സിന്ധുവിന്റെ മാധ്യമ ജീവിതത്തിലെ, ഇലക്ഷൻ അവതരണത്തിലെ, കരിയർ ബെസ്റ്റാണ് ഇന്നലെ കണ്ടത്

0
583

Rejith Leela Reveendran

കൗണ്ടിങ്ങിന്റെ തലേദിവസം വോട്ടെണ്ണൽ ദിനത്തിൽ മിന്നിത്തിളങ്ങാൻ പോകുന്ന ചാനൽ 24 ആയിരിക്കുമെന്നും എക്സിറ്റ് പോൾ ദിനത്തിൽ കാലാവസ്ഥാ വാർത്താ അവതരിപ്പിക്കുന്നത് പോലെ വിവരണം നടത്തിയ ഏഷ്യാനെറ്റിൽ നിന്ന് കൗണ്ടിങ് ഡേയിലും കാര്യമായി ഒന്നും പ്രതീക്ഷിക്കേണ്ട എന്നുമുള്ള പ്രവചനം ഈയുള്ളവൻ നടത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പല അടുത്ത സുഹൃത്തുക്കളോടും നടത്തിയ പ്രവചനത്തിന്റെ ഗതി തന്നെയായി എന്റെ ചാനൽ പ്രവചനത്തിനും.

എന്നാൽ വലിയൊരു സർപ്രൈസ് ആയിരുന്നു കൗണ്ടിംഗ് ദിനത്തിൽ ഏഷ്യാനെറ്റ് ഒരുക്കിയത്. ആൾക്കൂട്ടം കുറച്ചു വിനുവും, സിന്ധു സൂര്യകുമാറും മാത്രം അപ്ഡേറ്റ് നൽകാനെത്തി എന്നത് പ്രത്യേകതയായി. ഇരുവരുടെയും വളരെ പക്വതയാർന്ന, എന്നാൽ എനർജി ഒട്ടും ചോർന്നു പോകാത്ത അവതരണം. മണ്ഡലങ്ങളെയും സ്ഥാനാർഥികളെയും, രാഷ്ട്രീയ അവസ്ഥകളെയും അടുത്തറിയാമെന്നത് പ്ലസ്സ് പോയിന്റായി. ക്ലോസ് ഫിനിഷിലേക്ക് പോകുന്ന മണ്ഡലങ്ങളിൽ ഇനി ഏതൊക്കെ ബൂത്തുകളായിരിക്കും എണ്ണാനുണ്ടാവുക എന്ന് പ്രേക്ഷകൻ വിചാരിക്കുമ്പോഴേക്കും അവിടുത്തെ റിപ്പോർട്ടർ ഫോൺ ലൈനിൽ എത്തിക്കഴിഞ്ഞു. ഏഷ്യാനെറ്റ്‌ അവരുടെ ശക്തികേന്ദ്രമായ റിപ്പോർട്ടർമാരെ നല്ലത് പോലെ ഉപയോഗിച്ചു എന്നത് കാണാതിരിക്കാനാവില്ല.

ഒപ്പം അനാവശ്യ പരസ്യങ്ങൾ സ്‌ക്രീനിൽ കുത്തി നിറക്കാതെ കണ്ണിനു കുളിർമയേകുന്ന ‘ഇന്റർഫേസ്’ ഏഷ്യാനെറ്റിന്റെതായിരുന്നു. വിനുവിന് എത്രത്തോളം ‘മസിലു’ വിട്ടിരിക്കാമോ അതിന്റെ പരമാവധി പരിപാടി മുഴുവൻ അങ്ങനെ ചെയ്തിട്ടുണ്ട്. കെ ടി ജലീൽ വോട്ടെണ്ണലിൽ ഒരുപാട് നേരം പിന്നിൽ ആയപ്പോൾ പോലും, ഒരിക്കൽ പോലും അതിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കാതെ ഇരിക്കാൻ വിനു പ്രത്യേകം ശ്രദ്ധിച്ചു എന്നത് ശ്രദ്ധിക്കപ്പെട്ടു. കവർസ്റ്റോറിയിൽ ക്ഷോഭം കൊണ്ട് ജ്വലിക്കുന്ന സിന്ധുവിൽ ഇതുപോലുള്ള കൗണ്ടറുകളും, തമാശകളും പറയുന്നൊരാൾ കൂടിയുണ്ടെന്നത് എനിക്ക് അന്നത്തെ ദിവസത്തെ കണ്ടുപിടിത്തമാണ്. വി ടി ബൽറാം തൃത്താലയിൽ പരാജയപ്പെട്ടു എന്ന് വിനു പറഞ്ഞപ്പോളും, എം സ്വരാജ് തൃപ്പൂണിത്തുറയിൽ പിന്നിലാണെന്ന് പറഞ്ഞപ്പോളും മാത്രം സിന്ധുവിന്റെ മുഖം ഒരു മാത്ര നിശബ്ദമാകുന്നത് കണ്ടു. പരസ്പരം ബഹുമാനിക്കുന്ന രണ്ടു സീനിയർ മാധ്യമപ്രവർത്തകരുടെ അവതരണരീതി പകരം വെക്കാനില്ലാത്തതായിരുന്നു, ‘ക്ലാസ്സ്‌ ‘ ആയിരുന്നു.

