എഴുതിയത്  : Rishi Sivadas

മനുഷ്യനെ ചന്ദ്രനിലെത്തിച്ച ഇന്ധനം – മണ്ണെണ്ണ . മണ്ണെണ്ണയെ വിശ്വസിച്ച അമേരിക്ക വിജയിച്ചതിന്റെയും മണ്ണെണ്ണയെ സംശയിച്ച സോവ്യറ്റ് യൂണിയൻ പരാജയപ്പെട്ടതിന്റെയും ചരിത്രം

====

പൊതുവിൽ ദ്രവ ഇന്ധനങ്ങളുടെ കൂട്ടത്തിൽ ഒരു രണ്ടാം സ്ഥാനമാണ് സാധാരണ മണ്ണെണ്ണക്ക് കല്പിക്കപ്പെടുന്നത് . വാഹന ഇന്ധനങ്ങളായ പെട്രോളും ഡീസലുമാണ് സാധാരണ ദ്രവ ഇന്ധനങ്ങളിലെ മുൻനിരക്കാ രായി നിലകൊള്ളുന്നത് . പക്ഷെ സത്യം വളരെ വിചിത്രമാണ് . ഏറ്റവും വലിയ എഞ്ചിനുകളെ പ്രവർത്തിപ്പിക്കുന്ന ഒരു ഒന്നാം കിട ഇന്ധനമാണ് മണ്ണെണ്ണ .

എല്ലാ ജെറ്റ് വിമാന എഞ്ചിനുകളുടെയും ഇന്ധനം ശുദ്ധീകരിച്ച മണ്ണെണ്ണയാണ് . അതുമാത്രമല്ല ഏറ്റവും വലിയ റോക്കറ്റ് എഞ്ചിനുകളുടെ ഇന്ധനവും മണ്ണെണ്ണ തന്നെ .

അറുപതുകളിൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ വമ്പൻ റോക്കറ്റുകൾക്കെ അതിനു കഴിയൂ എന്ന് വ്യക്തമായിരുന്നു . ഒരു മനുഷ്യ ചാന്ദ്ര ദൗത്യത്തിന് 20 -30 ടൺ ഭാരം എങ്കിലും ഭൗമ – ചാന്ദ്ര ട്രാൻഫർ ഓർബിറ്റിൽ എത്തിക്കണമെന്ന് അമേരിക്കൻ ചാന്ദ്ര ദൗത്യത്തിന്റെ തലവനായ വേർനെർ വോൻ ബ്രൗണിനും സോവ്യറ്റ് ചാന്ദ്ര ദൗത്യത്തിന്റെ തലവനായ സെർജി കൊറോലെവിനും അറിയാമായിരുന്നു . അന്ന് വരെ ഒന്നോ രണ്ടോ ടണ്ണിൽ കൂടുതൽ ബഹിരാകാശത്തേക്ക് പോലും വിക്ഷേപിക്കാൻ ആകുമായിട്ടുണ്ടായിരുന്നില്ല .

ഏതാണ്ട് 30000 -40000 കിലോന്യൂട്ടൻ ആദ്യ ഘട്ട വിക്ഷേപണ ത്രസ്റ്റ് ഉള്ള വിക്ഷേപണവാഹനങ്ങൾക്കേ അത് സാധ്യമാകൂ എന്നും വോൺ ബ്രൗണും കോറിലെവും കണക്കുകൂട്ടി . അതി ഭീമമായ ഒരു ത്ര്‌സ്റ്റ് ആണിത് . അക്കാലത്തെ വിക്ഷേപണ വാഹനങ്ങളുടെ ആദ്യ ഘട്ട വിക്ഷേപണ ത്രസ്റ്റ് ഏറിയാൽ 5000 കിലോന്യൂട്ടൺ ആയിരുന്നു.

ഈ പ്രശ്നം പരിഹരിക്കാൻ വോൺ ബ്രൗണും കോറിലെവും എത്തിച്ചേർന്നതും ഒരേ പ്രതിവിധിയിൽ ആയിരുന്നു . മണ്ണെണ്ണ ഇന്ധനവും ,ദ്രവ ഓക്സിജൻ ഓക്‌സൈസെറും ആയി ഉപയോഗിക്കുന്ന ഭീമൻ റോക്കറ്റ് ഇഞ്ചുനുകൾക്ക് മാത്രമേ ഈ ഭീമമായ ആദ്യ ഘട്ട വിക്ഷേപണ ത്രസ്റ്റ് ലഭ്യമാകാനാവൂ എന്നതായിരുന്നു ആ പ്രതിവിധി .

