1847ല്‍ മറ്റൊരു വിദേശി തിരുവിതാംകൂറിലെ അടിമകളുടെ ജീവിതത്തെ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്

114

1847ല്‍ മറ്റൊരു വിദേശി തിരുവിതാംകൂറിലെ അടിമകളുടെ ജീവിതത്തെ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്.

ആണുങ്ങള്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. രോഗങ്ങളില്‍ നിന്ന് വളരെ കഷ്ടതകള്‍ സഹിച്ചിരുന്നു. വീട്ടിലെ പൊടിയും അഴുക്കും ചൊറിച്ചിലും കൃമികളുമുണ്ടാക്കുന്നു. അവ പകല്‍ വിശ്രമവും രാത്രി ഉറക്കവും ഇല്ലാതാക്കുന്നു. അവരുടെയിടയില്‍ ചെല്ലുമ്പോള്‍ അഴുക്കും നാറ്റവും കൊണ്ട് ഒരു നാട്ടുകാരന്‍ തന്റെ തുണി കൊണ്ട് മൂക്ക് പൊത്തിപ്പിടിക്കണം. പ്രായമേറിയവര്‍ വല്ലവരും ഉണ്ടെങ്കില്‍ ക്ഷീണം കൊണ്ട് കഷ്ടപ്പെടുന്നു. മരിക്കും വരെ ദിനംപ്രതി നിസ്സഹായനായി കിടക്കുന്നു. കുട്ടികള്‍ ചൊറി, അതിസാരം , വിരശല്യം,ഭക്ഷണമില്ലായ്മ ഇവ കൊണ്ട് കഷ്ടപ്പെടുന്നു. മുതിര്‍ന്നവരുമതെ. (പേജ് 50)

അപ്പോള്‍ നമ്മള്‍ കരുതും. അത്രയും ദൂരെയുള്ള കാലമല്ലേ, 150ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്. അക്കാലത്ത് എല്ലാവരും ദുരിതത്തിലാകില്ലേ ജീവിച്ചിരുന്നത് .പേജുകള്‍ കുറെക്കൂടെ മറിച്ചിടുമ്പോള്‍ നമുക്ക് മനസ്സിലാകും, അങ്ങനെയല്ല , ഇപ്പോള്‍ ഭാവന ചെയ്യാന്‍ പോലുമാകാത്ത ദുരിതത്തില്‍ ബഹുഭൂരിപക്ഷം മനുഷ്യരും പാര്‍ത്തിരുന്ന ആ കാലത്ത് ആ ദരിദ്രലക്ഷങ്ങളുടെ അധ്വാനഫലങ്ങള്‍ ധൂര്‍ത്തടിച്ച് , അന്യന്റെ ചെലവില്‍ ജീവിച്ചിരുന്നു വേറൊരു കൂട്ടരെന്ന് .

ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളിൽ മഹാരാജാവിന്റെ മരണഅടിയന്തരത്തിനും രാജകുമാരന്മാരില്‍ ഒരാളിന്റെ പുണൂല്‍കല്യാണത്തിനുമായി അദ്ദേഹം ഒരു ലക്ഷം രൂപ ചെലവാക്കി. അടുത്ത നാല് കൊല്ലക്കാലം മഹാരാജാവിന്റെ സ്വര്‍ണതുലാഭാരത്തിന് രണ്ട് ലക്ഷത്തിപ്പതിമൂവായിരം രൂപയും മുറജപമഹോത്സവത്തിന് രണ്ട് ലക്ഷം രൂപയും ചെലവ് ചെയ്തു. 1851 ആകുമ്പോഴേയ്ക്ക് ബ്രാഹ്മണര്‍ക്കുള്ള ഊട്ടുപുരകളുടെ ചെലവ് മൂന്ന് ലക്ഷത്തിമുപ്പത്തിയാറായിരം രൂപ ആയി വര്‍ധിച്ചു. കൊട്ടാരച്ചെലവും ക്ഷേത്രച്ചെലവും ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം രൂപയായി. സംസ്ഥാനത്ത് തെക്കുവടക്ക് ഒരു റോഡ് തീര്‍ക്കുന്നതിനുള്ള റസിഡന്റിന്റെ നിര്‍ദ്ദേശത്തെ 1838ല്‍ ദിവാന്‍ നിരസിച്ചതിന് പറഞ്ഞ കാരണങ്ങള്‍ ചെലവിനെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നതാണ്.

”തിരുവനന്തപുരം പത്മനാഭ ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികള്‍ക്കും പുതിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ക്കും മഹാരാജാവിന്റെ ഉപയോഗത്തിനും വേണ്ടി നിര്‍മ്മിച്ച് വരുന്ന രണ്ട് കൊട്ടാരങ്ങള്‍ക്കും പുറമെ, തെക്ക് ശുചീന്ദ്രം മുതല്‍ തിരുവിതാംകൂറിന്റെ വടക്കേയറ്റം വരെ ജീര്‍ണാവസ്ഥയിലും തകര്‍ച്ചയിലും എത്തിയിരിക്കുന്ന കൊട്ടാരങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടന്ന് കൊണ്ടിരിക്കുകയുമാണ്. മേല്‍പ്പറഞ്ഞ എല്ലാ ജോലികള്‍ക്കും പബ്ലിക് ഫണ്ടില്‍ നിന്നും ഒരു വലിയ തുക നീക്കി വെയ്‌ക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു”. (പേജ് 95)

അത് കൊണ്ട് പൊതുജനാവശ്യത്തിനുള്ള റോഡ് നിര്‍മ്മിക്കാന്‍ പണം തരാനാവില്ല എന്ന്.ഇതാണ് നമ്മുടെ ചരിത്രം. ബഹുഭൂരിപക്ഷം ദരിദ്രരെ ജാതി, ആചാരങ്ങള്‍ എന്നൊക്കെ പറഞ്ഞ് ചൂഷണം ചെയ്ത് ന്യൂനപക്ഷം ജീവിതം അര്‍മ്മാദിച്ചിരുന്നൊരു നാടായിരുന്നു നമ്മുടേത്. അനേകസമരങ്ങളിലൂടെയും, ആചാരലംഘനങ്ങളിലൂടെയും ആണ് ഇന്നാട്ടിലെ മനുഷ്യര്‍ ആ ദുരിതകാലത്തെ താണ്ടിയത്.

അവലംബം: നായര്‍ മേധാവിത്വത്തിന്റെ പതനം. റോബിന്‍ ജെഫ്രി. വിവര്‍ത്തനം-പുതുപ്പള്ളി രാഘവന്‍, എംഎസ് ചന്ദ്രശേഖരവാരിയര്‍ .
കടപ്പാട്: സനീഷ് ഇളയേടത്ത്