ആറുകോടി അടിച്ചിട്ടും ടിക്കറ്റ് നേരത്തെ പറഞ്ഞുവച്ചയാൾക്കു നൽകിയ സ്മിജയുടെ മൂല്യബോധത്തിന് പകരംവയ്ക്കാൻ ഒന്നുമില്ല

0
237

ഒന്നാം സമ്മാനമായ ആറു കോടി കിട്ടി എന്നറിഞ്ഞിട്ടും മറ്റൊരാൾ തലേന്ന് പറഞ്ഞു വെച്ചു എന്ന ഒറ്റക്കാരണത്താൽ വിലയായ ഇരുനൂറു രൂപ മാത്രം വാങ്ങി തിരിച്ചു പോകുന്ന ആ തെരുവോര ലോട്ടറി ടിക്കറ്റു വില്പനക്കാരിക്ക് ഇത്രയും മഹത്തായ മൂല്യ ബോധം എവിടുന്നു വന്നു ചേർന്നു..?
അറിയില്ല. അവളുടെ മുന്നിൽ നമ്മൾ ഒന്നുമല്ല. വാക്ക് മാറാനുള്ളതല്ലേ എന്നു പറയുന്ന ഈ ലോകത്തിൽ വാക്കാണ് സത്യം എന്നു മൗനമായി നടന്നകലുന്നു സ്മിജ..

സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം അടിച്ച കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ പി.കെ. ചന്ദ്രനെ കോടിയുടെ ഭാഗ്യവാനാക്കി മാറ്റിയതില്‍ ഏജന്റ് സ്മിജ കെ. മോഹന്റെ കോടികള്‍ വില മതിക്കുന്ന സത്യസന്ധതയുടെ കൂടി കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് എസ്.ഡി. 316142 എന്ന നമ്പറിലൂടെ ചന്ദ്രന്‍ സമ്മാനം നേടിയത്. ടിക്കറ്റ് കടമായി നല്‍കിയ സ്മിജ കെ മോഹന്‍ ചന്ദ്രന് ലോട്ടറി അടിച്ചിട്ടും തന്റെ വാക്കു മാറിയില്ല. ടിക്കറ്റ് അദ്ദേഹത്തിന് തന്നെ നല്‍കി.

കീഴ്മാട് ഡോണ്‍ ബോസ്‌കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രന്‍. സ്മിജകെ. മോഹന്റെ പക്കല്‍നിന്ന് കടമായി വാങ്ങിയ ടിക്കറ്റിലൂടെയാണ് ചന്ദ്രനെ തേടി ഭാഗ്യദേവത എത്തിയത്. ഞായറാഴ്ച 12 ബമ്പര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന്‍ ടിക്കറ്റ് തെരഞ്ഞെടുത്തു.

ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചുപറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി.