സ്പീച്ച് തെറാപ്പി, പുസ്തകങ്ങളിലൂടെ

363

ഷെബീന മൻഷൂർ

കുഞ്ഞ് ഒന്നര വയസായിട്ടും സംസാരിക്കുന്നില്ല. എന്നും കാണാറുള്ള പീഡിയാട്രീഷനെയാണ് കണ്ടത്. പ്രതേകിച്ചൊരു പ്രശ്നവും ഡോക്ടർ കുട്ടിയിൽ കണ്ടില്ല.
“ഒന്നര വയസിൽ സംസാരിക്കാത്തത് ഇത്ര വലിയ പ്രശ്നമായി കാണേണ്ടതില്ല. ഓരോ കുട്ടിയും അവരുടേതായ ഒരു പേസിൽ ആണ് വളരുന്നത് ” എന്ന് ഡോക്ടർ.
സംസാരിക്കുന്നതും കാത്തിരുന്നു രണ്ടര വയസുവരെ. എന്നിട്ടും സംസാരിക്കുന്നില്ല.
“ഇനി സ്പീച് തെറാപ്പി കൊടുക്കണം ” ഡോക്ടർ പറഞ്ഞു.
Early intervention ലേക്ക് റെഫർ ചെയ്തു ആ ഡോക്ടർ.
വെസ്റ്റേൺ രാജ്യങ്ങളിൽ സ്പീച് ഡിലെ, ബിഹേവിയറൽ ഡിസോർഡറുകൾ, ന്യൂറോളജിക്കൽ ഡിസോർഡറുകൾ എല്ലാം കൈകാര്യം ചെയ്യുന്നത് early intervention services ആണ്.
അങ്ങനെ സ്പീച് തെറാപ്പി ആരംഭിച്ചു. ആഴ്ചകൾക്കുള്ളിൽ കുട്ടി പറഞ്ഞു തുടങ്ങി ആദ്യത്തെ വാക്കുകൾ. രണ്ടര വയസിൽ തുടങ്ങിയ തെറാപ്പി ആ ഒന്നര വയസിൽ തന്നെ കൊടുത്തിരുന്നുവെങ്കിൽ എന്നു കുറ്റബോധം തോന്നിയിട്ടുണ്ട്.

കുട്ടി സംസാരിക്കാൻ വൈകുമ്പോൾ കുടുംബത്തിലെ മുതിർന്നവർ മറ്റു പലരെയും ഉദാഹരണം കാണിച്ചു ; അവർ അഞ്ചാമത്തെ വയസിലാണ് അല്ലെങ്കിൽ ആറാമത്തെ വയസിലാണ് സംസാരിക്കാൻ തുടങ്ങിയത്. സംസാരിക്കാൻ തുടങ്ങിയപ്പോൾ പിന്നെ നിർത്തുന്നില്ലായിരുന്നു എന്നൊക്കെ പറയും.

എല്ലായ്പ്പോളൂം അങ്ങനെ തന്നെ ആവണമെന്നില്ല.

അവർ നിങ്ങളെ സമാധാനിപ്പിക്കാൻ, നിങ്ങൾ വിഷമിക്കാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ പറയുന്നത്.
പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും നല്ലതാണ്. പക്ഷെ ഇങ്ങനെയുള്ള കാര്യങ്ങളിൽ അതു മാത്രം പോര.

കുഞ്ഞുങ്ങളുടെ ആദ്യത്തെ വർഷങ്ങളിലെ വളർച്ച വളരെ പ്രധാനമാണ്. ഇക്കാര്യങ്ങളിൽ ചികിത്സ വൈകിക്കരുത്.
സ്പീച് ഡിലെ, അറ്റെൻഷൻ ഡെഫിഷ്യൻസി പോലുള്ള റെഡ് ഫ്ലാഗുകൾ കുട്ടി കാണിക്കുന്നുണ്ടെങ്കിൽ കാണേണ്ടത് പീഡിയാട്രീഷ്യനെ അല്ല. ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്, സ്പീച് തെറാപ്പിസ്റ്റ്, ബിഹേവിയറൽ തെറാപ്പിസ്റ്റ് എന്നിവരെയാണ്. അവർക്കാണ് ഈ കാര്യങ്ങളിൽ പരിശീലനം.

Early intervention services പല വർക്ക്‌ ഷോപ്പുകളും ട്രെയിനിങ്ങുകളും നടത്താറുണ്ട്. അതിന്റെ ഭാഗമായി കിട്ടിയതായിരുന്നു കുട്ടിയുടെ സംസാരം മെച്ചപെടുത്താൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്ന ഒരു പാരന്റൽ ട്രെയിനിങ്.
ആ ട്രൈനിങ്ങിനായി അവർ ഉപയോഗിച്ച രണ്ടു പുസ്തകങ്ങളാണ് Henen’s
‘it takes two to talk’. എന്നതും
മറ്റൊന്ന് ‘more than words ‘ എന്നതും.
ഓരോ ബുക്കിനെ കുറിച്ചും വ്യക്തമായി പറയാം.

