപ്രവത്തിന് ഒരു trigger ആയി ഈ ഇടി പ്രവർത്തിച്ച് കാണും. Cretaceous–Paleogene extinction event എന്ന് അറിയപ്പെടുന്ന വംശനാശത്തിന് ഈ ആഘാതവും കാരണമായി എന്ന് ശങ്കർ ചാറ്റർജി സമർത്ഥിക്കുന്നു.

ആ പ്രദേശത്തെ ഫോസിൽ ഇന്ധനങ്ങളുടെ ശേഖരം (മുംബൈ ഹൈ), ഇറിഡിയം ലോഹം, കൂട്ടിടിയുടെ ഫലമായി ഉണ്ടാകുന്ന ക്വാർട്സ് (shocked Quartz) എന്നിവയുടെ സാന്നിദ്ധ്യം ഈ സിദ്ധാന്തത്തിന് ബലം പകരുന്നു.എന്നിരുന്നാലും, ഈ സിദ്ധാന്തത്തിന് അംഗീകാരം ഇപ്പോഴും കിട്ടിയിട്ടില്ല. അത് കൊണ്ട് തന്നെ ശിവ ഗർത്തം എർത്ത് ഇംപാക്റ്റ് ഡാറ്റാബേസിൽ (Earth Impact Database) ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ വ്യക്തമായ തെളിവുകൾക്കായുള്ള അന്വേഷണം ഇപ്പോഴും നടക്കുന്നു. ശരിയാണെന്ന് തെളിഞ്ഞാൽ, ഇത് ഭൂമിയിലെ ഏറ്റവും വലിയ ഉൽക്കാ പതന ഗർത്തമായിരിക്കും.

**