ഉച്ചകഴിഞ്ഞ് എപ്പോളോ 24 ൽ എത്തിനോക്കിയപ്പോഴേക്കും പ്രഗൽഭരായ അവതാരകരെല്ലാം കളമൊഴിഞ്ഞു ‘കണ്ടം’ ‘ജൂനിയർ പിള്ളേർക്ക്’ ‘കളിക്കാൻ’ വിട്ടു കൊടുത്തിരിക്കുകയായിരുന്നു. ഉയർന്ന ശബ്ദത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നു ഇവരും അരുണുമായുള്ള സാമ്യം. പഞ്ച് ഇല്ലേയില്ല. ഇടയ്ക്ക് മനോരമ ന്യൂസിൽ പോയി ഷാനിയുടെയും ജോണി ലൂക്കോസിന്റെയും ചർച്ച കേട്ടു.ജോണി ലൂക്കോസ് അതി വിഷമത്തോടെയും, ഷാനി അതി ഗൂഢമായ മന്ദസ്മിതത്തോടെയുമിരുന്നത് മണിക്കൂറുകളാണ്. ഉടുമ്പൻ ചോലയിൽ എം എം മണിയുടെ വലിയ ഭൂരിപക്ഷം കണ്ടപ്പോൾ താൻ മത്സരിക്കാൻ പോയി പണി വാങ്ങിയില്ലല്ലോ എന്ന സന്തോഷത്തിലാണോ എന്നറിയില്ല, ഏതായാലും നിഷ പുരുഷോത്തമൻ ആഹ്ലാദഭരിതയായി കാണപ്പെട്ടു.എപ്പോളോ മാതൃഭൂമി നോക്കിയപ്പോൾ നല്ല ബഹളമായിരുന്നു സ്റ്റുഡിയോ ഫ്ലോറിൽ. നമ്മുടെ രാഷ്ട്രീയ പാർട്ടി പരാജയത്തിന്റെ പടുകുഴിയിൽ പെട്ടിരിക്കുന്ന സമയമായതിനാൽ മനസമാധാനവും, കുറഞ്ഞ അളവിലുള്ള ശബ്ദങ്ങളുമായിരുന്നു ആവശ്യം. അതിനാൽ അധികം താമസിക്കാതെ ശാന്തസുന്ദരമായ ഏഷ്യാനെറ്റിലേക്ക് തന്നെ തിരികെ എത്തുകയാണുണ്ടായത്.

അപ്പോൾ പറയാനുള്ളത് ഇതാണ് എന്റെ കൗണ്ടിങ് ദിനം ധന്യമാക്കിയത് ഏഷ്യാനെറ്റും അന്നത്തെ ദിവസത്തെ മികച്ച പ്രകടനം സിന്ധു സൂര്യകുമാറിന്റേതുമാണ്. സിന്ധുവിന്റെ മാധ്യമ ജീവിതത്തിലെ, ഇലക്ഷൻ അവതരണത്തിലെ, കരിയർ ബെസ്റ്റാണ് ഇന്നലെ കണ്ടത്. ആവർത്തനങ്ങൾ ഉണ്ടാവട്ടെ.