സോവ്യറ്റ് യൂണിയനിൽ വാലെന്റിൻ ഗ്ലുഷ്‌കോ എന്ന റോക്കറ്റ് എഞ്ചിനീയർ ഹൈഡ്രസിനും ( Unsymmetrical dimethylhydrazine (UDMH; 1,1-dimethylhydrazine) ഡെ നൈട്രജൻ റ്റെട്രോക്‌ സയിഡ്ഉം (Dinitrogen tetroxide ) ഉപയോഗിക്കുന്ന ഭീമൻ റോക്കറ്റ് എഞ്ചിനുകൾ മുനോട്ടു വച്ചെങ്കിലും അത് സാധ്യമാണെന്ന് കോറിലെവിനു ബോധ്യമായില്ല . കോറിലെവും ഗ്ലുഷ്‌കോ യും തമ്മിലുള്ള തർക്കം സോവ്യറ്റ് പദ്ധതികളെ വർഷങ്ങൾ പിന്നോ ട്ടടിക്കുകയും ചെയ്തു .

ഒട്ടും സമയം പാഴാക്കാതെ വോൺ ബ്രൗൺ F -1 എന്ന ഭീമൻ എഞ്ചിന്റെ നിർമാണത്തിലേക്ക് തിരിഞ്ഞു . 1966 ആയപ്പോഴേക്കും റോക്കറ്റ്ഡെയ്ൻ കമ്പനി നിർമിച്ച 7800 കിലോന്യൂട്ടൺ ശക്തിയുള്ള പണിക്കുറവ് തീർന്ന F -1 വോൻ ബ്രൗണിന്റെ കൈയിൽ എത്തി . ഇത്തരം അഞ്ചു F -1 എഞ്ചിനുകൾ കൂട്ടിച്ചേർത്ത ഒരു ആദ്യഘട്ട റോക്കറ്റ് ഉൾപ്പെടുന്ന ഒരു വിക്ഷേപണ വാഹനത്തിനു ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് മനുഷ്യനെ വഹിക്കുന്ന ഒരു പേടകത്തെ എത്തിക്കാനാവുമായിരുന്നു . സത്യത്തിൽ ചന്ദ്രനിലേക്കുള്ള മത്സരം 1966 ൽ F -1 എന്ന ഭീമൻ എഞ്ചിൻ നിര്മിക്കപെട്ടപ്പോൾ തന്നെ അമേരിക്ക വിജയിച്ചിരുന്നു . .

താമസിച്ചു തുടങ്ങിയ സോവ്യറ്റ് യൂണിയൻ കാര്യങ്ങൾ എളുപ്പമായിരുന്നില്ല . F -1 നെ പോലെ ശക്തിയുള്ള ഒരു മണ്ണെണ്ണ – ദ്രവ ഓക്സിജൻ റോക്കറ്റ് എഞ്ചിൻ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കുക ഏതാണ്ട് അസാധ്യമായിരുന്നു . നിക്കോളായ് കുസ്‌നെസ്റ്റോവ് എന്ന സോവ്യറ്റ് വിമാന എഞ്ചിൻ നിർമാതാവ് ആണ് കോറിലെവിനു മുന്നിൽ ഒരു ഉത്തരം വച്ചത് . കൂടുതൽ ത്രസ്റ്റ് ടു വെയ്റ്റ് റേഷ്യോ ഉള്ള താരതമ്യേന ശക്തി കുറഞ്ഞ എഞ്ചിനുകൾ നിർമിച്ചു അവയെ കോർത്തിണക്കി 40000 കിലോന്യൂട്ടെൻ ആദ്യ ഘട്ട വിക്ഷേപണ ത്രസ്റ്റ്ഉൽപ്പാദിപ്പിക്കുക എന്നതായിരുന്നു കുസ്‌നെസ്റ്റോവിന്റെ സൂത്രം . മനസില്ലാ മനസോടെയാണെങ്കിലും മറ്റു പോംവഴികൾ ഇല്ലായിരുന്നതിനാൽ കോറിലെവിനു ഈ സംവിധാനത്തെ അംഗരീകരിക്കേണ്ടി വന്നു . മണ്ണെണ്ണയും -ഹൈഡ്രസിനും തമ്മിലുള്ള തർക്കം മൂലo വിലയേറിയ സമയം നഷ്ടപ്പെട്ട സോവ്യറ്റ് എഞ്ചിനീയർമാർക്ക് F-1 നെപ്പോലുള്ള വലിയ എഞ്ചിന് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിക്കാ നായില്ല .

35000 കിലോന്യൂട്ടെൻ ത്രസ്റ്ഉം 2200 ടൺ ഭാരവുമുള്ള സാറ്റേൺ V വിക്ഷേപണ വാഹനത്തിന്റെ ആദ്യഘട്ടമാണ് മനുഷ്യ ചാന്ദ്ര ദൗത്യത്തിനാവശ്യമായ ഊർജ്ജത്തിന്റെ 80 ശതമാനത്തിലേറെ പ്രദാനം ചെയ്തത് .1969 ജൂലൈ 16 നു അപ്പോളോ 11 മിഷനുമായി കുതിച്ചുയർന്ന സാറ്റേൺ V വിക്ഷേപണ വാഹനത്തിലെ ആദ്യ ഘട്ട ടാങ്കുകളിലെ 900 ടണ്ണിലധികം മണ്ണെണ്ണ F-1 റോക്കറ്റ് എഞ്ചിനുള്ളിൽ ജ്വലിച്ചു മനുഷ്യനെ 1969 ജൂലൈ 20 നു ചന്ദ്രനിൽ ഇറക്കാനുള്ള പച്ചാത്തലം ഒരുക്കി .

