വിജയലക്ഷ്മി വഡ്ലപ്പട്ടി
(വശ്യമായ ആ കണ്ണുകൾ അടഞ്ഞിട്ട് ഇന്ന് 23 വർഷം)
1960 ഡിസംബർ 2 ന് രാമല്ലൂ സരസമ്മ ദമ്പതികളുടെ മകളായി ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്ത തേവാലി എന്ന ഗ്രാമത്തിൽ ജനനം. കുട്ടിക്കാലത്ത് തന്നെ അച്ഛനുപേക്ഷിച്ച് പോയിരുന്നതിനാൽ അമ്മ സരസമ്മയോടും അനുജനോടുമൊപ്പമാണ് ദരിദ്രമായ കുടുംബപശ്ചാത്തലത്തിൽ വിജയലക്ഷ്മി ബാല്യകാലം ചിലവഴിച്ചത്. അവളുടെ ശരീര പ്രകൃത കാരണം നാലാം ക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്നു. അമ്മ കൂലിപ്പണിക്ക് പോകുമ്പോൾ അനുജനേയും വിജയലക്ഷ്മിയേയും അയൽക്കാരിയായ അന്നപൂർണ്ണിമാളുടെ അടുത്താക്കും. സിനിമാ പ്രേമിയായിരുന്ന അന്നപൂർണ്ണിമാളുടെ സിനിമാക്കാഴ്ചകളാണ് വിജയലക്ഷ്മിക്ക് മദിരാശി എന്ന പട്ടണവും അവിടുത്തെ സിനിമയുടെ അത്ഭുതലോകത്തേക്കുറിച്ച് അറിയാനും അവിടെത്തിപ്പെട്ടാൽ കഷ്ടപ്പാടുകൾ മാറാൻ സാധ്യതയുണ്ട് എന്നുമൊക്കെ മനസിലാകാൻ കാരണമായത്. കൗമാരത്തിയപ്പോഴേക്കും സ്മിതയുടെ വിവാഹം കഴിഞ്ഞുവെങ്കിലും ദാരിദ്ര്യത്തിന് മാറ്റമുണ്ടായില്ല.താമസിയാതെ പതിനാറാം വയസ്സിൽ അന്നപൂർണ്ണിമാൾക്കൊപ്പം വിജയലക്ഷ്മി മദിരാശിയിലേക്കെത്തപ്പെട്ടു. 1977ൽ മദ്രാസിലെത്തിയ വിജയലക്ഷ്മി അപർണ്ണയെന്ന ബി ഗ്രേഡ് നടിയുടെ വീട്ടുജോലിക്കാരിയായും ടച്ചപ്പ് ഗേളുമായിമാറി. മദ്രാസിലെ മുരുകൻ കോവിലിനടുത്ത അപർണ്ണയുടെ വീടിന്റെ ഒരു മൂലക്ക് താമസവുമായി.

വണ്ടിച്ചക്രത്തിന്റെ വിജയത്തേത്തുടർന്ന് അടുത്ത മൂന്ന് വർഷങ്ങളിൽ ഇരുന്നൂറോളം ചിത്രങ്ങളിൽ സ്മിത വേഷമിട്ടു. ദക്ഷിണേന്ത്യൻ സിനിമയുടെ ആദ്യത്തെ ഗ്ലാമർ ഗേൾ എന്ന് അറിയപ്പെട്ട സ്മിതയുടെ നൃത്ത രംഗങ്ങൾക്ക് സൂപ്പർസിനിമാനടിമാരേക്കാൾ കൂടുതൽ പ്രതിഫലം ലഭ്യമായിരുന്നു. നൃത്തം പ്രൊഫഷണലായി അഭ്യസിച്ചിരുന്നില്ലെങ്കിലും ഗ്ലാമർ രംഗങ്ങളിലെ സിൽക്കിന്റെ ഡാൻസുകളും സാന്നിധ്യവും സിനിമകളുടെ വിജയങ്ങൾക്ക് അഭിവാജ്യഘടകങ്ങളായി മാറി. ‘സിൽക്ക് സിൽക്ക് സിൽക്ക്’ എന്ന് സ്മിത മൂന്ന് റോളുകളിൽ അഭിനയിച്ച സിനിമയും രംഗത്തെത്തി.