‘It takes two to talk ‘ എന്നത് ന്യൂറോളജിക്കലായിട്ടോ ബിഹേവിയറലായിട്ടോ പ്രശ്നങ്ങളൊന്നും ഇല്ലാത്ത സാധാരണ കുട്ടികളിൽ ( 5 വയസിൽ താഴെ ) കളിയിലൂടെയും, കഥകളിലൂടെയും, പാട്ടുകളിലൂടെയും, ദിനചര്യയിൽ ചെയ്യുന്ന മറ്റു കാര്യങ്ങളിലൂടെയും എങ്ങനെ സംസാരം ഉണ്ടാക്കിയെടുക്കാം എന്നതിനെകുറിച്ചുള്ള ബുക്കാണ്.
ചില കുട്ടികൾ സംസാരിക്കാത്തതിന് പ്രതേകിച്ചു കാരണങ്ങൾ ഒന്നും ഉണ്ടാവില്ല. ടീവി, മൊബൈൽ പോലുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ അമിതോപയോഗം, ഇന്റെറാക്ഷന്റെ കുറവ് അങ്ങനെ പലതുമാവാം. അങ്ങനെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ബുക്കാണ് ‘it takes two to talk’.

‘More than words’ എന്ന ബുക്ക്‌ ഓട്ടിസം, adhd, മറ്റു സോഷ്യൽ കമ്മ്യൂണിക്കേഷൻ ഡിഫിക്കൽറ്റിസ്‌ ഉള്ള കുട്ടികളിൽ( 5വയസിൽ താഴെ ) സംസാരം, സോഷ്യൽ ഇന്റെറാക്ഷൻ എന്നിവ നേരത്തെ പറഞ്ഞ രീതിയിലൂടെത്തന്നെ എങ്ങനെ വളർത്തിയെടുക്കാം എന്നതിനെ കുറിച്ചുള്ള ബുക്കാണ്.

കേരളത്തിൽ പൊതുവെ സ്പീച് തെറാപ്പി സെന്ററുകൾ കുറവാണ്. ഒരു സ്പീച് തെറാപ്പി സെഷൻ എന്നു പറയുന്നത് വെറും നാല്പത്തഞ്ചു മിനിറ്റും. നാല്പത്തഞ്ചു മിനിറ്റിന്റെ ഒരു സെഷന് വേണ്ടി ചിലപ്പോൾ ഒരുമണിക്കൂറിലേറെ യാത്ര ചെയ്താവും സെന്ററുകളിലേക് എത്തുന്നത്. സ്വഭാവവൈകല്യങ്ങളുള്ള കുട്ടികളുടെ അച്ഛനമ്മമാരെ സംബന്ധിച്ചിടത്തോളം ഈ കുട്ടികളെയും കൊണ്ടുള്ള യാത്രകളാണ് ചാലഞ്ചിങ് ആയിട്ടുള്ളത്. എത്ര കഷ്ടപെട്ടാലും സാരമില്ല, കുട്ടി ഒന്നു സംസാരിച്ചു കണ്ടാൽ മതി എന്നു മാത്രം കരുതുന്ന അവർക്ക് എത്ര കഷ്ടപെടാനും മടിയുണ്ടാവില്ല.

ഈ ബുക്കുകൾ ഒരു പ്രൊഫഷണൽ സ്പീച് തെറാപ്പിസ്റ്റിനു പകരമല്ല. എങ്കിലും ഇതിൽ പറയുന്ന ആക്ടിവിറ്റികൾ തെറാപ്പി സെഷന് സമാനമാണ്. കൂടെ സ്പീച് തെറാപ്പിസ്റ്റുമായുള്ള ഫോളോ അപ്പ്‌ നിർബന്ധമാണ്.

നമ്മൾ കുട്ടികൾക് പാട്ടു പാടിക്കൊടുക്കാറുണ്ട്, കഥകൾ പറഞ്ഞു കൊടുക്കാറുണ്ട്. സാധാരണ കുട്ടികൾക്ക് ഇത്രയും മതി. എന്നാൽ എല്ലാകുട്ടികളും ഒരുപോലെയല്ല.

ബിഹേവിയറൽ പ്രശ്നമുള്ള കുട്ടികൾക്ക് പാട്ടും കഥകളും, കളികളും പറഞ്ഞു കൊടുക്കുമ്പോൾ സാധാരണ രീതിയിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ വരുത്തിയാണ് പറയേണ്ടത്. അപ്പോൾ മാത്രമേ കുഞ്ഞ് പ്രതികരിക്കു. അതെങ്ങനെയൊക്കെയാണ് ചെയ്യേണ്ടതെന്നാണ് ഈ ബുക്കുകളിലുള്ളത്.

ഈ ബുക്കുകൾ വാങ്ങിയതുകൊണ്ടോ വായിച്ചതുകൊണ്ടോ മാത്രം എല്ലാം ആവില്ല. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസിലാക്കി പറഞ്ഞ രീതിയിൽ സ്ഥിരമായി (consistently ) ഉപയോഗിച്ചാൽ മാത്രമേ ഫലം കാണു.
ഈ ബുക്കുകൾ ഇംഗ്ലീഷിലാണ്. മറ്റുഭാഷകളിലില്ല. ബുക്കുകൾ Amazon.in ഇൽ ലഭ്യമാണ്.

http://www.hanen.org/…/For-Parents/It-Takes-Two-to-Talk.aspx

http://www.hanen.org/Progr…/For-Parents/More-Than-Words.aspx