മുപ്പത് കുസ്‌നെസ്റ്റോവ് NK-15 റോക്കറ്റ് എഞ്ചിനുകൾ കൂട്ടിയോജിപ്പിച്ച ഒന്നാം ഘട്ടമുള്ള ഭീമൻ സോവ്യറ്റ് റോക്കറ്റായ N-1 അതിനും ഏതാനും മാസം മുൻപ് വിക്ഷേപണത്തിൽ പരാജയപ്പെട്ടു .

NK-15 റോക്കറ്റ് എഞ്ചിനുകൾ നന്നായി പ്രവർത്തിച്ചുവെങ്കിലും മുപ്പത് ഭീമൻ റോക്കറ്റ് എഞ്ചിനുകളെ ഒരേ താളത്തിൽ പ്രവർത്തിപ്പിക്കാൻ കഴിവുള്ള നിയന്ത്രണ സംവിധാനങ്ങളുടെ പോരായ്മ എല്ലാ N-1 പരീക്ഷണങ്ങളെയും പരാജയപ്പെടുത്തി .ചന്ദ്രനിലേക്കുള്ള മത്സരം അമേരിക്ക വിജയിച്ചു .

ചുരുക്കത്തിൽ മണ്ണെണ്ണ എന്ന ഇന്ധനത്തെ സംശയമില്ലതെ വിശ്വസിച്ചതാണ് അമേരിക്ക ചന്ദ്രനിലേക്കുള്ള മത്സരം വിജയിക്കാനുള്ള ഏറ്റവും പ്രധാനമായ കാരണങ്ങളിൽ ഒന്ന് . മണ്ണെണ്ണയോ ഹൈഡ്രസിനോ എന്ന തർക്കത്തിൽ ഏതാനും വര്ഷം പാഴാക്കിയ സോവ്യറ്റ് യൂണിയന് നഷ്ടപ്പെട്ടത് ചന്ദ്രനിലേക്കുള്ള മത്സരം മാത്രമായിരുന്നില്ല . ബഹിരാകാശമേഖലയിൽ അവർ നേടിയെടുത്തിരുന്ന നിസ്തർക്കമായ ഒന്നാം സ്ഥാനവും അതോടെ നഷ്ടമായി .

===

PS:10 മുതൽ 16 വരെ കാർബൺ തന്മാത്രകൾ അടങ്ങിയിട്ടുള്ള ഹൈഡ്രോകാര്ബണ് തന്മാത്രകളെയാണ് പൊതുവെ മണ്ണെണ്ണ ( KEROSENE) എന്ന് നിർവചിച്ചിരിക്കുന്നത് . അതിപ്പോൾ റേഷൻ മണ്ണെണ്ണ ആയാലും വിമാന ഇന്ധനം ആയാലും റോക്കറ്റ് ഇന്ധനമായാലും അതുതന്നെ . വ്യത്യാസം അവയിലുള്ള സൾഫർ പോലുള്ള മറ്റു വസ്തുക്കളുടെ അളവാണ് . റേഷൻ മണ്ണെണ്ണയിൽ ഒരു ശതമാനം വരെ മറ്റു വസ്തുക്കൾ (IMPURITIES ) ഉണ്ടാവാം . ഏവിയേഷൻ ടർബെൻ ഫ്യൂവലിൽ നിന്നും സൾഫറും മാലിന്യങ്ങളും ഒക്കെ പതിനായിരത്തിൽ ഒരംശം എന്നതോതിൽ ആക്കിയിട്ടുണ്ടാവും . റോക്കറ്റ് ഇന്ധന മണ്ണെണ്ണയിൽ പത്തുലക്ഷത്തിൽ ഒരംശം എന്നതോതിൽ പോലും മാലിന്യങ്ങൾ ഉണ്ടാവില്ല . എല്ലാം മണ്ണെണ്ണ തന്നെ . ശുദ്ധിയുടെ നിലവാരത്തിൽ RP -1 ,Jet A, Jet A-1, JP-5 .. എന്നിങ്ങനെയൊക്കെ പല തരത്തിൽ ഗ്രിഡ് ചെയ്തിരിക്കുന്നു . RP-1 (Rocket Propellant-1 ) എന്ന ഗ്രിഡിലുള്ള മണ്ണെണ്ണയാണ് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്നത് .

====

ചിത്രങ്ങൾ : F-1 റോക്കറ്റ് എഞ്ചിൻ ,K-33 റോക്കറ്റ് എഞ്ചിൻ ,( Modified NK-15)അപ്പോളോ 11 വിക്ഷേപണം : ചിത്രങ്ങൾ കടപ്പാട് wikipedia

Image may contain: one or more people, people standing and outdoor

No photo description available.

Image may contain: sky

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.