രണ്ടുകുട്ടികളുടെ അമ്മ എന്നത് മോഡലിംഗിന് തടസമല്ല

0
467

സമൂഹ മാധ്യമങ്ങളിൽ ഇത് ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്. വ്യത്യസ്തമായ പലതരത്തിലുള്ള തീമുകളാണ് ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി തിരഞ്ഞെടുക്കാറുള്ളത്. ചിലതൊക്കെ വലിയ രീതിയിൽ വിമർശനം നേരിടുമ്പോൾ ചില ഫോട്ടോഷൂട്ടുകൾ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു. അതീവ ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾ വരുംതലമുറയെ വഴിതെറ്റിക്കുന്നു എന്നൊക്കെയാണ് മലയാളികളുടെ വിമർശനം. എന്നാൽ ഇതൊന്നും കാര്യമാക്കാതെ നിരവധി മോഡലുകൾ ആണ് ഈ രംഗത്തേക്ക് ദിനം പ്രതി കടന്നു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ പലപ്പോഴും പല ആളുകളും മോഡലിംഗ് താല്പര്യമുണ്ടെങ്കിൽ പോലും കടന്നുവരാൻ മടിക്കുന്നത് കോൺഫിഡൻസ് ഇല്ലായ്മ കൊണ്ടാണ്.

മോഡലിംഗ് ചെയ്യുവാൻ വേണ്ട “സൗന്ദര്യം” തങ്ങൾക്ക് ഉണ്ടോ എന്ന് സംശയിക്കുന്നവർ ആണ് പലരും. വെളുത്ത നിറം, ഒതുങ്ങിയ അരക്കെട്ട്, നീളൻ മുടി – ഇതൊക്കെയാണ് ഒരു മോഡലിന് വേണ്ടത് എന്ന പൊതു സങ്കൽപ്പത്തിൽ വിശ്വസിക്കുന്നവർ ആണ് പലരും. അതു കൊണ്ടാണ് പലരും ഈ രംഗത്തേക്ക് കടന്നുവരാൻ ഇപ്പോഴും മടി കാണിക്കുന്നത്. എന്നാൽ ഇതിനെയെല്ലാം പൊളിച്ചെഴുതി കൊണ്ട് നിരവധി ഫോട്ടോഗ്രാഫർമാരും മോഡലുകളും ആണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മലയാളികളുടെ മാറിയ ചിന്താഗതിയും ഇവരെ വരവേറ്റു തുടങ്ങുന്നു. ഈ കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു മോഡലാണ് സ്മൃതി. പെരുമ്പാവൂർ സ്വദേശിയായ ഇവർ ജീവിതത്തിലെ പല പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ടാണ് ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നത്.

സ്മൃതി വിവാഹിതയാണ്, രണ്ടു കുട്ടികളുടെ അമ്മയാണ്. ഇതിനു ശേഷമാണ് സ്മൃതി ഈ രംഗത്തേക്ക് കടന്നു വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. കുറച്ചു തടിച്ച ശരീരപ്രകൃതമാണ് താരത്തിന് ഉള്ളത്. തുടക്കത്തിൽ ധാരാളമാളുകൾ ഇവരെ കളിയാക്കുമായിരുന്നു. ഈ ശരീരം വച്ചുകൊണ്ട് നിങ്ങൾ എങ്ങനെയാണ് മോഡലിംഗ് ചെയ്യുക? – ഇതായിരുന്നു പലരുടെയും ചോദ്യം. എന്നാൽ ഇതിനെയെല്ലാം തരണം ചെയ്തുകൊണ്ടാണ് സ്മൃതി ഇന്ന് ഒരു മികച്ച മോഡൽ ആയി മാറിയിരിക്കുന്നത്. സ്മൃതിക്ക് എല്ലാവിധ പിന്തുണയും നൽകിക്കൊണ്ട് ഒപ്പം നൽകുന്നത് സ്വന്തം ഭർത്താവ് തന്നെയാണ്. ഒരു ഫാഷൻ ഫോട്ടോഗ്രാഫർ ആണ് ഇദ്ദേഹം.

ഫാഷൻ രംഗത്ത് തന്നെ ആയിരുന്നു സ്മൃതിയും ആദ്യം പ്രവർത്തിച്ചു പോന്നത്. ഒരു ഡിസൈനർ ആയിരുന്നു സ്മൃതി. എന്നാൽ അപ്പോഴും ഒരു മോഡൽ ആവണം എന്ന ആഗ്രഹം സ്മൃതിക്ക് ഉള്ളിലുണ്ടായിരുന്നു. ഭർത്താവ് ബേസിൽ എൽദോസ് ആണ് സ്മൃതിയിലെ മോഡലിനെ പുറത്തുകൊണ്ടുവന്നത്. ബേസിൽ തന്നെയാണ് പല ചിത്രങ്ങളും ക്ലിക്ക് ചെയ്തിരിക്കുന്നത്. അവ പലതും ഇന്ന് സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആണ്. നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ നമുക്കൊപ്പം നമ്മളെ വിശ്വസിച്ച് നിൽക്കുന്ന കുറച്ചു പേരും, സെൽഫ് കോൺഫിഡൻസും മാത്രം മതി എന്നതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ് സ്മൃതി.