വളി വിടാത്തവരായി ആരുണ്ട് ?

308

( ഡാനി കുര്യൻ കാനഡ)
Dani Kurian

കീഴ്ശ്വാസം ഒരു ചെറിയ ശ്വാസമല്ല!!

വളി വിടാത്തവരായി ആരുണ്ട് ? ജീവിതത്തിൽ ഇത് വരെ വളി വിട്ടിട്ടില്ല എന്ന് നെഞ്ചിൽ കൈ വച്ച് ആർക്കെങ്കിലും പറയാൻ പറ്റുമോ? ആളുകൾ ഗോപ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന, ചർച്ച ചെയ്യാൻ മടിക്കുന്ന എന്നാൽ എല്ലാവരും തന്നെ രഹസ്യമായി ‘’റിലീസ്’’ ചെയ്യുന്ന വളിയെ പ്രമേയമാക്കി ‘’വളി’’ എന്ന പേരിൽ തന്നെ ഒരു ഷോർട്ട് ഫിലിം റിലീസ് ആയി ഇപ്പോൾ ട്രെൻഡ് ആയി മാറി കഴിഞ്ഞിരിക്കുന്നു. ‘’അയ്യേ’’ എന്ന് പറഞ്ഞ് മൂക്ക് പൊത്തുന്നതിന് മുൻപ് വളി ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കിയ ‘ഗുരുതരമായ’ പ്രശ്നങ്ങളെ സരസമായി അവതരിപ്പിച്ച ഈ ഷോർട്ട് ഫിലിം കണ്ടതിന് ശേഷം മുക്ക് പൊത്തണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
കാനഡയിലെ എഡ്മണ്ടനിൽ നിന്ന് വിഷ്ണു രാജൻ എന്ന യുവ സിനിമാക്കാരൻ എഴുതി സംവിധാനം ചെയ്ത ഈ ഷോർട്ട്ഫിലിം, കഥ പറയുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ടും , സിനിമയുടെ ടാബു സ്വഭാവമുള്ള പേര് കൊണ്ടും ഈ അടുത്ത നാളിൽ കണ്ട പല ഷോർട്ട് ഫിലിമുകളിൽ നിന്നും വേറിട്ട് നില്ക്കുന്നു.ഭർത്താവിൽ നിന്ന് വിവാഹമോചനം വേണം എന്ന ആവശ്യവുമായി വക്കീൽ ഗുമസ്തനെ കാണാൻ വന്ന ഒരു യുവതിയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വിവാഹമോചനത്തിന് കാരണമായി യുവതി പറഞ്ഞത് ഭർത്താവിന്റെ നിയന്ത്രണമില്ലാത്ത കീഴ്ശ്വാസം വിടുന്ന സ്വഭാവമായിരുന്നു. ഇവിടുന്ന് ഈ ഷോർട്ട് ഫിലിം വേറൊരു ലെവലിലേക്ക് മാറുകയാണ്.

ഈ ഷോർട്ട് ഫിലിമിൽ ഏറ്റവും എടുത്ത് പറയേണ്ടത് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സുധീഷ് സ്കറിയയുടെ അഭിനയമാണ്. ഒരു മീറ്റിങ്ങിൽ പങ്കെടുക്കുമ്പോൾ, കാറിൽ മറ്റുള്ളവരുമായി യാത്ര ചെയ്യുമ്പോൾ, ക്ലാസിൽ ഇരിക്കുമ്പോൾ, ഹോട്ടലിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ , ക്യൂവിൽ നിൽക്കുമ്പോൾ വളി വിടാൻ പ്രകൃതിയുടെ വിളി വരുമ്പോൾ അടക്കി നിർത്താൻ പെടുന്ന പാട് അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. ആ സമയത്ത് നമ്മളിലൊക്കെ വരുന്ന ഭാവങ്ങൾ സിനിമയിലുടനീളം അഭിനയിച്ച് ഫലിപ്പിക്കാൻ സുധീഷിന് കഴിഞ്ഞിട്ടുണ്ട്. മിതാഭിനയം ശരീര ഭാഷയിലും സംഭാഷണങ്ങളിലും ശരിയായ അളവിൽ ചേരുംപടി ചേർത്ത് സുധീഷ് അഭിനയിച്ചിരിക്കുന്നു.

വളി ഇത്ര വലിയ പ്രശ്നമാണോ എന്ന ഡോക്ടറുടെ ചോദ്യത്തിന് എനിക്കിത് വലിയ പ്രശ്നമാണ് എന്ന് നായക കഥാപാത്രം മറുപടി പറയുന്നുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ തീരെ നിസ്സാരം എന്ന് വിധിയെഴുതുന്നവർ അനുഭവിക്കുന്നവർക്ക് അത് വളരെ വലിയ പ്രശ്നം തന്നെയാണ് എന്ന് മനസ്സിലാക്കാൻ പഠിക്കണം എന്ന് ഈ ചെറുചിത്രം പറയാതെ പറയുന്നുണ്ട്. വളിയുടെ രാഷ്ട്രീയ, ദേശീയ, അന്തർദേശീയ മാനങ്ങൾ ഇഴ കീറി വിശകലനം ചെയ്യുന്ന ഒരു സിനിമയാണ് ഇത് എന്നൊന്നും പ്രതീക്ഷിക്കരുത്. പക്ഷെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും വളി വരുത്തുന്ന വിനകൾ വിഷ്ണു തന്റെ സിനിമയിലൂടെ നന്നായി പറഞ്ഞിരിക്കുന്നു.

സുധീഷിനോടൊപ്പം അഭിനയിച്ച നിമ്മി, പ്രതീക്ഷ, ഡിജോ എന്നിവരും തങ്ങളുടെ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. ക്യാമറ , എഡിറ്റിങ് എല്ലാം ഗംഭീരമായിരിക്കുന്നു.ഈ സിനിമയിൽ പശ്ച്ചാത്തല സംഗീതം എന്ന് പറയുന്നതിനേക്കാൾ പശ്ച്ചാത്തല ശബ്ദങ്ങൾ എന്ന് പറയാനാണ് ഇഷ്ട്ടം. കാരണം വിഷയം വളിയാണല്ലോ.

“വളി’’ എന്ന വാക്ക് പരസ്യമായി ഉച്ചരിക്കാൻ മടിക്കുകയും രഹസ്യമായി വളി വിടുകയും ചെയ്യുന്ന മലയാളിയുടെ മറ്റൊരു സദാചാര കപടതയ്ക്കെതിരെ തുറന്ന് പിടിച്ച ഒരു കണ്ണാടിയാണ് വളി എന്ന ഈ ഷോർട്ട് ഫിലിം. പടം കാണാത്തവർക്കായി ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. ആൽബർട്ട ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ മികച്ച നടൻ തുടങ്ങിയ അവാർഡുകളും ഈ ഹൃസ്വ ചിത്രം കരസ്തമാക്കിയിട്ടുണ്ട് . ഒട്ടും ദുർഗദ്ധമില്ലാത്ത ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്ത വിഷ്ണുവിന് അഭിനന്ദനങ്ങൾ.
സിനിമയുടെ ക്ലൈമാക്സിൽ നായകൻ വിട്ട ആ നീണ്ട വളി കേട്ടപ്പോൾ ഏതോ ഒരു മഹാൻ പറഞ്ഞ “കീഴ് ശ്വാസം പോകുമ്പോൾ എന്തൊരാശ്വാസം’’ എന്ന വാചകമാണ് ഓർമ്മ വന്നത്.

Vali – Short film video