സിൽക്കിൻറെ സുഹൃത് വലയം വളരെ ചെറുതായിരുന്നു. പൊതുവെ അന്തർമുഖിയായ അവർ അധികമാരോടും സംസാരിക്കുകയോ ഇടപഴകുകയോ ചെയ്യാറില്ലായിരുന്നു. അതുകൊണ്ട് തന്നെ അധികമാരെയും പെട്ടന്ന് സ്നേഹിക്കാനോ വിശ്വസിക്കാമോ അവർക്ക് കഴിയുമായിരുന്നില്ല. നേരെ വാ നേരെ പോ എന്ന നയം കാരണം എന്തും മുഖത്തടിച്ചത് പോലെ ആരോടും എവിടെവെച്ചു വേണമെങ്കിലും പറയുന്ന സ്വഭാവം പലരെയും അവരിൽ നിന്നകറ്റി. ഷൂട്ടിങ്ങ് സ്ഥലത്ത് കൃത്യസമയത്ത് എത്തുകയും ചുമതലാ ബോധത്തോട് കൂടി എല്ലാവരോടും സഹകരിക്കുകയും ചെയ്തിരുന്ന അവർ തീവ്രമായ ഉത്കർഷയുള്ള ഒരു സ്ത്രീ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച അവർ നന്നായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. സുഹൃത്തുക്കൾക്കിടയിൽ നൈർമല്യവും സ്നേഹവും ഉള്ള ഒരു വ്യക്തി എന്ന ലേബൽ ഉണ്ടായിരുന്നു. ചെറുപ്പം മുതൽ സ്വന്തമായി മെയ്ക്ക് അപ്പ് ചെയ്യാൻ അറിയാമായിരുന്ന അവരുടെ പ്രത്യേകത സ്വർണ്ണ നിറമുള്ള ശരീരപ്രകൃതിയും മാദകത്വം തുളുമ്പുന്ന അംഗലാവണ്യവും മാൻപേട കണ്ണുകളുമായിരുന്നു.
‘സബാഷ്’ എന്ന ചിത്രമാണ് സ്മിതയുടേതായി അവസാനമായി റിലീസായത്. ബോക്സോഫീസിൽ കാര്യമായ ചലനങ്ങളൊന്നും അതിന് സൃഷ്ടിക്കാനായില്ല. അവസനമായി വന്ന ഓഫറുകളിലെ മിക്ക സിനിമകൾക്കും ഇതേ അവസ്ഥയായിരുന്നു. ഒരു യുവസംവിധായകൻ സ്മിതയേ വിവാഹം കഴിക്കാമെന്ന് വാക്കുപറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്ന് വാർത്തകളുണ്ട്. നെടുനാൾ കാത്തു സൂക്ഷിച്ച ഈ പ്രണയത്തിന്റെ തകർച്ചയും സ്മിതയേ നിരാശയുടെ പടുകുഴിയിലേക്കെത്തിച്ചു. വീണ്ടും തന്റെ ആദ്യകാല ജീവിതത്തിലേക്കും പട്ടിണിയിലേക്കും ചെന്നെത്തുമോ എന്ന് സ്മിത ഭയന്നു. കടുത്ത മാനസിക സമ്മർദ്ദത്തിനടിമയായ സ്മിത മദ്യപാനത്തിന്റെ പിടിയിലേക്ക് പതിയെ വഴുതി വീണു. 1996 സെപ്റ്റംബർ 23ന് തന്റെ 35ആം വയസ്സിൽ ചെന്നെയിൽ സാലിഗ്രാമിലുള്ള തന്റെ ഫ്ലാറ്റിൽ സീലിംഗ് ഫാനിൽ സാരിക്കുരുക്കിട്ട് അവർ ആത്മഹത്യ ചെയ്തു.
സിൽക്കിന്റെ ജീവിതത്തെ അവലംബിച്ച് വിദ്യാ ബാലനെ നായികയാക്കി ഡേർട്ടിപിക്ചർ എന്ന ചിത്രം മിലൻ ലുത്രിയ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയിരുന്നു. ഈ ബോളിവുഡ് ചിത്രത്തിൽ സ്മിതയായി തിളങ്ങിയ വിദ്യയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചു. മലയാളത്തിൽ അനിൽ സംവിധാനം ചെയ്ത ക്ലൈമാക്സും സ്മിതയുടെ ജീവിതം പശ്ചാത്തലമാക്കിയ സിനിമയാണ്.വിജയലക്ഷ്മി എന്ന സില്ക്ക് സ്മിതയുടെ ചെറുപ്പകാലം മുതലുള്ള സംഭവങ്ങളായിരിക്കും വെബ് സീരീസ് ഉൾക്കൊള്ളിക്കുക. പാ രഞ്ജിത്തിന്റെ കാമറയിൽ സ്മിതയുടെ ജീവിതത്തിന്റെ ഇതുവരെ കാണാത്ത ഏടുകളിലൂടെയാവും വെബ് സീരീസ് സഞ്ചരിക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം.